മഹാത്മാജി സമാധിയായിട്ട് 72 വര്‍ഷങ്ങളും മാതൃരാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് 73 വര്‍ഷങ്ങളും പിന്നിടുമ്പോള്‍
ഭാഗം ഒന്ന് – സത്യത്തില്‍ വിരിയുന്ന സ്വാതന്ത്ര്യം
സത്യത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്ന സ്വാതന്ത്ര്യം
ഇന്ത്യ മഹാരാജ്യത്തില്‍ ഗാന്ധിജിയുടെ കാലം മുതല്‍ മുഴങ്ങിയ മന്ത്രധ്വനിയാണ് ‘സത്യമേവ ജയതേ’! പക്ഷേ സത്യം ഇന്ന് ഈ രാജ്യത്തില്‍നിന്നും പടിയിറങ്ങിയോ അതോ, രാഷ്ട്രീയ മേലാളന്മാരുടെ അധികാരക്കൊതിയില്‍നിന്നും ധനമോഹത്തില്‍നിന്നും ഉയിര്‍ക്കൊണ്ട ആര്‍ത്തിയില്‍ ഭാരതീയര്‍ സത്യത്തെ കുടിയിറക്കിയോ? സത്യം ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണ് ഇന്നിന്‍റേത്. സത്യം പറഞ്ഞാല്‍ ഇവിടെ ജീവിക്കാന്‍ സാധിക്കില്ല എന്ന മിഥ്യാധാരണയും നമ്മുടെയൊക്കെ മനസ്സില്‍ വളര്‍ന്നു വരുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. വ്യക്തിയുടെ ഉള്ളില്‍ ദൈവത്തിന്‍റെ അംശമായിട്ടു നിലനില്ക്കുന്ന ഭാവമാണ് സത്യം.
സത്യത്തില്‍നിന്നാണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ഉയിര്‍ക്കൊള്ളുന്നത്. സത്യസന്ധത പുലര്‍ത്താത്ത ഒരാളുടെ സ്വാതന്ത്ര്യം അയാളുടെ തന്നെ നാശത്തിനു കാരണമായിത്തീരും. സത്യമില്ലാത്തവരുടെ മനസ്സില്‍ എന്നും അങ്കലാപ്പായിരിക്കും. അവരില്‍നിന്നും വര്‍ഗ്ഗീയതയുടെയും വംശീയതയുടെയും വിഷം ചീറ്റിക്കൊണ്ടിരിക്കും. പകയും വൈരാഗ്യവുംകൊണ്ട് മനസ്സ് കലുഷിതമാകും. രാജ്യത്തിന്‍റെ സുസ്ഥിതിക്കുവേണ്ടിയും ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയും തങ്ങളുടെ ജീവിതം സമര്‍പ്പിക്കുക എന്ന ലക്ഷൃത്തിലാണ് സ്വാതന്ത്ര്യത്തിനുശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ ഗാന്ധിജിയുടെയും മറ്റും നേതൃത്വത്തില്‍ രൂപംകൊണ്ടത്. പക്ഷേ, സ്വതന്ത്രഭാരതത്തിലെ പാര്‍ട്ടികളും ജനകീയ പ്രസ്ഥാനങ്ങളും പാര്‍ട്ടിയുടെയോ സമുദായത്തിന്‍റെയോ താല്പര്യങ്ങള്‍ക്കുവേണ്ടി സത്യത്തെ പലപ്പോഴും ബലികഴിച്ചു. അതിന്‍റെ ദുരന്ത പര്‍വങ്ങളാണ് ബാബറി മസ്ജിദും ഗുജറാത്തിലെ ഗോധ്രയും ഒറീസ്സിയലെ കാണ്ഡമാലും, ഇന്നിന്‍റെ കാശ്മീറുമെല്ലാം. പാര്‍ട്ടികള്‍ അസത്യത്തെയാണ് പൂവിട്ടു പൂജിക്കുന്നത്. തങ്ങളുടെ അധികാരം ഉറപ്പിക്കുവാന്‍വേണ്ടി സത്യത്തെ ബലികൊടുക്കുന്ന അധികാരവൃന്ദം മഹത്തായ ജനാധിപത്യത്തിനു ശാപമായിത്തീരുന്നു.
