വാർത്തകൾ
🗞🏵 *മുതിർന്ന ബി.ജെ.പി. നേതാവും മുൻ ധനകാര്യ മന്ത്രിയുമായ അരുൺ ജെയ്റ്റ്ലി(66) അന്തരിച്ചു.* ഡൽഹി എയിംസ് ആശുപത്രിയിൽ ഇന്ന് 12.07 ഓടെയായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്ലിയുടെ ജീവൻ നിലനിർത്തിയിരുന്നത്. ശ്വസന പ്രശ്നങ്ങളെ തുടർന്ന് ഈ മാസം ഒമ്പതിനാണ് ജെയ്റ്റ്ലിയെ എയിംസിൽ പ്രവേശിപ്പിച്ചത്.
🗞🏵 *അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ സംസ്കാര ചടങ്ങുകൾ ഞായറാഴ്ച ഉച്ചയ്ക്കുശേഷം ഡൽഹി നിഗംബോധ് ഘട്ട് ശ്മശാനത്തിൽ നടക്കും.*
🗞🏵 *പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്റൈനിലെത്തി.* ശനിയാഴ്ച ഉച്ചയ്ക്കുശേഷം യു.എ.ഇ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ബഹ്റൈൻ തലസ്ഥാനമായ മനാമയിലെത്തിയത്. ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരൻ മോദിയെ സ്വീകരിച്ചു.
🗞🏵 *കശ്മീരിൽ സ്ഥിതിഗതികൾ സാധാരണനിലയിലാണെങ്കിൽ എന്തുകൊണ്ടാണ് പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചതെന്ന് കോൺഗ്രസ്.* രാഹുൽഗാന്ധിയെയും മറ്റു പ്രതിപക്ഷ കക്ഷി നേതാക്കളെയും ശ്രീനഗറിൽനിന്ന് മടക്കി അയച്ചതിന് പിന്നാലെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.
🗞🏵 *മാധ്യമപ്രവർത്തകർ ചമഞ്ഞ് പോലീസിനെ ഭീഷണിപ്പെടുത്തിയ സംഘം പിടിയിൽ.* ന്യൂഡൽഹിയിലെ ഗൗതം നഗറിലാണ് സംഭവം. ‘സൻസാനി ഇന്ത്യ’ എന്ന വെബ്പോർട്ടലിലെ സുശീൽ പണ്ഡിത്, ‘ദൈനിക് എക്സ്പ്രസ്’ വെബ്പോർട്ടലിലെ ഉദിത് ഗോയൽ, ലഖ്നൗവിൽ വെബ്പോർട്ടൽ നടത്തുന്ന ചന്തൻ റായ്, ‘ടിവി9 ഭാരത് വർഷിലെ’ചന്ദ് റായ് എന്നിവരെ അറസ്റ്റ് ചെയ്തു.
🗞🏵 *കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെയും പ്രതിപക്ഷസംഘത്തിന്റെയും കശ്മീർ സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയം മാത്രമാണെന്ന് ജമ്മുകശ്മീർ ഗവർണർ സത്യപാൽ മാലിക്ക്.* നല്ലതുമാത്രം ഉദ്ദേശിച്ചാണ് രാഹുൽഗാന്ധിയെ കശ്മീരിലേക്ക് ക്ഷണിച്ചതെങ്കിലും അദ്ദേഹം രാഷ്ട്രീയം കളിച്ചെന്നും സത്യപാൽ മാലിക്ക് ആരോപിച്ചു.
🗞🏵 *പാകിസ്താനുമായി ചേർന്നുള്ള കർതാർപുർ ഇടനാഴി നിർമാണം നിർത്തിവെക്കണമെന്ന് ബി.ജെ.പി രാജ്യസഭ എം.പി സുബ്രഹ്മണ്യൻ സ്വാമി.* ഒരു വിഷയത്തിലും പാകിസ്താനുമായി ഒരു ചർച്ചയും പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ചണ്ഡീഗഡിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്വാമി.
🗞🏵 *അന്താരാഷ്ട്ര തലത്തിലുള്ള സമ്മർദ്ദം ശക്തമായതിനെ തുർന്ന് ആമസോൺ കാട്ടുതീ നേരിടാൻ സൈന്യത്തെ നിയോഗിക്കാൻ ബ്രസീലിന്റെ തീരുമാനം.* ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസൊനാരോയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ബോൽസൊനാരോയുടെ വികലമായ പരിസ്ഥിതി നയങ്ങൾക്കെതിരെ രാജ്യത്തിനകത്തും ശക്തമായ പ്രക്ഷോഭങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് തീരുമാനം.
