വാർത്തകൾ

🗞🏵 *സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഒക്ടോബർ അവസാനത്തോടെ പൂർണ്ണമായും ഹൈടെക്ക് ആകുമെന്നും അതോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമാകുമെന്നും വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു.*

🗞🏵 *കർണാടകയിൽ പുതിയ 17 മന്ത്രിമാരെ ഉള്‍പ്പെടുത്തി യെഡിയൂരപ്പ മന്ത്രിസഭ വികസിപ്പിച്ചു.* രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആർ.അശോക, ജഗദീഷ് ഷെട്ടർ, സി.ടി. രവി, കെ.എസ്.ഈശ്വരപ്പ, ശ്രീരാമുലു തുടങ്ങി പ്രമുഖ നേതാക്കളെയെല്ലാം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി.

🗞🏵 *ഹിമാചൽ പ്രദേശിൽ പ്രളയത്തിൽ കുടുങ്ങിയ നടി മഞ്ജു വാരിയരും സംഘവും സുരക്ഷിതരെന്ന് ഹിമാചൽ പൊലീസ് കമ്മിഷണർ അറിയിച്ചു.* ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ. സമ്പത്തും ഇക്കാര്യം സ്ഥിരീകരിച്ചു. മഞ്ജുവിനെയും സംഘത്തെയും മണാലിയിൽ എത്തിക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. മഞ്ജുവിനെയും സംഘത്തെയും കോക്ചാർ ബേസ് ക്യാംപിൽ എത്തിക്കും. ഇതിനായി 22 കിലോമീറ്റർ നടക്കേണ്ടതുണ്ട്. 

🗞🏵 *അഫ്ഗാന്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്ന് മധ്യപ്രദേശിലെ എട്ടു ജില്ലകളിൽ അതീവജാഗ്രതാ നിർദേശം.* ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് ജാഗ്രതാ നിർദേശം. ഝാബുവ, അലിരാജ്പൂർ, ധാർ, ബാർവനി, റത്‌ലാം, മൻസോർ, നീമുഞ്ച്, അഗർമാൾവ എന്നീ ജില്ലകളിലാണ് അഫ്ഗാനിസ്ഥാൻ സ്വദേശികളായ നാലു തീവ്രവാദികൾക്കായി പരിശോധന ശക്തമാക്കിയത്.

🗞🏵 *പുല്‍വാമ ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ കരയുദ്ധം നടത്താന്‍ തയാറാണെന്നു സൈന്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്.* പാക്ക് മണ്ണില്‍ കടന്നു കയറി ആക്രമണം നടത്താന്‍ സജ്ജമാണെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സര്‍ക്കാര്‍ വൃത്തങ്ങളെ അറിയിച്ചിരുന്നു. പുല്‍വാമ ആക്രമണത്തിനുശേഷം പാക്കിസ്ഥാനെതിരെ ഏതു തരത്തില്‍ തിരിച്ചടിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് സൈനികമേധാവി യുദ്ധസന്നദ്ധത അറിയിച്ചതെന്ന് ഉയര്‍ന്ന സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

🗞🏵 *യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥിയെ കുത്തിയ കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്താന്‍ കൂട്ടുപിടിച്ചതു ബ്ലൂടൂത്ത് സാങ്കേതിക വിദ്യ.* ഇതുസംബന്ധിച്ചു ക്രൈംബ്രാഞ്ച് സംഘത്തിനു സൂചന ലഭിച്ചു. പിഎസ്‌സി പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കാറില്ല. ഫോണ്‍ പരീക്ഷാഹാളിനു പുറത്തുവയ്ക്കുന്നതിനു മുന്‍പ് ശിവരഞ്ജിത്തും നസീമും കയ്യില്‍കെട്ടിയ സ്മാര്‍ട്ട് വാച്ചിനെ ബ്ലൂടൂത്ത് വഴി ഫോണുമായി ബന്ധിപ്പിച്ചു. സുഹൃത്തുക്കള്‍ പുറത്തുനിന്ന് എസ്എംഎസായി ഫോണിലേക്ക് അയച്ച ഉത്തരങ്ങള്‍ ബ്ലൂടൂത്ത് വഴി വാച്ചിലെത്തിയിരിക്കാമെന്നാണു ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.

