പ്രാചീന ഓസ്ട്രേലിയയില്‍ ഏകദേശം നൂറോളം മൃഗ വംശങ്ങളുണ്ടായിരുന്നു അന്‍പത് കിലോക്ക് മുകളില്‍ തൂക്കമുള്ളത്,ഇന്ന് ആകെ അവശേഷിക്കുന്നത് കംഗാരു പോലുള്ള വിരലില്‍ എണ്ണാവുന്ന അത്രയും എണ്ണമാണ്. അവയൊക്കെ എവിടെ പോയി എന്നറിയാമോ.? നിങ്ങളീ പറയുന്ന ‘പ്രകൃതി മനുഷ്യന്‍റെ’ വയറ്റില്‍ എന്നാണ് ഉത്തരം.അതെ ഓസ്ട്രേലിയന്‍ അബോറിഗന്‍സിന്‍റെ പൂര്‍വീകര്‍ കൊന്ന് ബാര്‍ബിക്യൂ ആക്കി സാപ്പിട്ടു. ഓസ്ട്രേലിയയില്‍ മാത്രമല്ല സെെബീരിയയിലും അലാസ്കയിലുമൊക്കെ തണുത്ത് മരവിച്ച ഇടങ്ങളില്‍ വിലസിയിരുന്ന മാമത്ത് മുതല്‍ ഓരോ വന്‍കരയിലെയും നൂറ് കണക്കിന് വലിയ ജീവികളെ മനുഷ്യന്‍ കൊന്ന് തിന്നത് കൊണ്ടാണ് ഭൂമിയില്‍ നിന്നും ഇല്ലാതായത്.,ഇന്നല്ല മനുഷ്യന്‍ പൂര്‍ണമായും പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന ശിലായുഗ കാലത്തും കൊഗ്നിറ്റീവ് റവല്യൂഷന്‍റെ കാലത്തും ആയിരുന്നു തീറ്റ.
ബാക്കിയുള്ള ഇന്നീ കാണുന്ന കുറച്ച് ജീവികള്‍ രക്ഷപ്പെട്ടത് മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങുന്നത് നിര്‍ത്തി തീര്‍ത്തും പ്രകൃതി വിരുദ്ധമായ കൃഷിയും മൃഗങ്ങളെ വളര്‍ത്തലും തുടങ്ങിയ ശേഷമാണ്,വേട്ടയാടല്‍ നിര്‍ത്തിയപ്പോള്‍ സ്വന്തമായി വളര്‍ത്തുന്നതിനെ അറുത്ത് തീറ്റയായി. അത് കൊണ്ടാണ് ഇന്ന് കാട്ടില്‍ ആനയും മാനും സിംഹവുമെല്ലാം കാണാന്‍ കഴിയുന്നത്,മനുഷ്യന്‍ പൂര്‍ണമായി പ്രകൃതി ജീവി ആയിരുന്നേല്‍ അവറ്റകളെ കൂടി തച്ച് കൊന്ന് ബാര്‍ബിക്യൂ ആക്കി തിന്നിരുന്നേനെ നമ്മുടെ പൂര്‍വീകര്‍.
കൃഷിയാണ് മനുഷ്യന്‍ ആദ്യമായി ചെയ്ത പ്രകൃതി വിരുദ്ധ പ്രവര്‍ത്തനം,കാട്ട് ചെടിയായ ഗോതമ്പിനെ പിടിച്ച് കൃഷി ഇറക്കാന്‍ തുടങ്ങിയതോടെ നമ്മുടെ പൂര്‍വീകര്‍ ‘പ്രകൃതി വിരുദ്ധ’ ജീവിതം തുടങ്ങി.അതുവരെ വേട്ടയാടി പിടിച്ചും കായ് ഖനികളും തിന്നിരുന്ന മനുഷ്യന്‍ ആദ്യമായി കൃഷി ചെയ്ത് തുടങ്ങിയത് ബാബിലോണിയന്‍ പ്രദേശത്താണ്. ആഫ്രിക്കയിലെ പോലെ സമൃദ്ധമായി മൃഗങ്ങളെ കിട്ടാത്ത പ്രദേശമായ ബാബിലോണിയന്‍ പൂര്‍വീകര്‍ക്ക് രണ്ട് ഒപ്ഷനാണ് ഉണ്ടായിരുന്നത്,ഒന്ന് ബാക്കിയുള്ള മൃഗങ്ങളെ കൂടി കൊന്ന് തിന്ന് ഒടുവില്‍ പട്ടിണി കിടന്ന് ചാവുക,അല്ലെങ്കില്‍ പ്രകൃതി വിരുദ്ധമായ കൃഷി. അതിനായി കാട് വെട്ടി തെളിക്കലും സ്വതന്ത്രമായി നടന്നിരുന്ന മൃഗങ്ങളെ ബലമായി പിടിച്ച് കൃഷിക്കും ഭക്ഷണത്തിനുമായി വളര്‍ത്തലുമൊക്കെയായ ഒരുപാട് ‘പ്രകൃതി വിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍….
