മാനന്തവാടി രൂപതാദ്ധ്യക്ഷന്‍റെ സര്‍ക്കുലര്‍ സംഗ്രഹം
10 August 2019
– കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷക്കെടുതികളില്‍ നിന്ന് കരകയറുന്നതിന് മുമ്പേ നമ്മെത്തേടിയെത്തിയ *ഇക്കൊല്ലത്തെ പ്രളയദുരിതങ്ങളെയും പ്രത്യാശയോടു കൂടിത്തന്നെ നമുക്ക് അഭിമുഖീകരിക്കാം.* ഈ സാഹചര്യങ്ങളെ നാം ഗൗരവത്തോടെ പഠിക്കുകയും കൂടുതല്‍ കാര്യക്ഷമമായ മുന്‍ കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
– ഇപ്പോഴത്തെ കാലാവസ്ഥ നമ്മെ ഭയപ്പെടുത്തുന്നുവെങ്കിലും നമ്മെ കാത്തുപരിപാലിക്കുന്ന ദൈവത്തെക്കുറിച്ചുള്ള ചിന്ത നമ്മെ ആശ്വസിപ്പിക്കേണ്ടതുണ്ട്. *നമ്മുടെ ദൈവാലയങ്ങളിലും കുടുംബങ്ങളിലും സമര്‍പ്പിതഭവനങ്ങളിലും നല്ല കാലാവസ്ഥക്കുവേണ്ടിയുള്ള ശക്തമായ പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം. സ്വര്‍ഗ്ഗാരോപണത്തിരുനാളിന്‍റെ പ്രത്യേകനിയോഗമായി ഈ വിഷയം സമര്‍പ്പിക്കണം*
– മേപ്പാടി, ഭൂദാനം, പാതാര്‍ പ്രദേശങ്ങളിലെ ഉരുള്‍പൊട്ടലില്‍ സംഭവിച്ച അതീവദുഖകരമായ സാഹചര്യത്തില്‍ ഹൃദയപൂര്‍വ്വം അനുശോചനം രേഖപ്പെടുത്തുന്നു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു വേണ്ടിയും നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്കും കഠിനദുഖത്തിലായിരിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
– *പ്രാര്‍ത്ഥനകള്‍ പ്രവൃത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജമായി മാറണം.* ഒപ്പം, നമ്മുടെ പ്രാര്‍ത്ഥന നമ്മെ സഹായിക്കാനായി മറ്റുള്ളവരുടെ മനസ്സിനെ തയ്യാറാക്കുകയും ചെയ്യും എന്നും ഓര്‍ത്തുകൊണ്ട് പ്രാര്‍ത്ഥിക്കണം..
– *നമ്മുടെ അയല്പക്കത്തുള്ളവര്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും മരുന്നും താമസസ്ഥലവും ഉണ്ട് എന്ന് നമ്മള്‍ ഉറപ്പ് വരുത്തണം.* പരസ്പരം അക്കാര്യം അന്വേഷിക്കുകയും അങ്ങനെയുള്ളവരെ കണ്ടെത്തി സ്വയം സഹായം കൊടുക്കുകയോ അതിനായി തയ്യാറുള്ളവരെ അറിയിക്കുകയോ ചെയ്യണം.
– ആദ്യമായി ശ്രദ്ധിക്കേണ്ടത് *താമസഥലം നഷ്ടപ്പെട്ടവര്‍ക്ക് തത്ക്കാലികമായിട്ടെങ്കിലും കയറിക്കിടക്കാന്‍ ഒരിടം കണ്ടെത്തിക്കൊടുക്കുക* എന്നതാണ്. കുടുംബങ്ങള്‍ അവര്‍ക്കുള്ള സൌകര്യങ്ങള്‍ പരിമിതങ്ങളാണെങ്കിലും ആവശ്യക്കാരുമായി പങ്ക് വയ്ക്കാന്‍ ശ്രമിക്കണം. താത്ക്കാലിക താമസത്തിനായി നമ്മുടെ പള്ളികളോ മറ്റ് കെട്ടിടങ്ങളോ ആവശ്യമെങ്കില്‍ തുറന്ന് കൊടുക്കാന്‍, ബഹുമാനപ്പെട്ട വികാരിയച്ചന്മാര്‍ പ്രത്യേകം ശ്രദ്ധിക്കണം.
