കഴിഞ്ഞ ജൂലൈ മാസം ഉദ്ഘാടനം നടത്തിയ ഈ കപ്പൽ ആശുപത്രി ബെലേം രൂപതയിൽ എത്തിച്ചേർന്ന് പ്രവർത്തനം ആരംഭിക്കുന്ന ചടങ്ങാണിത്. ഒബിഡോസിലെ മെത്രാനും റിയോ ആശുപത്രിയിലെ ഫ്രാൻസിസ്കൻ സന്യാസികളോടൊത്ത് ഈ സംരംഭത്തിന് മുൻകൈ എടുത്ത മോൺ. ബാൽമാൻ തന്‍റെ രൂപതയിൽ നടക്കുന്ന ദുഃഖാചരണം കാരണം ഈ ചടങ്ങിൽ പങ്കെടുത്തില്ല. ഇതുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ എഴുതിയ കത്തിൽ ദൈവവചനം സംവഹിച്ച്, ആവശ്യക്കാർക്ക്, പ്രത്യേകിച്ച് ആമസോൺ നദിയുടെ 1000 കി.മീ. തീരങ്ങളിൽ കഴിയുന്ന പരമ്പരാഗത ഗോത്രക്കാരായവർക്ക് ഏറ്റവും നല്ല ആരോഗ്യ പരിരക്ഷണ സൗകര്യങ്ങൾ നൽകാൻ ഉതകുന്ന പോപ്പ് ഫ്രാൻസിസ് ഹോസ്പിറ്റൽ ബോട്ടിന്‍റെ ഉദ്ഘാടനത്തിൽ തനിക്കുള്ള സന്തോഷം രേഖപ്പെടുത്തി.
റോമിൽ അടുത്ത ഒക്ടോബർ മാസം നടക്കാൻ പോകുന്ന ആമസോണിനു വേണ്ടിയുള്ള ബിഷപ്പുമാരുടെ സിനഡിന്‍റെ ഒരു പ്രായോഗിക പ്രവർത്തനമായ ഈ കപ്പലാശുപത്രി സവിശേഷ പ്രഘോഷണത്തിനും രോഗികളെ സൗഖ്യമാക്കാനും തന്‍റെ ശിഷ്യരെ തുടർന്നും അയച്ചു കൊണ്ടിരിക്കുന്ന കർത്താവിന്‍റെ കല്പനയ്ക്കുള്ള (ലൂക്കാ9, 2) പ്രത്യുത്തരം കൂടിയാണുതെന്നും പരിശുദ്ധ പിതാവ് ഓർമ്മിച്ചു. സത്യത്തിൽ, യേശു സമൃദ്ധമായാണ് ജീവൻ നല്‍കുന്നതെന്നും (യോഹ.10: 10) പ്രത്യേകിച്ച് ജൈവവൈവിധ്യവും സംസ്കാരങ്ങളും നിറഞ്ഞ ആമസോണിൽ, ഈ ജീവൻ ഉയർത്തിപ്പിടിക്കാൻ ആമസോണിയായിലെ ഗോത്രവർഗ്ഗക്കാർ പറയും പോലെ തന്നോടു തന്നെയും, പ്രകൃതിയോടും, മറ്റു മനുഷ്യരോടും ദൈവത്തോടും സമരസപ്പെട്ടുള്ള നല്ല ജീവിതത്തെ പ്രോൽസാഹിപ്പിക്കലായിരിക്കും ഈ ആശുപത്രി കപ്പലിന്‍റെ പ്രഥമ പ്രേഷിത ഭൗത്യമെന്നും പാപ്പാ അറിയിച്ചു. ഈ അർത്ഥത്തിൽ സഭ ഒരു സഞ്ചരിക്കുന്ന ആശുപത്രിയായി സകലരേയും ഒരു തരം തിരിവും ഉപാധികളുമില്ലാതെ സ്വാഗതം ചെയ്യുന്ന “ജലത്തിനു മീതെ”യുള്ള ഒരു ആതുരാലയമാണ്. യേശു ജലത്തിനു മീതെ നടന്ന് കൊടുങ്കാറ്റിനെ ശാന്തമാക്കുകയും ശിഷ്യരുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്തത് പോലെ ഈ കപ്പൽ ആത്മീയ ആശ്വാസം പകരുന്നതാട്ടെ എന്ന് ആശംസിച്ചു.
കത്തിൽ, ക്രിസ്തീയ ഐക്യത്തിന്‍റെയും, വിശ്വാസത്തിന്‍റെയും മനോഹര അടയാളമായ ഈ സംരംഭത്തിന് ഒബിഡോസിലെ മെത്രാനായ ബെർണാർഡോ ബാൽമാനും ദിവ്യ പരിപാലനയുടെ ഫ്രാൻസിസ്കൻ സന്യാസികൾക്കും നന്ദി പറഞ്ഞ പാപ്പാ ഈ കപ്പൽ ആശുപത്രിയിൽ സേവനം ചെയ്യുന്ന ഡോക്ടർമാരേയും, നഴ്സുമാരേയും, ഉപകാരികളേയും സഹായികളേയും നസ്രത്തിലെ കന്യകയുടെ തൃപ്പാദത്തിൽ സമർപ്പിക്കുകയും ഹൃദയംഗമമായ അപ്പോസ്തോലീകാശീർവ്വാദം നല്‍കി കൊണ്ട് തനിക്കു വേണ്ടിയും ആമസോണിന് വേണ്ടിയുള്ള സിനഡിൽ നല്ല ഫലങ്ങൾ ഉണ്ടാകുന്നതിനുവേണ്ടിയും പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു കൊണ്ടാണ് പാപ്പാ തന്‍റെ കത്ത് ഉപസംഹരിച്ചത്.