ന്യൂഡൽഹി: ജലന്ധർ രൂപതയിലെ വൈദികൻ ഫാ. ആന്റണി മാടശേരിയിൽനിന്നു പിടിച്ചെടുത്ത പണത്തിൽ തട്ടിപ്പു നടത്തിയ സംഭവത്തിൽ മൂന്ന് എഎസ്ഐ അടക്കം നാലു പേരെ പഞ്ചാബ് പോലീസ് സർവീസിൽനിന്നു പുറത്താക്കി. പട്യാല സീനിയർ പോലീസ് ഓഫീസർ മന്ദീപ് സിംഗ് സിദ്ദുവാണ് നടപടിയെടുത്തത്. ജലന്ധർ രൂപത ആസ്ഥാനത്തു റെയ്ഡ് നടത്തിയതും വൈദികനിൽനിന്നു പണം പിടിച്ചെടുത്തതും ആവശ്യമായ അനുമതി തേടാതെയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ജലന്ധർ രൂപത സഹോദയ സൊസൈറ്റിയുടെ അക്കൗണ്ടിൽ അടയ്ക്കുന്നതിനായി ഫാ. ആന്റണി മാടശേരി ബാങ്ക് ഉദ്യോഗസ്ഥർക്കൊപ്പം പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ കഴിഞ്ഞ മാർച്ച് 29നു പോലീസ് പണം പിടിച്ചെടുക്കുകയായിരുന്നു. പിടിച്ചെടുത്ത 16.65 കോടിയിൽ 6.65 കോടി കാണാതായ സംഭവത്തിലാണ് അന്വേഷണം നടന്നത്. സംഭവം വിവാദമായതോടെ ഐജി പ്രവീണ്‍ സിൻഹയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അന്വേഷിക്കുകയും ഡിജിപിക്ക് റിപ്പോർട്ട് കൈമാറുകയും ചെയ്തു. എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ രണ്ട് എഎസ്ഐമാരെ സസ്പെൻഡ് ചെയ്തതും വ്യാജരേഖ ഉപയോഗിച്ച് കൊച്ചിയിൽ താമസിക്കുകയായിരുന്ന ഇവരെ കേരള പോലീസ് അറസ്റ്റ് ചെയ്തതും.
എഎസ്ഐമാരായ ജോഗിന്ദർ സിംഹ്, രാജ്പ്രീത് സിംഗ്, ദിൽബാഗ് സിംഗ്, ഹെഡ് കോണ്‍സ്റ്റബിൾ അമ്രിക് സിംഗ് എന്നിവരെയാണ് വകുപ്പുതല അന്വേഷണങ്ങൾ പൂർത്തിയാക്കി ഡിസ്മിസൽ നടപടികൾക്കു വിധേയമാക്കിയത്. ഇവരിപ്പോൾ പട്യാല സെൻട്രൽ ജയിലിൽ ശിക്ഷാ നടപടികൾ നേരിടുകയാണ്. റെയ്ഡ് നടപടികൾക്കും പണം തട്ടിപ്പിനും മേൽനോട്ടം വഹിച്ചതായി കണ്ടെത്തിയ ഖന്ന സീനിയർ സൂപ്രണ്ടന്റ് ഓഫ് പോലീസ് ധ്രുവ് ദാഹിയയെ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ തത്സ്ഥാനത്തുനിന്നു നീക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ തെരഞ്ഞെടുപ്പു കമ്മീഷൻ സ്വീകരിച്ച നടപടി പഞ്ചാബ് ചീഫ് ഇലക്ടറൽ ഓഫീസർ എസ്. കരുണ രാജു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു.
ഇക്കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവി ദിൻകർ ഗുപ്തയിൽനിന്നു തെരഞ്ഞെടുപ്പ് ഓഫീസർ വിശദമായ റിപ്പോർട്ട് തേടിയിരുന്നു.
പോലീസ് സേനയെ മുഴുവൻ സംശയത്തിന്റെ മുനയിൽ നിർത്തുന്ന നീക്കങ്ങളാണ് ഖന്ന സീനിയർ പോലീസ് സൂപ്രണ്ട് ധ്രുവ് ദഹിയയുടെ ഭാഗത്തു നിന്നുണ്ടായതെന്നു ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു. ഹവാല പണം എന്നാരോപിച്ച് വൈദികന്റെ കൈയിൽനിന്നു പണം പിടിച്ചെടുത്ത സംഭവത്തിലെ അന്വേഷണ മേൽനോട്ടമായിരുന്നു എസ്പി ധ്രുവ് ദാഹിയയ്ക്ക് ഉണ്ടായിരുന്നത്.
തെറ്റായ വിവരത്തിന്റെ പേരിൽ പോലീസ് റെയ്ഡ് നടത്തിയതിൽ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്നും പിടിച്ചെടുത്ത പണത്തിൽ തട്ടിപ്പു നടത്തിയെന്നും എസ്ഐടി നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു.
ബിഷപ് ഡോ.ഫ്രാങ്കോയുടെ അടുപ്പക്കാരനിൽനിന്നു കള്ളപ്പണം പിടിച്ചു എന്നാക്ഷേപിച്ചു ചില മാധ്യമങ്ങൾ പണം പിടിച്ചെടുത്ത സംഭവം വലിയ വാർത്തയാക്കിയിരുന്നു. എന്നാൽ, ജലന്ധർ രൂപതയിലെ സ്കൂളുകളിൽനിന്നു ശേഖരിച്ചു ബാങ്കിൽ അടയ്ക്കാൻ സൂക്ഷിച്ചിരുന്ന കൃത്യമായ രേഖകളുള്ള പണമാണ് പോലീസ് അനധികൃതമായി പിടിച്ചുകൊണ്ടുപോയതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.