മലക്കല്‍: ആഭ്യന്തര പ്രശ്നങ്ങള്‍ കൊണ്ട് സമാധാന അന്തരീക്ഷം നഷ്ട്ടമായ തെക്കന്‍ സുഡാനിലെ പ്രാദേശിക രൂപതക്ക് നീണ്ട പത്തു വര്‍ഷങ്ങള്‍ക്കു ശേഷം പുതിയ അധ്യക്ഷന്‍. 2009-ല്‍ ബിഷപ്പ് അന്തരിച്ചതിനെ തുടര്‍ന്ന്‍ മെത്രാനില്ലാതിരുന്ന മലക്കല്‍ രൂപതയുടെ പുതിയ മെത്രാനായി മുന്‍ വികാര്‍ ജനറലായിരുന്ന അഭിവന്ദ്യ റവ. ഡോ. സ്റ്റീഫന്‍ അഡോര്‍ മോജ്വോക്കാണ് അഭിഷിക്തനായത്. ജൂലൈ 28-ഞായറാഴ്ച മലക്കലെ ക്രൈസ്റ്റ് ദി കിംഗ് ഇടവകയില്‍ വെച്ച് നടന്ന സ്ഥനാരോഹരണ ചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ഉപരാഷ്ട്രപതി ജെയിംസ് വാനി ഇഗ്ഗ, കര്‍ദ്ദിനാള്‍ ഗബ്രിയേല്‍ സുബേര്‍ വാക്കോ എന്നിവര്‍ക്ക് പുറമേ കിഴക്കന്‍ ആഫ്രിക്കയിലെ വത്തിക്കാന്‍ പ്രതിനിധിയും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിരവധി പുരോഹിതരും ചടങ്ങില്‍ പങ്കെടുത്തു.