ഗാനശകലം – വന്ദേ മാതരം
നാടിനു ശാപമായി അസത്യവും അഴിമതിയും
ഇന്ത്യിലെ കോടാനുകോടി ദരിദ്രരെ കണ്ട് മനസ്സലിഞ്ഞ്, സ്വന്തം ഉടുവസ്ത്രംപോലും അവര്‍ക്കു ഊരിക്കൊടുത്തുകൊണ്ട് ജീവിതകാലമൊക്കെയും അര്‍ദ്ധനഗ്നനായ ഒരു ‘സാധു’വായി ജീവിച്ച, അല്ലെങ്കില്‍ സാധു ഗുരുവിനെപ്പോലെ ജീവിച്ച മഹാത്മഗാന്ധിയുടെ പൈതൃകം പേറുന്നവരെന്ന് അവകാശപ്പെടാന്‍പോലും യോഗ്യതയില്ലാത്തതായി തീരുന്നു ഭാരതീയ രാഷ്ട്രീയം. ഏതൊരു വികസനത്തിന്‍റെയും ആദ്യപാദം ഇന്ത്യയെ സംബന്ധിച്ചിടത്തോളം കോടാനുകോടി ദരിദ്രരുള്ള ഗ്രാമങ്ങളില്‍ ആരംഭിക്കണം എന്നതായിരുന്നു ഗാന്ധിജിയുടെ വീക്ഷണം.
ദരിദ്രരെ സഹായിക്കുന്നതിനായി ഗവണ്‍മെന്‍റ് ചെലവഴിക്കേണ്ട ഓരോ രൂപയുടെയും 15 പൈസ മാത്രമേ സാധാരണക്കാരില്‍ എത്തിച്ചേരുന്നുള്ളൂവെന്ന് മുന്നു ദശകങ്ങള്‍ക്കുമുമ്പ് അന്നത്തെ പ്രധാനമന്ത്രി, രാജീവ് ഗാന്ധി പറഞ്ഞിട്ടുണ്ട്. ഉദ്ദേശിക്കുന്ന ഗുണഭോക്താക്കളിലേയ്ക്ക് ഒരു പൈസപോലും എത്തിച്ചേരാത്ത വിധത്തില്‍ അത്രമാത്രം അഴിമതിയില്‍ മുങ്ങിയ സംഭവങ്ങള്‍ ഇന്ന് നമുക്കുചുറ്റും കേള്‍ക്കാം. അഗസ്ത ഹെലികോപ്റ്റര്‍ വാങ്ങലിലും, റഫായേല്‍ യുദ്ധവിമാനക്കാരാറിലുമെല്ലാം ഇടനിലക്കാരായി സ്വകാര്യകമ്പനികളെവച്ച് സര്‍ക്കാര്‍ നേതൃത്വങ്ങള്‍ നടത്തിയ അഴിമതികള്‍ ഭീമമാണ്. എന്തിന്, ജനസംഖ്യയുടെ മൂന്നില്‍ രണ്ടു വിഭാഗം പാവങ്ങളെയും ഇടത്തരക്കാരെയും ലക്ഷൃംവച്ചുകൊണ്ടു വന്ന ഭക്ഷൃസുരക്ഷാപദ്ധതിയും അഴിമതിയില്‍ മറ്റൊരു റെക്കോഡ് സ്ഥാപിച്ചു കഴിഞ്ഞു. രാജ്യാന്തര തലത്തില്‍ ഇന്ത്യയെ പുരോഗതിയിലേയ്ക്കു കുതിക്കുന്ന ലോകരാഷ്ട്രങ്ങളില്‍ ഒന്നെന്നെല്ലാം വിശേഷിപ്പിക്കാറുണ്ട്. പക്ഷേ ജീവിത നിലവാരത്തിന്‍റെ സൂചികയില്‍ ഇന്ത്യയെ മൊത്തമായി വിലയിരുത്തുമ്പോള്‍ നമ്മുടെ രാജ്യം ആഗോളതലത്തില്‍ ചില ദരിദ്രരാജ്യങ്ങളേക്കാള്‍ താഴേയാണെന്നതാണ് സത്യം. ഈ അധോഗതി വര്‍ഷം ചെല്ലുന്തോറും കൂടുകയല്ലാതെ കുറയുന്നില്ല.
