ഹോ ചി മിന്‍ സിറ്റി: പതിനേഴാം നൂറ്റാണ്ടിലെ പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ഔര്‍ ലേഡി ഓഫ് ലാവാങ് ദേവാലയത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം. വിയറ്റ്‌നാമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമായി ഏതാണ്ട് എണ്‍പതിനായിരത്തോളം വിശ്വാസികളാണ് മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 15ന് ദേവാലയം സന്ദര്‍ശിച്ചത്. വിയറ്റ്നാം ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള അടിച്ചമര്‍ത്തലിന്റേയും, മതപീഡനത്തിന്റേയും മൂക സാക്ഷിയാണ് ക്വാങ്ങ് ട്രി പ്രവിശ്യയിലെ ഹ്യൂ രൂപതയിലുള്ള ലാവാങ് ദേവാലയം. 221 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയം ഇന്ന്‍ ക്വാങ്ങ് ട്രിയിലെ ഏറ്റവും പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമാണ്.

1798-ല്‍ പരിശുദ്ധ ദൈവ മാതാവിന്റെ ആദ്യ പ്രത്യക്ഷീകരണത്തെ തുടന്ന്‍ നിര്‍മ്മിച്ച ലാവാങ് ദേവാലയം 1972-ലെ ആഭ്യന്തരയുദ്ധത്തില്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടിരിന്നു. പഴയ ദേവാലയത്തിലെ മണിനിലനില്‍ക്കുന്ന ഭാഗം മാത്രമാണ് ഇന്ന്‍ ശേഷിക്കുന്നത്. പീഡനങ്ങള്‍ക്കിടയിലും പതറാത്ത വിയറ്റ്നാമിലെ കത്തോലിക്കരുടെ ശക്തമായ വിശ്വാസത്തിന്റെ നേര്‍ സാക്ഷ്യമായി മണിമാളിക നിലകൊള്ളുന്നു.