റാമ്സ്ഗേറ്റ്: വിശുദ്ധ അഗസ്തീനോസിനാൽ കത്തോലിക്കാ വിശ്വാസത്തിലേക്കു വന്ന ബ്രിട്ടൺ എന്ന രാജ്യം ഇന്ന് കടുത്ത സെക്കുലറിസത്തിന്റെ പിടിയിലാണ്. യുവജനങ്ങൾക്ക് മതപരമായ കാര്യങ്ങളിൽ താൽപര്യമില്ല, വൃദ്ധരായവർ മാത്രമേ ദേവാലയങ്ങളിൽ വരുന്നുള്ളൂ എന്ന വാർത്ത പല കോണുകളിൽനിന്നും നമ്മൾ കേൾക്കാറുണ്ട്. എന്നാൽ ശക്തരായ സുവിശേഷ പ്രഘോഷകരെ അതും യുവജനങ്ങളെ, രാജ്യത്തെ പുന സുവിശേഷവത്കരിക്കാൻ സഭ ഒരുക്കുകയാണ് എന്നതിന്റെ ഏറ്റവും വലിയ നേർസാക്ഷ്യമായിരുന്നു ആഗസ്റ്റ് പതിനൊന്നാം തീയതി ബ്രിട്ടീഷ് നഗരമായ റാമ്സ്ഗേറ്റിൽ കണ്ടത്.

പതിവില്ലാത്ത ശബ്ദം തെരുവിൽ നിന്നും കേട്ട് അവിടേക്ക് എത്തിയ ആളുകൾ കാണുന്നത് ദിവ്യകാരുണ്യം ഉയർത്തി പിടിച്ചിരിക്കുന്ന വൈദികനെയും, തെരുവിൽ മുട്ടുകുത്തി നിൽക്കുന്ന നിരവധി യുവജനങ്ങളെയുമാണ്. ഗാനങ്ങൾ ആലപിച്ചും, ഭാഷാവരത്തിൽ ദിവ്യകാരുണ്യ നാഥനെ സ്തുതിച്ചും അവിടെയെത്തിയവർക്ക് അവർ വലിയൊരു വിശ്വാസ സാക്ഷ്യം നൽകി. വഴിയിലൂടെ നടന്നു പോയ പലരും യുവ ജനങ്ങളോടൊപ്പം ആരാധനയിൽ പങ്കെടുത്തു എന്നതാണ് ഏറ്റവും പ്രധാനമായി എടുത്തു പറയേണ്ട കാര്യം.

യുവജനങ്ങളെ നവസുവിശേഷവത്കരണത്തിന് പ്രാപ്തരാക്കാൻ റാമ്സ്ഗേറ്റിലെ ഡിവൈൻ റിട്രീറ്റ് സെന്റർ രൂപംകൊടുത്ത (ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂ ഇവാഞ്ചലൈസേഷൻ) പ്രോഗ്രാമിന്റെ ഭാഗമായാണ് തെരുവിൽ ദിവ്യകാരുണ്യ ആരാധന നടന്നത്. ഫാദർ ജോസഫ് എടാട്ട് വി.സി ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നൽകി. ഇത്തവണത്തെ സുവിശേഷവത്കരണ ട്രെയിനിങ്ങിൽ പങ്കെടുക്കാൻ 12 രാജ്യങ്ങളിൽ നിന്ന് യുവജനങ്ങൾ എത്തിച്ചേർന്നിരുന്നു. മ്യൂസിക് കൺസേർട്ടുകൾ, ടോക്കുകൾ തുടങ്ങിയവയും പ്രോഗ്രാമിൽ ഉൾപ്പെട്ടിരുന്നു.18 മുതൽ 30 വയസ്സ് വരെയുള്ളവർക്ക് ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂ ഇവാഞ്ചലൈസേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണ്.