‘അഴിമതി വിമുക്തഭാരതം’ ഒരു സ്വപ്നം
ഇന്ത്യയുടെ സ്വാതന്ത്ര്യം ശരിയായ ദിശയില്‍ എല്ലാവര്‍ക്കും ആസ്വദിക്കുവാനും അനുഭവിക്കുവാനും സാധിക്കണമെങ്കില്‍ ഇന്ത്യയിലെ ജനങ്ങളും ജനപ്രതിനിധികളും സത്യത്തിന്‍റെ വഴിയില്‍ നീങ്ങണം. നെഞ്ചത്തു കൈവച്ച് ‘ഭാരതം എന്‍റെ നാടാണെന്നും, ഭാരതീയരെല്ലാം സോഹദരീ സഹോദരന്മാരാണെ’ന്നുമുള്ള ചിന്തയുടെ അഗ്നിയില്‍ നാമെല്ലാവരും സ്വയം ശൂദ്ധികരിക്കപ്പെടണം. സത്യസന്ധതയും പൗരബോധവുമുള്ള ഇന്ത്യക്കാരുടെ എണ്ണം കൂടുന്നതനനുസരിച്ച് മാത്രമേ ഈ രാജ്യത്തിലെ അഴിമതിയുടെയും തിന്മയുടെയും ഗ്രാഫ് താഴുകയുള്ളൂ. ‘അഴിമതി വിമുക്തഭാരതം’ എന്ന സ്വപ്നം യഥാര്‍ത്ഥ്യാമാക്കാന്‍ നാമെല്ലാവരും സത്യസന്ധമായി പണിയെടുക്കുവാനും പെരുമാറുവാനും തയ്യാറാകേണ്ടിയിരിക്കുന്നു, കൈകോര്‍ത്ത് പരിശ്രമിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ഇച്ഛാശക്തിയില്‍നിന്നും, ആത്മാര്‍ത്ഥമായ പരിശ്രമത്തില്‍നിന്നും മാത്രമേ സ്വാതന്ത്ര്യത്തിന്‍റെ പൊന്‍പ്രഭ ഭാരതമണ്ണില്‍ തെളിയുകയുള്ളൂ!
ഈ ഗാനം ജെറി അമല്‍ദേവിന്‍റെ SingIndia ഗായകസംഘം ആലപിച്ചതാണ്. രബീന്ദ്രനാഥ് ടഗൂറിന്‍റെ രചനയും സംഗീതവുമാണ്.
രണ്ടാംഭാഗം – മറിയം സ്വര്‍ഗ്ഗാരോപിത
ദൈവിക കനിവിന്‍റെ ആള്‍രൂപം – മറിയം
ഒരായിരം ചിത്രങ്ങളിലും കലാരൂപങ്ങളിലും കൊത്തിവയ്ക്കപ്പെട്ട മാതൃസ്നേഹം മറിയമെന്ന ബലിഷ്ഠഗോപുരത്തിന്‍റെ ദിവ്യബിംബം മാത്രമാണ്. മറിയം ഏറെ പ്രഘോഷിക്കപ്പെടുമ്പോഴും അവളുടെ ആന്തരികത ഇനിയും കാണാമറയത്തു കാത്തുനില്ക്കുന്നു. നസ്രത്തിലെ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു അവള്‍. അസാധാരണമായ ഒന്നുംതന്നെ അവള്‍ക്കില്ലാത്തതിനാല്‍ ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മറിയം പകച്ചുപോയി. അത്തരമൊരനുഭവം അവള്‍ക്കാദ്യമായിരുന്നു. പൂപറിച്ചും, പാട്ടുപാടിയും, ആടി രസിച്ചും, ആടിനെ നോക്കിയും, കൂട്ടുകാരോടു സല്ലപിച്ചും, കൂടണയുമ്പോള്‍ നമസ്ക്കാരം ചൊല്ലിയും നടന്നു നീങ്ങിയ ആ ഗ്രാമീണ പെണ്‍കുട്ടിയെ ദൈവം എല്ലാക്കാലത്തേയ്ക്കുമായി തന്‍റേതായി ചേര്‍ത്തുവച്ചു. കനം കുറഞ്ഞ ജീവിതങ്ങളെ ദൈവം ചേര്‍ത്തു പിടിക്കുന്നത് ചരിത്രത്തില്‍ എക്കാലത്തും കാണാം. ഏതൊരു സാഹചര്യത്തിലും അങ്ങനെയുള്ള എളിയവര്‍ ദൈവിക കനിവിന്‍റെ അടയാളങ്ങളാണ്.
