ഇത് കണ്ണുനീരിന്റെ നാളുകളാണ്. ഒരു ആയുഷ്ക്കാലമെത്രയും നേടിയതൊക്കെ സര്‍വ്വതും നഷ്ട്ടപ്പെട്ട നമ്മുടെ സഹോദരങ്ങളുടെ നോവ് എത്രയോ കഠിനമാണ്. ഇതിലെല്ലാം ഉപരി നിരവധി മനുഷ്യര്‍ എപ്പോഴും മണ്ണിനടിയിലാണെന്നതുള്ളത് കണ്ണു നിറക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യം. ജീവൻ മാത്രമാണ് കരയിൽ ശേഷിക്കുന്നത്. ജീവിതം ചേറിൽ പുതഞ്ഞും കലക്കവെള്ളത്തിൽ കുതിർന്നും കിടക്കുകയാണപ്പോഴും. മനസ്സും പ്രതീക്ഷയും നഷ്ട്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തിന് കൈത്താങ്ങായി മാറേണ്ടത് കേവലം ക്യാമ്പുകളിലേക്ക് നാം നല്‍കുന്ന വസ്ത്രങ്ങള്‍ കൊണ്ടോ ഒരു നേരത്തെ ഭക്ഷണം കൊണ്ടോ മാത്രമാകരുത്. ആത്മാവിന്റെ വിങ്ങലിൽ ആശ്വാസത്തിന്റെ കരസ്പര്‍ശകേണ്ടത് ഇനിയുള്ള ദിവസങ്ങളിലാണ്. പ്രളയകാലത്ത് നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവനെ ചേർത്തു പിടിച്ചതുപോലെ മഴക്കെടുതിക്ക് ശേഷം അവരുടെ ജീവിതത്തെക്കൂടി ചേർത്തു പിടിക്കാനുള്ള കടമ ദുരിതം ബാധിക്കാത്ത സുരക്ഷിത സ്ഥലങ്ങളിലായിരിക്കുന്ന നാം ഓരോരുത്തര്‍ക്കുമുണ്ട്.