വിശുദ്ധ ലൂക്കായുടെ സുവിശേഷം 12, 32-48
വീണ്ടും കേഴുന്ന കേരളം
കേരളം വീണ്ടും കേഴുന്ന നാളുകളാണിത്. വലിയൊരു ദുരന്തത്തിന്‍റെ വാര്‍ഷിക നാളില്‍ ഇതാ, വീണ്ടും വടക്കു കിഴക്കന്‍ മലനാട് മലവെള്ളപ്പാച്ചിലിലും ഉരുള്‍പ്പൊട്ടലിലും മണ്ണൊലിപ്പിലും കേഴുകയാണ്. കേരളത്തിന്‍റെ നല്ലൊരു ഭാഗവും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഒരുനാള്‍ നാം വെട്ടിപ്പിടിച്ച മലയും മേടും, അവിടെ കെട്ടിയുണ്ടാക്കിയ വീടും തൊടിയും, തെങ്ങും കൗങ്ങും, റബ്ബറും കാപ്പിയും, വയലും വരമ്പുമൊക്കെ നാമാവശേഷമാകുന്നു. വെറുംകൈയ്യോടെ നാം മാറിനില്ക്കേണ്ടി വരുന്നു. ഒന്നുമില്ലാത്തവരാകുന്നു. നിസ്സഹായരാകുന്നു. ഇത്തവണയും എത്രയെത്ര ജീവനഷ്ടങ്ങള്‍! നമുക്കു ദൈവോന്മുഖരാകാം! കാരണം ഇതു ദൈവത്തിന്‍റെ നാടാണ്!!
ദൈവപരിപാലനയില്‍ ആശ്രയിക്കാം!
“ദൈവത്തിന്‍റെ നാടെ”ന്നു, അത്ര ചിന്തയൊന്നുമില്ലാതെ വിനോദസഞ്ചാരത്തിന്‍റെ പരസ്യംപോലെ എഴുതിവയ്ക്കുകയും പറയുകയും ചെയ്യാറുണ്ടെങ്കിലും, മറക്കരുത് കേരളം ദൈവത്തിന്‍റെ നാടുതന്നെയാണ്. നല്ല പച്ചപ്പും ധാരാളം ജലസ്രോതസ്സുകളുമുള്ള ഈ കൊച്ചുനാട് തീര്‍ച്ചയായും ദൈവത്തിന്‍റേതാണ്. ദൈവം നമുക്കു ദാനമായി തന്നതാണ്. അതിനെ പരിപാലിക്കണേ, രക്ഷിക്കണേ ദൈവമേ…, എന്നു പ്രാര്‍ത്ഥിക്കാം. ദുരന്തത്തില്‍പ്പെട്ടു കേഴുന്നവരെ പ്രത്യേകം ഓര്‍ക്കാം. മരണമടഞ്ഞവരെയും അവരുടെ കുടുംബങ്ങളെയും സ്മരിക്കാം. ദൈവമേ, ഞങ്ങടെ കണ്ണൂനീര്‍ തുടച്ചുമാറ്റി സാന്ത്വനംപകരണമേ! ഇനിയും ഈ നാടിനെ സമാധാനപൂര്‍ണ്ണമാക്കണമേ! പ്രശാന്തമാക്കണമേ!
പാപ്പാ ഫ്രാന്‍സിസിന്‍റെ പഴമൊഴി!
തന്‍റെ ബാല്യകാലം ഓര്‍ക്കുന്ന അവസരത്തില്‍ പാപ്പാ ഫ്രാന്‍സിസ് എപ്പോഴും പറയുന്നൊരു കാര്യമുണ്ട്. ജീവിതത്തില്‍ തനിക്ക് മാതൃകയും ആദര്‍ശവും, ആവേശവുമായ മുത്തശ്ശി, അച്ഛന്‍റെ അമ്മ പറഞ്ഞൊരു വാചകമാണ്. ‘ശവക്കച്ചയ്ക്ക് പോക്കറ്റില്ല!’
