ന്യൂഡല്‍ഹി: ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതോടെയാണ് പ്രതിസന്ധി ആരംഭിച്ചതെന്ന വിശദീകരണവുമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ബിസ്ക്കറ്റ് ബ്രാന്‍ഡുകളിലൊന്നായ പാര്‍ലെ രംഗത്ത്. സീനിയര്‍ കാറ്റഗറി തലവന്‍ മായങ്ക് ഷാ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതോടെയാണ് സ്ഥിതി മോശമായത്. അഞ്ച് രൂപ പാക്കറ്റ് ബിസ്ക്കറ്റടക്കമുള്ളവക്ക് ഉയര്‍ന്ന നികുതി കൊടുക്കേണ്ടി വന്നതോടെയാണിത്. ബിസ്ക്കറ്റുകള്‍ക്ക് 18 ശതമാനം നികുതി വളരെ കൂടുതലാണ്. ജീവനക്കാരെ പിരിച്ചുവിട്ടെന്ന തരത്തിലെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ചതാണ്. ഉല്‍പാദനം കുറഞ്ഞ സാഹചര്യത്തില്‍ കമ്ബനി‍യില്‍ ഇപ്പോഴുള്ള മുഴുവന്‍ ജീവനക്കാരുമായി മുന്നോട്ടു പോകാനാവില്ലെന്നതാണ് കാര്യം -മായങ്ക് ഷാ വ്യക്തമാക്കി. വില്‍പന കുറഞ്ഞതോടെ പാര്‍ലെ പ്രൊഡക്‌ട്സ് പ്രൈവറ്റ് ലിമിറ്റഡ് 10,000 പേരെ പിരിച്ചുവിടുന്നതായും പ്ലാന്‍റുകള്‍ അടച്ചു പൂട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യത്തെ ഗ്രാമീണ മേഖല പ്രധാന വിപണിയായ പാര്‍ലെയുടെ 5 രൂപ, 10 രൂപ ബിസ്ക്കറ്റ് പാക്കുകളുടെ അടക്കം വില്‍പന കുറഞ്ഞിട്ടുണ്ട്.