🗞🏵 *കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പ്രളയ ദുരന്തം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു.* ദുരന്തത്തിന്‍റെ വ്യാപ്തി നേരിട്ട് മനസിലാക്കി സഹായം നിശ്ചയിക്കാനുള്ള കേന്ദ്ര സംഘം ഉടന്‍ കേരളത്തിലെത്തുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

🗞🏵 *ജമ്മു കശ്മീർ ആഭ്യന്തര കാര്യമാണെന്ന ഇന്ത്യൻ നിലപാടിനു പിന്തുണ അറിയിച്ച് അമേരിക്ക.* കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പറാണ് ഇന്ത്യയുടെ നിലപാടിന് പിന്തുണ അറിയിച്ചത്.

🗞🏵 *354 കോടി രൂപയുടെ വായ്പത്തട്ടിപ്പുക്കേസിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവനും മോസെർബെയറിന്റെ മുൻ എക്സിക്യുട്ടീവ് ഡയറക്ടറുമായ രതുൽ പുരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.* സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലാണ് രതുൽ പുരി അറസ്റ്റിലായത്.

🗞🏵 *കശ്മീരിൽ സങ്കീർണമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.* സംഘർഷം ലഘൂകരിക്കാൻ ഇന്ത്യയും പാകിസ്താനും ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ-പാക് പ്രധാനമന്ത്രിമാരുമായി ടെലിഫോൺ സംഭാഷണം നടത്തിയതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

🗞🏵 *വടക്കേന്ത്യയിൽ രണ്ടു ദിവസത്തിനിടെ പെയ്ത കനത്ത മഴയെ തുടർന്നുള്ള അപകടങ്ങളിൽ അറുപതോളം പേർ മരിച്ചു.* പഞ്ചാബ്, ഉത്തരാഖണ്ഡ്,ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. ഇതേ തുടർന്ന് വിനോദ സഞ്ചാരികളക്കം നിരവധി ആളുകൾ വിവിധയിടങ്ങളിൽ കുടുങ്ങി കിടക്കുകയാണ്.

🗞🏵 *പോലീസ് വാഹനം തടഞ്ഞുനിർത്തി പോലീസുകാരനോട് സീറ്റ് ബെൽറ്റിടാൻ ആവശ്യപ്പെട്ട യുവാവിനെതിരേ പരാതി.* പോലീസ് വാഹനം തടഞ്ഞെന്നും ഗതാഗത തടസം ഉണ്ടാക്കിയെന്നും കാണിച്ച് കൊല്ലം സ്വദേശി അനീഷാണ് പരാതി നൽകിയത്. ഈ പരാതിയിൽ കേസടുക്കാനും സാധ്യതയുണ്ട്.

🗞🏵 *എല്ലാ കമ്പനികൾക്കുമുള്ള കോർപ്പറേറ്റ് ടാക്സ് 30 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കിയേക്കും.* ലോകത്തിൽതന്നെ ഏറ്റവും കൂടുതൽ കോർപ്പറേറ്റ് ടാക്സ് ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ.

🗞🏵 *വ്യവസായിയോട് രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസിയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി.* തീവ്രവാദപ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ പേര് ഉൾപ്പെടുത്താതിരിക്കാനാണ് ഇവർ വ്യവസായിയോട് രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായി പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

🗞🏵 *തനിക്ക് കഴിക്കാനായി ഭാര്യ ലഡ്ഡു മാത്രം നൽകുന്നതിനാൽ വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു.* ഒരു സിദ്ധന്റെ ഉപദേശപ്രകാരമാണ് ഭാര്യ തനിക്ക് ലഡ്ഡു മാത്രം നൽകുന്നതെന്ന പരാതിയുമായി ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയാണ് സഹായം തേടി കുടുംബ കോടതിയിലെത്തിയത്.

