പിതാവിന്‍റെ സ്നേഹാഗ്നി ഭൂമിയിലേക്കു കൊണ്ടുവരികയാണ് യേശുവിന്‍റെ അഭിലാഷം. ജീവിതത്തെ ജ്വലിപ്പിക്കുന്ന ഈ സ്നേഹം വഴിയാണ് മനുഷ്യന്‍ രക്ഷിക്കപ്പെടുന്നത്. ഈ അഗ്നി ലോകത്തില്‍ പടര്‍ത്താന്‍ യേശു നമ്മെ വിളിക്കുന്നു- ഫ്രാന്‍സീസ് പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം
പാപ്പായുടെ ത്രികാലജപ സന്ദേശം:
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,
തീരുമാനത്തിനുള്ള സമയം
അവസാന തീര്‍പ്പിന് സമയമായി എന്ന് യേശു ശിഷ്യരെ അറിയിക്കുകയാണ് ഇന്നത്തെ സുവിശേഷത്താളില്‍. ലോകത്തിലേക്കുളള അവിടത്തെ ആഗമനം നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സമയവുമായി ഏകീഭവിക്കുന്നു. സുവിശേഷത്തെ പ്രതിയുള്ള തീരുമാനങ്ങള്‍ നീട്ടി വയ്ക്കാനാവില്ല. താന്‍ പറഞ്ഞവ നമുക്കു മനസ്സിലാക്കിത്തരുന്നതിന്, അവിടന്ന്, താന്‍ തന്നെ ഈ ഭൂമിയിലേക്കു കൊണ്ടുവന്ന അഗ്നിയുടെ സാദൃശ്യം ഉപയോഗിക്കുന്നു. അവിടന്ന് ഇപ്രകാരം പറയുന്നു: ”ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്. അത് ഇതിനകം കത്തിജ്ജ്വലിച്ചിരുന്നെങ്കില്‍” (ലൂക്കാ:12,49). അലസതയുടെയും, നിര്‍വ്വികാരതയുടെയും, നസ്സംഗതയുടെയും, ദൈവത്തിന്‍റെ സ്നേഹാഗ്നിയെ ഉള്‍ക്കൊള്ളാത്തവിധം സ്വയം അടച്ചിടലിന്‍റെയുമായ എല്ലാ മനോഭാവങ്ങളും വെടിയാന്‍ ശിഷ്യരെ സഹായിക്കുകയാണ് ഈ വാക്കുകളുടെ ലക്ഷ്യം. വിശുദ്ധ പൗലോസപ്പസ്തോലന്‍ ഈ ദൈവിക സ്നേഹത്തക്കുറിച്ചു ഇങ്ങനെ ഓര്‍മ്മിപ്പിക്കുന്നു: “പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്‍റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു” (റോമാ:5,5). എന്തെന്നാല്‍ പരിശുദ്ധാത്മാവാണ് ദൈവത്തെയും നമ്മുടെ അയല്‍ക്കാരെയും സ്നേഹിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത്; ഈ ആത്മാവാണ് നമ്മില്‍ എല്ലാവരിലും കുടികൊള്ളുന്നത്.
യേശു കൊളുത്തിയ സാര്‍വ്വത്രികാഗ്നി
തന്‍റെ തീവ്രാഭിലാഷം യേശു സ്വന്തം സ്നേഹിതര്‍ക്കും നമുക്കും വെളിപ്പെടുത്തുന്നു. പിതാവിന്‍റെ സ്നേഹാഗ്നി ഭൂമിയിലേക്കു കൊണ്ടുവരികയാണ് അവിടത്തെ ഈ അഭിലാഷം. ജീവിതത്തെ ജ്വലിപ്പിക്കുന്ന ഈ സ്നേഹം വഴിയാണ് മനുഷ്യന്‍ രക്ഷിക്കപ്പെടുന്നത്. ഈ അഗ്നി ലോകത്തില്‍ പടര്‍ത്താന്‍ യേശു നമ്മെ വിളിക്കുന്നു. ഈ പ്രവര്‍ത്തി വഴി നാം അവിടത്തെ യഥാര്‍ത്ഥ ശിഷ്യരായി അംഗീകരിക്കപ്പെടും. ക്രിസ്തു പരിശുദ്ധാത്മാവു വഴി ലോകത്തില്‍ കൊളുത്തിയ ഈ സ്നേഹാഗ്നി സീമാതീതമായ ഒരു തീയാണ്, അത് സാര്‍വ്വത്രികാഗ്നിയാണ്. ക്രൈസ്തവികതയുടെ ആരംഭം മുതല്‍ ആവിഷ്കൃതമാണിത്. വ്യക്തികള്‍ തമ്മിലും സാമൂഹ്യവിഭാഗങ്ങള്‍ക്കിടയിലും ജനതകള്‍ക്കു മദ്ധ്യേയും രാഷ്ട്രങ്ങള്‍ക്കിടയിലുമുള്ള സകല ഭിന്നിപ്പുകളെയും തരണം ചെയ്തുകൊണ്ട് ഗുണപ്രദ അഗ്നിയായി സുവിശേഷസാക്ഷ്യം പടര്‍ന്നു. ഈ സുവിശേഷസാക്ഷ്യം ദഹിപ്പിക്കുന്നതാണ്. വ്യതിരിക്തതയുടെ സകലഭാവങ്ങളെയും അത് കത്തിച്ചുകളയുകയും പാവപ്പെട്ടവര്‍ക്കും പരിത്യക്തര്‍ക്കും പ്രത്യേക പരിഗണന നല്കിക്കൊണ്ട് ഉപവിയെ സകലര്‍ക്കുമായി തുറന്നിടുകയും ചെയ്യുന്നു.