വളരെ അര്‍ത്ഥഗര്‍ഭമായ ചിന്തയാണിത്. മരിച്ചയാള്‍ ഇട്ടുകൊണ്ടുപോകുന്ന കുപ്പായത്തിന് കീശയില്ല, പോക്കറ്റില്ല. മരിച്ചയാള്‍ക്ക് ഒന്നും എടുത്തു കൊണ്ടുപോകാനോ, കൂടെക്കൊണ്ടുപോകാനോ ആവില്ല. ഇത് വളരെ മനോഹരമായ പറച്ചിലാണ്. ഈ ഭൂമിയില്‍നിന്നും നാം കടന്നുപോകുമ്പോള്‍ ഒന്നും കൂടെക്കൊണ്ടുപോകുന്നില്ല. ആകയാല്‍ ദൈവോന്മുഖരായി ജീവിക്കാം, ദൈവപരിപാലനയില്‍ ആശ്രയിച്ചു ജീവിക്കാം, ജാഗരൂകതയോടെ മനുഷ്യബന്ധിയായി, സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെ പങ്കുവയ്ക്കലിന്‍റെയും ജീവിതം നയിക്കാം. ഇത് ഇന്നത്തെ സുവിശേഷ സന്ദേശമാണ്.
യുഗാന്ത്യോന്മുഖമാകണം ജീവിതങ്ങള്‍
യുഗാന്ത്യോന്മുഖമായ ഒരു കാഴ്ചപ്പാടു ഈ ഭൂമിയിലെ ജീവിതത്തില്‍ അനിവാര്യമാണ്. നമുക്ക് ആയുസ്സു തന്ന ദൈവം നമ്മെ വിളിക്കും, ആ ജീവന്‍ ഒരിക്കല്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട് എന്നൊരു ധ്യാനം മനസ്സിലുണ്ടെങ്കില്‍ ഈ ജീവിതത്തില്‍ നാം നന്മയിലേയ്ക്കു തിരിയും, വിശ്വസ്ത ദാസരായി ജീവിക്കും. “നിങ്ങളുടെ സമ്പത്തു വിറ്റു ദാനംചെയ്യുവിന്‍. പഴകിപ്പോകാത്ത പണസഞ്ചികള്‍ കരുതിവയ്ക്കുവിന്‍. ഒടുങ്ങാത്ത നിക്ഷേപം സ്വര്‍ഗ്ഗത്തില്‍ സംഭരിച്ചുവയ്ക്കുവിന്‍. അവിടെ കള്ളന്മാര്‍ കടന്നുവരികയോ ചിതല്‍ നശിപ്പിക്കുകയോ ഇല്ല” (33). ഇത് സ്നേഹമുള്ളൊരു ജീവിതത്തിനും കാരുണ്യപ്രവൃത്തികള്‍ക്കും ദാനധര്‍മ്മത്തിനും ക്രിസ്തു നല്കുന്ന ആഹ്വാനമാണ്.
ദൈവസ്നേഹത്തിന്‍റെയും
സഹോദരസ്നേഹത്തിന്‍റെയും യുക്തി
സ്വാര്‍ത്ഥതയില്‍ സമ്പത്തിനോടു ഒട്ടിപ്പിടിച്ചിരിക്കാതെ ജീവിക്കുന്നത് ദൈവികമായ യുക്തിയാണ്. പരോന്മുഖരായി ജീവിക്കാനുള്ള ആഹ്വാനമാണിത്. ഇത് സ്നേഹത്തിന്‍റെ യുക്തിയാണ്. പണത്തിനോടും സമ്പത്തിനോടും ആര്‍ത്തികാട്ടി, എല്ലാം വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനുമുള്ള മനോഭാവത്തോടെയാണു ജീവിക്കുന്നതെങ്കില്‍ ഈ വചനം നമുക്കൊരു താക്കീതുകൂടിയാണ്. എന്താണ് ആ താക്കീത്? ജീവിതത്തില്‍ നമുക്ക് ഒത്തിരകാര്യങ്ങള്‍ പിടിച്ചെടുക്കാം. വാരിക്കൂട്ടാം. എന്നാല്‍ ഓര്‍ക്കുക, ഇതെല്ലാം അവസാനം എവിടെ കൊണ്ടുപോകാനാണ്? നാം വെറും കൈയ്യോടെ വന്നവരും, വെറും കൈയ്യോടെ മടങ്ങിപ്പോകേണ്ടവരുമല്ലേ!?
