ഫാ. ജോമോന്‍ കാക്കനാട്‌

ചങ്ങനാശരി അതിരൂപതയ്ക്ക് ആത്മീയ വെളിച്ചം നല്‍കി ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ നവതിയിലേക്കു ആഗസ്റ്റ് 14ന് പ്രവേശിക്കുകയാണ്. അദ്ദേഹത്തിന്റെ ധന്യമായ ജീവിതത്തിന്റെ ഒരു വശം തുറന്നുകാട്ടുകയാണ് സെക്രട്ടറികൂടിയായ ഫാ. ജോമോന്‍ കാക്കനാട്ട്

ചില വ്യക്തികളുമായി ബന്ധപ്പെടുക ധന്യമായ അനുഭവമാണ്. എന്നെ സംബന്ധിച്ചടത്തോളം ആ ധന്യമായ അനുഭവങ്ങള്‍ കൈവന്നത് അഭി. പവ്വത്തില്‍ പിതാവിനോടൊപ്പമുള്ള ജീവിതം കൊണ്ടാണ്. എന്റെ ജീവിതത്തില്‍ ലഭിച്ച അനുഗ്രഹങ്ങളില്‍ അതിപ്രധാനമാണ് പവ്വത്തില്‍ പിതാവിനോടൊത്തുള്ള ജീവിതം. പിതാവിന്റെ ജീവിതത്തെ അകലെ നിന്നും അടുത്തു നിന്നും അനുധാവനം ചെയ്യാന്‍ ഭാഗ്യമുണ്ടായി. പിതാവിന്റെ ജീവിതത്തില്‍ എന്നെ ഏറെ സ്വാധീനിച്ചത് കാലഘട്ടത്തോട് പ്രവാചകതുല്യമായ ദൗത്യബോധത്തോടെ പ്രതികരിക്കുന്ന ശൈലിയാണ്.
ഫാ. ജോമോന്‍ കാക്കനാട്‌

വേദപുസ്തകത്തില്‍ കാണുന്ന പ്രവാചകന്മാര്‍ ഏറെ പ്രത്യേകതകളുള്ളവരായിരുന്നു. സാധാരണഗതിയില്‍ പ്രവാചകന്മാരെ ‘മുന്‍കൂട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തുവര്‍’ എന്ന രീതിയിലാണ് ആളുകള്‍ മനസ്സിലാക്കുന്നത്. പക്ഷേ ബൈബിളിലെ പ്രവാചകന്‍ന്മാര്‍ ഭാവി മുന്‍കൂട്ടി പറയുവരായിരുന്നില്ല; മറിച്ച് ദൈവസന്ദേശവും ദൈവഹിതവും വെളിപ്പെടുത്തുവരായിരുന്നു (Prophet is not a fore teller but forth- teller). ദൈവഹിതത്തെ സന്ദേഹമില്ലാതെ ധൈര്യപൂര്‍വ്വം സാക്ഷിക്കുവരാണ് പ്രവാചകര്‍. പവ്വത്തില്‍ പിതാവിന്റെ ജീവിതം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന വസ്തുതയും ഇതുതന്നെയാണ്. കാലഘട്ടത്തിന്റെ സ്പന്ദനങ്ങളോടുള്ള പിതാവിന്റെ പ്രതികരണങ്ങള്‍ പ്രവാചക നിഷ്ടയിലും ശൈലിയിലും ദൗത്യത്തിലുമായിരുന്നു.

പ്രവാചകന്‍: ദൈവത്തിന്റെ ജിഹ്വ

പ്രവാചകത്വം ദൈവത്തിന്റെ സവിശേഷമായ സ്പര്‍ശമാണ്. ഏശയ്യാ പ്രവാചകന്റെ നാവില്‍ കൊടില്‍കൊണ്ടുള്ള തീക്കനലുമായി അധരങ്ങളെ സ്പര്‍ശിച്ച് പ്രവാചക ദൗത്യം നല്കാന്‍ ദൂതനെ അയച്ചവനാണ് ദൈവം. ദൈവത്തിന്റെ നാവായി ലോകത്തില്‍ വര്‍ത്തിക്കാനും ജനത്തിന്റെ നാവായി ദൈവതിരുമുമ്പില്‍ വ്യാപരിക്കാനുമാണ് തന്റെ ഇടയനടുത്ത ശുശ്രുഷയില്‍ പിതാവ് ശ്രദ്ധിച്ചിരുന്നത്. അളന്നു തൂക്കിയുള്ള സംസാരശൈലിയാണ് പിതാവിന്റേത്. അഭിവന്ദ്യ ക്രിസോസ്റ്റേം വലിയ മെത്രാപ്പോലീത്താ പവ്വത്തില്‍ പിതാവിനെക്കുറിച്ച് പറഞ്ഞത് ‘പറയേണ്ടത് പറയും; പറയേണ്ടതുമാത്രം പറയും’ എന്നാണ്. കഴിഞ്ഞ ഒന്‍പത് പതിറ്റാണ്ടിന്റെ ജീവിതകാലയളവിനുള്ളില്‍ പിതാവിന് ഒരിക്കല്‍പോലും താന്‍ പറഞ്ഞ വാക്ക് പിന്‍വലിക്കേണ്ടി വിന്നിട്ടില്ല. ദൈവത്തിന്റെ നാവായി, ദൈവത്തിന്റെ സന്ദേശം മാത്രം ജീവിത സാഫല്ല്യമായി കരുതിയതിന് ദൈവം നല്കിയ സമ്മാനമാണിത്.

