ഉറ്റവരും ഉടയവരും ഉടമസ്ഥതയിലുണ്ടായിരുന്നവയും ഒരു നിമിഷം കൊണ്ട് നഷ്ടമായി തകർന്നടിഞ്ഞ സഹോദരങ്ങളുടെ വിലാപ ഭൂമിയായി കേരളം, പ്രത്യേകിച്ച് മലയോരമേഖല മാറിയപ്പോഴും അവരുടെ സങ്കടങ്ങൾക്ക് ഒരു കൈത്താങ്ങ് ആകാൻ സാമൂഹ്യ-രാഷ്ട്രീയ മനസ്സാക്ഷിയുടെ ജിഹ്വയാകേണ്ട ,പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ജാഗ്രതയുടെ ഉറങ്ങാത്ത കണ്ണുകൾ ആകേണ്ട ഏതാനും ചില മാധ്യമങ്ങൾ, ഞാനുൾപ്പെടുന്ന സന്യാസിനി സമൂഹങ്ങളുടെ അകത്തളങ്ങളിൽ നടക്കുന്നവ എന്തെന്ന് -മലയാളിയുടെ സഹജമായ എത്തി നോക്കൽ വാസനയോടെ-വിലപ്പെട്ട ന്യൂസ് അവറിൽ ‘അഞ്ജനം എന്നതെനിക്കറിയാം മഞ്ഞളുപോലെ വെളുത്തിരിക്കും’ എന്ന മട്ടിൽ ഘോരഘോരം വാക്കുകളെ വിസർജ്ജിച്ച് വിശുദ്ധമായ കുടുംബാന്തരീക്ഷം തൃസന്ധ്യയിൽ മലീമസമാക്കുന്നതു കണ്ടു മനസ്സുമടുത്തു പറഞ്ഞും എഴുതിയും പോവുകയാണ്.

ഹേയ് ചാനൽ വിശാരദരേ… നിങ്ങൾക്കെന്തറിയാം കത്തോലിക്കാ സന്യാസത്തെക്കുറിച്ച് ?
എൻറെ ജീവിതശൈലിയെ, ഞാൻ മനസാവരിച്ച ജീവിത നിയമങ്ങളെ, മൂല്യങ്ങളെ, കാറ്റിൽപറത്തി നിങ്ങളെ പോലെ ജീവിക്കണം എന്ന് ആവശ്യപ്പെടാൻ ആരാണ് നിങ്ങളെ നിയമിച്ചത് ?

എങ്കിൽ പിന്നെ ഞാൻ ‘സിസ്റ്റർ’ എന്നതിനു പകരം ‘മിസ്റ്റർ ‘എന്നോ ‘മാഡം’ എന്നു വിളിക്കപ്പെട്ടാൽ പോരേ?

എൻറെ സ്വാതന്ത്ര്യം എന്തെന്ന് നിശ്ചയിക്കാനുള്ള അവകാശം ഞാൻ നിങ്ങൾക്ക് പണയംവച്ച് തരണോ?

ഇനി, ഞാൻ ഒരു പുരുഷൻ അല്ലാത്തതിനാലും നിങ്ങൾ കൂട്ടത്തോടെ കടിച്ചുകീറി ഭക്ഷിക്കാൻ വെമ്പുന്ന റവ.ഫാദർ നോബിൾ പാറയ്ക്കൽ അല്ലാത്തതിനാലും, ഞാൻ എല്ലാ അർത്ഥത്തിലും ഒരു കത്തോലിക്കാ സന്യാസിനി ആയതിനാലും ഈ ജീവിതത്തിൽ ആനന്ദവും അഭിമാനവും അനുഭവിക്കുന്ന എന്നെപ്പോലുള്ള പതിനായിരക്കണക്കിന് വരുന്ന കേരള സന്യസ്തർക്കുവേണ്ടി എൻറെ മുതിർന്ന സഹോദരി ലൂസി കളപ്പുരയോട് ഏതാനും ചില കാര്യങ്ങൾ ചോദിക്കാനുണ്ട്.

1.താങ്കൾ ദാരിദ്ര്യ ജീവിതത്തിന് മുൻതൂക്കം നൽകുന്ന സന്യാസിനി സമൂഹത്തിൽ വ്രതമെടുത്ത് സന്യാസിനി ആകുന്നതിനു മുൻപ് പഠിച്ചതല്ലേ ഈ സമൂഹത്തിന്റെ നിയമാവലിയും ജീവിതശൈലിയും? ജീവിതാന്ത്യംവരെ ക്രിസ്തുവിനെയും ദൈവരാജ്യത്തെ പ്രതിയും ദാരിദ്ര്യ ജീവിതം നയിച്ചു കൊള്ളാമെന്നും അധികാരികളുടെ നിർദ്ദേശങ്ങൾക്കു കീഴ്പ്പെട്ടിരിക്കാമെന്നും താങ്കൾ വലിയൊരു സമൂഹത്തെ സാക്ഷിനിർത്തി മുൻനിർത്തി പ്രഖ്യാപിക്കുകയും ഒപ്പുവയ്ക്കുകയും ചെയ്തിട്ടില്ലേ?