ദൈവാരാധനയും പരസേവനവും
യേശു ഭൂമിയിലേക്കു കൊണ്ടുവന്ന സ്നേഹാഗ്നിയെ ആശ്ലേഷിക്കുകയെന്നത് നമ്മുടെ അസ്തിത്വം മുഴുവനെയും വലയം ചെയ്യുകയും ദൈവത്തെ ആരാധിക്കാനും അയല്‍ക്കാരനെ സേവിക്കാന്‍ സന്നദ്ധരായിരിക്കാനും ആവശ്യപ്പെടുകയും ചെയ്യുന്നു. ദൈവത്തിനുള്ള ആരാധനയും പരസേവനസന്നദ്ധതയും. ആദ്യത്തേത്, അതായത് ദൈവത്തെ ആരാധിക്കുയെന്നാല്‍ അര്‍ത്ഥമാക്കുന്നത് ആരാധനയ്ക്കുള്ള പ്രാര്‍ത്ഥന പഠിക്കുകയെന്നതുമാണ്. ഇതു നാം പലപ്പോഴും മറന്നുപോകുന്നു. അതുകൊണ്ട് ആരാധനോന്മുഖമായ പ്രാര്‍ത്ഥനയുടെ മനോഹാരിത വീണ്ടും കണ്ടെത്താനും കൂടെക്കൂടെ ഉപയോഗിക്കാനും ഞാന്‍ നിങ്ങളെ ഏവരെയും ക്ഷണിക്കുകയാണ്. രണ്ടാമത്തേത്, പരസേവന സന്നദ്ധതയാണ്. രോഗികളെയും ദരിദ്രരേയും അംഗവൈകല്യമുള്ളവരേയും സേവിക്കുന്നതിന് വേനല്‍ക്കാലാവധിയുടെ വേളയിലും പരിശ്രമിക്കുന്ന നിരവധിയായ സംഘടനകളെയും യുവസമൂഹങ്ങളെയും ഞാന്‍ ആദരവോടെ അനുസ്മരിക്കുന്നു. ലോകത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന നൂതനങ്ങളായ ആവശ്യങ്ങള്‍ക്കുമുന്നില്‍ സുവിശേഷാരൂപിക്കനുസൃതം ജീവിക്കുന്നതിന്, ഉപവിയുടെ പുതുപുത്തന്‍ സംരംഭങ്ങള്‍കൊണ്ട് പ്രത്യുത്തരിക്കാന്‍ കഴിവുറ്റ ക്രിസ്തുശിഷ്യര്‍ ഉണ്ടാകേണ്ടത് ആവശ്യമാണ്. ഇപ്രകാരം, അതായത്, ദൈവത്തെ ആരാധിക്കുകയും അയല്‍ക്കാരനെ സേവിക്കുകയും ചെയ്യുമ്പോള്‍, സുവിശേഷം, തീര്‍ച്ചയായും, രക്ഷ പ്രദാനം ചെയ്യുകയും ഓരോ വ്യക്തിയുടെയും ഹൃദയത്തെ നവീകരിക്കുകയും ലോകത്തെ പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്ന അഗ്നിയായി ആവിഷ്കൃതമാകും.
