ബുഡാപെസ്റ്റ്: ഹംഗറിയുടെ ആയിരത്തിപ്പത്തൊന്‍പതാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാനിലെ ഹംഗറിയുടെ അംബാസഡര്‍ എഡ്വാര്‍ഡ് ഹാബ്സ്ബര്‍ഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാകുന്നു. മുട്ടുകുത്തി നില്‍ക്കുന്ന വിശുദ്ധ സ്റ്റീഫന്‍ രാജാവില്‍ നിന്നും ഉണ്ണീശോയെ കയ്യിലെടുത്തിരിക്കുന്ന ദൈവമാതാവ്, കിരീടം സ്വീകരിക്കുന്ന ചിത്രമാണ് ഹാബ്സ്ബര്‍ഗ് പോസ്റ്റ് ചെയ്തിരിക്കുന്നത്. “പാപ്പായില്‍ നിന്നും ലഭിച്ച ഹംഗറിയുടെ കിരീടം സ്റ്റീഫന്‍ രാജാവ് പരിശുദ്ധ കന്യകാമാതാവിന് കൈമാറുന്ന ചിത്രത്തേക്കാള്‍ ഓഗസ്റ്റ് 20ന് ആഘോഷിക്കുന്ന ഹംഗറിയുടെ ജന്മദിനത്തെ സൂചിപ്പിക്കുവാന്‍ പറ്റിയ ഏതു ചിത്രമാണുള്ളത്” എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്. പരിശുദ്ധ മാതാവ് ഹംഗറിയുടെ രാജ്ഞിയാണ് എന്നും പോസ്റ്റില്‍ പറയുന്നുണ്ട്. നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കത്തോലിക്കാ സഭ വിശുദ്ധരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിശുദ്ധ സ്റ്റീഫന്റെ തിരുനാള്‍ ദിനമാണ് ഹംഗറിയുടെ ജന്മദിനമായ ഓഗസ്റ്റ് 20. ക്രിസ്ത്യന്‍ മൂല്യങ്ങളില്‍ ഉറച്ച ശക്തമായൊരു ഹംഗറിയെ വാര്‍ത്തെടുത്ത രാജ്യത്തിന്റെ തലവനായിരിന്നു വിശുദ്ധ സ്റ്റീഫന്‍. എഡി ആയിരത്തിലെ ക്രിസ്തുമസ് ദിനത്തിലാണ് അദ്ദേഹത്തിന് സില്‍വസ്റ്റര്‍ രണ്ടാമന്‍ പാപ്പ കിരീടം സമ്മാനിച്ചത്. പരിശുദ്ധ കന്യകാമാതാവിനോട് അഗാധമായ ഭക്തിവെച്ചു പുലര്‍ത്തിയ സ്റ്റീഫന്‍ രാജാവ്, ദൈവമാതാവിനോടുള്ള ആദരണാര്‍ത്ഥം നിരവധി ദേവാലയങ്ങള്‍ പണികഴിപ്പിച്ചു.
1038-ലെ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ അദ്ദേഹം ഹംഗറിയെ ദൈവമാതാവിനായി സമര്‍പ്പിച്ചു. “അല്ലയോ സ്വര്‍ഗ്ഗീയ രാജ്ഞി, അങ്ങയുടെ സംരക്ഷണത്തിനുമായി ഞാന്‍ എന്റെ രാജ്യത്തെ സമര്‍പ്പിക്കുന്നു, തിരുസഭയേയും, സകല മെത്രാന്‍മാരേയും, പുരോഹിതന്‍മാരേയും, സകല രാജ്യങ്ങളേയും അവയുടെ ഭരണാധികാരികളേയും, പ്രജകളേയും അങ്ങേക്കായി സമര്‍പ്പിക്കുന്നു. അതിന് മുന്‍പായി ഞാന്‍ എന്റെ ആത്മാവിനെ തന്നെ അങ്ങേക്കായി സമര്‍പ്പിക്കുന്നു” എന്ന് പറഞ്ഞുക്കൊണ്ടായിരിന്നു രാജ്യത്തെ പരിശുദ്ധ അമ്മക്ക് സമര്‍പ്പിച്ചത്. തങ്ങളുടെ രാഷ്ട്രത്തിന്റെ അടിത്തറ പാകിയ വിശുദ്ധന്റെ ഓര്‍മ്മദിനത്തെ തങ്ങളുടെ രാഷ്ട്രത്തിന്റെ ജന്മദിനമായി ഹംഗറിക്കാര്‍ ആഘോഷിക്കുന്നു. ഈ ദിവസം ഹംഗറിയില്‍ പൊതു അവധി കൂടിയാണെന്നത് ശ്രദ്ധേയമാണ്.