🗞🏵 *ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി; ഊഷ്മള വരവേല്‍പ്പ്*
🗞🏵 *തീവ്രവാദി ഭീഷണിയെത്തുടർന്ന് പോലീസ് അതീവ ജാഗ്രത പാലിക്കുന്നതിനിടെ തീവ്രവാദ ബന്ധം സംശയിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ഖാദർ റഹീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു.* കോടതിയിൽ ഹാജരാവാൻ എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്.
🗞🏵 *കൊങ്കൺ റൂട്ടിൽ മംഗളൂരുവിന് സമീപം പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഞായറാഴ്ച ഇതുവഴിയുള്ള ചില ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.*
🗞🏵 *പാണ്ഡിത്യവും ജനാധിപത്യബോധവും സമന്വയിച്ച അപൂർവ വ്യക്തിത്വമായിരുന്നു അരുൺ ജെയ്റ്റ്ലിയെന്ന് ധനമന്ത്രി തോമസ് ഐസക്.* അനുദിനം ഹിംസാത്മകമാകുന്ന അസഹിഷ്ണുതയുടെ കാലത്ത് ബിജെപിയുടെ നേതൃനിരയിൽ അരുൺ ജെയ്റ്റ്ലി ഒരാശ്വാസമായിരുന്നെന്നും ഫെയ്സ്ബുക്കിലെഴിതിയ അനുസ്മരണ കുറിപ്പിൽ തോമസ് ഐസക് കുറിച്ചു
🗞🏵 *ബഹിരാകാശത്ത് വെച്ച് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ കുറ്റകൃത്യ ആരോപണത്തെ കുറിച്ച് അന്വേഷണം നടത്താൻ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഒരുങ്ങുന്നു.* നാസയുടെ ബഹിരാകാശ യാത്രികയായ ആൻ മക്ലൈൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വെച്ച് അവരുടെ അകന്ന് കഴിയുന്ന ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് അനുമതിയില്ലാതെ ഉപയോഗിച്ചു എന്ന ആരോപണമാണ് നാസ അന്വേഷിക്കുക. ശൂന്യാകാശത്ത് വെച്ചുള്ള മനുഷ്യന്റെ ആദ്യ കുറ്റകൃത്യ ആരോപണമാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
🗞🏵 *ഇന്ത്യയുടെ റൂപെ കാർഡ് ഗൾഫിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.*
🗞🏵 *കെവിൻ വധക്കേസിൽ വിധിപറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.* പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
🗞🏵 *സ്വർണം വീണ്ടും റെക്കോഡ് വില തിരുത്തി. പവന് 320 രൂപ കൂടി* 28,320 രൂപയായി. 3540 രൂപയാണ് ഗ്രാമിന്റെ വില.
🗞🏵 *വാഹനാപകടത്തിൽ വയലിനിസ്റ്റ് ബാലഭാസ്കർ മരിക്കാനിടയായ സംഭവത്തിൽ നിർണായക തെളിവ് ക്രൈം ബ്രാഞ്ചിന് ലഭിച്ചു.* അപകടമുണ്ടായ സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അർജുൻ ആണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി.
🗞🏵 *തുഷാർ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ചെയർമാൻ വെള്ളാപ്പള്ളി നടേശൻ.*
🗞🏵 *കേരളത്തിലെ പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട മനുഷ്യർക്ക് കൈത്താങ്ങായി ഷാർജാ ദൈദിലെ മലയാളി വ്യാപാരി രണ്ടേക്കർ ഭൂമി സൗജന്യമായി കൈമാറുന്നു.* ദൈദിൽ വർഷങ്ങളായി വിവിധ വ്യാപാരസ്ഥാപനങ്ങൾ നടത്തുന്ന കോട്ടക്കൽ ഈസ്റ്റ് വില്ലൂർ സ്വദേശി കേളംപടിക്കൽ ഇബ്രാഹിമാണ് ലക്ഷങ്ങൾ വിലവരുന്ന ഭൂമി ദുരിതബാധിതർക്ക് വീടുനിർമിക്കാൻ നൽകുന്നത്.