കടലും മരുഭുമിയും ഒഴിച്ചുള്ള ഭൂരിപക്ഷവും കാടായ പ്രദേശങ്ങള്‍ തീയിട്ടും വെട്ടി മുറിച്ചുമാണ് കൃഷി ഭൂമി ആക്കിയത്. ഇവിടുത്തെ നൊസ്റ്റാള്‍ജിയ ഉള്ള പ്രകൃതി കൃഷി സ്നേഹികളുടെ റോള്‍ മോഡലായ അക്കാലത്തെ ‘ജെെവ കൃഷിക്കാരാണ്’ ഭൂമിയിലെ ഭൂരിപക്ഷം കാടുകളും കരിച്ചു കളഞ്ഞതെന്ന് വേണമെങ്കില്‍ പറയാം.
അവര്‍ക്ക് വേറെ ഒപ്ഷനുണ്ടായിരുന്നില്ല. വര്‍ധിച്ചുവരുന്ന ജനസംഖ്യക്കനുസരിച്ച് ഭക്ഷണം കിട്ടാന്‍ കാട് കത്തിച്ച് കൃഷി ഇറക്കുകയല്ലാതെ വേറെ വഴിയില്ല. അല്ലെങ്കില്‍ പട്ടിണി കിടന്ന് ചാവും. അത് കൊണ്ട് പൂര്‍വീകരായ കര്‍ഷകര്‍ കാട് വെട്ടി തെളിക്കല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിന്‍റെ തോത് കുറഞ്ഞത് എപ്പോഴാണെന്ന് അറിയാമോ..?
വ്യാവസായിക വിപ്ലവത്തിന്‍റെയും സെെന്‍റിഫിക് റവല്യൂഷന്‍റെ കാലത്ത്. പണ്ട് കാലത്ത് നൂറ് ഏക്കറില്‍ ചാണകവും പച്ചില വളവും ഇട്ട് കൃഷി ചെയ്താല്‍ കിട്ടിയിരുന്ന വിള വ്യാവസായിക വിപ്ലവത്തിന് ശേഷം രണ്ട് ഏക്കറില്‍ കിട്ടുമെന്നായി. കൃഷിയിലും കാര്‍ഷിക രീതികളിലും ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ നടന്നതോടെ മനുഷ്യന് കൃഷി ചെയ്യാന്‍ കൂടുതല്‍ സ്ഥലം വേണ്ട എന്നായതോടെയാണ് ഇന്ന് നമ്മളീ കാണുന്ന കാടുകള്‍ അവശേഷിച്ചത് തന്നെ. സെെന്‍റിഫിക് റവവ്യൂഷന്‍ വെറും രണ്ട് നൂറ്റാണ്ട് വെെകിയെങ്കില്‍ പോലും ഒരുപക്ഷേ ആമസോണ്‍ കാട് പോലും മനുഷ്യന്‍ കൃഷിക്കായി വെട്ടി തെളിച്ചിട്ടുണ്ടാവുമായിരുന്നു.
