ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്ക രൂപതകളിലെ മെത്രാന്മാരാണ് അനുകരണീയമാം വിധത്തില്‍ പരിസ്ഥിതി സംരക്ഷണപദ്ധതിയും ജീവിതശൈലിയുംകൊണ്ട് ജനങ്ങളെ പ്രചോദിപ്പിച്ചത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും മെത്രാന്‍ സംഘത്തിന്‍റെ പ്രസ്താവനയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പരിസ്ഥിതി പ്രശ്നങ്ങള്‍ ജീവിതത്തെയും ജീവിതചുറ്റുപാടുകളെയും അടിയന്തിരമായി ബാധിക്കുന്ന കാര്യമാകയാല്‍ ജീവിതമാതൃകകള്‍ കൊണ്ടുതന്നെ ജനങ്ങളെ പരിസ്ഥിതി സംരക്ഷണരീതികള്‍ പഠിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മെത്രാന്മാരുടെ സംയുക്ത പ്രസ്താവന വ്യക്തമാക്കി.

പരിസ്ഥിതി ബന്ധിയായ ക്രിസ്ത്യന്‍ ആത്മീയത
വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും പരിസ്ഥിതി സംബന്ധിയായ ഒരു ക്രിസ്ത്യന്‍ ആത്മീയത (Chrsitian Spirituality of Ecology) വളര്‍ത്തിയെടുക്കാനാണ് കഴിഞ്ഞ 25 വര്‍ഷമായി മെത്രാന്മാര്‍ ചെയ്തത്. ഭൂമിയില്‍ ദൈവം തന്ന പ്രകൃതിയാകുന്ന നന്മ മനുഷ്യര്‍ ദുര്‍വിനിയോഗം ചെയ്യുകയും അതിനെ കൈയ്യടക്കി നശിപ്പിക്കുകയും വെട്ടിവെളിപ്പിക്കുകയും ചെയ്തതു മൂലമുണ്ടായ വിനാശങ്ങളാണ് നാം ഇന്ന് കാലാവസ്ഥാവ്യതിയാനം, വരള്‍ച്ച, പ്രകൃതിക്ഷോഭം എന്നിവയൊക്കെയായി അനുഭവിക്കുന്നതെന്ന്, അങ്ങേയ്ക്കു സ്തുതി! (Laudato Si!) എന്ന ചാക്രിക ലേഖനത്തില്‍ പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. മനുഷ്യര്‍ ചെയ്തുകൂട്ടിയ അതിക്രമങ്ങളാല്‍ പ്രകൃതി ഇന്ന് ലോകത്തി‍ന്‍റെ പലയിടങ്ങളിലും കേഴുകയാണെന്ന് പാപ്പാ ചാക്രികലേഖനത്തില്‍ പറയുന്നത് മെത്രാന്മാര്‍ ജനങ്ങളെ നിരന്തരമായി അനുസ്മരിപ്പിക്കുന്നുണ്ട്. പരിസ്ഥിതിയോട് ഇണങ്ങിയ ബദല്‍ ഊര്‍ജ്ജങ്ങളുടെ ഉപയോഗം ഇംഗ്ലണ്ടില്‍ മാത്രം 4500-ല്‍ അധികം കത്തോലിക്കാ സ്ഥാപനങ്ങളില്‍ ജലസ്രോതസ്സുകള്‍, സൂര്യപ്രകാശം, കാറ്റ് എന്നിവയുടെ സഹായത്തോടെയുള്ള വൈദ്യുതീകരണം, ശീതീകരണം, താപവത്ക്കരണം എന്നിവ ചിലവു കുറഞ്ഞരീതിയിലും, മലിനീകരണം ഇല്ലാത്തവിധത്തിലും യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്.

സഭയുടെ സ്വകാര്യ ഊര്‍ജ്ജോല്പാദന സംവിധാനങ്ങള്‍
പെട്രോള്‍ ഡീസല്‍ സംവിധാനങ്ങളില്‍നിന്നും മാറി, ഹരിതവാതക ബഹിര്‍ഗമന സാദ്ധ്യതകളുള്ള ഊര്‍ജ്ജോല്പാദന മാര്‍ഗ്ഗങ്ങളിലൂടെ സഭയുടെ സാമൂഹ്യപ്രവര്‍ത്തന സംഘടനകള്‍ക്ക് പരിസ്ഥിതി യോഗ്യമായ പ്രകാശസംവിധാനങ്ങളും, വൈദ്യുതി ഉല്പാദന പ്രവര്‍ത്തനങ്ങളും കഴിഞ്ഞ 25 വര്‍ഷങ്ങളായി ജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ സാധിക്കുന്നുണ്ട്. 20 കത്തോലിക്കാ രൂപതകളിലായി 2800 ഇടകവകകളില്‍ ഹരിതവാതക സംവിധാനങ്ങള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നതിനാല്‍ പാരിസ്ഥിതിക സുസ്ഥിരത പൂര്‍ണ്ണമായും നിലനിര്‍ത്തുന്ന സംസ്കാരം എളുപ്പത്തില്‍ വളര്‍‍ത്തിയെടുക്കാന്‍ സാധിക്കുന്നു. ഇതിനായി പരിസ്ഥിതിക്ക് അനുയോജ്യമായ ഊര്‍ജ്ജോല്പാദന സംവിധാനങ്ങളും പ്രവര്‍ത്തകരും ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയ്ക്കു സ്വന്തമായി വികസിപ്പിച്ചെടുക്കാന്‍ സാധിച്ചതാണ് ഈ സംവിധാനത്തിന്‍റെ വിജയം. ഇതുവഴി വലിയ സ്ഥാപനങ്ങളില്‍നിന്നുപോലും കാര്‍ബണ്‍ ബഹിര്‍ഗമന സാധ്യതകള്‍ പൂര്‍ണ്ണമായും ഇല്ലാതായിരിക്കുകയാണ്.