🗞🏵 *കരുതൽ തടങ്കലിൽ കഴിയുന്ന സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും കശ്മീരിലെ എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കണ്ടെത്തുന്നതിന് സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി.* സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് തരിഗാമിയോട് ഹാജരാകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
🗞🏵 *കഴിഞ്ഞവർഷത്തെ പ്രളയകാലത്ത് കൊച്ചിയിലെ ദുരിതാശ്വാസ പ്രവർത്തകർക്കൊപ്പം ആരുമറിയാതെ പ്രവർത്തിക്കുകയും ചുമടെടുക്കുകയും ചെയ്ത് ശ്രദ്ധ നേടിയ മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസിൽ നിന്ന് രാജിവെച്ചു.* സ്വതന്ത്രമായി അഭിപ്രായങ്ങൾ പറയാൻ സർവീസ് ചട്ടങ്ങൾ തടസ്സമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൻ ഗോപിനാഥൻ രാജിവെച്ചത്.
🗞🏵 *സ്വകാര്യമേഖലയ്ക്കു കൈമാറുന്ന രണ്ടു തേജസ് ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് ബന്ധപ്പെട്ട ഏജൻസിക്ക് തീരുമാനിക്കാം.* റെയിൽവേ ജീവനക്കാർക്കും ഇതര വിഭാഗങ്ങൾക്കും ഈ ട്രെയിനുകളിൽ യാത്രാസൗജന്യം അനുവദിക്കില്ല. സ്വകാര്യവൽക്കരണത്തിന്റെ ആദ്യഘട്ടത്തിൽ ലക്നൗ ജംക്‌ഷൻ– ന്യൂഡൽഹി, അഹമ്മദബാദ്– മുംബൈ സെൻട്രൽ തേജസ് ട്രെയിനുകളാണ് ഐആർടിസി (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) മുഖേന സ്വകാര്യമേഖലയ്ക്കു കൈമാറാൻ റെയിൽവേ ബോർഡ് തീരുമാനിച്ചത്.
🗞🏵 *ചൈന–യുഎസ് വ്യാപാര യുദ്ധം മുറുകുന്നു.* യുഎസ് ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ ചൈന ഇരട്ടിയാക്കിയതിനു തിരിച്ചടിയായി ചൈനയിലുള്ള എല്ലാ യുഎസ് കമ്പനികളും പൂട്ടി നാട്ടിലേക്കു മടങ്ങാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു
🗞🏵 *ഹലാൽ മാംസത്തെച്ചൊല്ലി സൊമാറ്റോയ്ക്ക് പിന്നാലെ മക്ഡൊണാൾഡ്സും വിവാദത്തിൽ.* ഹലാൽ മാംസം മാത്രമെ തങ്ങൾ റെസ്റ്ററന്റുകളിൽ ഉപയോഗിക്കുന്നുള്ളൂ എന്ന് മക്ഡൊണാൾഡ്സ് ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ വിമർശനവുമായി ഒരു കൂട്ടം ആളുകൾ രംഗത്തെത്തിയത്. റെസ്റ്ററന്റുകൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന ട്വീറ്റിനുള്ള മറുപടിയായി തങ്ങളുടെ എല്ലാ റസ്റ്ററന്റുകള്‍ക്കും ഹലാൽ സർട്ടിഫിക്കറ്റ് ഉണ്ടെന്നും ഗുണനിലവാരമുള്ള മാംസം മാത്രമെ ഉപയോഗിക്കാറുള്ളൂവെന്നും മക്ഡൊണാള്‍ഡ്സ് മറുപടി പറയുകയുണ്ടായി. ഇതാണ് വിവാദമായത്
🗞🏵 *മത സ്വാതന്ത്ര്യം ഉറപ്പാക്കുവാന്‍ തങ്ങളാല്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അതിന് അന്താരാഷ്ട്ര സ്വാധീനം വഴി ലോകമെമ്പാടുമുള്ള സുഹൃത്തുക്കളും, പങ്കാളികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രസ്താവന.* എല്ലാവര്‍ക്കും എല്ലായിടത്തും മതസ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുo. ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം ക്രിസ്ത്യാനികളാണെന്ന്‍ വ്യക്തമായതിന്റെ വെളിച്ചത്തില്‍ ഇതിനെക്കുറിച്ച് അന്വേഷിച്ച് സ്വതന്ത്രമായൊരു റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ട്രൂറോയിലെ ആംഗ്ലിക്കന്‍ മെത്രാനെ ചുമതലപ്പെടുത്തിയ കാര്യവും അദ്ദേഹം പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്
🗞🏵 *അരനൂറ്റാണ്ടിലധികം ഭാരതത്തിലെ ദരിദ്രര്‍ക്കിടയില്‍ ശുശ്രൂഷ ചെയ്ത കന്യാസ്ത്രീയുടെ മടക്കയാത്രയില്‍ വിങ്ങിപ്പൊട്ടി ഒഡീഷന്‍ ജനത.* ഡോട്ടര്‍ ഓഫ് ചാരിറ്റി സഭാംഗമായ ഡോ. സി. എനേദിന ഫെസ്റ്റിനയാണ് അന്‍പത്തിമൂന്നു വര്‍ഷം നീണ്ട സേവനത്തിന് ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ വിസ പുതുക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു ജന്മനാടായ സ്‌പെയ്‌നിലേക്ക് മടങ്ങിയത്.