സുവിശേഷഭാഗത്തെ മൂന്നു ഉപമകള്‍ :
ഇന്നത്തെ സുവിശേഷഭാഗത്ത് മൂന്നു ചെറിയ ഉപമകളുണ്ട്. അവയിലൂടെയാണ് ജീവിതത്തിന് ആവശ്യമായ കരുതല്‍ അല്ലെങ്കില്‍ ജാഗ്രതയെക്കുറിച്ച് ഈശോ നമ്മെ പഠിപ്പിക്കുന്നത്.
ഒന്ന് – രാത്രിയില്‍ മടങ്ങിയെത്തുന്ന യജമാനന്‍റെ കഥ
രാത്രിയില്‍ യജമാനന്‍റെ വരവിനായി ജാഗരൂകരായിരിക്കുന്ന ദാസന്മാരുടെ കഥയാണ്. യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്ന ദാസന്മാരെ “അനുഗൃഹീതരെ”ന്ന് ഈശോ വിശേഷിപ്പിക്കുന്നു (37). ഉണര്‍ന്നിരിപ്പ് വിശ്വസ്തമായ സേവനത്തിന്‍റെയും അര്‍പ്പണത്തിന്‍റെയും മനോഭാവമാണ്. ദാസന്‍റെ ഉണര്‍വോടെയുള്ള കാത്തിരിപ്പ് വിശ്വസ്തതയുടെ സൗഭാഗ്യമാണ്. ഇത് ജീവിതത്തിന്‍റെ ഓരോ ദിവസവും സംഭവിക്കേണ്ടതാണ്. കാരണം ദൈവം അനുദിനം നമ്മുടെ ഹൃദയകവാടത്തില്‍ വന്നു മുട്ടുന്നുണ്ട്. മുട്ടിവിളിക്കുന്നുണ്ട്. വാതില്‍ തുറക്കാനുള്ള ജാഗ്രതയും സൂക്ഷ്മതയും ഉള്ളവന്‍ അനുഗ്രൃഹീതരാകുന്നു. അപ്പോള്‍ അവിടുന്നു വന്ന് നമ്മോടൊപ്പം വിരുന്നിനിരിക്കും. അവിടുന്നു നമുക്കായ് വിരുന്നു വിളമ്പിത്തരും.
മേല്പറഞ്ഞ വചനം
ഫാദര്‍ ജോസഫ് മനക്കില്‍ കവിതയാക്കിയത് ഓര്‍ക്കുന്നു :
ഹൃദയകവാടത്തില്‍ വന്നിതാ ഞാന്‍
മുട്ടിവിളിക്കുന്നു സ്നേഹമോടെ
സുമധുരമെന്‍ സ്വരം കേള്‍ക്കുമോ നീ
സദയം വാതില്‍ തുറന്നീടുമോ?
അകമലര്‍ എനിക്കായ് തുറന്നീടുകില്‍
അതിനുള്ളില്‍ വാസം ചെയ്തിടും ഞാന്‍
അനുപമസ്നേഹം ചൊരിഞ്ഞിടും ഞാന്‍
അവനൊത്തു കഴിച്ചിടും ഭോജ്യവും ഞാന്‍.
