വാർത്തകൾ
🗞🏵 *30 വീടുകളിലായി 60 പേര്‍ മണ്ണിലടിയില്‍പെട്ട പോത്ത്കല്ല് കവളപ്പാറയില്‍ ശനിയാഴ്ച നാലുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു.* കൂരിമണ്ണില്‍ മുഹമ്മദ് (40), പൂന്താനി അബ്ദുള്‍ കരീമിന്റെ മകള്‍ ആബിദ(17), കവളപ്പാറ കോളനിയില്‍ ഒടുക്കന്‍(50), മുതിരംകുളം മുഹമ്മദിന്റെ ഭാര്യ ഫൗസിയ(40) എന്നിവരുടെ മൃതദേഹമാണ് കിട്ടിയത്.ഇതോടെ കവളപ്പാറയില്‍ മണ്ണിനടിയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ശനിയാഴ്ച അഞ്ചു മരണം മലപ്പുറത്ത് സ്ഥിരീകരിച്ചു.
🗞🏵 *കനത്ത മഴയും അതോടൊപ്പം ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ടും സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ ഉടന്‍ കുടുങ്ങും.* തെറ്റായ വാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു.. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സൈബര്‍സെല്‍, സൈബര്‍ഡോം, ഹൈടെക് സെല്‍ എന്നിവയ്ക്കു നിര്‍ദേശം നല്‍കിയതായി ബെഹ്‌റ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
🗞🏵 *കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുണ്ടായ പ്രളയത്തില്‍ നിന്നും നമ്മള്‍ പാഠം പഠിച്ചിട്ടില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍.* കഴിഞ്ഞ വര്‍ഷത്തെ പ്രളയ കാരണം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. കാരണം കണ്ടുപിടിച്ച് പരിഹരിക്കണം. അതിനാര്‍ക്കും താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *മക്കയിലെ അറഫയില്‍ അതിശക്തമായ മഴ.* ഇതോടെ ശക്തമായ മഴ കാരണം ഇന്ത്യന്‍ ഹാജിമാര്‍ക്കായി ഒരുക്കിയ താത്ക്കാലിക തമ്പുകള്‍ തകര്‍ന്നു. വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചു. അറഫാ സംഗമം പൂര്‍ത്തിയാക്കി സൂര്യാസ്തമനത്തിന് ശേഷം ഹാജിമാര്‍ മുസ്ദലിഫയിലേക്ക് പുറപ്പെടും.
🗞🏵 *സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയാകും.* രണ്ടാമത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. രാഹുൽ ഗാന്ധിയുടെ രാജി കോൺഗ്രസ് പ്രവർത്തക സമിതി അംഗീകരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് ദുർബലമായ പാർട്ടിയെ നയിക്കാൻ പ്രവർത്തന പരിചയുമുള്ളയാൾ വരണമെന്ന അഭിപ്രായത്തെ തുടർന്നാണ് സോണിയ ഗാന്ധിയെ അധ്യക്ഷയായി തെരഞ്ഞെടുത്തത്
🗞🏵 *കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്ന മഴ ആരെയും ഭയപ്പെടുത്തുന്നത്* .അതിനുള്ള കാരണങ്ങള്‍ എന്താണെന്ന് ഗവേഷകരും വിശദീകരിയ്ക്കുന്നു. ന്യൂനമര്‍ദത്തിന്റെ ശക്തിയില്‍ പടിഞ്ഞാറുനിന്ന് കേരളത്തിലേക്ക് എത്തുന്നതു വന്‍തോതിലുള്ള കാര്‍മേഘ കൂട്ടങ്ങളാണേ്. ഇന്നു രാത്രി മുഴുവന്‍ പെയ്യാനുള്ള മേഘങ്ങള്‍ ഇതിനകം രൂപംകൊണ്ടതായും കാലാവസ്ഥ ഗവേഷകര്‍ നിരീക്ഷിക്കുന്നു. മഴമേഘങ്ങളുടെ ഘടന തന്നെ മാറിയ നിലയാണ്. വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ തോരാമഴയാണ് വെള്ളിയാഴ്ച രാത്രി മുതല്‍ പെയ്യുന്നത്. വയനാട്ടില്‍ മാനന്തവാടി മേഖലയിലാണു ശക്തി കൂടുതല്‍.