🗞🏵 *രാജ്‍മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരെ കേസ്* . സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെയിംസ് പന്തമ്മാക്കലിന്‍റെ സഹോദരന്‍ പി എ വർഗീസ് നൽകിയ പരാതിയിൽ ചിറ്റാരിക്കാല്‍ പോലീസ് ആണ് കേസെടുത്തത്.
🗞🏵 *സംസ്ഥാനത്ത കനത്ത മഴയ്ക്ക് സാധ്യത. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് മഴ പെയ്യുകയെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.*
🗞🏵 *മലപ്പുറം: അദ്ധ്യാപകൻ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി.* മലപ്പുറം പുത്തൂർ പള്ളിക്കലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്കൂളിലെ താൽക്കാലിക അധ്യാപകനായ മസൂദ് ആണ് അഞ്ചാം ക്ലാസിൽ പഠിപ്പിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറം ലോകമറിഞ്ഞതോടെ ഇയാൾ ഒളിവിലാണ്. തേഞ്ഞിപ്പാലം പോലീസ് കേസെടുത്തു.
🗞🏵 *ലൂസി കളപ്പുരയ്ക്ക് കാരണംകാണിക്കൽ നോട്ടീസ്* . എഫ് സി സി സന്യാസി സമൂഹത്തിന്റെ കാരക്കാമല മഠത്തിനുള്ളിൽ താമസിച്ചുകൊണ്ട് അവിടുത്തെ സന്യാസിനികളുടെ സ്വസ്ഥമായ ജീവിതത്തിന് ഭീഷണിയാകുന്ന തരത്തിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ലൂസി കളപ്പുരയ്ക്കലിന് എഫ്സി സന്യാസിനി സമൂഹം പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.സി. ജ്യോതി മരിയ കാരണംകാണിക്കൽ നോട്ടീസ് നൽകി. തങ്ങളുടെ സന്യാസിനി സമൂഹത്തിനും കാരക്കാമല മഠത്തിനും കത്തോലിക്കാസഭയ്ക്കുംഎതിരെ നുണകളും വ്യാജപ്രചരണങ്ങളും നടത്തി വിശ്വാസികളെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്ന കുൽസിത ഉദ്യമങ്ങളിൽ നിന്ന് പിന്മാറണമെന്ന ആവശ്യമാണ് നോട്ടീസിൽ ഉന്നയിച്ചിരിക്കുന്നത് .
🎴🎴🦋🎴🎴🦋🎴🎴🦋🎴🎴
*ഇന്നത്തെ വചനം*
ഒരു ധനവാന്‍ ഉണ്ടായിരുന്നു. അവന്‍ ചെമന്ന പട്ടും മൃദുലവസ്‌ത്രങ്ങളും ധരിക്കുകയും എന്നും സുഭിക്‌ഷമായി ഭക്‌ഷിച്ച് ആനന്‌ദിക്കുകയും ചെയ്‌തിരുന്നു.
അവന്‍െറ പടിവാതില്‍ക്കല്‍ ലാസര്‍ എന്നൊരു ദരിദ്രന്‍ കിടന്നിരുന്നു. അവന്‍െറ ശരീരം വ്രണങ്ങള്‍കൊണ്ടു നിറഞ്ഞിരുന്നു.
ധനവാന്‍െറ മേശയില്‍നിന്നു വീണിരുന്നവകൊണ്ടു വിശപ്പടക്കാന്‍ അവന്‍ ആഗ്രഹിച്ചു. നായ്‌ക്കള്‍വന്ന് അവന്‍െറ വ്രണങ്ങള്‍ നക്കിയിരുന്നു.
ആദരിദ്രന്‍മരിച്ചു. ദൈവദൂതന്‍മാര്‍ അവനെ അബ്രാഹത്തിന്‍െറ മടിയിലേക്കു സംവഹിച്ചു. ആ ധനികനും മരിച്ച് അടക്കപ്പെട്ടു.
അവന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവന്‍െറ മടിയില്‍ ലാസറിനെയും കണ്ടു.