യജമാനന്‍ ദാസനാകുന്ന വിരുന്നുമേശ
യജമാന്‍ ദാസരുടെ ദാസനാകുമെന്നാണ് ഈശോ ഉപമയില്‍ പറയുന്നത്. അതാണ് വിശ്വസ്ത ദാസര്‍ക്കായുള്ള പ്രതിഫലം. ജീവിതാന്ത്യത്തില്‍ നിത്യതയുടെ വിരുന്നു മേശയില്‍, സ്രഷ്ടാവായ ദൈവത്തോടൊപ്പമുള്ള ദിവ്യവരുന്നിന്‍റെ സൗഭാഗ്യം അനുഭവിക്കാന്‍ സാധിക്കുന്നത് വിശ്വസ്ത ദാസന്മാരാണ്. ഈ രാത്രിയാമത്തിന്‍റെ ഉപമയിലൂടെ ഈ ലോക ജീവിതത്തെ ഉണര്‍വ്വോടെ പാലിക്കേണ്ട ഒരു ജാഗരാനുഷ്ഠാനമായി ഈശോ ചിത്രീകരിക്കുന്നു. വിശ്വസ്തമായ കാത്തിരിപ്പിന്‍റെ ജീവിതത്തിനുള്ള പ്രതിസമ്മാനമാണ് നിത്യതയുടെ വിരുന്ന്. അങ്ങനെ
ജാഗ്രതയുടെ ജീവിതത്തിന് “അപ്പുറം” നാം ദൈവത്തെ സേവിക്കുയല്ല, മറിച്ച് ദൈവം നമ്മെ നിത്യതയുടെ വിരുന്നുമേശയില്‍ സല്‍ക്കരിക്കുകയാണു ചെയ്യുന്നത്. നാം അര്‍പ്പിക്കുന്ന ദിവ്യബലി – സ്വര്‍ഗ്ഗീയ വിരുന്നുമേശയുടെ മുന്നാസ്വാദനമാണ്. ജീവിതപരിസരങ്ങളില്‍ നാം സഹോദരസ്നേഹത്തില്‍, നന്മയില്‍ ഉണര്‍വ്വോടെ ജീവിച്ചു മുന്നേറുമ്പോള്‍… ഈ ജീവിതം ദൈവികജീവന്‍റെ മുന്നാസ്വാദനമായി മാറുമെന്നതില്‍ സംശയമില്ല!
രണ്ട് – നിനയ്ക്കാത്ത നേരത്തെത്തുന്ന തസ്ക്കരന്‍ !
രണ്ടാമത്തെ ഉപമ. കള്ളന്‍റെ ആകസ്മികമായ ആഗമനത്തെക്കുറിച്ചാണ്.. ഏതുയാമത്തിലാണ് തസ്ക്കരന്‍ വരുന്നതെന്ന് ആര്‍ക്കും അറിയില്ല. നാം ജാഗരൂകരായിരിക്കണം ഈശോ പറയുന്നത്, ഇതുപോലെ മനുഷ്യപുത്രന്‍ നിത്യനായ യജമാനന്‍ എപ്പോഴാണ് വരുന്നതെന്ന് നമുക്ക് അറിയില്ല. എപ്പോഴാണ് നമ്മെ വിളിക്കുന്നതെന്ന് അറിയില്ല. നാം സദാ ജാഗരൂകരായിരിക്കണം! (40).
മൂന്ന് – അവിശ്വസ്തനായ ദാസന്‍റെ കഥ
ഇനി മൂന്നാമത്തെ ഉപമ. യജമാനനെയും അവിടുത്തെ രാജ്യത്തെയും പാര്‍ത്തിരുന്ന വിശ്വസ്തനായ ദാസന്‍റെ ഉപമയാണ്. യജമാനന്‍ വീട്ടില്‍നിന്നു പുറത്തേയ്ക്കു പോയിക്കഴിയുമ്പോള്‍ ദാസന്‍റെ പെരുമാറ്റത്തില്‍ മാറ്റം വരുന്നു. ആദ്യം അയാള്‍ വിശ്വസ്തതയോടെ ജോലിചെയ്തു ഉചിതമായ വേദനം കരസ്ഥമാക്കി. രണ്ടാമതായി, ദാസന്‍ തന്‍റെ അധികാരവും അവസരവും ദുര്‍വിനിയോഗംചെയ്യുന്നു. അയാള്‍ മറ്റു ദാസന്മാരെ ശകാരിക്കാനും പ്രഹരിക്കാനും തുടങ്ങുന്നു. അപ്പോഴേയ്ക്കും യജമാനന്‍ തിരിച്ചുവരുന്നു! പ്രതീക്ഷിക്കാത്ത സമയത്ത് എത്തിച്ചേരുന്നു യജമാനന്‍ അവിശ്വസ്തനും കലഹപ്രിയനുമായ ദാസനെ ശിക്ഷിക്കുന്നു.