🗞🏵 *ദുരിതബാധിതര്‍ക്ക് ഇപ്പോള്‍ സഹായം വേണ്ടെന്ന വീഡിയോ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ശേഷം തിരുവനന്തപുരം കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അവധിയില്‍ പോയിരിക്കുകയാണ്* . കഴിഞ്ഞ പ്രളയകാലത്ത് തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചായിരുന്നു പൊതുജനങ്ങളില്‍ നിന്ന് സാധന സാമഗ്രികള്‍ ശേഖരിച്ചതും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവ വിതരണം ചെയ്തതും. ഇത്തവണ തിരുവനന്തപുരം നഗരസഭയും പ്രസ്‌ക്ലബ് അടക്കമുള്ള വിവിധ സ്ഥാപനങ്ങളും കളക്ഷന്‍ സെന്റര്‍ തുടങ്ങിയിട്ടും ജില്ലാ കളക്ടര്‍ ഇക്കാര്യത്തോട് മുഖംതിരിച്ചതാണ് വിവാദമായിരിക്കുന്നത്.
🗞🏵 *ന്യൂനമർദത്തിന്റെ ശക്തിയിൽ പടിഞ്ഞാറുനിന്ന് കേരളത്തിലേക്ക് എത്തുന്നതു വൻതോതിലുള്ള കാർമേഘ കൂട്ടങ്ങൾ.* ഇന്നു രാത്രി മുഴുവൻ പെയ്യാനുള്ള മേഘങ്ങൾ ഇതിനകം രൂപംകൊണ്ടതായും കാലാവസ്ഥ ഗവേഷകർ നിരീക്ഷിക്കുന്നു. മഴമേഘങ്ങളുടെ ഘടന തന്നെ മാറിയ നിലയാണ്. വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിൽ തോരാമഴയാണ് വെള്ളിയാഴ്ച രാത്രി മുതൽ പെയ്യുന്നത്. വയനാട്ടിൽ മാനന്തവാടി മേഖലയിലാണു ശക്തി കൂടുതൽ.
🗞🏵 *വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു.* ബാണാസുര സാഗര്‍ വേണ്ടത്ര മുന്നറിയിപ്പില്ലാതെ തുറന്നതാണു കഴിഞ്ഞ തവണ വയനാട്ടില്‍ പ്രളയക്കെടുതി രൂക്ഷമാക്കിയത്. പ്രളയഭീതിയില്‍ ഇരുകരകളിലുമുള്ള ജനങ്ങളെ നേരത്തെ തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയരത്തിലാണു തുറന്നത്. സെക്കന്‍ഡില്‍ 8500 ലീറ്റര്‍ വെള്ളം പുറത്തേക്ക്
🗞🏵 *കേരളത്തിൽ പ്രളയവും ഉരുൾപൊട്ടലും ശക്തമായ മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിൽ കനത്ത മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട്.*
🗞🏵 *കനത്ത മഴമൂലം സംസ്ഥാനം കടുത്ത ദുരിതം നേരിടുന്നതിനിടെ ആശങ്ക സൃഷ്ടിക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ്.* ഇത്തരം സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ സൈബർസെൽ, സൈബർഡോം, ഹൈടെക് സെൽ എന്നിവയ്ക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഫെയ്സ്ബുക്കിൽ വ്യക്തമാക്കി.
🗞🏵 *കൊച്ചി വിമാനത്താവളം പ്രവര്‍ത്തന സജ്ജമായി* വിമാനങ്ങള്‍ ഞായറാഴ്ച ഉച്ചമുതല്‍ പുറപ്പെടും
🗞🏵 *സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനാൽ ഓഗസ്റ്റ് പത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട പത്തോളം ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.* തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് പുറപ്പെടുന്ന മാവേലി. മലബാർ, മംഗളൂരു എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കിയവയിൽ ഉൾപ്പെടും
🗞🏵 *അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ട് ചൈനീസ് ബ്രാന്റായ വാവേ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചു.* ഹാർമണി ഓഎസ് എന്നാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന് പേര്. അമേരിക്കൻ ഭരണകൂടത്തിന്റെ വാണിജ്യ വിലക്കിനെ തുടർന്ന് ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓഎസ് പിന്തുണ നഷ്ടമായ സാഹചര്യത്തിലാണ് വാവേ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചത്.