2. പ്രായപൂർത്തിയായതിനു ശേഷമല്ലേ താങ്കൾ ഈ ജീവിതാന്തസ് അനുഷ്ഠിച്ചു കൊള്ളാം എന്ന് പ്രഖ്യാപിച്ചത്?

3. താങ്കൾ ആയിരിക്കുന്ന സന്യാസിനി സമൂഹത്തിന് നിയമാവലിയിൽ അനുശാസിക്കുന്ന നിയതമായ ഒരു വിശുദ്ധ വസ്ത്രം ധരിക്കേണ്ടതുണ്ട് എന്ന് താങ്കൾക്ക് അറിവില്ലായിരുന്നോ? അത് സ്വീകരിക്കുന്നു എന്ന് താങ്കൾ ഏറ്റു പറഞ്ഞതല്ലേ?

4. സ്വന്തമായി ഒരു വാഹനം എന്നത് താങ്കളുടെ സന്യാസിനി സമൂഹത്തിൽ അനുവദനീയമല്ല എന്ന് നിയമം അനുശാസിക്കുന്നില്ലേ?

5. ദാരിദ്ര്യം വ്രതമായി സ്വീകരിക്കുകയും Plus Two മുതലുള്ള അതിജീവനത്തിനുള്ളവക സഹോദരിമാരുടെ വിയർപ്പിന്റെ വിലയിൽ നിന്നും പങ്കുപറ്റിയതിനുശേഷം ഇന്ന് നാലു കാശ് ഒന്നിച്ചു കണ്ടപ്പോൾ കുടുംബത്തിലേക്ക് പതിനായിരം ചോദിച്ചിട്ട് തന്നില്ല എന്ന് പറയാൻ ലജ്ജ തോന്നുന്നില്ലേ?

6.സാമൂഹ്യ പ്രവർത്തനത്തെക്കുറിച്ച്: സ്വന്തമായി ചുറ്റുപാടുമുള്ള പാവങ്ങളെ സഹായിക്കാൻ ആയിരുന്നെങ്കിൽ എന്തിനായിരുന്നു താങ്കൾ ഈ പാവപ്പെട്ട സന്യാസിനി സമൂഹത്തിൽ കയറിക്കൂടി ആ പാവം സഹോദരിമാരെ കദനകടലിൽ ആഴ്ത്തി ഈ മാധ്യമ വിദൂഷകർക്ക് മുൻപിൽ ചർച്ചിച്ച് ആനന്ദിക്കാൻ വിട്ടുകൊടുത്തത് ? ഇതാണോ ഇതുവരെ പങ്കുചേർന്ന നന്മകൾ ക്കുള്ള പ്രതി സമ്മാനം?

7.സി.ഡി. പുസ്തക, പ്രസാധനത്തെ കുറിച്ച് രണ്ടു വാക്ക് പറഞ്ഞില്ലെങ്കിൽ ദൈവം പോലും ക്ഷമിക്കില്ല. മലയാളത്തിന്റെ സ്വന്തം മേരി ബനീഞ്ജ കുറിച്ചും അനേകം സമർപ്പിത എഴുത്തുകാരെ കുറിച്ചും കേട്ടിരിക്കും. താങ്കൾക്ക് മാത്രം എന്തേ ഈ വിലക്ക്? കാരണമിതാണ് സഹോദരി … ഒരു പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ ഒരു മിനിമം സ്റ്റാൻഡേർഡ് താങ്കളുടെ സന്യാസിനി സമൂഹം ആഗ്രഹിക്കുന്നത് തെറ്റാണോ? അത് സഭയുടെ മുഖം ആണ്അല്ലാതെ ‘തട്ടീം മുട്ടീം’ സീരിയലിലെ അർജുനൻ കവിയുടെ കവിതകൾക്ക് സമാനം ശബ്ദഗംഭീരവും ശുഷ്കാർത്ഥവുമായ ഒരു സിഡി, പുസ്തക പ്രസാധനം സഭ അനുവദിക്കാത്തതിൽ എനിക്ക് അത്ഭുതമില്ല.

ഇനി, ഏറെ ചൂടുപിടിച്ച അടുക്കള വാതിലിലൂടെ ഉള്ള മാധ്യമ so called friends ന്റെ mass entryയെക്കുറിച്ച്:
ഞാനും ഒരു സന്യാസിനി സമൂഹാംഗം ആണ് . എനിക്കും ധാരാളം സുഹൃത്തുക്കൾ ഉണ്ട് . അവർക്ക് ഞാൻ ഒരു സന്യാസി ആണെന്നും എന്നെ കാണാൻ വരുമ്പോൾ മുൻകൂട്ടി അറിയിക്കണമെന്നും അറിയാം. അപ്രകാരം ഞാൻ സമൂഹത്തിൻറെ സുപ്പീരിയറിനെ അറിയിക്കുകയും അവർക്ക് വേണ്ട വിഭവങ്ങൾ ഒരുക്കുകയും സുഹൃത്തുക്കൾക്കായി കാത്തിരിക്കുകയും ഞങ്ങൾ ഒരുമിച്ചിരുന്നു സംവദിക്കുകയും ആണ് പതിവ്.
ഇതെന്തേ, താങ്കൾ വസിക്കുന്ന കാരക്കാമല മഠം സുപ്പീരിയർ ഇതൊന്നും അറിയേണ്ടേ? പറയേണ്ടേ? അങ്ങനെ ചെയ്തിരുന്നെങ്കിൽ ഈ പറ്റന്നാമ്പുറക്കളിയുടെ ആവശ്യം ഉണ്ടാകുമായിരുന്നു ഇനി ആ സിസിടിവി ദൃശ്യം കണ്ടാൽ തന്നെ താങ്കളുടെ സുഹൃത്തുക്കളെ പരിചയമുള്ളതുകൊണ്ട് ഇങ്ങനെയൊരു സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്ക പെടൽ ഒഴിവാക്കാമായിരുന്നു

