കേരളത്തെയും തമിഴ്നാടിനെയും മാത്രമല്ല, ഭാരതത്തിലെ 9 സംസ്ഥാനങ്ങളെ സാരമായി ബാധിച്ച ഇക്കൊല്ലത്തെ പേമാരിയുടെ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ഇന്ത്യയിലെ എല്ലാ രൂപതകളും ഇടവകകളും സ്ഥാപനങ്ങളും കൈതുറന്നു സഹായിക്കണമെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും മുംബൈ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആഗസ്റ്റ് 20-ന് അയച്ച കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 370 പേരുടെ ജീവന്‍ അപഹരിക്കുകയും ആയിരങ്ങള്‍ ഭവനരഹിതരാക്കപ്പെടുകയും ചെയ്ത ഈ വര്‍ഷത്തെ കെടുതിയെ നേരിടാന്‍ ഭാരതത്തിലെ ഓരോ ഇടവകയും സ്ഥാപനങ്ങളും രൂപതകളോടു സഹകരിച്ചു പ്രവര്‍ത്തിക്കണം. വേദനിക്കുന്ന ജനസഞ്ചയത്തിന് നാം തന്നെ ക്രൈസ്തവ ഉപവിയുടെ അരൂപിയില്‍ സമാശ്വാസം കണ്ടെത്തണമെന്നും കത്തിലൂടെ കര്‍ദ്ദിനാല്‍ ഗ്രേഷ്യസ് ആഹ്വാനംചെയ്തു.
“കാരിത്താസി”ന്‍റെ സജീവ സാന്നിദ്ധ്യം
ആഗോള സഭയുടെ ഉപവിപ്രസ്ഥാനം “കാരിത്താസ്” (Caritas) സര്‍ക്കാരിനോടും മറ്റും സര്‍ക്കാരേതര ഏജന്‍സികളോടും സഹകരിച്ച് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളെ കെടുതിയില്‍ ആഴ്ത്തിയ പേമാരിയുടെ ദുരന്തത്തില്‍നിന്നും ഉയര്‍ത്തിയെടുക്കാന്‍ സജീവമായി രംഗത്തുണ്ടെന്ന് “കാര്‍ത്താസ്” ഇന്ത്യയുടെ (Caritas India) ഡയറക്ടര്‍, ഫാദര്‍ പോള്‍ മൂഞ്ഞേലി ആഗസ്റ്റ് 21- Ɔο തിയതി ബുധനാഴ്ച ഇറക്കിയ മറ്റൊരു പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യയില്‍ കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, ബീഹാര്‍, ആസ്സാം, മഹാരാഷ്ട്ര, ഒഡിഷ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് വര്‍ഷക്കാലത്തിന്‍റെ കെടുതിയില്‍പ്പെട്ട് ഈ വര്‍ഷം ഏറ്റവും അധികം വിഷമിച്ചതെന്നും ഫാദര്‍ മൂഞ്ഞേലി പ്രസ്താവനയില്‍ വ്യക്തമാക്കി. മരണമടഞ്ഞവര്‍ക്കു പുറമെ ഭവനരഹിതരായി അതാതു സംസ്ഥാനങ്ങളിലെ വ്യത്യസ്ഥ ക്യാമ്പുകളില്‍ കഴിയുന്നത് 40 ലക്ഷത്തില്‍ അധികം പേരാണെന്നും (40.7 million) ഫാദര്‍ മൂഞ്ഞേലി വ്യക്തമാക്കി.