🗞🏵 *ആശങ്ക വർധിപ്പിച്ച് ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി.* ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ മാത്രം 24 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകിയിട്ടും പ്രളയബാധിത മേഖലകളിൽ നിന്ന് മാറാൻ തയ്യാറാകാത്തവരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
🗞🏵 *വടക്കൻ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.* ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
🗞🏵 *കേരളത്തിലെ പ്രളയ രക്ഷാ പ്രവർത്തനങ്ങൾക്ക് സഹായവുമായി ടെലികമ്മ്യൂണിക്കേഷൻസ് സേവന ദാതാക്കളായ ഭാരതി എയർടെലും (എയർടെൽ) രംഗത്ത്.* പ്രളയ ബാധിത മേഖലകളിലെ എല്ലാ എയർടെൽ വരിക്കാർക്കും എപ്പോഴും കണക്റ്റഡായിരിക്കാൻ ഡാറ്റാ നേട്ടങ്ങളോടൊപ്പം സൗജന്യ ടോക്ക് ടൈമും എസ്എംഎസ് സൗകര്യവും ലഭ്യമാക്കുന്നുണ്ട്. പ്രീ-പെയ്ഡ് വരിക്കാരുടെ ഔട്ട്ഗോയിങ് കോളുകളുടെയും മറ്റു സേവനങ്ങളുടെയും വാലിഡിറ്റിയും പോസ്റ്റ്പെയ്ഡ് വരിക്കാരുടെ ബിൽ തീയതികളും ഓഗസ്റ്റ് 16വരെ എയർടെൽ നീട്ടിയിട്ടുണ്ട്.
🗞🏵 *മലപ്പുറം വാണിയമ്പുഴയിൽ ആദിവാസി കോളനിയിലും എസ്റ്റേറ്റുകളിലുമായി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള സമഗ്രരക്ഷാപ്രവർത്തനം ഇന്ന് ആരംഭിക്കും.*
🗞🏵 *മഴക്കെടുതി നേരിടാൻ കേരളത്തിന് 52.27 കോടി രൂപയുടെ കേന്ദ്ര സഹായം പ്രഖ്യാപിച്ചതായി കേന്ദ്രമന്ത്രി വി. മുരളീധരൻ.* കഴിഞ്ഞവർഷം 2107 കോടി രൂപ അനുവദിച്ചിരുന്നതായും ഇതിന്റെ പകുതിയോളം തുക സംസ്ഥാനത്തിന്റെ പക്കലുണ്ടെന്നും വി. മുരളീധരൻ അറിയിച്ചു.
🗞🏵 *കനത്തമഴയെത്തുടർന്ന് ട്രാക്കിലും മറ്റുമുണ്ടായ തടസ്സങ്ങളെത്തുടർന്ന് ശനിയാഴ്ച നിരവധി ട്രെയിനുകൾ റദ്ദാക്കി.* ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. തടസപ്പെട്ട ട്രെയിൻ ഗതാഗതം ഉച്ചയോടെ പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദക്ഷിണ റയിൽവേ എൻജിനീയറിങ് വിഭാഗം അറിയിച്ചു.
🗞🏵 *വയനാട് എംപി രാഹുല്‍ ഗാന്ധി ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകള്‍ സന്ദര്‍ശിക്കും.* കഴിഞ്ഞ ദിവസം പുറപ്പെടൊനൊരുങ്ങിയ രാഹുലിനോട് ജില്ലാ ഭരണകൂടം സ്ഥിതിഗതികള്‍ ധരിപ്പിച്ചതോടെ യാത്ര മാറ്റുകയായിരുന്നു. പ്രതിപക്ഷനേതാവിന്റെ ഓഫിസില്‍ കണ്‍ട്രോള്‍ റൂം തുറന്നെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു.