ചുരുക്കത്തില്‍ ആധുനിക മനുഷ്യന്‍റെ വന നശീകരണ തോത് കാര്‍ഷിക സമൂഹത്തിനെ അപേക്ഷിച്ച് എത്രയോ കുറവാണെന്ന് സാരം,ജെെവ കൃഷിയല്ല ആധുനിക കൃഷിയും ശാസ്ത്ര പുരോഗതിയുമാണ് കാടിനെ സംരക്ഷിക്കുന്നത്. മനുഷ്യന്‍ എത്രത്തോളം ജെെവ കൃഷിയിലേക്ക് മടങ്ങുന്നുവോ അത്രയധികം കാടും നശിക്കുക തന്നെ ചെയ്യും.
കേരളത്തിന്‍റെ അവസ്ഥ എടുത്താല്‍ മനുഷ്യന്‍ മലയോരത്തേക്ക് കയറി കൃഷി ഇറക്കാന്‍ തുടങ്ങിയത് എന്നായിരുന്നു..? നായര്‍ മേധാവിത്വത്തിന്‍റെ പതനം എന്ന പുസ്തകത്തില്‍ റോബിന്‍ ജഫ്രി എഴുതി വെച്ചിട്ടുണ്ട് തിരുവിതാംകൂര്‍ രാജാവ് ആന്ധ്രയില്‍ നിന്ന് അരി ഇറക്കിയ കഥ.കാലം ഏതാണെന്ന് ഓര്‍ക്കണം,കേരളത്തിലെ വയലുകള്‍ മുഴുവന്‍ കൃഷി ഉണ്ടായിരുന്ന കാലമായിരുന്നു അത്,എന്നിട്ടും ബഹുഭൂരിപക്ഷവും മുഴു പട്ടിണി കിടക്കുന്ന അവസ്ഥ. ഭൂമിയുടെ ഉടമസ്ഥാവകാശം ആവട്ടെ ഒന്നുകില്‍ ക്ഷേത്രത്തിന് അല്ലെങ്കില്‍ പൂജാരിക്ക് അതുമല്ലെങ്കില്‍ രാജാവിന് (ബ്രഹ്മസ്വം ,ദേവസ്വം ,ജന്‍മിത്വം ) ഇത് മൂനുമല്ലാത്ത ഭൂമിയുള്ളത് വടക്കന്‍ മലയിലാണ്. സാധാരണ കര്‍ഷകന് മുമ്പില്‍ വീണ്ടും രണ്ട് ഒപ്ഷനുകള്‍ വന്നു ,ഒന്നുകില്‍ കാട് കയറുക അല്ലെങ്കില്‍ പട്ടിണി കിടന്ന് ചാവുക. അവന്‍ ‘പ്രകൃതി വിരുദ്ധ’ പ്രവര്‍ത്തനം തിരഞ്ഞെടുത്ത് മലയോരത്തേക്ക് വെച്ച് പിടിച്ചു,കാട് വെട്ടി തെളിച്ച് കൃഷിയിറക്കി. വടക്കന്‍ മലബാറിനെയും കേരളത്തിലെ നല്ലൊരു വിഭാഗത്തിന്‍റെയും പട്ടിണി മാറ്റിയത് ഈ മലയോര കര്‍ഷകരായിരുന്നു. ഗാഡ്ഗിലോനെയോ സി.ആര്‍ നീലാണ്ടനെയോ പോലെ ഒപ്ഷനുകള്‍ അധികമില്ലാത്ത ജനതയുടെ അതിജീവനത്തിന്‍റെ പിടച്ചിലുകളാണ് നിങ്ങളീ പറയുന്ന “കെെയ്യേറ്റം”. അല്ലാതെ അവരെന്തോ പ്രകൃതി വിരുദ്ധരും സാമൂഹ്യ ദ്രോഹികളുമൊന്നുമല്ല ബാബിലോണിയന്‍ കാര്‍ഷക പൂര്‍വീകരെ പോലെ അവസാന പ്രതീക്ഷയെ നോക്കി മല കയറിയ ജനതയാണവര്‍.തലമുറകളായി മലയോരത്ത് കഴിയുന്ന അവരെ ഒന്നാകെ ആട്ടി പായിച്ചും ഡാമുകളടക്കമുള്ള മലയോരത്തെ നിര്‍മിതികളൊന്നാകെ പൊളിച്ച് മാറ്റിയും പ്രകൃതി സംരക്ഷിക്കണം എന്ന തിയറി ഇറക്കുന്നവര്‍ പഴയ “കാവ് നശിച്ചാല്‍ ഇല്ലം മുടിയും”നൊസ്റ്റുവുള്ള സവര്‍ണ പരിസ്ഥിതി വാദികളോ അവരുടെ ആസനം താങ്ങികളോ മാത്രമാണ്.