സത്യത്തിലും സ്‌നേഹത്തിലും

പിതാവിന്റെ ഇടയനടുത്ത ശുശ്രൂഷയില്‍ ആപ്തവാക്യമായി തിരഞ്ഞെടുത്തത് ‘സത്യത്തിലും സ്‌നേഹത്തിലും’ എന്ന വാക്യമാണ്. പ്രവാചകന്‍ അപ്രിയ സത്യങ്ങള്‍ നിര്‍ഭയം പ്രഘോഷിക്കുവനാണ്. സത്യത്തിനുവേണ്ടി എന്തു ത്യാഗവും ചെയ്യാന്‍ പിതാവ് തയ്യാറായിരുന്നു. രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കൊന്നും അദ്ദേഹത്തിന്റെ നിലപാടുകളെ മയപ്പെടുത്താനോ വ്യതിചലിപ്പിക്കാനോ കഴിഞ്ഞില്ല. കാരണം സത്യത്തിനുവേണ്ടി നിലകൊള്ളുന്ന പ്രവാചകന്റെ മനസ്സായിരുന്നു പിതാവിന്. ജനപ്രീതിനോക്കി പിതാവ് ഒരിക്കലും പ്രതികരിച്ചിട്ടില്ല. ഭൂരിപക്ഷത്തിന് സുഖിക്കുന്നതോ സുഖിക്കാത്തതോ എന്നും ചിന്തിക്കാറില്ല.
സത്യത്തിനുവേണ്ടി നിലകൊള്ളുമ്പോഴും തൂലിക ചലിപ്പിക്കുമ്പോഴും എതിര്‍ചേരിയെ ആദരവോടെ കാണുന്ന പിതാവ് തന്റെ ആപ്തവാക്യത്തെ മുറുക്കുമ്പോഴും സ്‌നേഹം കൊണ്ട് അയക്കുമായിരുന്നു. അഭിപ്രായങ്ങളിലും നിലപാടുകളിലും ഭിന്നാഭിപ്രായമുള്ളവരുമായും സൗഹ്യദം കാത്തുസൂക്ഷിക്കുന്ന പിതാവ് സ്‌നേഹം എന്ന അടിസ്ഥാന സുവിശേഷ സന്ദേശത്തില്‍ ജീവിക്കുന്ന വ്യക്തിയാണ്. ആശയങ്ങളിലെ പൊരുത്തക്കേട് ഒരിക്കല്‍പോലും വ്യക്തിവിരോധത്തിലേക്ക് വന്നു കണ്ടിട്ടില്ല. പിതാവിന്റെ വ്യക്തിപരമായ സ്‌നേഹം അനേകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. മിഷന്‍ ലീഗിലെ കുട്ടികള്‍ അയക്കുന്ന കത്തുകള്‍ക്കുപോലും വ്യക്തിപരമായി മറുപടി നല്‍കുന്ന പിതാവ് സ്‌നേഹം ചോര്‍ന്നുപോകാതെ ധീരമായി സത്യത്തിനുവേണ്ടി പോരാടിയ ആദര്‍ശ രൂപമാണ്.

ശാന്തനും ധീരനുമായ പ്രവാചകന്‍

തെറ്റിദ്ധരിപ്പിക്കപ്പെട്ടപ്പോഴും പരിഹസിക്കപ്പെട്ടപ്പോഴും ഈശോയുടെ മുഖം ശാന്തമായിരുന്നു പക്ഷേ ധീരവും. സഭയില്‍നിന്നും പുറത്തു നിന്നും വിമര്‍ശനങ്ങളും എതിര്‍പ്പുകളും നേരിടേണ്ടി വന്നപ്പോഴും പിതാവ് ശാന്തനായിരുന്നു. തന്റെ നിലപാടുകളില്‍ ധീരനും. വ്യക്തിപരമായ അധിഷേപങ്ങള്‍ക്കുപോലും അദ്ദേഹത്തെ പ്രകോപിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നുള്ളത് കാലം തെളിയിച്ച സത്യമാണ്. അടിസ്ഥാനരഹിതങ്ങളായ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും യുക്തിരഹിതവും പൊള്ളത്തരവുമായിരുന്നെന്ന് കാലം ഇതിനോടകം വെളിപ്പെടുത്തികഴിഞ്ഞു. ദൈവഹിതം നിവര്‍ത്തിക്കുമ്പോള്‍ ഏറ്റെടുക്കേണ്ടി വരുന്ന സഹനങ്ങള്‍ പ്രവാചകര്‍ക്ക് ശാന്തതയും ധീരതയും പകരുന്നതായാണ് വേദപുസ്തകത്തിലെ സന്ദേശം.

