ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മുസ്ലീം പ്രാസംഗികന്‍ വിശുദ്ധ കുരിശിനെ പരസ്യമായി നിന്ദിച്ചതിനെതിരെ കനത്ത പ്രതിഷേധം. സുമാത്ര ദ്വീപിലെ സിംപാങ് കെലയാങ് ഗ്രാമത്തില്‍വെച്ച് നടന്ന പരിപാടിക്കിടയില്‍ അബ്ദുള്‍ സൊമാദ് എന്ന ഇസ്ലാമിക പ്രഭാഷകന്‍ വിശുദ്ധ കുരിശിനെ “പിശാചിന്റേതായ ഘടകം” എന്ന് പറഞ്ഞാണ് അവഹേളിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് വീഡിയോയിലെ വിവാദ പരാമര്‍ശം പുറത്തുവന്നത്. എന്തുകൊണ്ടാണ് കുരിശ് കാണുമ്പോള്‍ വിറക്കുന്നതെന്ന ചോദ്യത്തിന് ‘സാത്താന്‍ കാരണം’ എന്നായിരുന്നു സൊമാദിന്റെ മറുപടി. ആളുകളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന നശിച്ച ജിന്ന്‍ ഓരോ കുരിശ് രൂപത്തിലുണ്ടെന്ന് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. വിവാദ പരാമര്‍ശത്തിനെതിരെ ക്രിസ്ത്യന്‍ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. വിശ്വാസപരമായ ചിഹ്നത്തെ അപമാനിച്ചതിന് ഉസ്താദ്‌ അബ്ദുല്‍ സൊമാദിനെതിരെ മതനിന്ദാക്കുറ്റം ആരോപിച്ച് കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് കിഴക്കന്‍ നുസാ ടെന്‍ഗാരയിലെ മിയോ ബ്രിഗേഡ് എന്ന ക്രിസ്ത്യന്‍ സംഘടനയുടെ അഭിഭാഷകനായ യാക്കോബ സിയൂബേലന്‍ പറഞ്ഞു.