അവന്‍ വിളിച്ചു പറഞ്ഞു: പിതാവായ അബ്രാഹമേ, എന്നില്‍ കനിയേണമേ! തന്‍െറ വിരല്‍ത്തുമ്പു വെള്ളത്തില്‍ മുക്കി എന്‍െറ നാവു തണുപ്പിക്കാനായി ലാസറിനെ അയയ്‌ക്കണമേ! ഞാന്‍ ഈ അഗ്‌നിജ്വാലയില്‍ക്കിടന്ന്‌യാതനയനുഭവിക്കുന്നു.
അബ്രാഹം പറഞ്ഞു: മകനേ, നീ ഓര്‍മിക്കുക: നിനക്കു ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്‌ടതകളും. ഇപ്പോള്‍ അവന്‍ ഇവിടെ ആനന്‌ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു.
കൂടാതെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു വലിയ ഗര്‍ത്തവും സ്‌ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കുകയില്ല.
അപ്പോള്‍ അവന്‍ പറഞ്ഞു: പിതാവേ, അങ്ങനെയെങ്കില്‍, ലാസറിനെ എന്‍െറ പിതൃഭവനത്തിലേക്ക് അയയ്‌ക്കണമേ എന്നു ഞാന്‍ അപേക്‌ഷിക്കുന്നു.
എനിക്ക് അഞ്ചു സഹോദരന്‍മാരുണ്ട്. അവരും പീഡകളുടെ ഈ സ്‌ഥലത്തു വരാതിരിക്കേണ്ടതിന് അവന്‍ അവര്‍ക്കു സാക്‌ഷ്യം നല്‍കട്ടെ.അബ്രാഹം പറഞ്ഞു: അവര്‍ക്കു മോശയും പ്രവാചകന്‍മാരും ഉണ്ടല്ലോ. അവരുടെ വാക്കു കേള്‍ക്കട്ടെ.
ധനവാന്‍ പറഞ്ഞു: പിതാവായ അബ്രാഹമേ, അങ്ങനെയല്ല, മരിച്ചവരില്‍ ഒരുവന്‍ ചെന്നു പറഞ്ഞാല്‍ അവര്‍ അനുതപിക്കും.
അബ്രാഹം അവനോടു പറഞ്ഞു: മോശയും പ്രവാചകന്‍മാരും പറയുന്നത് അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍നിന്ന് ഒരുവന്‍ ഉയിര്‍ത്താലും അവര്‍ക്കു ബോധ്യമാവുകയില്ല.
ലൂക്കാ 16 : 19-31
🎴🎴🦋🎴🎴🦋🎴🎴🦋🎴🎴
*വചന വിചിന്തനം*
ധനവാനും ലാസറും
ഈശോയില്‍ ഏറെ സ്‌നേഹം നിറഞ്ഞവരെ, ഈ ഭൂമിയില്‍ ധനികനായിരുന്നിട്ടും സ്വര്‍ഗത്തില്‍ തനിക്കായി നിക്ഷേപം കണ്ടെത്താന്‍ കഴിയാതെ പോയ ഒരു ധനവാന്റെയും, ദരിദ്രനായിരുന്നിട്ടും ബാങ്കുകളായ ബാങ്കുകളിലൊന്നും ഫിക്‌സഡ് ഡിപ്പോസിറ്റുകളില്ലാതിരുന്നിട്ടും സ്വര്‍ഗത്തില്‍ തനിക്കായൊരു ഇടം കണ്ടെത്തിയ ലാസറിന്റെയും ഇഹ-പര ലോകജീവിതത്തെ ഇന്ന് നമുക്ക് മുന്‍പില്‍ അവതരിപ്പിക്കുമ്പോള്‍ പങ്കുവയ്ക്കപ്പെടേണ്ട ക്രിസ്ത്യാനിയുടെ ജീവിത വിളിയെപ്പറ്റി നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് അവിടുന്ന്; സ്വര്‍ഗ്ഗത്തില്‍ ഒരു ഇടം കണ്ടെത്തുക എന്നൊരു ആഹ്വാനവുമായി.
