വാർത്തകൾ

🗞🏵 *ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യയുടെ പി.വി സിന്ധു.* ഞായറാഴ്ച നടന്ന ഫൈനലിൽ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-7, 21-7) മറികടന്നാണ് സിന്ധു ചരിത്രം കുറിച്ചത്. 38 മിനിറ്റിനുള്ളിൽ അവസാനിച്ച മത്സരത്തിൽ ഒക്കുഹാരയെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് സിന്ധു പുറത്തെടുത്തത്.

🗞🏵 *ഓണമെത്തും മുൻപേ വില ഉയര്‍ന്ന് പച്ചക്കറിവിപണി.* ഇഞ്ചിക്ക് വില 280 ആയി. വെളുത്തുള്ളി വില 120 ആണ്. മറ്റുപച്ചക്കറി ഇനങ്ങള്‍ക്കും വില ഉയര്‍ന്നു. ഓണനാളുകള്‍ എത്തുന്നതോടെ പച്ചക്കറികള്‍ക്ക് വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

🗞🏵 *പണവും ആസ്തിയുമുണ്ടായിട്ടും ബാങ്ക് വായ്പ ബോധപൂർവം തിരിച്ചടയ്ക്കാത്ത വൻകിടക്കാർക്ക് നേരെ ക്രിമിനൽനടപടിക്ക് കേന്ദ്രം തയ്യാറെടുക്കുന്നു.* വിൽഫുൾ ഡിഫാൾട്ടേഴ്സ് എന്ന ഇനത്തിൽ ഉൾപ്പെടുത്തിയ ഇവരെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടിക്കായുള്ള നിയമമാണ് ഉണ്ടാക്കുന്നത്. ഇതിനായി ധനകാര്യമന്ത്രാലയം റിസർവ് ബാങ്കുമായി ചർച്ച നടത്തി.

🗞🏵 *മുംബൈ:കർഷകരുടെ മുൻകാലവായ്പകൾ അവസാനിപ്പിക്കുന്നതിനു മുമ്പുതന്നെ അവർക്ക് വീണ്ടും വായ്പ നൽകാൻ അനുമതി തേടി പൊതുമേഖലാബാങ്കുകൾ സർക്കാരിനെ സമീപിക്കാനൊരുങ്ങുന്നു.* സെപ്റ്റംബർ ആദ്യ ആഴ്ചയിൽ പ്രധാനമന്ത്രി വിളിച്ചിട്ടുള്ള പൊതുമേഖലാ ബാങ്ക് പ്രതിനിധികളുടെ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നാണ് വിവരം

🗞🏵 *2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി സഖ്യം ചേരാൻ ബംഗാളിലെ കോൺഗ്രസ് ഘടകത്തിന് എഐസിസി ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി അനുമതി നൽകി.* അതേസമയം സഖ്യം സംബന്ധിച്ച് സിപിഎം നിലപാട് വ്യക്തമാക്കിയിട്ടില്ല.

🗞🏵 *സൗദി അറേബ്യയിലെ തെക്കു കിഴക്കൻ മേഖലയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.* ഖമീഷ് മുഷായത് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്. രണ്ടിടത്തും കൺട്രോൾ ടവറുകൾക്ക് നേരെയായിരുന്നു ഡ്രോൺ ആക്രമണം.

🗞🏵 *ബഹ്റൈനിൽ തടവിലുള്ള 250 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ തീരുമാനം.* ബഹ്റൈൻ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചർച്ചയിലാണ് തീരുമാനം. ബഹ്റൈൻ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് തടവിൽ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം സംബന്ധിച്ച ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ചത്.

🗞🏵 *പ്രളയത്തിൽ അവശ്യരേഖകൾ നഷ്ടമാവുകയും കേടുപാടുകയും സംഭവിക്കുകയും ചെയ്തവർക്ക് അവ വീണ്ടും ലഭ്യമാക്കാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വയനാട് എം പി രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.*

🗞🏵 *കശ്മീരിൽ മരുന്നുകൾക്കും അവശ്യവസ്തുക്കൾക്കും ക്ഷാമമില്ലെന്ന് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്ക്.* വാർത്താവിനിമയ സംവിധാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ഒരുപാടുപേരുടെ ജീവൻ രക്ഷിക്കാനായെന്നും കഴിഞ്ഞ പത്തുദിവസമായി കലാപം കാരണം കശ്മീരിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ എത്തിയവേളയിലാണ് അദ്ദേഹം കശ്മീരിലെ സാഹചര്യങ്ങൾ സംബന്ധിച്ച് പ്രതികരിച്ചത്.