ജീവിതം വില നല്കിയ പ്രവാചകന്‍

കനത്ത വില നല്‌കേണ്ടവനാണ് പ്രവാചകന്‍. ശിരസ്സ് ഛേദിക്കപ്പെട്ടേക്കാം, അകാലത്തില്‍ മൃത്യുവരിക്കപ്പെട്ടേക്കാം, ജീവിക്കുന്ന രക്തസാക്ഷിയായി മാറിയേക്കാം. പ്രവാചകത്വത്തിന്റെ സമ്പൂര്‍ണ്ണത നാം ഈശോയില്‍ കാണുമ്പോള്‍ അവന്‍ സ്വജീവിതം ബലിയായി നല്കിയവനാണ്. ജനകീയ പിന്‍തുണക്കും, ലഭിക്കാമായിരുന്ന പല സ്ഥാനമാനങ്ങള്‍ക്കുംവേണ്ടി നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത പ്രവാചകനാണ് പിതാവ്. എനിക്ക് ജീവിതം മിശിഹായെന്ന് പറഞ്ഞ ശ്ലീഹായെപ്പോലെ തന്റെ ജീവിതം മിശിഹായ്ക്കും അവന്റെ സഭയ്ക്കും നല്കിയ കാലഘട്ടത്തിന്റെ പ്രവാചകനാണ് പിതാവ്. ‘ഓര്‍മ്മ പുസ്തകം’ എന്ന തന്റെ ആത്മകഥാപരമായ കുറിപ്പില്‍ പിതാവ് ഓര്‍ത്തു പറയുന്ന കാര്യം, ചങ്ങനാശേരിയിലേക്ക് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് യാത്രയായപ്പോള്‍ ആരോ ചെവിയില്‍ പറഞ്ഞത്രേ ‘ചങ്ങനാശേരി ജീവിതം രക്തസാക്ഷിത്വത്തിന്റെ ജീവിതമാകും.’ അക്ഷരാത്ഥത്തില്‍ അത് ശരിയായിരുന്നു എന്ന് പിതാവ് പലപ്പോഴും എന്നോട് പറഞ്ഞിട്ടുമുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ തെറ്റിധരിക്കപ്പെടുക രക്തസാക്ഷിത്വമല്ലാതെന്താണ്!

ഉറങ്ങാത്ത കാവല്‍ക്കാരന്‍

പുലര്‍ച്ചെ ഉണരുന്ന പിതാവ് തന്റെ ആത്മീയ ദിനചര്യകള്‍ കഴിഞ്ഞാല്‍ ഒന്‍പതോളം പത്രങ്ങള്‍ വായിക്കും. അതുകൊണ്ട് തന്നെ ഓരോ സംഭവങ്ങളോടുമുള്ള പിതാവിന്റെ പ്രതികരണങ്ങള്‍ക്ക് ഈ തലമുറ കാതോര്‍ക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന ന്യുനപക്ഷ അവകാശങ്ങള്‍ ധ്വംസിക്കപ്പെട്ടപ്പോഴെല്ലാം പവ്വത്തില്‍ പിതാവ് തന്റെ തൂലികക്ക് മൂര്‍ച്ചകൂട്ടി. മതത്തെക്കുറിച്ചും, രാഷ്ട്രത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തമായ ബോധ്യത്തോടെ സമൂഹത്തോട് സംവദിക്കാനുള്ള കഴിവാണ് പിതാവിനെ ഈ കാലഘട്ടത്തിന്റെ പ്രവാചകനാക്കി മാറ്റുത്. ഭരണഘടന (Constitution), നീതിന്യായ വ്യവസ്ഥിതി (Judiciary) ഭരണനടത്തിപ്പിനുള്ള ഉദ്യോഗസ്ഥ വ്യവസ്ഥിതി (Bureaucracy) മാധ്യമങ്ങള്‍ (Media) അഭിപ്രായ സ്വാതന്ത്രൃം (Freedom of Expression) എന്നിവയെ പ്രവാചക പാടവത്തോടെ തന്റെ മൂര്‍ച്ചയുള്ള തൂലികകൊണ്ട് കോടികെട്ടി സംരക്ഷിച്ച കാലഘട്ടത്തിന്റെ ജാഗ്രതയുള്ള കാവല്‍ക്കാരനാണ് പിതാവ്.

ജീവിക്കുന്ന കാലഘട്ടത്തിന്റെ അടയാളങ്ങളുടെ ദൈവികമാനം വെളിപ്പെടുത്തുന്നവനും ആ വഴിനടക്കാന്‍ മാതൃക കാണിക്കുന്നവനുമാണ് പ്രവാചകന്‍. എങ്കില്‍ സമകാലീന കാലഘട്ടത്തില്‍ അതായിരുന്നു പവ്വത്തില്‍ പിതാവ്. നവതിയിലേക്ക് പ്രവേശിക്കുന്ന പിതാവിന് ആശംസകള്‍ നേരുന്നു.