ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന് വയനാട് എംപിയും കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ കത്ത്. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റുകളും അവശ്യരേഖകളും നഷ്ടപ്പെട്ടവര്‍ക്ക് പുതിയവ ലഭ്യമാക്കാൻ ഏകജാലക സംവിധാനം വേണമെന്നാണ് രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.റേഷൻ കാര്‍ഡുകളും ആധാര്‍, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ നിരവധി രേഖകള്‍ പലര്‍ക്കും നഷ്ടമായിട്ടുണ്ടെന്നും ഇവ വീണ്ടെടുക്കാനായി നിരവധി ഓഫീസുകളിൽ ഇവര്‍ക്ക് കയറിയിറങ്ങേണ്ടി വരുന്നതായും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. തന്‍റെ മണ്ഡലത്തിലും നിരവധി പേര്‍ക്ക് രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന് പരിഹാരം കാണണമെന്നാണ് ആവശ്യം. പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ നിരവധി ഓഫീസുകള്‍ കയറിയിറങ്ങുന്നതിന് പകരം നടപടികള്‍ സ്വീകരിക്കാനായി കളക്ടറേറ്റിൽ ഒരു നോഡൽ ഓഫീസറെ നിയമിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
അതേസമയം, പ്രളയബാധിതരെ സന്ദര്‍ശിക്കാനായി രാഹുൽ ഗാന്ധി എം പി നാളെ വീണ്ടും വയനാട്ടിലെത്തും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിൽ രാഹുൽ വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രളയബാധിതരെ നേരിട്ട് കണ്ട് പ്രശ്നങ്ങള്‍ ചോദിച്ചറിയാനായി എത്തുന്ന രാഹുലിനൊപ്പം മുതിര്‍ന്ന കോൺഗ്രസ് നേതാക്കളുമുണ്ടാകും. മുൻപ് ഉരുള്‍പൊട്ടൽ ദുരന്തമുണ്ടായ പുത്തുമലയിലും കവളപ്പാറയിലും രാഹുൽ ഗാന്ധി എത്തിയിരുന്നു.