🗞🏵 *പാലാ നിയോജകമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്തംബർ 23 ന് നടക്കും.* വോട്ടെണ്ണൽ 27 നാണ്. കെ.എം മാണി അന്തരിച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.

🗞🏵 *അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ അരുൺ ജെയ്റ്റ്ലിയുടെ ഭൗതികശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.* നിഗംബോധ് ഘട്ടിലാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. മകൻ രോഹൻ ജെയ്റ്റ്ലി സംസ്കാരച്ചടങ്ങുകൾ നിർവഹിച്ചു.

🗞🏵 *ജമ്മു കശ്മീർ സിവിൽ സെക്രട്ടേറിയറ്റ് കെട്ടിടത്തിൽനിന്ന് സംസ്ഥാന പതാക നീക്ക ചെയ്തു.* പകരം ദേശീയ പതാക ഉയർത്തി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370-ാം അനുച്ഛേദം നീക്കം ചെയ്തതിന് പിന്നാലെ സർക്കാർ ഓഫീസുകളിൽ നിന്നും വാഹനങ്ങളിൽ നിന്നും സംസ്ഥാന പതാക നീക്കംചെയ്ത് തുടങ്ങിയിരുന്നു

🗞🏵 *പാലാ ഉപതിരഞ്ഞെടുപ്പിൽ ഇത്തവണയും എൽഡിഎഫ് സ്ഥാനാർഥിയായി മാണി സി.കാപ്പൻ തന്നെ മത്സരിച്ചേക്കും.* എൻസിപിയിൽ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ അതിന് സാധ്യതയില്ല.

🗞🏵 *മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷിക ദിനമായ ഒക്ടോബർ രണ്ടിന് ഇന്ത്യയെ പ്ലാസ്റ്റിക്ക് വിമുക്ത രാജ്യമാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം* മൻ കി ബാത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആഹ്വാനം ചെയ്തത്.

🗞🏵 *രാഹുൽഗാന്ധിയും പ്രതിപക്ഷ നേതാക്കളും സഞ്ചരിച്ച വിമാനത്തിന്റെ ലാൻഡിങ് വൈകിയത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി.* ശനിയാഴ്ച വൈകിട്ട് ഡൽഹിയിലെത്തിയ ഗോ എയർ ജി8-149 വിമാനമാണ് ലാൻഡിങ് വൈകിപ്പിച്ച് ആകാശത്ത് വട്ടമിട്ടുപറന്നത്.

🗞🏵 *തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് നേതൃയോഗത്തിനുശേഷം കേരള കോൺഗ്രസിന്റെ നേതൃയോഗം വിളിച്ചുചേർത്ത് പാലായിലെ സ്ഥാനാർഥിയെ നിശ്ചയിക്കുമെന്ന് ജോസ് കെ മാണി.* ഐക്യമുന്നണി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും സ്ഥാനാർഥിയുടെ കാര്യത്തിൽ രമ്യമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

🗞🏵 *ഏഴാംക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ ഗർഭിണിയാക്കിയതായി പരാതി.* പരാതിയെത്തുടർന്ന് *അറബി അധ്യാപകൻ മഷൂദിനെതിരേ* തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് രക്ഷിതാക്കളോടൊപ്പം വിദ്യാർഥിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെത്തിയത്. തുടർന്നുനടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നു കണ്ടെത്തി. തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു.

🗞🏵 *പാലാ ഉപതിരഞ്ഞെടുപ്പിൽ നിഷ ജോസ് കെ മാണി യു.ഡി.എഫ് സ്ഥാനാർഥിയായേക്കും.* പ്രഥമ പരിഗണന നിഷയ്ക്കാണ് പാർട്ടി നേതൃത്വം നൽകുന്നതെന്നാണ് പുറത്തുവരുന്ന വിവരം. നിഷയുടെ സ്ഥാനാർഥിത്വത്തെ പിജെ ജോസഫ് വിഭാഗവും എതിർക്കില്ലെന്നാണ് സൂചന.