കൃപാപൂര്‍ണ്ണയായ അമ്മ
“മറിയമേ, ഭയപ്പെടേണ്ട. ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു!” (ലൂക്കാ 1, 30). മാനുഷികമായി നോക്കിയാല്‍ ഭയപ്പെടാന്‍ ഏറെക്കാര്യങ്ങള്‍ അവള്‍ക്കുണ്ടായിരുന്നു. ‘മൃഗമായോ സ്ത്രീയായോ എന്നെ സൃഷ്ടിക്കാത്തതിനു നന്ദി,’ എന്ന പ്രാര്‍ത്ഥന മൂന്നാവര്‍ത്തി ഉരുവിടുന്ന യഹൂദ സംസ്ക്കാരത്തിലാണ് അവളുടെ ജനനം. ഗാര്‍ഹികസ്വപ്നങ്ങളൊക്കെ കീഴ്മേല്‍ മറിയുമോ എന്ന ഭയം, സംശയിക്കപ്പെട്ടേക്കാവുന്ന മാതൃത്വത്തിലാണ് അവള്‍ എത്തിപ്പെട്ടത്. അതിനാല്‍ നാളെയിലേയ്ക്കു നോക്കിയാല്‍ കരിമ്പടം പുതച്ച ആകാശംപോലെയാണ് അവളുടെ ജീവിതം. എന്നിട്ടും ദൈവിക കനിവിന്‍റെ മഴവില്ലു മറിയത്തിന്‍റെമേല്‍ വിരിഞ്ഞു. അതേ, അവള്‍ ഭാഗ്യപ്പെട്ടവള്‍, ഭാഗ്യവതി തന്നെ!
പൊതുവേ ശക്തമായ സ്ത്രീ ബിംബങ്ങള്‍ രക്ഷാകര ചരിത്രത്തില്‍ കുറവാണെങ്കിലും, തകര്‍ന്നടിഞ്ഞതും തളര്‍ന്നുപോയതുമായ സകല സ്ത്രീകള്‍ക്കും പ്രത്യാശയുടെ അടയാളവും മാതൃകയുമാണ് നസ്രത്തിലെ മറിയം. ക്രിസ്തുവിലേയ്ക്കും പുതുയുഗത്തിലേയ്ക്കും വളരാന്‍ കൊതിക്കുന്ന മുഴുവന്‍ മാനവരാശിയുടെയും പ്രത്യാശയും മാതൃകയുമാണു നസ്രത്തിലെ മറിയം. ദൈവം തിരഞ്ഞെടുക്കുന്ന ജീവിതങ്ങള്‍ എപ്പോഴും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞവയാണ്. മറിയമാണതിന്‍റെ ശ്രേഷ്ഠമാര്‍ന്ന ഉടല്‍രൂപം.
ഗാനശകലം – സ്വര്‍ഗ്ഗാരോപിത വിമലാംബേ
വൈരുദ്ധ്യങ്ങളിലെ ദൈവിക വെളിപാട്
യഥാര്‍ത്ഥത്തില്‍ വൈരുദ്ധ്യങ്ങള്‍ക്കിടയില്‍ വെളിപാടു കാണാന്‍ നാം മറന്നുപോകരുത്. മഴയും വെയിലും ഓരേ നാണയത്തിന്‍റെ ഇരുപുറങ്ങള്‍തന്നെയല്ലേ. ചിലപ്പോള്‍ ഏറെ സമാധാനത്തിനും, മറ്റുചിലപ്പോള്‍ ഏറെ തകര്‍ച്ചയിലും ജീവിക്കേണ്ടിവരുന്ന നാം തളര്‍ന്നുപോകരുത്. ജീവിതത്തിന്‍റെ ഊഷരഭൂമിയില്‍ നടന്നെങ്കിലേ ആത്മീയതയുടെ പൊരുളറിയാന്‍ കഴിയൂ. മരുഭൂമി കടക്കാതെ കാനാന്‍ ദേശമില്ല. ഈറ്റുനോവിന്‍റെ വഴികളിലാണ് മാതൃസ്നേഹത്തിന്‍റെ അടയാളങ്ങള്‍ ഉദിക്കുന്നത്. ത്യാഗത്തിന്‍റെയും സത്യത്തിന്‍റെയും പാതയില്‍ സ്നേഹവും ആത്മീയസ്വാതന്ത്ര്യവും കണ്ടുമുട്ടാതിരിക്കില്ല.
