കെയ്റോ: കൊടും ചൂടിനെ വകവെക്കാതെ തിരുകുടുംബം ഈജിപ്തില്‍ താമസിച്ചിരുന്ന സെന്റ്‌ മേരി ഗുഹാ ദേവാലയത്തിലേക്ക് ഇസ്ലാം മതസ്ഥരടക്കമുള്ള പതിനായിരകണക്കിന് വിശ്വാസികളുടെ പ്രവാഹം. അസ്യൂട്ടിന് സമീപമുള്ള വിര്‍ജിന്‍ മേരി ആശ്രമവും അതിനുള്ളിലെ ഗുഹാ ദേവാലയവും സന്ദര്‍ശിച്ചുകൊണ്ട് മരിയന്‍ ഭക്തിയും, തിരുകുടുംബത്തിന്റെ ഈജിപ്ത് സന്ദര്‍ശനത്തിന്റെ ഓര്‍മ്മയും പുതുക്കാന്‍ ആയിരങ്ങളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി എത്തിക്കൊണ്ടിരിക്കുന്നത്.യേശുവിന്റെ ജനനത്തിനു ശേഷം ഹേറോദേസിന്റെ കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെടുവാനായി ഈജിപ്തിലേക്ക് പലായനം ചെയ്ത തിരുകുടുംബം നസറേത്തിലേക്കുള്ള മടക്കയാത്രക്ക് മുന്‍പ് ഈജിപ്തില്‍ അവസാനമായി തങ്ങിയത് ദ്രോങ്കാ മലയിലെ ഒരു ഗുഹയിലാണെന്നാണ് പാരമ്പര്യം. ഈ ഗുഹയിലാണ് സെന്റ്‌ മേരി ആശ്രമത്തിലെ സെന്റ്‌ മേരി ദേവാലയം സ്ഥിതി ചെയ്യുന്നത്. എല്ലാവര്‍ഷവും ഓഗസ്റ്റ് മാസത്തില്‍ പതിനായിരകണക്കിന് വിശ്വാസികളാണ് ഈ ആശ്രമവും ചാപ്പലും സന്ദര്‍ശിക്കുവാനെത്തുന്നത്. ക്രൈസ്തവര്‍ക്ക് പുറമേ ഇസ്ലാം മതസ്ഥരും ഇവിടം പുണ്യസ്ഥലമായിട്ടാണ് കരുതുന്നത്. ഇരുമതങ്ങളില്‍ നിന്നുമായി വര്‍ഷംതോറും ലക്ഷകണക്കിന് തീര്‍ത്ഥാടകാരാണ് ഈ ആശ്രമം സന്ദര്‍ശിക്കുന്നത്.