🗞🏵 *മോദി അനുകൂല നിലപാട് സ്വീകരിച്ച ശശി തരൂരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.* ആരുപറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികൾ മറച്ചുവെക്കാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. ജനങ്ങൾക്ക് പൊതുവെ അസ്വീകാര്യമായ നിലപാടാണ് മോദി സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ നയങ്ങൾക്കെതിരായ പോരാട്ടം തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

🗞🏵 *ഇംഗ്ലണ്ടിലെ കാന്‍റര്‍ബറിയില്‍ നിന്നു തുടങ്ങി റോമാ നഗരംവരെ നീളുന്ന ആയിരം വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള നടപ്പാത ‘വിയ ഫ്രാന്‍സിജേനിയ’ യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിലേക്ക്.* ആയിരക്കണക്കിന് തീര്‍ത്ഥാടകരും, ജൊവാന്‍ ഓഫ് ആര്‍ക്ക്, സിയന്നായിലെ വിശുദ്ധ കാതറിൻ , വിശുദ്ധ ജെയിംസ്, വിശുദ്ധ ബെര്‍ണര്‍ഡ് തുടങ്ങിയ അനേകം വിശുദ്ധരും കാല്‍നട തീര്‍ത്ഥാടനം നടത്തിയ പാതയാണിത്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്വിറ്റസര്‍ലണ്ട് ഇറ്റലി എന്നീ രാജ്യാതിര്‍ത്തികള്‍ കടന്നാണ് രണ്ടായിരം കി. മീ. ദൈര്‍ഘ്യമുള്ള ഈ തീര്‍ത്ഥാടനവഴി റോമിലെത്തുന്നത്.
 
🗞🏵 *വണ്ടിച്ചെക്ക് കേസില്‍ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും നാസില്‍ അബ്ദുള്ളയും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പാളിയതായി സൂചന.* ചര്‍ച്ച പരാജയപ്പെടാനുണ്ടായ കാരണം തുഷാര്‍ വിഭാഗത്തിന്റെ പിടിവാശിയാണെന്നാണ് റിപ്പോര്‍ട്ട്.

🗞🏵 *മ​ണ്ണി​ടി​ച്ചി​ലിനെ തുടർന്ന് പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ല്‍ തി​ങ്ക​ളാ​ഴ്ച നാ​ലു ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ല്‍​വേ അ​റി​യി​ച്ചു.* കൊ​ച്ചു​വേ​ളി-​ലോ​ക​മാ​ന്യ തി​ല​ക് സൂ​പ്പ​ര്‍​ഫാ​സ്റ്റ്, കൊ​ച്ചു​വേ​ളി-​ച​ണ്ഡീ​ഗ​ഡ്, തി​രു​നെ​ല്‍​വേ​ലി-​ജാം​ന​ഗ​ര്‍, എ​റ​ണാ​കു​ളം-​മ​ഡ്ഗാ​വ് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
 
🗞🏵 *തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ തിരുപോരൂരിന് സമീപം മേനംപത്തിയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.* ചെന്നൈയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ഗംഗൈ അമ്മന്‍ കോവിലിന് സമീപമാണ് സ്ഫോടനം. യന്ത്രമാണോ ബോംബാണോ സ്ഫോടനത്തിന് പിന്നിലെന്ന അന്വേഷണത്തിലാണ് പോലീസ്.

🗞🏵 *ഇരട്ടിയിലധികം വെ ള്ളം തുറന്നുവിട്ട് ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്റെ പ്രതികാര നടപടി.* ഇതോടെ പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. ഫിറോസ്പുര്‍ ജില്ലയിലുള്ള ഗ്രാമങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. പാകിസ്ഥാന്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിട്ടതിനെ തുടര്‍ന്ന് ടെണ്ടിവാല ഗ്രാമത്തിലുള്ള ഒരു തടയണക്ക് കേടുപാട് സംഭവിച്ചതാണ് ഗ്രാമങ്ങളിലേക്ക് വെള്ളം കയറാന്‍ കാരണമായത്.