🗞🏵 *വെള്ളപ്പൊക്കത്തെത്തുടർന്ന് സംസ്ഥാനത്ത് ഉടനീളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനിടെ പെരുവഴിയിലായ യാത്രക്കാർക്ക് പെറ്റിയടിച്ച് റെയിൽവേയുടെ ഇരുട്ടടി.* 22647 കോർബ – തിരുവനന്തപുരം എക്സ്പ്രസിലാണ് ടിടിഇ മാർ ‘പെറ്റിക്കൊയ്ത്ത്’ നടത്തിയതെന്നാണ് യാത്രക്കാരുടെ പരാതി. ഇതേത്തുടർന്ന് ട്രെയിനിനുള്ളിൽ യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി.
ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ പല ട്രെയിനുകളും വഴിയിൽ യാത്ര അവസാനിപ്പിച്ചതോടെയാണ് വഴിയിൽ കുടുങ്ങിയ യാത്രക്കാരെ തിരിച്ചെത്തിക്കാൻ റയിൽവേ സംവിധാനം ഒരുക്കിയത്
🗞🏵 *ഫിലാഡെല്‍ഫിയയില്‍ ചെറുവിമാനം തകര്‍ന്ന് പ്രശസ്തരായ ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികളും 19-കാരിയായ മകളും മരിച്ചു.* ഡോ. ജസ്‌വീര്‍ ഖുറാന (60), ഡോ. ദിവ്യ ഖുറാന (54), മകള്‍ കിരണ്‍ എന്നിവരാണു മരിച്ചത്.
🗞🏵 *കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു തിരുവനന്തപുരത്തേക്കു വഴി തിരിച്ചുവിട്ട വിമാനത്തിൽ കുടുങ്ങി യാത്രക്കാർ.* വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്കു തിരുവനന്തപുരത്ത് എത്തിയ മസ്ക്കത്ത് കരിപ്പൂർ എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിലെ യാത്രക്കാരാണ് കുടുങ്ങിയത്. വിമാനം കരിപ്പൂരിലേക്കു തിരിച്ചുവിടാനോ സ്വയം തിരുവനന്തപുരത്ത് ഇറങ്ങാനോ അനുവദിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
🗞🏵 *പ്രളയത്തിൽ വിറങ്ങലിച്ച് കുടക് ജില്ല. രണ്ടിടത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് കുടുംബങ്ങളിലായി ഏഴു പേർ മരിച്ചു.* ഒരാളെ കാണാതായി. ദക്ഷിണ കുടക് പൂർണമായും ഒറ്റപ്പെട്ടു. നൂറോളം വീടുകൾ ഒലിച്ചുപോയി. 800 വീടുകളിൽ വെള്ളം കയറി, ഇതിൽ മുന്നൂറിലധികം വീടുകൾ മലയാളികളുടെതാണ്.
🗞🏵 *കോൺഗ്രസിന്റെ ഇടക്കാല ദേശീയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള യോഗത്തിൽ പങ്കെടുക്കാതെ നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും.* രാഹുലിന്റെ പിൻഗാമിയെ കണ്ടെത്തുമ്പോൾ സംഘടനയ്ക്കു പൂർണ സ്വാതന്ത്ര്യം നൽകുന്നതിനാണ് ഇരുവരും വിട്ടുനിൽക്കുന്നതെന്നാണു വിവരം. പ്രശ്നം കൂടുതൽ സങ്കീർണമാക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചാണ് സോണിയ യോഗത്തിൽനിന്നു വിട്ടുനിന്നത്.
🗞🏵 *കവളപ്പാറ ദുരന്തം മനുഷ്യനിർമിതമാണെന്ന് പ്രദേശവാസികൾ.* കവളപ്പാറയില്‍ റബ്ബർ കൃഷിക്കായി മലമുകളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതാണ് വൻ ഉരുൾപൊട്ടലിന് വഴിവച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഈ പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും അവഗണിച്ചു. മണ്ണൊലിച്ച് താഴേക്കിറങ്ങിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നും നാട്ടുകാർ പറയുന്നു.
🇲🇬🇲🇨🇲🇬🇲🇨🇲🇬🇲🇨🇲🇬🇲🇨🇲🇬🇲🇨🇲🇬
*ഇന്നത്തെ വചനം*
അവന്‍ കടന്നുപോകുമ്പോള്‍, ജന്മനാ അന്‌ധനായ ഒരുവനെ കണ്ടു.
