കീത്ത്‌ലി: ഭാരത വിശുദ്ധയായ അൽഫോൻസയെ വിശേഷാൽ മധ്യസ്ഥയായി സ്വീകരിച്ചിരിക്കുന്ന ഒരു ഇംഗ്ലീഷ് സമൂഹമുണ്ട് അങ്ങ് യൂറോപ്പിൽ. വെസ്റ്റ് യോർക്ഷയറിലെ കീത്ത്‌ലി സെന്റ് ആൻസ് ഇടവകയാണ് വിശുദ്ധ അൽഫോൻസയെ ‘സ്വന്തം മധ്യസ്ഥ’യായി സ്വീകരിച്ചിരിക്കുന്ന ഇംഗ്ലീഷ് സമൂഹം. വിശുദ്ധയുടെ ഈ വർഷത്തെ തിരുനാൾ ആഘോഷം അവിസ്മരണീയമാക്കിയതിന്റെ സന്തോഷത്തിലാണ് ഇവിടത്തുകാർ. യൂറോപ്പിലേത് ഉൾപ്പെടെ പല രാജ്യങ്ങളിലും ഇന്ത്യൻ വിശുദ്ധരുടെ തിരുനാൾ ആഘോഷം നടക്കാറുണ്ടെങ്കിലും അവിടങ്ങളിൽ മലയാളികളായിരിക്കും സംഘാടകർ. എന്നാൽ ഇവിടെ ഇംഗ്ലീഷുകാർ അതിന് നേതൃത്വം കൊടുക്കുന്നു എന്നതാണ് വ്യത്യസ്ഥത.
ഇടവക വികാരി ഫാ. കാനൻ മൈക്കിൾ മക്രീഡിയുടെ കാർമികത്വത്തിലായിരുന്നു തിരുനാൾ ദിവ്യബലി. തുടർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തെക്കുറിച്ച് ഫാ. കാനൻ മൈക്കിൾ വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതം മാതൃകയാക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് ഓർമിപ്പിച്ച അദ്ദേഹം, ഭാരതത്തിലെയും ലീഡ്‌സ് സീറോ മലബാർ മിഷനിലെയും വിശ്വാസീസമൂഹത്തിന് തിരുനാൾ മംഗളങ്ങൾ നേർന്നു.
തുടർന്ന്, പ്രധാന അൽത്താരയിൽനിന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സ്ഥാപിച്ചിരിക്കുന്ന ചെറിയ അൽത്താരയിലേക്ക് പ്രദക്ഷിണം ക്രമീകരിച്ചിരുന്നു. അതേ തുടർന്ന് നടത്തിയ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളിൽ പാശ്ചാത്യരായ വിശ്വാസികൾ ഒന്നടങ്കം പങ്കുചേർന്നു. നിരവധി മലയാളി കുടുംബങ്ങളും തിരുന്നാളിൽ പങ്കെടുക്കാനെത്തിയിരുന്നു.
കീത്ത്‌ലി സെന്റ് ആൻസ് ദൈവാലയത്തിൽ 2011ലാണ് വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സ്ഥാപിച്ചത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപീകൃതമാകുംമുമ്പ് കീത്തിലിയിലെ മലയാളി ക്രൈസ്തവർ അവരുടെ ആധ്യാത്മീക ആവശ്യങ്ങൾ നിറവേറ്റാനും ദിവ്യബലിയിൽ പങ്കെടുക്കാനുമായി എത്തിയിരുന്നത് ഈ ദൈവാലയത്തിലായിരുന്നു. 2010ൽ ഇടവക വികാരിയായി നിയമിക്കപ്പെട്ട ഫാ. കാനൻ മൈക്കിളിന്റെ നിർദേശപ്രകാരമാണ് വിശുദ്ധ അൽഫോൻസയുടെ രൂപം ഇവിടെ സ്ഥാപിച്ചത്.