ജീവിതത്തെ വിശേഷിപ്പിക്കാന്‍ വിശുദ്ധ ഗ്രന്ഥം ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ പ്രതീകം യാത്രയുടേതാണ്. നമ്മുടെ ഒരു യാത്രയും അവസാനിക്കുന്നില്ലെന്നാണ് സത്യം. പറുദീസാ ലക്ഷ്യമാക്കിയുള്ള ഈ യാത്രയുടെ നിര്‍ണ്ണായകമായ കവാടമാണ് മരണം. ഈ മരണത്തെ ജീവിതയാത്രയുടെ അവസാനമായി കരുതി ഭയത്തിനും നിരാശയ്ക്കും ദുഃഖത്തിനും അടിപ്പെടാതെ മരണത്തിനുമപ്പുറമുള്ള നിത്യസത്യങ്ങള്‍ തിരിച്ചറിഞ്ഞ് അവിടേയ്ക്കായൊരു ഇടമൊരുക്കേണ്ടതിനെക്കുറിച്ച് നമ്മെ ഓരോരുത്തരെയും ഓര്‍മ്മപ്പെടുത്തുന്ന ഉപമയാണ് നാമിന്ന് വായിച്ചുകേട്ട ധനവാന്റെയും ലാസറിന്റെയും ഉപമ. മരണത്തിനപ്പുറം എന്താണ് എന്ന ആകാംക്ഷയ്ക്കും സംശയത്തിനും മരണത്തെപ്പോലും തോല്പിച്ചവന്‍ നല്‍കുന്ന ഉത്തരമാണിത്. നിത്യജീവന്‍ സ്വന്തമാക്കാന്‍ ഇഹലോക ജീവിതത്തെ നാം എപ്രകാരം ക്രമപ്പെടുത്തണമെന്നുള്ള മുന്നറിയിപ്പു കൂടിയാണിത്.
ഉപമ രണ്ട് രംഗങ്ങളിലായിട്ടാണ് വിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്. ആദ്യരംഗം മരണപൂര്‍വ്വ രംഗവും രണ്ടാമത്തേത് മരണനാനന്തര രംഗവുമാണ്. ആദ്യരംഗം ഭൂമിയിലാണെങ്കില്‍ രണ്ടാം രംഗം അഭൗമികമാണ്. ആദ്യരംഗത്തിലെ ദുരന്ത കഥാപാത്രമായ ലാസര്‍. രണ്ടാം രംഗത്തിലെ ആനന്ദകഥാപാത്രവും, ഒന്നാം രംഗത്തിലെ ആനന്ദകഥാപാത്രമായ ധനവാന്‍ രണ്ടാം രംഗത്തില്‍ നിസ്സഹായനുമാണ്. ഈ ലോകമൂല്യങ്ങളും പരലോകമൂല്യങ്ങളും തമ്മിലുള്ള അന്തരമാണ് ഈശോ വ്യക്തമാക്കുന്നത്. ഈ ലോകത്തിലെ നേട്ടങ്ങളോ സൗഭാഗ്യങ്ങളോ വിജയങ്ങളോ പരലോക ആനന്ദത്തിന്റെ മാനദണ്ഡങ്ങളേയല്ലാ എന്ന് ഈശോ തന്നെ പ്രഖ്യാപിക്കുകയാണ്.
ധനവാന്റെയും ലാസറിന്റെയും കഥ വ്യാഖ്യാനിച്ചു കൊണ്ടാണ് കാള്‍ മാര്‍ക്‌സ് മതത്തെ മനുഷ്യനെ മയക്കുന്ന കറുപ്പായി നിര്‍വചിച്ചത്. പരലോകത്ത് സൗഭാഗ്യം കിട്ടും എന്നതിനാല്‍ ലോകത്തിലെ സര്‍വ്വ അന്യായങ്ങളും ചൂഷണങ്ങളും അക്രമങ്ങളും നിര്‍വികാരരായി സഹിക്കാന്‍ മതങ്ങള്‍ ദരിദ്രരെ പരിശീലിപ്പിക്കുന്നു എന്നതായിരുന്നു ഈ ആരോപണത്തിന്റെ കാതല്‍. എന്നാല്‍ ധനവാന്റെയും ലാസറിന്റെയും കഥയിലൂടെ അവിടുന്ന് പറഞ്ഞുവയ്ക്കുന്ന സന്ദേശങ്ങള്‍ മാര്‍ക്‌സിയന്‍ ആശയത്തിന് കടകവിരുദ്ധമായ വസ്തുതകളാണ്. ദരിദ്രലാസറിനെ നിര്‍വികാരനായി സഹിക്കാന്‍ അനുവദിക്കുന്നതിനെക്കാളേറെ പങ്കുവയ്ക്കാത്ത ധനികനെ വിമര്‍ശിക്കുകയാണ് ഈ ഉപമ. ഒപ്പം മരണത്തിനപ്പുറമുള്ള ഒരു ജീവിതവും സൗഭാഗ്യവും കണ്ണഞ്ചിപ്പിക്കുന്ന മനുഷ്യനെ മയക്കുന്ന മോഹനവാഗ്ദാനങ്ങളല്ലായെന്നും മരണവും വിധിയും സ്വര്‍ഗ-നരകാവസ്ഥകളും ഓരോ വ്യക്തിയേയും കാത്തിരിക്കുന്ന സുനിശ്ചിത യാഥാര്‍ത്ഥ്യങ്ങളാണെന്നുമുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ഉപമ.