ശിഷ്യന്‍മാര്‍ യേശുവിനോടു ചോദിച്ചു: റബ്ബീ, ഇവന്‍ അന്‌ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്‍െറയോ ഇവന്‍െറ മാതാപിതാക്കന്‍മാരുടെയോ?
യേശു മറുപടി പറഞ്ഞു: ഇവന്‍െറയോ ഇവന്‍െറ മാതാപിതാക്കന്‍മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്‍െറ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്.
എന്നെ അയച്ചവന്‍െറ പ്രവൃത്തികള്‍ പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു. ആര്‍ക്കും ജോലിചെയ്യാന്‍ കഴിയാത്ത രാത്രി വരുന്നു.
ലോകത്തിലായിരിക്കുമ്പോള്‍ ഞാന്‍ ലോകത്തിന്‍െറ പ്രകാശമാണ്.
ഇതു പറഞ്ഞിട്ട് അവന്‍ നിലത്തു തുപ്പി; തുപ്പല്‍കൊണ്ടു ചെളിയുണ്ടാക്കി, അവന്‍െറ കണ്ണുകളില്‍ പൂശിയിട്ട്,
അവനോടു പറഞ്ഞു: നീ പോയി സീലോഹാ – അയയ്‌ക്കപ്പെട്ടവന്‍ എന്നര്‍ഥം – കുളത്തില്‍ കഴുകുക. അവന്‍ പോയി കഴുകി, കാഴ്‌ചയുള്ളവനായി തിരിച്ചുവന്നു.
അയല്‍ക്കാരും അവനെ മുമ്പുയാചകനായി കണ്ടിട്ടുള്ളവരും പറഞ്ഞു: ഇവന്‍തന്നെയല്ലേ, അവിടെയിരുന്നു ഭിക്‌ഷയാചിച്ചിരുന്നവന്‍?
ചിലര്‍ പറഞ്ഞു: ഇവന്‍തന്നെ, മറ്റുചിലര്‍ പറഞ്ഞു: അല്ല, ഇവന്‍ അവനെപ്പോലെയിരിക്കുന്നു എന്നേയുള്ളു. എന്നാല്‍ അവന്‍ പറഞ്ഞു: ഞാന്‍ തന്നെ.
അപ്പോള്‍ അവര്‍ അവനോടു ചോദിച്ചു: എങ്ങനെയാണു നിന്‍െറ കണ്ണുകള്‍ തുറക്കപ്പെട്ടത്?
അവന്‍ പറഞ്ഞു: യേശു എന്നു പേരുള്ള മനുഷ്യന്‍ ചെളിയുണ്ടാക്കി എന്‍െറ കണ്ണുകളില്‍ പുരട്ടി, സീലോഹായില്‍ പോയി കഴുകുക എന്നു പറഞ്ഞു. ഞാന്‍ പോയി കഴുകി; എനിക്കു കാഴ്‌ച ലഭിച്ചു.
എന്നിട്ട് അവനെവിടെ എന്ന് അവര്‍ ചോദിച്ചു. എനിക്കറിഞ്ഞുകൂടാ എന്ന് അവന്‍ മറുപടി പറഞ്ഞു.
യോഹന്നാന്‍ 9 : 1-12
🇲🇬🇲🇨🇲🇬🇲🇨🇲🇬🇲🇨🇲🇬🇲🇨🇲🇬🇲🇨🇲🇬
*വചന വിചിന്തനം*
ലോകത്തിന്റെ പ്രകാശമായി കടന്നുവന്ന ഈശോ തെളിച്ചുനല്‍കിയ വിശ്വാസദീപത്താല്‍ സഭ വളര്‍ന്നു. അനേക രക്തസാക്ഷികളിലൂടെയും വിശുദ്ധാത്മാക്കളിലൂടെയും സഭ ഫലം ചൂടിയതിനെ അനുസ്മരിക്കുന്ന ഫലാഗമനകാലം അഥവാ കൈത്താക്കാലം മൂന്നാം ഞായറാഴ്ചയായ ഇന്ന്, ജന്മനാ അന്ധനായ ഒരുവന് കാഴ്ച നല്‍കുന്ന ഭാഗമാണ് വിചിന്തനത്തിനായി സഭാമാതാവ് നല്‍കിയിരിക്കുന്നത്. കാലികപ്രസക്തവും ആത്മശോധനാപരവുമായ ഒരുപിടി ചോദ്യങ്ങള്‍ ഓരോ ക്രിസ്ത്യാനിയുടെയും വിശ്വാസജീവിതത്തിലേയ്ക്ക് വചനം ഉയര്‍ത്തുന്നുണ്ട്.