2011 മേയിലെ പ്രതിഷ്~ാകർമത്തിൽ ഫാ. സജി തോട്ടത്തിലായിരുന്നു മുഖ്യകാർമികൻ. ഫാ. കാനൻ മൈക്കിൾ സഹകാർമികത്വം വഹിച്ചു. അതേ തുടർന്നാണ് നൊവേനയും തിരുനാൾ ആഘോഷവും ആരംഭിച്ചത്. മാസത്തിൽ ഒരിക്കൽ മലയാളം ദിവ്യബലി അർപ്പണവും കീത്ത്‌ലിയിൽ ക്രമീകരിച്ചിരുന്നു. 2013- 2014ൽ ഫാ. ജോസഫ് പൊന്നേത്ത് ചാപ്ലൈനായി സീറോ മലബാർ ചാപ്ലൈൻസി രൂപപ്പെട്ടപ്പോൾ, സീറോ മലബാർ വിശ്വാസികൾക്ക് സ്വതന്ത്രമായി ഉപയോഗിക്കാൻ ലീഡ്‌സ് രൂപത അനുവദിച്ച മറ്റൊരു ദൈവാലയത്തിലേക്ക് ശുശ്രൂഷകൾ മാറ്റുകയായിരുന്നു. എങ്കിലും കീത്ത്‌ലി സെന്റ് ആൻസ് ഇടവകാംഗങ്ങളായ ഇംഗ്ലീഷുകാർ വിശുദ്ധ അൽഫോൻസയോടുള്ള മാധ്യസ്ഥ്യം ഇന്നും തുടർന്നുപോരുന്നു.
ദിവ്യബലി അർപ്പണത്തിനും പ്രത്യേക ശുശ്രൂഷകൾക്കും മാത്രമായി തുറന്നിരുന്ന കീത്ത്‌ലി സെന്റ് ആൻസ് ദൈവാലയം ഫാ. കാനൻ മൈക്കിൾ മക്രീഡിയുടെ വരവോടു കൂടിയാണ് കൂടുതൽ സജീവമായത്. കത്തീഡ്രലുകൾ ഒഴിച്ചാൽ പകൽ സമയം ആരാധനയ്ക്കായി തുറന്നുകൊടുക്കുന്ന ആദ്യത്തെ ദൈവാലയമെന്ന ഖ്യാദിയും കീത്ത്‌ലി സെന്റ് ആൻസ് ദൈവാലയം സ്വന്തമാക്കി. തുടക്കത്തിൽ കാര്യമായ പ്രതികരണം ഒന്നും ഉണ്ടായില്ലെങ്കിലും ക്രമേണ ആരാധനയ്ക്കായി എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായി.
പാശ്ചാത്യ സമൂഹം ദൈവാലയത്തിൽനിന്ന് അകലുമ്പോൾ കീത്ത്‌ലി സെന്റ് ആൻസ് ദൈവാലയം അതിൽനിന്ന് വേറിട്ടു നിൽക്കുന്നു. ഞായറാഴ്ചകളിൽ വിശ്വാസികളെ കൊണ്ട് തിങ്ങി നിറയുന്നു. വിശുദ്ധ അൽഫോൻസയെ കുറിച്ചറിഞ്ഞ് നിരവധി പേരാണ് മാധ്യസ്ഥ്യം തേടിയെത്തുന്നത്. മറ്റുള്ള രൂപങ്ങളോടൊപ്പം തന്നെ വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം അലങ്കരിക്കുന്നതിനും ഇടവകാംഗങ്ങൾ കൂടുതൽ താൽപ്പര്യം കാണിക്കുന്നു.
ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, ലീഡ്‌സ് ബിഷപ്പ് മാർക്കസ് സ്‌റ്റോക്ക്, ലീഡ്‌സ് സീറോ മലബാർ മിഷൻ ചെയർമാൻ ഫാ. മാത്യു മുളയോലിൽ എന്നിവർ സെന്റ് ആൻസ് ദൈവാലയം സന്ദർശിച്ച് പ്രാർത്ഥനാ ശുശ്രൂഷകൾ നയിച്ചിട്ടുണ്ട്.