🗞🏵 *ഇന്ത്യ ജി-7 രാഷ്ട്രങ്ങളില്‍ അംഗമല്ലെങ്കിലും ഫ്രാന്‍സിന്റെ പ്രത്യേക ക്ഷണിതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജ-7 ഉച്ചകോടിയില്‍ പങ്കെടുക്കും.* ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലേക്ക് തിരിച്ചു
🌀🌀🌻🌀🌀🌻🌀🌀🌻🌀🌀

*ഇന്നത്തെ വചനം*
അവന്‍ പറഞ്ഞു: ദൈവരാജ്യം, ഒരുവന്‍ ഭൂമിയില്‍ വിത്തു വിതയ്‌ക്കുന്നതിനു സദൃശം.
അവന്‍ രാവും പകലും ഉറങ്ങിയും ഉണര്‍ന്നും കഴിയുന്നു. അവന്‍ അറിയാതെതന്നെ വിത്തുകള്‍ പൊട്ടിമുളച്ചു വളരുന്നു.
ആദ്യം ഇല, പിന്നെ കതിര്‍, തുടര്‍ന്ന്‌ കതിരില്‍ ധാന്യമണികള്‍ – ഇങ്ങനെ ഭൂമി ഫലം പുറപ്പെടുവിക്കുന്നു.
ധാന്യം വിളയുമ്പോള്‍ കൊയ്‌ത്തിനു കാലമാകുന്നതുകൊണ്ട്‌ അവന്‍ അരിവാള്‍ വയ്‌ക്കുന്നു.
അവന്‍ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടു താരതമ്യപ്പെടുത്തും? എന്ത്‌ ഉപമകൊണ്ട്‌ അതിനെ വിശദീകരിക്കും?
അത്‌ ഒരു കടുകുമണിക്കു സദൃശ മാണ്‌. നിലത്തു പാകുമ്പോള്‍ അതു ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാള്‍ ചെറുതാണ്‌.
എന്നാല്‍, പാകിക്കഴിയുമ്പോള്‍ അതുവളര്‍ന്ന്‌ എല്ലാ ചെടികളെയുംകാള്‍ വലുതാവുകയും വലിയ ശാഖകള്‍ പുറ പ്പെടുവിക്കുകയും ചെയ്യുന്നു. അങ്ങനെ, ആകാശത്തിലെ പക്‌ഷികള്‍ക്ക്‌ അതിന്‍െറ തണലില്‍ ചേക്കേറാന്‍ കഴിയുന്നു.
അവര്‍ക്കു മനസ്‌സിലാകുംവിധം ഇത്തരം അനേകം ഉപമകളിലൂടെ അവന്‍ വചനം പ്രസംഗിച്ചു.
മര്‍ക്കോസ്‌ 4 : 26-33
🌀🌀🌻🌀🌀🌻🌀🌀🌻🌀🌀

*വചന വിചിന്തനം*
കർഷകൻ വിത്തു വിതയ്ക്കുക മാത്രം ചെയ്യുന്നു എന്നാൽ ചെടിയെ വളർത്തുക എന്നത് പ്രകൃതിയുടെ പ്രവർത്തിയാണ്. വചനമാകുന്ന വിത്ത് കാര്യവും ഇതുപോലെ തന്നെയാണ്. ഈ വിത്ത് വിതയ്ക്കുവാൻ നമ്മൾ തയ്യാറാവണം. അത് വളർത്തുന്നത് ദൈവത്തിൻറെ പ്രവർത്തിയാണ്. പ്രകൃതി കർഷകൻറെ സഹകരണം ആവശ്യമായിരിക്കുന്നത് പോലെ ദൈവരാജ്യം സ്ഥാപിക്കുന്നതിൽ ദൈവത്തിന് മനുഷ്യരുടെ സഹകരണം ആവശ്യമാണ് നമ്മൾ ആയിരിക്കുന്ന ചുറ്റുപാടുകളിലും നമുക്ക് സാധിക്കുന്ന ഇടങ്ങളിലും എല്ലാം വചനമാകുന്ന വിത്ത് വിതയ്ക്കാൻ നമ്മൾ തയ്യാറാകണം നമ്മളറിയാതെ തന്നെ അത് വളരുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യും കാരണം അത് ദൈവത്തിന്റെ പ്രവർത്തിയാണ്
🌀🌀🌻🌀🌀🌻🌀🌀🌻🌀🌀

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*