ഒരു അന്ധന്റെ അന്ധത മാറ്റുന്ന സംഭവമാണ് പ്രത്യക്ഷത്തിലെങ്കിലും മൂന്ന് വിധത്തിലുള്ള അന്ധതയെ നമുക്ക് സുവിശേഷത്തില്‍ കണ്ടെത്താനാകും.
ഒന്നാമതായി, അന്ധയാചകന്റെ ‘അന്ധത’ എന്ന ശാരീരികാവസ്ഥ തന്നെ. മറ്റുള്ളവരെല്ലാം വര്‍ണ്ണശബളമായ ലോകം കണ്ടാസ്വദിച്ച്, ആഘോഷിച്ച് മുന്നേറുമ്പോള്‍ ഈ മനുഷ്യന്‍ മാത്രം ഒന്നും കാണാനാകാതെ ദൈവാലയ പരിസരത്തും, തെരുവുകളിലും യാചിച്ച് ജീവിതം മുമ്പോട്ട് കൊണ്ടുപോകാന്‍ കഷ്ടപ്പെടുന്നു. അവന് ഈ അന്ധത വലിയ സഹനം തന്നെയാണ്. എന്നാല്‍, ഈശോ അന്ധത എന്ന അവസ്ഥ പൂര്‍ണ്ണമായും എടുത്തുമാറ്റി അവനില്‍ ദൈവീക തിരിച്ചറിവ് നല്‍കുന്നു. അവന്‍ ദൈവത്തെ തിരിച്ചറിഞ്ഞുവെന്ന് മാത്രമല്ല ധൈര്യസമേതം പ്രഘോഷിക്കുകയും ചെയ്യുന്നുണ്ട്. ദൈവീകപ്രവൃത്തി അവനില്‍ പ്രകടമാകാനായിരുന്നു അവൻ ഇത്രനാളും സഹിച്ചത്. ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളും ബുദ്ധിമുട്ടുകളും അംഗീകരിക്കുവാനും തളരാതെ അതിനപ്പുറമുള്ള ദൈവീകപദ്ധതിയിലേയ്ക്ക് എത്തിച്ചേരുവാനും സാധിക്കണം.
രണ്ടാമതായി, കാഴ്ചയുണ്ടായിട്ടും കാണാന്‍ കഴിയാത്ത യഹൂദജനത്തിന്റെ അന്ധതയെക്കുറിച്ച് ചിന്തിക്കാം. അന്ധയാചകനെ അനേകര്‍ കണ്ടിട്ടുണ്ട്; എന്നാൽ അവരെല്ലാം അവനില്‍ വിധി കല്‍പിച്ച് കടന്നുപോയി. കാരണം, അവര്‍ അജ്ഞരായിരുന്നു. അവരില്‍ കാരുണ്യം വറ്റിപ്പോയിരുന്നു. പഴയനിയമത്തില്‍ നിയമാവര്‍ത്തന പുസ്തകം 5:9-ല്‍ ഇപ്രകാരം പറയുന്നു: ‘നിന്റെ ദൈവവും കര്‍ത്താവുമായ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകള്‍ വരെയുള്ള മക്കളെ അവരുടെ പിതാക്കന്മാരുടെ തിന്മകള്‍ നിമിത്തം ശിക്ഷിക്കുന്ന അസഹിഷ്ണുവായ ദൈവമാണ് ഞാന്‍’ എന്ന്. ഈ വചനത്തിന്റെ അടിസ്ഥാനത്തില്‍ യഹൂദര്‍ എല്ലാ സഹനങ്ങളെയും വ്യാധികളുമൊക്കെ പിതാക്കന്മാരുടെ തിന്മയെപ്രതി എന്ന് വിധി കല്‍പിച്ചു പോന്നിരുന്നു. ഈയൊരു അജ്ഞത നിമിത്തമാണ് ശിഷ്യന്മാര്‍ പോലും ഈശോയോട്, ‘ആരുടെ പാപം നിമിത്തമാണ് ഇവനിങ്ങനെ വന്നത്’ എന്നു ചോദിക്കുന്നത്.
