സമാധാന വഴികളിലെ നേതൃനിര
സഹിഷ്ണുതയുടെയും സഹകരണത്തിന്‍റെയും ആദര്‍ശങ്ങള്‍ പരത്തുവാനും, ലോകസമാധാനം കൈവരിക്കാനും വേണ്ടിയാണ് 2019 ഫെബ്രുവരി 4-ന് പാപ്പാ ഫ്രാന്‍സിസും ഈജിപ്തിലെ വലിയ ഇമാമും ചേര്‍ന്ന് എമിറേറ്റ് ഭരണകര്‍ത്താക്കളുടെ സാന്നിദ്ധ്യത്തില്‍ വിശ്വസാഹോദര്യത്തിന്‍റെ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചത്. ഈ സമാധാന പ്രഖ്യാപനത്തിന്‍റെ യഥാര്‍ത്ഥമായ നടത്തിപ്പിലേയ്ക്കുള്ള നീക്കമാണ്, ദൈവത്തിലും മാനവികതയുടെ കൂട്ടായ്മയിലും വിശ്വസിക്കുന്നവര്‍ ഒത്തൊരുമിച്ചു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഒരു സമാധാന സംസ്കാരം ഭാവി തലമുറയ്ക്കായ് വളര്‍ത്തിയെടുക്കാമെന്നതാണ് ഈ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാന ലക്ഷ്യം. സകലമനുഷ്യര്‍ക്കും അനുഗ്രഹദായകമാകുന്ന പരസ്പര ആദരവിന്‍റെയും ദൈവകൃപയുടെയും അടയാളമായിരിക്കുന്ന വിശ്വസാഹോദര്യം.
പ്രവര്‍ത്തന ലക്ഷ്യങ്ങള്‍
യുഎഇ – എമിറൈറ്റ്സ് രാജ്യങ്ങളുടെ കിരീടാവകാശി, ഷെയിക്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ ദുബായിയില്‍ നടന്ന വിശ്വസാഹോദര്യപ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കുകയാണ്. പ്രാദേശികവും ദേശീയവും രാജ്യാന്തര തലത്തിലുള്ളതുമായ മേഖലകളില്‍ പങ്കുവച്ചും പഠിച്ചും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പാതയില്‍ സമാധാന സമൂഹങ്ങള്‍ കെട്ടിപ്പടുക്കുകയെന്നതാണ് അടിസ്ഥാന ലക്ഷ്യം. അതിനായി ഓരോ രാജ്യത്തുമുള്ള മതനേതാക്കളെയും രാജ്യാന്തര സംഘടനകളുടെ പ്രതിനിധികളെയും ദേശീയ നേതാക്കളെയും ഉള്‍ക്കൊള്ളിച്ച് പ്രായോഗിക തലത്തില്‍ കാര്യങ്ങള്‍ നടപ്പിലാക്കുകയെന്നതാണ് കമ്മിറ്റിയുടെ പ്രവര്‍ത്തന പദ്ധതിയെന്ന്, ആഗസ്റ്റ് 20-ന് പുറത്തുവന്ന വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.