പിന്നെ, ഉപ്പും ചോറും ഒന്നിച്ചിരുന്ന് കഴിക്കുന്ന സഹോദരിമാരെ ഒരുമണിക്കൂർ കാണാതാകുമ്പോൾ പോലീസിലും ചാനലിലേക്കു വിളിച്ചതിനെ സന്യാസം എന്നല്ല ‘തോന്ന്യാസം’ എന്നാണ് വിളിക്കുക.

എന്തേ, മദറിന്റെ ഫോൺ നമ്പർ താങ്കളുടെ മൊബൈലിൽ നിന്നും മദർ മോഷ്ടിച്ചെടുത്ത ഡിലീറ്റ് ചെയ്തു കളഞ്ഞോ? സഹോദരിമാരുടെ മൊബൈൽ നമ്പറിൽ വിളിച്ച് നിങ്ങൾ എവിടെപ്പോയി എന്ന് അന്വേഷിക്കുകയാണ് കോമൺസെൻസ് ഉള്ള ഏതൊരാളും ചെയ്യുക.പിന്നെ അത്രയുമായപ്പോൾ സിസിടിവി പരിശോധിച്ച് മഠത്തിലെ ആവൃതിക്ക് അനുയോജ്യമല്ലാത്തവ കണ്ടാൽ, ഞങ്ങൾ വിളിക്കുക സാധാരണ പോലീസിനെ അല്ല, സഭയിലെ വേണ്ടപ്പെട്ടവരെയാണ് .
റവ.ഫാ.നോബിൾ പാറക്കൽ മാനന്തവാടി രൂപതയുടെ PRO ആണ് എന്ന് താങ്കൾക്ക് അറിവില്ലാത്തത് അല്ലല്ലോ?
നിങ്ങൾ എവിടെപ്പോയി എന്ന് അന്വേഷിക്കുകയാണ് കോമൺസെൻസ് ഉള്ള ഏതൊരാളും ചെയ്യുക പിന്നെ കാര്യങ്ങൾ അത്രയുമായപ്പോൾ സിസിടിവി പരിശോധിക്കാനും മഠത്തിലെ ആവൃത്തിക്ക് അനുയോജ്യമല്ലാത്തവ കണ്ടാൽ ഞങ്ങൾ വിളിക്കുക സാധാരണ പോലീസിനെ അല്ല സഭയിലെ വേണ്ടപ്പെട്ടവരെ യാണ് റവ.ഫാ.നോബിൾ പാറക്കൽ മാനന്തവാടി രൂപതയുടെ പിആർഒ ആണ് എന്നത് താങ്കൾക്ക് അറിവില്ലാത്തതല്ലല്ലോ ‘

വാൽക്കഷണം ആയി പറയട്ടെ താങ്കൾ ഒരു സ്ത്രീയാണെന്നും സ്ത്രീത്വത്തെ അപമാനിക്കൽ ആണ് ബഹുമാനപ്പെട്ട നോബിൾ അച്ചന്റെ ‘കുമാരി’ ‘രണ്ടു പുരുഷന്മാർ’എന്നീ പ്രയോഗത്തിലൂടെ സംഭവിച്ചത് എന്നും ഇപ്പോഴെങ്കിലും താങ്കൾക്ക് ഒരു ബോധം ഉണ്ടായല്ലോ.താങ്കൾ അതിനുമപ്പുറം ഒരു സന്യാസി ആണ് എന്ന് ഓർത്തിരുന്നെങ്കിൽ ഈ കോലാഹലങ്ങളെല്ലാം എപ്പോഴെ ഒഴിവാക്കാമായിരുന്നു.

അവസാനമായി മാധ്യമസുഹൃത്തുക്കളോട് ഒരു വാക്ക്…
നിങ്ങൾ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്ത് കരയുക.
ആർത്തി ഇല്ലാത്ത, ആനന്ദപൂർണ്ണമായ, ആശങ്കകൾ ഇല്ലാത്ത ഈ വിശുദ്ധ ജീവിതങ്ങളിലേക്ക് ദയവായി വിഷം തുപ്പി കടന്നുകയറാതിരിക്കുക .
നന്ദി

PRO
വിൻസെഷ്യൻ സിസ്റ്റേഴ്സ് മാനന്തവാടി