പഴയനിയമത്തിന്റെ പൂര്‍ത്തീകരണമായ ഈശോ, ഇവിടെ വ്യക്തമായ തിരുത്തല്‍ നല്‍കുന്നു. ആരുടെയും പാപം നിമിത്തമല്ല, ദൈവത്തിന്റെ പ്രവൃത്തി ഇവനില്‍ പ്രകടമാകേണ്ടതിനാണ് ഇവന് ഈ സഹനം അനുവദിക്കപ്പെട്ടത് എന്ന്. പൂര്‍വ്വീകരുടെ പാപത്തെ പ്രതി അനേക തലമുറകളെ ശിക്ഷിക്കാന്‍ ഒരുങ്ങിനില്‍ക്കുന്നവനല്ല, മറിച്ച് അനുതപിക്കുന്നവരെ അനുഗ്രഹിക്കുന്ന സ്‌നേഹസമ്പന്നനും കാരുണ്യവാനുമാണ് നമ്മുടെ ദൈവം. നിയമാവര്‍ത്തനം 5:10-ല്‍ ”എന്നെ സ്‌നേഹിക്കുകയും എന്റെ കല്‍പന പാലിക്കുകയും ചെയ്യുന്നവരോട് ‘ആയിരം’ തലമുറ വരെ ഞാന്‍ കാരുണ്യം കാണിക്കും’ എന്ന് പറഞ്ഞിരിക്കുന്നു.
സ്‌നേഹത്തിന്റെ – കാരുണ്യത്തിന്റെ പ്രവര്‍ത്തികള്‍ ചെയ്യാനാണ് ഈശോയും നമ്മെ പഠിപ്പിച്ചത്. എന്നാൽ അതൊക്കെ സൗകര്യപൂര്‍വ്വം മറന്ന് മറ്റുള്ളവരെയൊക്കെ വിധി കല്‍പിച്ച് സ്റ്റാറ്റസ് നിലനിര്‍ത്തി മുന്നോട്ടുപോകാനല്ലേ ഇന്നത്തെ ക്രിസ്ത്യാനിയുടെ തത്രപ്പാട് എന്ന് ചിന്തിച്ചു നോക്കണം. അന്യന്റെ വേദനയ്ക്കു മുമ്പില്‍ അടയാത്ത കണ്ണുമായി ചെന്ന് കാരുണ്യം ചൊരിയാന്‍ സാധിക്കുന്നുണ്ടോ..? കടമനിട്ടയുടെ ഉപദേശം എന്ന കവിതയിലെ ഏതാനും വരികളിങ്ങനെയാണ്.
കണ്ണുവേണം ഇരുപുറമെപ്പോഴും
കണ്ണുവേണം മുകളിലും താഴെയും
കണ്ണിലെപ്പോഴും കത്തിജ്വലിക്കമുള്‍-
ക്കണ്ണുവേണം അണയാത്ത കണ്ണ്
ഇങ്ങനെ അണയാത്ത കണ്ണുണ്ടായിരുന്നതു കൊണ്ടാണ് മദര്‍ തെരസയും ഫാ. ഡാമിയനുമൊക്കെ വിശുദ്ധരായി നമ്മുടെ മുമ്പിലുള്ളത്. ഇവരെ സംബന്ധിച്ചിടത്തോളം അണയാത്ത കണ്ണ് ഈശോ തന്നെയായിരുന്നു. വി. ഫൗസ്റ്റീന ഇങ്ങനെ പറയുന്നുണ്ട്. ”മറ്റുള്ളവരുടെ വേദനകള്‍ എന്റെ ഹൃദയത്തിലേയ്ക്ക് നിക്ഷേപിച്ചാല്‍ പോലും ഞാന്‍ എന്റെ ഹൃദയം അടയ്ക്കില്ല, എന്റെ സഹോദര സ്‌നേഹത്തിന്റെ പ്രേരകശക്തി ഈശോ മാത്രമാണ്” എന്ന്.