🗞🏵 *സാമൂഹിക മാധ്യമങ്ങളെ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് തമിഴ്നാട് സർക്കാർ നിലപാടെടുത്തതിന് പിന്നാലെ കേസിൽ സുപ്രീംകോടതി വാദം കേൾക്കാൻ തീരുമാനിച്ചു.*

🗞🏵 *ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ വൈകിയെന്ന വിവാദങ്ങളിൽ കഴമ്പില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി.* തങ്ങൾക്ക് ഈ പണം കൊണ്ട് അരി വാങ്ങേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ശമ്പളത്തുക മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

🗞🏵 *നാൽപത്തി നാല് വർഷം പഴക്കമുള്ള മിഗ്-21 യുദ്ധവിമാനമാണ് വ്യോമസേന ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ.* ഇത്രയും പഴക്കമുള്ള കാർ പോലും ഒരാളും ഓടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേനയുടെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🗞🏵 *പ്രശ്സത മേക്കപ്പ് ആർട്ടിസ്റ്റ് ബിനീഷ് ഭാസ്ക്കർ അന്തരിച്ചു.* 45 വയസ്സായിരുന്നു. ചൊവ്വാഴ്ച കാലത്ത് 4.30 ന് എറണാകുളം ലിസി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി അസുഖബാധിതനായിരുന്നു.

🗞🏵 *നിയന്ത്രണ രേഖയിൽ പാക് പട്ടാളത്തിന്റെ വെടിവെപ്പിൽ ഒരു ജവാന് വീരമൃത്യു.* ബിഹാർ സ്വദേശിയായ നായിക് രവി രഞ്ജൻ കുമാർ സിങ് ആണ് മരിച്ചത്. മറ്റു നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

🗞🏵 *യുണൈറ്റ്ഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ഹൈക്കോടതി.* ക്രൈംവിഭാഗം എ.ഡി.ജി.പിക്കാണ് നിർദേശം നൽകിയത്.

🗞🏵 *ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തളളിയതിനു പിന്നാലെ സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തി.* എന്നാൽ ചിദംബരം വീട്ടിലില്ലാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർ തിരികെ പോയി.

🗞🏵 *അസഹിഷ്ണുത വർധിക്കുന്ന ഈ കാലത്ത് രാജീവ് ഗാന്ധി കാണിച്ച വഴിയിലൂടെ നാം നമ്മുടെ യാത്ര തടരണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്.* മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുടെ 75ാം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണകൾ പുതുക്കയാണ് രാജ്യം.
🗞🏵 *മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു.* ഒത്തുകളി ആരോപണത്തിൽ ബി.സി.സി.ഐ ഏർപ്പെടുത്തിയ വിലക്ക് ഏഴു വർഷമായി കുറച്ചു. ഇതുസംബന്ധിച്ച് ബി.സി.സി.ഐ ഓംബുഡ്സ്മാൻ ഡി.കെ ജെയ്ൻ ഉത്തരവിറക്കി. ഇതോടെ അടുത്ത വർഷം ഓഗസ്റ്റിൽ ശ്രീശാന്തിന്റെ വിലക്ക് ഇല്ലാതാകും. മുപ്പത്തിയാറുകാരനായ ശ്രീശാന്ത് കളത്തിലിറങ്ങിയിട്ട് ആറു വർഷമായി.

🗞🏵 *മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപയും രണ്ടുവളകളും നൽകി മുൻ എം.പിയും സി.പി.എം. നേതാവുമായ പി.കെ. ശ്രീമതി.* ഫെയ്സ്ബുക്ക് പേജിലൂടെയാണ് അവർ ഈ വിവരം പങ്കുവെച്ചത്. ഒപ്പം പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് ഗോൾഡ് ചലഞ്ച് എന്ന ആശയവും പി.കെ. ശ്രീമതി മുന്നോട്ടുവെച്ചിട്ടുണ്ട്.

🗞🏵 *കോൺഗ്രസിന്റെ തട്ടകമായ റായ്ബറേലിയിലെ ജനകീയനായ മുൻ എംഎൽഎ അഖിലേഷ് സിങ്(59) അന്തരിച്ചു.* ലഖ്നൗവിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. അർബുധ ബാധിതനായി ചികിത്സയിലായിരുന്നു.

🗞🏵 *ന്യൂനപക്ഷങ്ങളുടെ പത്തോളം ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രമേയം പാക്കിസ്ഥാനിലെ അഭിഭാഷകർ പ്രധാനമന്ത്രി ഇമ്രാൻഖാന് കൈമാറി* . ക്രൈസ്തവ, ഹിന്ദു, സിക്ക് മതങ്ങളുടെയും മറ്റ് ന്യൂനപക്ഷ മതങ്ങളുടെയും നേതാക്കൾ പ്രമേയത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ന്യൂനപക്ഷ ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ദേവാലയങ്ങള്‍ സർക്കാർ കൈയടക്കുന്നത് അവസാനിപ്പിക്കണമെന്നും ഐക്യകണ്ഠേന എഴുതിയ പ്രമേയത്തിൽ പറയുന്നു. ന്യൂനപക്ഷങ്ങൾക്കു വേണ്ടി ഒരു ഫെഡറൽ മന്ത്രാലയം രൂപീകരിക്കണം എന്നതാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.

