കോട്ടയം: കഠോരമായ രോഗവേദനകളെ പുഞ്ചിരിപ്പൂക്കളായി നിത്യപുരോഹിതനു മുന്നിൽ അർപ്പിക്കുകയും വിറയാർന്ന ലോലവിരലുകളിൽ മഹത്തായ ഒട്ടേറെ സഹിത്യകൃതികൾ രചിക്കുകയും ചെയ്ത ഫാ. ജേക്കബ് തെക്കേമുറി (62) നിത്യതയിലേക്കു യാത്രയായി. ബൈബിൾ വിജ്ഞാനീയം, ദൈവശാസ്ത്രം, നോവൽ, കവിത തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതോളം രചനകൾ നടത്തിയ സഹനദാസൻ കാഞ്ഞിരപ്പള്ളി രൂപതയുടെ വിയാനി ഹോമിലും ആശുപത്രികളിലുമായി 30 വർഷം വിവിധ രോഗങ്ങളാൽ ചികിത്സയിലായിരുന്നു.
സർവകലാശാലകളിലും സെമിനാരികളിലും റാങ്കുകളോടെ ഉന്നതപഠനങ്ങൾ പൂർത്തിയാക്കി ആത്മീയതയിൽ സ്ഥുടം ചെയ്ത വിശുദ്ധിയോടെ വൈദികാന്തസിലെത്തിയ അച്ചൻ തുടക്കത്തിൽ അറിയപ്പെടുന്ന വചനപ്രഘോഷകനായിരുന്നു.
വിശ്വാസികളെ ആത്മീയതയുടെ ഒൗന്നത്യങ്ങളിലെത്തിക്കാൻ കാഞ്ഞിരപ്പള്ളി രൂപതയിലെ ഇടവകകളിൽ വചനപ്രഘോഷണങ്ങൾ നടത്തി വന്ന തീഷ്ണ യൗവനത്തിൽ ആകസ്മികമായി വൃക്കളുടെ പ്രവർത്തനം മന്ദഗതിയിലായി. മരുന്നുകൾക്കു ശമിപ്പിക്കാനാവാത്ത വിധം വേദനകൾ ശരീരത്തെ നുറുക്കിയ അക്കാലങ്ങളിലും അച്ചൻ ക്രിസ്തുവിനു സാക്ഷ്യം വഹിക്കാൻ ധ്യാനവേദികളിലൂടെയുള്ള യാത്ര തുടർന്നു. ആഴമായ പാണ്ഡിത്യത്തിന്റെയും അഗാധമായ വിശ്വാസത്തിന്റെയും ചൈതന്യത്തിൽ അനേകർക്ക് വചനമാരി ചൊരിയുന്ന പുണ്യപുരോഹിതനായി അച്ചൻ അറിയപ്പെട്ടു. രണ്ടു വൃക്കകളും നിശ്ചലമായതോടെ വൃക്കമാറ്റിവയ്ക്കലിനും പിൽക്കാലത്ത് വിധേയനായി.
ആന്തരീകാവയവങ്ങളോരോന്നായി പ്രവർത്തനരഹിതമായി ശരീരം നീർക്കെട്ടിൽ പൊതിഞ്ഞും അസ്ഥികൾ പൊടിഞ്ഞും ചലനശേഷി കുറഞ്ഞും വേദനകളുടെയും രക്തസ്രാവത്തിന്റെയും കാലമായിരുന്നു പിന്നീട്. നടത്തേണ്ടിവന്ന ശസ്ത്രക്രിയകളും എണ്ണമറ്റ ഡയാലിസിസുകളും എത്രയെന്ന് പറയാനാവില്ല. ഉള്ളിലേക്ക് എന്തുചെന്നാലും ഛർദിക്കും. പനിയും വിറയും പതിവ്.
ഏറെയേറെക്കാലം മരണത്തിന്റെ നിഴലുകളുള്ള ദുർഘടപാതകളിലൂടെ, ഒരിക്കലും നിരാശപ്പെടാതെയും വിശ്വാസവും പ്രത്യാശയും കൈവിടാതെയും പുഞ്ചിരി തൂവുന്ന മുഖവും മധുരമായ ഭാഷണവുമായി ക്രച്ചസിൽ മെല്ലെ നടന്നുനീങ്ങിയിരുന്ന പുരോഹിതൻ. വിയാനി ഹോമിലെ ചാപ്പലിലും അങ്കണത്തിലും അനേകർക്കും ആ സാന്നിധ്യവും വാക്കുകളും ആശ്വാസം പകരുന്നതായിരുന്നു.