ധനികന് സമ്പത്ത് നല്‍കിയതും ലാസറിനെ ദരിദ്രനായി ധനികന്റെ പടിവാതില്‍ക്കല്‍ കിടത്തിയതും ദൈവം തന്നെയാണ്. എന്നാല്‍ ധനികന് മറ്റൊരു ദൗത്യം കൂടി ദൈവം നല്‍കിയിരുന്നു. അത് ലാസറിനെ തന്റെ സുഭിഷമായ ഭക്ഷണമേശയില്‍ നിന്ന് വീഴുന്ന എച്ചിലുകള്‍ കൊണ്ട് വിശപ്പടക്കാന്‍ അനുവദിക്കുക എന്നതായിരുന്നില്ല. മറിച്ച് കരുണയുടെ ഹൃദയവുമായി അവനെ സമീപിക്കാനും തന്റെ ഭവനത്തിലേയ്ക്ക് അവനെ സ്വീകരിച്ചു കൊണ്ട് തനിക്കുള്ളത് അവനുമായി പങ്കുവയ്ക്കാനുമായിരുന്നു. തന്റെ പടിവാതില്‍ക്കല്‍ കിടന്ന് നരകിക്കേണ്ടവനല്ല ലാസര്‍. മറിച്ച്, തന്റെ സമ്പത്തിന്റെ ഓഹരി അനുഭവിക്കാന്‍ അവകാശപ്പെട്ടവനാണ് അവനെന്ന തിരിച്ചറിവിലേക്ക് കടന്ന് വരാതെ പോയതാണ്, മറികടക്കാനാകാത്ത ഗര്‍ത്തം തീര്‍ത്തു കൊണ്ട് നിത്യനാശത്തിന്റെ പടുകുഴിയിലേയ്ക്ക് വീഴാന്‍ ധനികന് കാരണമായത്.
എന്നും വില കൂടിയതും രൂചി കൂടിയതുമായവ സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് മാത്രം കഴിക്കുന്നവര്‍ ചിലപ്പോള്‍ ഒരു പാവപ്പെട്ടവന്റെ ഒരു വര്‍ഷത്തെ ഭക്ഷണച്ചെലവിനെക്കാള്‍ വലിയ തുക ചെലവഴിക്കാറുണ്ട്. ഒരു രാത്രി തങ്ങുന്ന മുറിക്ക് പതിനായിരങ്ങള്‍ വാടക നല്‍കാനും വീടിനു ചുറ്റും മതിലുകള്‍ കെട്ടിപ്പൊക്കാന്‍ ലക്ഷങ്ങള്‍ മുടക്കാനും സമ്പന്നന് മടിയില്ല. ചോരുന്ന വീടൊന്ന് പുതുക്കിപ്പണിയുവാന്‍ ദരിദ്രന് അതിന്റെ നാലിലൊന്നു കൊണ്ട് കഴിയുമായിരുന്നു. അരക്കോടിക്കു മുകളില്‍ വിലയുള്ള ആഡംബരക്കാറുകളില്‍ നിരത്തുകളിലെ സിഗ്നല്‍ കാത്ത് കിടക്കുമ്പോള്‍ അരച്ചാണ്‍ വയറുതടവി കൈനീട്ടുന്ന ദിരദ്രജന്മങ്ങള്‍ക്കു നേരെ ചില്ലു താഴ്ത്താന്‍ പോലും മെനക്കെടാത്തവര്‍ ഇന്ന് നമുക്ക് ചുറ്റും തന്നെ സര്‍വ്വസാധാരണമാണ്. ദൈവതിരുമുമ്പില്‍ പേരുകളില്ലാത്ത ഭോഷന്മാരായ ധനികരാണവരൊക്കെ.