ഇത്തരം കപട പരിസ്ഥിതി വാദികളുടെ ആദ്യ നെടുവീര്‍പ്പ് പ്രകൃതിയെ നശിപ്പിച്ച മനുഷ്യനെ പറ്റിയാവും ,അയാളൊഴികെ ബാക്കി എല്ലാവരും പ്രകൃതി വിരുദ്ധര്‍ എന്നാവും വെപ്പ്. ഇത്തരക്കാരുടെ പ്രധാന പ്രശ്നം മനുഷ്യനെയും പ്രകൃതിയെയും ആദ്യമേ അങ്ങ് ഡിവെെഡ് ചെയ്ത് കളയും എന്നതാണ്. ഇവ രണ്ടും രണ്ടും പരസ്പരം ശത്രുക്കളാണെന്നുള്ള പോയിന്‍റില്‍ നിന്നേ വാദം തുടങ്ങൂ. മനുഷ്യ വികാസത്തിന്‍റെ ചരിത്രം അപ്പാടെ മറന്ന് കൊണ്ടല്ലാതെ ഇങ്ങിനെ ഒരു തിയറി ഇറക്കാന്‍ സാധ്യമല്ല. തീയുടെ നിയന്ത്രണം കെെയ്യടക്കിയ പൂര്‍വിക മനുഷ്യന്‍ മുതല്‍ കാട് വെട്ടി തെളിച്ച് കൃഷിയിറക്കിയ പൗരാണിക കര്‍ഷക സമൂഹം മുതല്‍ ധാതു ലവണങ്ങള്‍ കുഴിച്ചെടുക്കുന്ന ആധുനിക മനുഷ്യന്‍ വരെ പ്രകൃതി വിരുദ്ധമായത് കൊണ്ട് മാത്രമാണ് മനുഷ്യന്‍ അതിജീവിച്ചത്. പ്രകൃതിയോട് ഇണങ്ങിയ ഏതാണ്ട് മുഴുവന്‍ ജീവികളും മണ്ണിനടിയിലോ മ്യൂസിയത്തിലോ കിടക്കുകയും പ്രകൃതിയോട് പട വെട്ടിയെന്ന ഒറ്റ കാരണം കൊണ്ടാണ് സാപ്പിയന്‍സ് എഴുനൂറ് കോടി ആയി പെരുകുയും ചെയ്തത്,മനുഷ്യന് പ്രകൃതിയോട് ഏറ്റ് മുട്ടാതെ ജീവിക്കാന്‍ കഴിയില്ല.
നിങ്ങള്‍ പണ്ട് കാലത്ത് മഴക്കാലങ്ങളില്‍ നിരന്തരം കേട്ടിരുന്ന സ്ക്കൂളിനും വീടിനും പുറത്ത് തെങ്ങും മരവും വീണ് മരിച്ച വാര്‍ത്തകള്‍ ഇപ്പോള്‍ കുറഞ്ഞത് എങ്ങനെ ആണ്.? വാര്‍പ്പിട്ട വീടുകള്‍ എന്നാണ് ഉത്തരം.