ലാളിത്യമുള്ള ജീവിതവും അദ്ധ്വാനവും
പാരിസ്ഥിതിക സുസ്ഥിരതയുളള പൂന്തോട്ടങ്ങള്‍, പച്ചക്കറിത്തോട്ടങ്ങള്‍, പഴവര്‍ഗ്ഗത്തോട്ടങ്ങള്‍, തേനീച്ചവളര്‍ത്തല്‍ എന്നിവയും രൂപതകള്‍ പ്രോത്സാഹിപ്പിക്കുന്ന കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഉത്തേജനംപകരുന്ന പരിസ്ഥിതി യോഗ്യമായ പ്രവര്‍ത്തനങ്ങളാണ്. മാതൃകയാക്കാവുന്ന ഇങ്ങനെയുള്ള തോട്ടങ്ങളും കൃഷിയിടങ്ങളും പല രൂപതകളും സ്വന്തമായി വികസിപ്പിച്ചു കഴിഞ്ഞു. ലാളിത്യമുള്ള ജീവിതവും പരിശ്രമവുംവഴി ജീവിതചുറ്റുപാടുകളെ പരിസ്ഥിതി സുസ്ഥിരമായി സൂക്ഷിക്കുന്ന ഇടവകാംഗങ്ങള്‍ക്ക് അനുവര്‍ഷം നല്കുന്ന പ്രോത്സാഹന്ന സമ്മാനങ്ങളും ട്രോഫികളും ഈ മേഖലയെ പരിപോഷിപ്പിക്കുന്ന ഫലവത്തായ ഉപാധികളാണെന്ന് അനുഭവം പഠിപ്പിക്കുന്നതായി മെത്രാന്മാരുടെ പ്രസ്താവന വ്യക്തമാക്കി. ഉദാഹരണത്തിന്, ലാളിത്യമാര്‍ന്ന ജീവിതത്തിനുള്ള Livesimply Annual Award ജീവിതത്തില്‍ പാരിസ്ഥിതിക അനുരൂപണത്തിനുള്ള അംഗീകാരമാണ്.

സൃഷ്ടിയുടെ സംരക്ഷണത്തിനുളള ഒരു മാസക്കാലം
ഇതര സഭകള്‍ക്കൊപ്പം കത്തോലിക്കാ സഭയും ആനുഷ്ഠിക്കുന്ന പാരിസ്ഥിതിത സുസ്ഥിരതയുടെ മാസം (സെപ്തംബര്‍ 1-മുതല്‍ ഒക്ടോബര്‍ 4-വരെ) സമഗ്ര പരിസ്ഥിതിയുടെ അവബോധം വളര്‍ത്തുന്ന പരിപാടിയായി ഇംഗ്ലണ്ടിലെയും വെയില്‍സിലെയും രൂപതകള്‍ ആചരിക്കും. 1989-ല്‍ കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് തുടക്കമിട്ട പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രാര്‍ത്ഥനയുടെയും പരിശ്രമത്തിന്‍റെയും ഒരുമാസം 2015-ല്‍ പാപ്പാ ഫ്രാന്‍സിസ് ആഗോളസഭയിലും തുടക്കമിട്ടു. ഈ ഒരു മാസത്തെ പരിസ്ഥിതി സംവിധാനങ്ങള്‍ രൂപതകളും ഇടവകകളും സ്ഥാപനങ്ങളും സമൂഹങ്ങളും കാര്യഗൗരവത്തോടെ ഉള്‍ക്കൊണ്ടു പരിശ്രമിച്ചാല്‍ ഭാവിതലമുറയെ പരിസ്ഥിതി അവബോധമുള്ളതാക്കി വാര്‍ത്തെടുക്കാനാകും. അങ്ങനെ പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കാനും, വരും തലമുറയ്ക്ക് ആനന്ദത്തോടെ പാര്‍ക്കാവുന്ന ഇടമായി അതിനെ പരിരക്ഷിക്കാനും എല്ലാവര്‍ക്കും സാധിക്കും.