മറിയത്തിന്‍റെ ജീവിതത്തിലേയക്ക് നമുക്ക് എത്തിനോക്കാം. ശിശുവിനു ജന്മംനല്കാന്‍ സത്രങ്ങളുടെ ഒരു വാതിലും അവള്‍ക്കായി തുറന്നില്ല. എന്നിട്ടും പ്രപഞ്ചത്തിന്‍റെ മുഴുവന്‍ അമ്മയായി തീര്‍ന്നു മറിയം! തിരസ്ക്കരിച്ച ഭൂമിതന്നെ ആ സ്ത്രീയെ ചേര്‍ത്തണയ്ക്കേണ്ടി വന്നു. എല്ലാവാതിലുകളും അടയുമ്പോഴും ദൈവം നമുക്കായൊരു വാതില്‍ തുറക്കുമെന്ന സത്യം മറക്കാതിരിക്കുക. പ്രപഞ്ചത്തിന്‍റെ മടിത്തട്ടില്‍ ഒരമ്മയും മകനും ഒരിക്കലും അനാഥമാകില്ല. അനാഥമാകാന്‍ പാടില്ല. കാല്‍വരിയില്‍ ക്രിസ്തു യോഹന്നാനെ വിളിച്ചതു ‘സെബദീപുത്രന്‍’ എന്നല്ല, “മകനേ…” എന്നാണ്. മനുഷ്യകുലത്തിന്‍റെ മുഴുവന്‍ പ്രതിനിധിയാണ് കുരിശിന്‍ ചുവട്ടിലെ യോഹന്നാന്‍.
മറിയം ലോകമാതാവ്
സ്വന്തം അമ്മ ആരെന്നറിയാതെ പിറന്നു വീണവര്‍ക്കും, “അമ്മേ…” എന്നു വിളിക്കാന്‍ തരപ്പെടുമ്പോള്‍ അതു കേള്‍ക്കാനാളില്ലാതെ വരുന്നവര്‍ക്കും, അമ്മയുണ്ടായിട്ടും അനാഥത്വത്തിന്‍റെ വഴിയില്‍ തനിയെ സഞ്ചരിക്കുന്നവര്‍ക്കും, ഒരമ്മയ്ക്കായി കൊതിക്കുന്നവര്‍ക്കും മറിയം തുണയായുണ്ടെന്ന് ഓര്‍ക്കുക. അമ്മയുടെ സ്നേഹമോ തലോടലോ ലഭിക്കാതെ ഒരു കുഞ്ഞും ഈ ഭൂമിയില്‍ ഉണ്ടാകരുതേ…, എന്ന ധ്യാനത്തിലാണു മറിയത്തെ ക്രിസ്തു അമ്മയായി നല്കുന്നത്. ദൈവകൃപ നിറഞ്ഞവളാണു മറിയം. ത്യാഗത്തിന്‍റെ സമൃദ്ധിയിലാണു കൃപാവരം നിറയുന്നത്. മുളന്തണ്ടിന്‍റെ മുറിവുകള്‍ സംഗീതത്തിനു കാരണമാകുന്നതുപോലെ മറിയത്തിന്‍റെ ഹൃദയത്തില്‍ തുളഞ്ഞുകയറിയ വാള്‍ അവളെ കൃപാവരത്തിന്‍റെ സമൃദ്ധിയിലേയ്ക്കു നയിച്ചു. മനുഷ്യബന്ധിയായ ജീവിതമായിരുന്നു മറിയത്തിന്‍റേത്.
“അവന്‍ പറയുന്നതു ചെയ്യുക!”