പാറ പൊട്ടിക്കാതെയും ചെങ്കല്ല് മുറിച്ചെടുക്കാതെയും വീട് വെക്കാന്‍ കഴിയുമോ.? പ്രകൃതി സംരക്ഷിക്കണം എന്ന് വെച്ച് മനുഷ്യന് വീടില്ലാതെ ജീവിക്കാന്‍ പറ്റുന്നതെങ്ങനെ.? പശ്ചിമഘട്ടത്തിലെ മുഴുവന്‍ പാറമടകളും നിരോധിച്ചാല്‍ സാധാരണ ജനവിഭാഗത്തിന് വീടെന്ന സ്വപ്നം സഫലമാവില്ല. കര്‍ണാടകയില്‍ നിന്ന് വരുന്ന കല്ലുപയോഗിച്ച് ഗാഡ്ഗിലിന് വീട് വെക്കാന്‍ പറ്റുമായിരിക്കും,സാധാരണ കര്‍ഷക തൊഴിലാളിക്ക് പറ്റില്ല. അവന്‍ ഓല കുടിലില്‍ കിടന്ന് വല്ല തെങ്ങ് വീണോ പാമ്പ് കടിച്ചോ മരിക്കേണ്ടിവരും അത്ര തന്നെ. പശ്ചിമഘട്ടത്തിലെ മുഴുവന്‍ ഡാമുകളും ഡീ കമ്മീഷന്‍ ചെയ്ത് ‘പ്രകൃതി മനോഹരമായ’ സോളാര്‍ എനര്‍ജി ഉപയോഗിക്കണമെന്നൊക്കെ കേള്‍ക്കാന്‍ നല്ല രസമാണ്,നടക്കില്ലെന്ന ഒറ്റ പ്രശ്നമേ ഉള്ളൂ.
ചുരുക്കത്തില്‍ ആഗോള താപനം കാരണമുള്ള കാലാവസ്ഥാ വെതിയാനം കാരണം ലോകമെമ്പാടുമുള്ള വെതര്‍ ചെയ്ഞ്ച് വരുന്നുണ്ട്, അതിന്‍റെ ഭാഗമായി ഇന്ത്യന്‍ മഹാസമുദ്രത്തിലെ ന്യൂനമര്‍ദ്ദവും കഴിഞ്ഞ വര്‍ഷം ഉണ്ടായ എല്‍ നിനോ പ്രതിഭാസവുമൊക്കെ കൊണ്ടാണ് ചുരുങ്ങിയ സമയത്തിനകം കൂടിയ അളവില്‍ മഴ പെയ്യുകയെന്ന രീതി വന്നത്.അത് കാരണം ഉണ്ടായ പ്രളയത്തിന്‍റെ പേരില്‍ മലയോര കര്‍ഷകനെ മുതല്‍ പാറ മടകളെ വരെ യാതൊരു പഠനത്തിന്‍റെയും പിര്‍ബലമില്ലാതെ പൊക്കി പിടിച്ച് കൊണ്ടുവരുന്നതിന് പിന്നില്‍ അജണ്ഡകള്‍ വേറെയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മലബാറിലെ ഉരുള്‍ പൊട്ടലിന് കാരണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മാത്രം തുടങ്ങിയ,അന്‍പതും നൂറും മീറ്റര്‍ മാത്രം വലിപ്പമുള്ള പാറ മടയാണെന്നൊക്കെ തള്ളുന്നവര്‍ പശ്ചിമഘട്ടത്തിന് ആയിരത്തി അറുനൂറ് കിലോമീറ്റര്‍ നീളവും ഒന്നര ലക്ഷം ചതുരശ്ര കിലോമീറ്ററിലധികം ഏരിയയും ഉണ്ടെന്ന് കാര്യം മറക്കുകയാണ്. ഇത്രയധികം വലിപ്പമുള്ള മലയില്‍ നിന്ന് കുറച്ച് പാറ പൊട്ടിച്ചതാണ് ആഗോള താപനത്തിനും ന്യൂനമര്‍ദത്തിനും ഉരുള്‍ പൊട്ടലിനുമൊക്കെ കാരണം എന്നങ്ങ് തള്ളുമ്പോള്‍ യഥാര്‍ത്ത കാരണങ്ങളെ പറ്റിയുള്ള അന്യേഷണങ്ങളെ പോലും അത് ബാധിച്ചുകളയും.
ചോദ്യം ഇതാണ് മാധവ് ഗാഡ്ഗിലിന്‍റെയും സി.ആര്‍ നീലാണ്ടന്‍റെയും വീടിന്‍റെ തറ കെട്ടിയത് എന്ത് കൊണ്ടാണ്.? തെങ്ങിന്‍ കുറ്റിയോ അതോ പാറക്കല്ലോ.?