ലണ്ടന്‍: മത സ്വാതന്ത്ര്യം ഉറപ്പാക്കുവാന്‍ തങ്ങളാല്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അതിന് അന്താരാഷ്ട്ര സ്വാധീനം വഴി ലോകമെമ്പാടുമുള്ള സുഹൃത്തുക്കളും, പങ്കാളികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രസ്താവന. എല്ലാവര്‍ക്കും എല്ലായിടത്തും മതസ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നുമുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന അന്താരാഷ്ട്ര പ്രതിനിധികളുടെ കൂടിക്കാഴ്ചക്കിടയില്‍ പ്രതിനിധി ടാരിക് ലോര്‍ഡ് അഹമ്മദാണ് വായിച്ചത്. മതവിശ്വാസത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ക്കിരയായവരെ അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേക ദിനാചരണത്തിന്റെ ഭാഗമായായിരിന്നു പ്രസ്താവന.

ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം ക്രിസ്ത്യാനികളാണെന്ന്‍ വ്യക്തമായതിന്റെ വെളിച്ചത്തില്‍ ഇതിനെക്കുറിച്ച് അന്വേഷിച്ച് സ്വതന്ത്രമായൊരു റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ട്രൂറോയിലെ ആംഗ്ലിക്കന്‍ മെത്രാനെ ചുമതലപ്പെടുത്തിയ കാര്യവും അദ്ദേഹം പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്. ബിഷപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പിലാക്കുമെന്ന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. മതപരമോ, വംശീയമോ, ന്യൂനപക്ഷ വിഷയമായോ ബന്ധപ്പെട്ട സായുധ അക്രമങ്ങളില്‍ നിന്നും സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കുവാന്‍ സാധ്യമായതെല്ലാം തങ്ങള്‍ ചെയ്യും.

ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിര അംഗത്വമുള്‍പ്പെടെയുള്ള നയതന്ത്രപരമായ മാര്‍ഗ്ഗങ്ങള്‍ ഇതിനായി ഉപയോഗിക്കുവാനാണ് തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സായുധ ആക്രമങ്ങള്‍, കൂട്ടക്കൊല, ക്രൂരമായ മര്‍ദ്ദനം, വിവേചനം പോലെയുള്ള നിരവധി വെല്ലുവിളികളാണ് മതന്യൂനപക്ഷങ്ങള്‍ക്ക് നേരിടേണ്ടി വരുന്നതെന്നും, ഫിലിപ്പീന്‍സ്, ബുര്‍ക്കിനാ ഫാസോ, ന്യൂസിലന്‍ഡ്‌, ശ്രീലങ്ക തുടങ്ങിയ ഇടങ്ങളില്‍ ഈ വര്‍ഷം നടന്ന ക്രൂരമായ ആക്രമണങ്ങള്‍ മതസ്വാതന്ത്ര്യമെന്ന മനുഷ്യന്റെ മൗലീകാവകാശം കടുത്ത ഭീഷണിയിലാണെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണെന്നും പ്രധാനമന്ത്രിക്ക് വേണ്ടി അഹമ്മദ് പറഞ്ഞു. ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച പരിപാടി ന്യൂയോര്‍ക്കിലാണ് പരിപാടി നടന്നത്.