🗞🏵 *പിതാവിന്‍റെ സ്നേഹാഗ്നി ഭൂമിയിലേക്കു കൊണ്ടുവരികയാണ് യേശുവിന്‍റെ അഭിലാഷമെന്നും ഈ അഗ്നി ലോകത്തില്‍ പടര്‍ത്താന്‍ യേശു നമ്മെ വിളിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ.* ഇക്കഴിഞ്ഞ ഞായറാഴ്ച നടത്തിയ ത്രികാലപ്രാര്‍ത്ഥനാ സന്ദേശത്തിലാണ് പാപ്പയുടെ പരാമര്‍ശം.

🗞🏵 *ഈ വർഷം ഫെബ്രുവരിയിൽ പാകിസ്ഥാൻ പ്രദേശത്ത് വ്യോമസേന ജെറ്റ് തകർന്നപ്പോൾ കമാൻഡർ അഭിനന്ദൻ വർത്തമാനെ പിടികൂടിയതിന് പിന്നിൽ പ്രവർത്തിച്ചിരുന്ന പാകിസ്ഥാൻ കമാൻഡോ നിയന്ത്രണ രേഖയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.* ഇയാൾ അഭിനന്ദിനെനെ പീഡിപ്പിച്ചതായി വീഡിയോയിൽ കാണാമായിരുന്നു . പാകിസ്ഥാൻ ആർമിയുടെ സ്‌പെഷ്യൽ സർവീസ് ഗ്രൂപ്പിലെ സുബേദാറായ അഹമ്മദ് ഖാൻ ഓഗസ്റ്റ് 17 ന് ഇന്ത്യയിലേക്ക് കൂടുതൽ നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖയിലെ നക്യാൽ സെക്ടറിൽ വെച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.

🔰💠🔰💠🔰💠🔰💠🔰💠🔰

*ഇന്നത്തെ വചനം*

യേശു അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്‍െറ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു.
ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, യേശുവിന്‌ അവരുടെമേല്‍ അനുകമ്പതോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്‌സ ഹായരുമായിരുന്നു.
അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം.
അതിനാല്‍, തന്‍െറ വിളഭൂമിയിലേക്കു വേലക്കാരെ അയയ്‌ക്കാന്‍ വിളവിന്‍െറ നാഥനോടു പ്രാര്‍ഥിക്കുവിന്‍.
മത്തായി 9 : 35-38
🔰💠🔰💠🔰💠🔰💠🔰💠🔰

*വചന വിചിന്തനം*
ഈശോയ്ക്ക് ജനത്തോട് കരുണ തോന്നിയെന്നാണ് വചനം (9:36) പറയുന്നത്. യഥാര്‍ത്ഥത്തില്‍ അവന്റെ എല്ലാ ചെയ്തികളുടെയും പിന്നില്‍ ഈ കരുണയാണുള്ളത്. എല്ലാ ബലിയെക്കാളും പ്രധാനപ്പെട്ടത് കരുണയാണെന്നും അവന്‍ പഠിപ്പിക്കുന്നുണ്ട് (9:13).

നമ്മോടും ഈശോ ആവശ്യപ്പെടുന്നത് ഇതു തന്നെയാണ്. വാക്കിലും പ്രവൃത്തിയിലും മറ്റുള്ളവരോട് കരുണ കാണിക്കുക. ഫ്രാന്‍സിസ് പാപ്പാ ഇപ്പോഴും പറയുന്നതും ഇതാണ് – കരുണ കാണിക്കുക. അവനവനോട് തന്നെ കരുണ കാണിക്കാന്‍ പറ്റുന്നുണ്ടോ..? സഹജരോട് കരുണ കാണിക്കാന്‍ പറ്റുന്നുണ്ടോ..? സാഹചര്യങ്ങളോട് കരുണ കാണിക്കാന്‍ പറ്റുന്നുണ്ടോ..?
🔰💠🔰💠🔰💠🔰💠🔰💠🔰
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*