പ്രസ്റ്റൺ: യുവാക്കളിൽ ദൈവവിളി അവബോധം വളർത്താനും ശരിയായ ജീവിതപാത തിരഞ്ഞെടുക്കാനും സഹായിക്കാൻ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത സംഘടിപ്പിക്കുന്ന ദൈവവിളി ക്യാമ്പ് ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ ഒന്നുവരെ പ്രസ്റ്റണിൽ നടക്കും. രൂപതയുടെ വിവിധ ഭാഗങ്ങളിൽനിന്ന് 18 വയസും അതിനു മുകളിലുമുള്ള യുവാക്കളെയാണ് ക്യാമ്പിലേക്ക് പ്രതീക്ഷിക്കുന്നത്.
പ്രസ്റ്റൺ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സെമിനാരി റെക്ടർ റവ. ഡോ. ബാബു പുത്തൻപുരക്കൽ, രൂപത ദൈവവിളി കമ്മീഷൻ ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നു ദിവസത്തെ ക്യാമ്പിൽ സെമിനാരി സ്പിരിച്വൽ ഡയറക്ടർ ഫാ. ജോൺ മില്ലർ, റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഡോ. സോണി കടംതോട്, ഫാ. ഫാൻസ്വാ പത്തിൽ, ഫാ. ബാബു പുത്തൻപുരക്കൽ, ഫാ. ട്രയിൻ മുള്ളക്കര, സിസ്റ്റർ ജോവാൻ മണിയഞ്ചിറ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.
ആഗസ്റ്റ് 30 ഉച്ചകഴിഞ്ഞ് 3.00മുതൽ സെപ്തംബർ ഒന്ന് ഉച്ചയ്ക്ക് 1.00 വരെയാണ് ക്യാമ്പ്. ഒരുക്കങ്ങൾ പൂർത്തിയായതായി റവ. ഡോ. ബാബു പുത്തൻപുരക്കൽ, ഫാ. ടെറിൻ മുള്ളക്കര എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 07985695056. email: frterinmullakkara@gamil.com