ഉപമയിലെ സമകാലീന ലോകത്തിന്‍റെ പ്രതിച്ഛായ
മേല്പറഞ്ഞ രംഗം സമകാലീന ലോകത്തിന്‍റേതാണെന്നു പറയാം. എന്തെല്ലാം അനീതിയും അധര്‍മ്മവും, അതിക്രമങ്ങളും, ക്രൂരതയും കള്ളത്തരവുമാണ് നമുക്കു ചുറ്റും നടക്കുന്നത്. കള്ളത്തരം ചെയ്യുന്നവരാണ് ഈ ലോകത്തു വിജയിക്കുന്നതെന്നു തോന്നിപ്പോകും! ദാസരായി ശുശ്രൂഷചെയ്യേണ്ടവര്‍ യജമാനനെപ്പോലെ പെരുമാറുന്നു. സ്വൗര്യമായി ജോലിചെയ്യുകയും ജീവിക്കുകയും ചെയ്യുന്നവരുടെ മേല്‍ അവര്‍ മെക്കിട്ടുകേറുന്നു. ഓര്‍ക്കണം, നമുക്ക് ഒരു യജമാനനേയുള്ളൂ. അതു ദൈവമാണ്. അവിടുന്നു നമ്മുടെ പിതാവുമാണ്. നാം എല്ലാവരും ദാസന്മാരാണ്. നാം പാപികളും ബലഹീനരുമായ അവിടുത്തെ മക്കളുമാണ്.
ഭൂമിയില്‍ തെളിയുന്ന ദൈവത്തിന്‍റെ മുഖകാന്തി
ക്രിസ്തു ഇന്നു ഈ സുവിശേഷത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നത് നിത്യതയുടെ സൗഭാഗ്യത്തെക്കുറിച്ചാണ്. ദൈവോന്മുഖമായ ജീവിതവും, നിത്യതയുടെ സ്വപ്നവും സാക്ഷാത്ക്കരിക്കപ്പെടണമെങ്കില്‍ ഇന്നീ ഭൂമിയില്‍ വിശ്വസ്തദാസരായി സഹോദരങ്ങള്‍ക്കൊപ്പം നാം ജീവിക്കണം. ദൈവത്തിന്‍റെ മുഖകാന്തി നമുക്ക് ഇവിടെ ഈ ഭൂമിയില്‍ ദര്‍ശിക്കാം. നമ്മുടെ കൂടെയുള്ള സഹോദരങ്ങളിലും, ഈ ലോകത്തെ സകലസൃഷ്ടിജാലങ്ങളിലും ദൈവത്തിന്‍റെ പ്രതിച്ഛായ പ്രതിഫലിക്കുന്നുണ്ട്. അതിനാല്‍ മനുഷ്യബന്ധിയും, സഹോദരബന്ധിയുമായൊരു ജീവിതത്തിനായി പരിശ്രമിക്കാം, വിശിഷ്യ എളിയവരും പാവങ്ങളും പരിത്യക്തരുമായവരെ ഉള്‍ക്കൊണ്ടും, അവരില്‍ ദൈവത്തിന്‍റെ പ്രതിച്ഛായ ദര്‍ശിച്ചും ആര്‍ദ്രതയും അനുകമ്പയും സ്നേഹവുമുള്ള ജീവിതം നയിക്കാന്‍ പ്രതിജ്ഞാബദ്ധരാകാം. ദൈവമേ, അങ്ങേ മുഖകാന്തി ഒരുനാള്‍ ദര്‍ശിക്കാന്‍ യോഗ്യതയുള്ള ദാസരായി, വിശ്വസ്തദാസരായി ഞങ്ങള്‍ ഈ ഭൂമിയില്‍ ജീവിക്കട്ടെ