– രണ്ടാമതായി *ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍, മറ്റ് അത്യാവശ്യവസ്തുക്കള്‍ എന്നിവ കൊടുക്കുന്നതിനെനെപ്പറ്റി ശ്രദ്ധിക്കണം*. രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും മറ്റും ബുദ്ധിമുട്ട് ഉണ്ടാകാം. ഭക്ഷണം ഇല്ലാതെയൊ ചികിത്സ കിട്ടാന്‍ മാര്‍ഗ്ഗമില്ലാതെയൊ ആരെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ ബഹുമാനപ്പെട്ട വികാരിയച്ചന്മാര്‍ വഴിയോ ഇടവകയിലെ സമര്‍പ്പിതര്‍ വഴിയോ സംഘടനാ ഭാരവാഹികള്‍ വഴിയോ അക്കാര്യം അറിയിച്ചാല്‍ രൂപതാ കേന്ദ്രത്തില്‍ നിന്ന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതാണ്. ബഹുമാനപ്പെട്ട വികാരിയച്ചന്മാരുടെയും സമര്‍പ്പിതരുടെയും സംഘടനാ ഭാരവാഹികളുടെയും ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാവുകയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്ന രൂപതാ സംവിധാനത്തില്‍ അറിയിക്കുകയും ചെയ്യുകയാണെങ്കില്‍ വേണ്ടത് ചെയ്യാന്‍ സാധിക്കും.
– പ്രളയവും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കായി റേഡിയോ മാറ്റൊലിയുമായി ബന്ധപ്പെടാവുന്നതാണ്. വിവരങ്ങളും അറിയിപ്പുകളും കൊടുക്കുന്നതിന് മൊബൈല്‍ നമ്പര്‍: 9446034422. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ രൂപതയുടെ Diocese of Mananthavadyഎന്ന ഫെയ്സ് ബുക്ക് പേജിലും ലഭ്യമാണ്. വാര്‍ത്തകളും ചിത്രങ്ങളും 9744667206 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്ക് അയച്ചുകൊടുത്താല്‍ പ്രാധാന്യമുള്ളവയെങ്കില്‍ അതില്‍ ചേര്‍ക്കുന്നതാണ്.
– ഉപകരണങ്ങളുടെ ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതിന് പള്ളികളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് ആവശ്യക്കാരെ സഹായിക്കുന്നതില്‍ ബഹുമാനപ്പെട്ട വികാരിയച്ചന്മാരും മറ്റ് സ്ഥാപനങ്ങള്‍ നടത്തുന്നവരും ശ്രദ്ധിക്കണം.
– കേരളകത്തോലിക്കാ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനത്തിന് ശേഷം വയനാട്ടിലേക്കുള്ള യാത്ര സാധ്യമല്ലാത്തതു കൊണ്ട് വ്യക്തിപരമായി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എനിക്കിപ്പോള്‍ സാധ്യമല്ല. എന്‍റെ അസാന്നിദ്ധ്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ബഹുമാനപ്പെട്ട ജനറാളച്ചന്‍റെയും രൂപതാ സോഷ്യല്‍ സര്‍വ്വീസ് ഡയറക്ടറുടെയും നേതൃത്വത്തില്‍ നന്നായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. അവരുടെ മൊബൈല്‍ നമ്പറുകള്‍ താഴെക്കൊടുക്കുന്നു. മോണ്‍സിഞ്ഞോര്‍ അബ്രാഹം നെല്ലിക്കല്‍ (വികാരി ജനറാള്‍): 8547407101. ഫാ. പോള്‍ കൂട്ടാല (സോഷ്യല്‍ സര്‍വ്വീസ് ഡയറക്ടര്‍): 9897809310.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരേയും ഹൃദയപൂര്‍വ്വം അനുമോദിക്കുന്നു, നന്ദി പറയുന്നു; പ്രാര്‍ത്ഥന വാഗ്ദാനം ചെയ്യുന്നു. അതുപോലെ തന്നെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവിന്‍റെ കൃപ നിങ്ങളേവരോടും കൂടെ ഉണ്ടായിരിക്കട്ടെ.
ബിഷപ്പ് ജോസ് പൊരുന്നേടം
മാനന്തവാടി രൂപതാ മെത്രാന്‍