വൈരുധ്യങ്ങള്‍
ഈ വീക്ഷണത്തിലാണ്, ആദ്യ വീക്ഷണത്തില്‍ നമ്മെ അസ്വസ്ഥമാക്കുന്നതായ, യേശുവിന്‍റെ ഇതര പ്രസ്താവന, നമുക്ക് മനസ്സിലാക്കാന്‍ കഴിയുക. യേശു പറയുന്നു: ”ഭൂമിയില്‍ സമാധാനം നല്കാനാണ് ഞാന്‍ വന്നിരിക്കുന്നതെന്ന് നിങ്ങള്‍ കരുതുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” (ലൂക്കാ:12,51). അഗ്നികൊണ്ട് വേര്‍തിരിക്കാനാണ് അവിടന്ന് ആഗതനായത്. എന്ത് വേര്‍തിരിക്കാന്‍? നന്മയെ തിന്മയില്‍ നിന്ന് വേര്‍തിരിക്കാന്‍, നീതിമാനെ നീതിരഹിതനില്‍ നിന്ന് വേര്‍പെടുത്താന്‍. ഈ അര്‍ത്ഥത്തില്‍, സ്വശിഷ്യരുടെ ജീവിതത്തെ വേര്‍തിരിക്കാനും, ഭാവാത്മകമായ അര്‍ത്ഥത്തില്‍, പ്രതിസന്ധിയിലാഴ്ത്താനുമാണ് യേശു വന്നത്. ക്രിസ്തീയ ജീവിതവും ലൗകികജീവിതവും, ക്രിസ്തീയ ജീവിതവും സകലവിധത്തിലുള്ള സന്ധിചെയ്യലുകളും, മതാനുഷ്ഠാനങ്ങളും അയല്‍ക്കാരനെതിരായ മനോഭാവങ്ങളും സമന്വയിപ്പിച്ചുകൊണ്ടുപോകാമെന്നു കരുതുന്നവരുടെ നിര്‍ല്ലോഭമായ വ്യാമോഹങ്ങളെ തകര്‍ത്തുകൊണ്ട് അവിടന്ന് ഇതു ചെയ്യുന്നു. യഥാര്‍ത്ഥ മതാത്മകതയെ അന്ധവിശ്വാസവുമായി കുട്ടിക്കുഴയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. കൈനോട്ടക്കാരുടെ പക്കല്‍ ഭാവിപ്രവചനം കേള്‍ക്കാന്‍ പോകുന്ന എത്രയോ ക്രൈസ്തവരുണ്ട്! ഇവിടെ ദൈവമല്ല, അന്ധവിശ്വാസമാണുള്ളത്. കപടജീവിതം നയിക്കാതെ സുവിശേഷത്തിന്‍റെ തിരഞ്ഞടുപ്പുകള്‍ക്കനുസൃതമായ ജീവിതം നയിക്കുന്നതിന് വിലകൊടുക്കാന്‍ സന്നദ്ധരായിരിക്കുയാണ് വേണ്ടത്. ഈ മനോഭാവമാണ് ജീവിതത്തില്‍ നാം ഓരോരുത്തരും അന്വേഷിക്കേണ്ടത്. സുവിശേഷാനുസൃതം ജീവിക്കുക. ക്രൈസ്തവരെന്നു പറയപ്പെടുന്നത് നല്ലതു തന്നെ, എന്നാല്‍, സര്‍വ്വോപരി, ആവശ്യമായിരിക്കുന്നത് സമൂര്‍ത്തമായ അവസ്ഥകളില്‍ ക്രൈസ്തവരായിരിക്കുകയാണ്. ദൈവത്തോടും സഹോദരങ്ങളോടുമുള്ള സ്നേഹം കാതലായിരിക്കുന്ന സുവിശേഷത്തിന് സാക്ഷ്യമേകിക്കൊണ്ടാണ് ഇതു ചെയ്യേണ്ടത്.
ഹൃദയം പവിത്രീകരിക്കുക
യേശു കൊണ്ടുവന്ന അഗ്നിയാല്‍ ഹൃദയത്തെ ശോധന ചെയ്യാനും നിര്‍ണ്ണായകവും സുധീരവുമായ തീരുമാനങ്ങളാല്‍ നമ്മുടെ ജീവിതംകൊണ്ട് ആ അഗ്നിയെ പടര്‍ത്താനും ഏറ്റം പരിശുദ്ധയായ കന്യകാമറിയം നമ്മെ സഹായിക്കട്ടെ.
ഈ വാക്കുകളില്‍ തന്‍റെ സന്ദേശം ഉപസംഹരിച്ച പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ മാലാഖ എന്ന പ്രാര്‍ത്ഥന നയിക്കുകയും ആശീര്‍വാദം നല്കുകയും ചെയ്തു.
ആശീര്‍വ്വാദാനന്തരം പാപ്പാ, റോമാക്കാരും വിവിധ രാജ്യാക്കാരുമടങ്ങുന്ന വിശ്വാസികളെയും തീര്‍ത്ഥാടകരെയും അഭിവാദ്യം ചെയ്തു.
തദ്ദനന്തരം എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ച പാപ്പാ, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിച്ചു. അതിനുശേഷം, എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാം, “അരിവെദേര്‍ച്ചി” (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറയുകയും ചെയ്തുകൊണ്ട് പാപ്പാ സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി