ഡല്‍ഹി: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടത്തിയ വര്‍ഗീയമായ വിവാദ പരാമര്‍ശം മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്. വൈദ്യനാഥന്‍ സ്വമേധയാ പിന്‍വലിച്ചു. തന്റെ വിധി പ്രസ്താവനയിലെ വിവാദമായ 32ാം ഖണ്ഡിക മുഴുവനായും പിന്‍വലിക്കുകയാണെന്ന് ജസ്റ്റീസ് വൈദ്യനാഥന്‍ തന്നെയാണ് ഇന്നലെ കോടതിയില്‍ പരസ്യപ്രഖ്യാപനത്തിലൂടെ അറിയിച്ചത്. ഹൈക്കോടതിയിലെ അഭിഭാഷകര്‍ നല്കിയ ഹര്‍ജിയെത്തുടര്‍ന്നാണ് വിവാദ പരാമര്‍ശം അദ്ദേഹം പിന്‍വലിച്ചത്. മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ ഒരു പ്രഫസര്‍ക്കെതിരായ ലൈംഗിക ആരോപണത്തിന്മേല്‍ കോളജ് മാനേജ്‌മെന്റ് സ്വീകരിച്ച അച്ചടക്ക നടപടി വിധിയില്‍ ശരിവച്ചെങ്കിലും െ്രെകസ്തവ സ്ഥാപനങ്ങള്‍ക്കെതിരേ കേസുമായി ഒരു ബന്ധവുമില്ലാത്ത അനാവശ്യ പരാമര്‍ശങ്ങള്‍ ജഡ്ജി നടത്തിയതാണ് വലിയ വിവാദമായത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ക്രൈസ്തവരെ പൊതുവായി താറടിക്കുന്ന തരത്തില്‍ ജഡ്ജി നടത്തിയ പരാമര്‍ശം ഞെട്ടിക്കുന്നതും വേദനയുളവാക്കുന്നതും ആണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ തന്നെ പരസ്യ പ്രസ്താവനയിറക്കി.