മറിയം പുത്രന്‍റെ സഹായം തേടുന്നത് കാനായിലെ വിരുന്നിലാണ്. അമ്മയ്ക്കു ആ മകനോടുള്ള സ്വാതന്ത്ര്യത്തിന്‍റെ ഇടപെടലായിരുന്നത്. എക്കാലത്തേയ്ക്കുമുള്ള അവളുടെ സുവിശേഷപ്രഘോഷണ സന്ദേശവും അവിടെയാണ് ആരംഭിച്ചത്. ‘അവന്‍ പറയുന്നതുപോലെ ചെയ്യുക’. ഇതാണ് മറിയം നല്കിയ സന്ദേശം – ക്രിസ്തുവിന്‍റെ വചനം ശ്രവിക്കുക, അതുപ്രകാരം പ്രവര്‍ത്തിക്കുക. ജീവിതത്തിന്‍റെ വീഞ്ഞും വീര്യവും നഷ്ടമായവരൊക്കെ ക്രിസ്തു പറയുന്നതുപോലെ ചെയ്യുവാന്‍ മറിയം ഇന്നും നമ്മോട്- നിങ്ങളോടും എന്നോടും ആഹ്വാനംചെയ്യുന്നു. ക്രിസ്തുവില്‍ വളരാനും അവിടുത്തെ പ്രഘോഷിക്കുവാനും മറിയത്തിന്‍റെ ആഹ്വാനം ഉള്‍ക്കൊള്ളാം. സ്നേഹത്തിന്‍റെ സത്യസന്ധമായൊരു ജീവിതം നയിക്കാന്‍ അതുനമ്മെ സഹായിക്കും. മാനുഷികതയെയും മാനുഷികബന്ധങ്ങളുടെ പരിമിതികളെയും ത്യാഗത്തിന്‍റെ കാല്‍വരിയില്‍ മറികടന്ന മറിയത്തിന്‍റെ ജീവിതം, ഈ മണ്ണില്‍ അവസാനിക്കരുതെന്നത് ദൈവേഷ്ടമായിരുന്നിരിക്കണം.. അതിന്‍റെ അടയാളമാണ് മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം. മറിയം ഈ ഭൂമിയില്‍ പങ്കുവച്ച ദൈനംദിന ജീവിതയാഗത്തെ ദൈവം വാഴ്ത്തിപ്പാടിയത് സ്വര്‍ഗ്ഗാരോപണം എന്ന സംഭവത്തിലൂടെയും, സഭ പഠിപ്പിക്കുന്ന “യേശുവിന്‍റെ അമ്മയായ മറിയം സ്വര്‍ഗ്ഗാരോപിതയാണ്,” എന്ന വിശ്വാസസത്യത്തിലൂടെയുമാണ്.
ആത്മീയ സ്വാതന്ത്ര്യത്തിന്‍റെ നവജീവന്‍
നാം നെറ്റിയില്‍ കുരിശടയാളം വരയ്ക്കുമ്പോള്‍ ഭൂമിയിലെ അമ്മമാര്‍ ഓര്‍മ്മിക്കപ്പെടുകയും സ്വര്‍ഗ്ഗീയ അമ്മ വാഴ്ത്തപ്പെടുകയും ചെയ്യുന്നുണ്ട്. അമ്മയെ വിസ്മരിക്കരുത്. രക്ഷകനെ ചേര്‍ത്തുപിടിക്കുന്നവരൊക്കെ ഇനിമേല്‍ മറിയത്തെയും ചേര്‍ത്തുപിടിക്കണം.
കുഞ്ഞിനെ മാറില്‍ ചേര്‍ത്തുപിടിക്കുന്ന ഏതൊരമ്മയിലും പരിശുദ്ധ മറിയത്തിന്‍റെ വിദൂരഛായകള്‍ വീണുകിടക്കുന്നു. അമ്മയെ ചേര്‍ത്തുപിടിച്ചു നില്ക്കുന്ന ഏതൊരു മനുഷ്യനിലും, യോഹന്നാന്‍റേതുപോലെ ക്രിസ്തുവില്‍ നേടുന്ന സത്യത്തിന്‍റെയും ആത്മീയ സ്വാതന്ത്ര്യത്തിന്‍റെയും പ്രഭ നിറഞ്ഞുനില്ക്കുന്നു. ഭൗമികജീവിതത്തെ ധീരമായി ഉള്‍ക്കൊണ്ട സ്വര്‍ഗ്ഗാരോപിത, പരിശുദ്ധ കന്യകാമറിയം ഇതാ, ഇനിയും നമുക്ക് ആത്മീയ സ്വാതന്ത്ര്യത്തിന്‍റെ നവജീവന്‍ ഉറപ്പുതരുന്നു.