അചിന്തനീയമായ പീഢകളുടെയും കുരിശുകളുടെയും കാലത്താണ് വെളിപാടുഗ്രന്ഥത്തെയും ബൈബിൾ രഹസ്യങ്ങളെയും അധിഷ്ഠിതമാക്കിയ രചനാവിസ്മയങ്ങൾ തെക്കേമുറിയച്ചൻ നടത്തിയത്. നിർമലമായ മനസിൽനിന്നും ഉദാത്തമായ ചിന്തകളായി എഴുതപ്പെട്ട വെളിപാടിലെ സമസ്യകൾ സഭാപഠിതാക്കളുടെ പാഠപുസ്തകങ്ങളിലൊന്നാണ്.
ശ്രേഷ്ഠദൈവ ശാസ്ത്ര രചനയ്ക്ക് ആലുവാ പൊന്തിഫിക്കൽ ഇൻസ്റ്റിട്യൂട്ട് ഏർപ്പെടുത്തിയ അവാർഡ് വെളിപാടിലെ സമസ്യകൾ എന്ന ഗ്രന്ഥത്തിനു ലഭിച്ചു. സഹനപ്രതീകമായി പരിശുദ്ധ കന്യകാമറിയത്തെ ജപമാലക്കണ്ണികളോടു ചേർത്തുപിടിച്ച അച്ചൻ സ്വർഗീയതയിലേക്കു വിളിക്കപ്പെട്ടതു അമ്മയുടെ സ്വർഗാരോപണ തിരുനാൾ ദിനത്തിലായിരുന്നു. തീക്ഷ്ണമായ മാതൃഭക്തിയുടെ ചൈതന്യത്തിൽ കുരിശിൻചുവട്ടിലെ സ്ത്രീ എന്ന ഗ്രന്ഥം അദ്ദേഹം രചിച്ചു.
അപാരമായ വായനയുടെ ആഴയങ്ങളിലൂടെ നടത്തിയ പ്രയാണത്തിനിടെ യാക്കോബിനെ പ്രമേയമാക്കി 400 പേജുകൾ വരുന്ന ഏലോഹിമിന്റെ പാദമുദ്രകൾ എന്നൊരു നോവൽ എഴുതി. ഉൽപത്തി പുസ്തകം 11 മുതൽ 50 വരെ അധ്യായങ്ങൾ ഇതിവൃത്തമാക്കി ഒന്നര വർഷം നീളുന്ന രചന. നോർത്ത് അമേരിക്കൻ ലൈബ്രറി ഓഫ് പോയട്രിയുടെ എഡിറ്റേഴ്സ് ചോയിസ് അവാർഡ് സ്പാർക്ക് എന്ന കവിതയ് ക്കും ലഭിച്ചു.
മൂല്യങ്ങൾ മണിമുത്തുകൾ, വെളിപാട് 1-3, തിരുവചനവുമൊത്ത് ഒരു നാഴികനേരം, കുർബാനയും വെളിപാടും, വെളിപാടിലെ തമസ്യകൾ, ഈശോമിശിഹ നൽകിയ ജീവിതനിയമങ്ങൾ, കാരുണ്യപാതയിൽ (പരിഭാഷ), കുർബാന-ഒരു കുടുംബസംഗമം, കുർബാന – എന്റെ ഓർമയ്ക്കായി, വിശുദ്ധ റൊസെല്ലോ- അഗതികളുടെ അമ്മ, ഒരു വൈദികനെക്കുറിച്ച് ഒരോർമക്കുറിപ്പ്, ജീവിതം ആനന്ദകരമാക്കൂ, ഉൽപത്തി 1-3: മിത്തും സത്തും എന്നിവയ്ക്കു പുറമെ ഇംഗ്ലീഷ് രചനകളായ ദി റിസറക്ഷൻ, ആണ്വീലിംഗ് ദി അപോകാലിപ്സ് എന്നിവയും നടത്തി.
ചങ്ങനാശേരി എസ്ബി കോളജിലും ചെന്നൈ ലയോള കോളജിലും റാങ്കും മെഡലുകളും നേടിയാണ് ഇംഗ്ലീഷ് സാഹിത്യം പാസായത്. കാഞ്ഞിരപ്പള്ളി, പാണപിലാവ്, കൽതൊട്ടി, മണിപ്പുഴ പള്ളികളിലും ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാര ശുശ്രൂഷകൾ ഇന്ന് 11 ന് രാവിലെ തലശേരി അതിരൂപതയിലെ തളിപറന്പ് പെരുന്പടവ് സെന്റ് ജോസഫ്സ് പള്ളിയിൽ കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ നടക്കും.