ദൈവം ഒരുവന് ജ്ഞാനം നല്കുന്നത് അനേകരെ ജ്ഞാനികളെക്കാന്‍ വേണ്ടിയാണ്. ദൈവം ഒരാള്‍ക്ക് ദീപം കൊളുത്തിക്കൊടുക്കുന്നത് അനേകരെ പ്രകാശം കാണിക്കാനാണ്. ഒരാള്‍ക്ക് വിജയം നല്‍കുന്നത് അനേകര്‍ക്ക് വിജയത്തിന്റെ വഴി പറഞ്ഞുകൊടുക്കാനാണ്. സമ്പത്തിന്റെ കാര്യവും ഇങ്ങനെ തന്നെ. പങ്കുവയ്ക്കാത്ത ധനം നാശകാരണമാകുമെന്നാണ് ഭോഷനായ ധനികന്റെ ഉപമയിലൂടെ ഈശോ നമ്മെ പഠിപ്പിച്ചിട്ടുള്ളതുമാണ്. നമുക്ക് ദൈവം ദാനമായി തന്നത് അത് എന്തുമായിക്കൊള്ളട്ടെ. നമ്മുടെ സമയവും, കഴിവും, ആരോഗ്യവും, മറ്റ് യോഗ്യതകളും നേട്ടങ്ങളുമെല്ലാം ദൈവം നമുക്ക് നല്‍കുന്ന സമ്പത്താണ്. അവയൊന്നും നാം നമുക്ക് ചുറ്റുമുള്ളവരുമായി പങ്കുവയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അവരെ പരിഗണിക്കുന്നില്ലെങ്കില്‍ ഞാനും നിങ്ങളുമൊക്കെ ദൈവതിരുമുമ്പില്‍ പേരുകളില്ലാത്ത ദൈവരാജ്യത്തില്‍ ഇടമില്ലാത്ത ഭോഷന്മാരായ ധനികരായിത്തീരുകയായിരിക്കും ചെയ്യുക.
വിശുദ്ധ ഗ്രന്ഥത്തില്‍ തോബിത്തിന്റെ പുസ്തകത്തിലൂടെ ദൈവം അരുളിച്ചെയ്യുന്നുണ്ട്. ”സമ്പത്തേറുമ്പോള്‍ അതനുസരിച്ച് ദാനം ചെയ്യുക; എന്തെന്നാല്‍ ദാനധര്‍മ്മം മൃത്യുവില്‍നിന്ന് രക്ഷിക്കുകയും അന്ധകാരത്തില്‍ പെടുന്നതില്‍ നിന്ന് കാത്തുകൊള്ളുകയും ചെയ്യുന്നു.” വീണ്ടും സുവശേഷത്തില്‍ ഈശോ പറയുന്നുണ്ട് ”കൊടുക്കുവിന്‍ നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയിലിട്ടു തരും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്ന് കിട്ടും.” (ലൂക്കാ. 6:38).
സ്‌നേഹമുള്ളവരേ, നമുക്കും പരിശ്രമിച്ച് തുടങ്ങാം. സ്‌നേഹത്തിന്റെ പുഞ്ചിരിയുമായി സഹോദരങ്ങളിലേയ്ക്ക് അവരുടെ ആവശ്യങ്ങളിലേയ്ക്ക് കടന്ന് ചെല്ലാന്‍… സാന്നിധ്യം കൊണ്ടും സഹായം കൊണ്ടും നമുക്ക് ചുറ്റുമുള്ള ലാസര്‍മാരെ പരിഗണിച്ച് തുടങ്ങാന്‍ അത് നിത്യജീവിതത്തിലേയ്ക്കുള്ള നമ്മുടെ നിക്ഷേപമായിരിക്കും. ഇഹലോകത്തിലെ ഈ ജീവിതം കൊണ്ട് ദൈവതിരുമുന്‍പിലൊരു പേരും സ്വര്‍ഗത്തിലൊരിടവും ഉറപ്പിക്കുന്നതായിരിക്കും അത്.
ക്രിസ്ത്യാനിയുടെ ജീവിതകേന്ദ്രമായ വിശുദ്ധ കുര്‍ബാന പങ്കുവയ്ക്കുന്ന സ്‌നേഹത്തിന്റെ പകരങ്ങളില്ലാത്ത അടയാളമാണ്. എനിക്കു വേണ്ടി, നമുക്കു വേണ്ടി സ്വജീവന്‍ പോലും പങ്കുവച്ചവനാണ് ഈ കുര്‍ബാനയില്‍ വസിക്കുന്നത്. അവനെ നാവിലും ഹൃദയത്തിലും സ്വീകരിക്കുന്ന നമ്മുടെ ജീവിതങ്ങളും പങ്കുവയ്ക്കപ്പെടുന്ന സ്‌നേഹത്തിന്റെ ജീവിക്കുന്ന അടയാളങ്ങളായിത്തീരണം. നമുക്ക് ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും തീരുമാനമെടുക്കുകയും ചെയ്യാം. ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
🎴🎴🦋🎴🎴🦋🎴🎴🦋🎴🎴
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*