പ്രിയമുള്ളവരേ, ഈശോയെപ്രതി സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെ വക്താക്കളാകാനുള്ള ആഹ്വാനമാണ് വചനം നല്‍കുന്നത്. നാം ഇത് ചെയ്യാതെ വന്നാല്‍ ഇനിയും അനേകം മുരുകന്മാര്‍ നമ്മുടെ റോഡുകളില്‍ അപകടപ്പെട്ട് ചികിത്സ കിട്ടാതെ മരിക്കും, ഒരുപാട് ആദിവാസി ‘മധു’-മാര്‍ വിശന്നും മര്‍ദ്ദനമേറ്റും മരിക്കും…
മൂന്നാമതായി, ഫരിസേയ പ്രമാണിമാരുടെ അന്ധതയെക്കുറിച്ച് വചനം പറഞ്ഞുവയ്ക്കുന്നു. കണിശവും ബാലിശവുമായ നിയമാനുഷ്ഠാനങ്ങളില്‍ തങ്ങളുടെ അധികാരഭ്രമവും സ്വാര്‍ത്ഥതയും ഒളിപ്പിച്ചു വച്ച്, സത്യത്തിനും നീതിക്കും നേരെ മുഖം തിരിക്കുന്ന ആത്മീയാന്ധതയാണിത്. തങ്ങളുടെ മേല്‍ക്കോയ്മ നഷ്ടമാകാതിരിക്കാന്‍ മറ്റെല്ലാത്തിനെയും നിഷേധിക്കുകയും തന്ത്രപൂര്‍വ്വം ഒഴിവാക്കുകയും ചെയ്യും. ഫരിസേയരെ ഇന്നിന്റെ രാഷ്ട്രീയ പ്രവര്‍ത്തകരുടെ മുന്നോടിയായി കരുതേണ്ടിവരും. സത്യത്തിന് സാക്ഷ്യം നല്‍കിയ അന്ധനെ ഫരിസേയര്‍ ദൈവാലയത്തില്‍ നിന്നു പുറത്താക്കി. എറണാകുളത്ത് കലാലയത്തില്‍ പാര്‍ട്ടി പോസ്റ്ററിന്റെ പേരില്‍ ഒരു അഭിമന്യു, കണ്ണൂരിലെ കരയുന്ന അമ്മമാര്‍… എന്നിങ്ങനെ അനേകമുണ്ട് നമ്മുടെ സമൂഹത്തിലെയും ഫരിസേയ അന്ധതയുടെ ഫലങ്ങള്‍.
പ്രിയമുളള സഹോദരങ്ങളെ, നാം കണ്ണ് തുറന്നു കാണേണ്ട സമയമായിരിക്കുന്നു. തിരുവചനത്തില്‍, അന്ധന്റെ കണ്ണ് തുറന്നപ്പോൾ അവന്‍ യേശുവിനെ തിരിച്ചറിഞ്ഞു, അവിടുത്തെ പ്രഘോഷിച്ചു. നമുക്ക് കാഴ്ചയുണ്ട്. യേശു നമ്മുടെ കൂടെയുണ്ട്, അവനെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കുന്നുണ്ടോ..? ഇനി തിരിച്ചറിഞ്ഞെന്നു വരുകിലും നമ്മുടെ ജീവിതം കൊണ്ട് അവിടുത്തെ പ്രഘോഷിക്കുന്നുണ്ടോ..? പ്രഘോഷിക്കുന്നുവെങ്കില്‍ നമ്മെയും കാത്തിരിക്കുന്നത് സഹനങ്ങളും പുറത്താക്കലുകളും തന്നെയായിരിക്കും. അതുകൊണ്ടാണ് തിരുസഭയില്‍ ഇത്രമാത്രം രക്തസാക്ഷികള്‍ ഉണ്ടായിട്ടുള്ളത്.
വിശ്വാസത്തെപ്രതി സഹനം ഏറ്റെടുക്കുന്നവരോടൊപ്പം ക്രിസ്തു ഉണ്ടാകുമെന്ന ഉറപ്പും ഇന്നത്തെ വചനഭാഗം നമുക്ക് തരുന്നുണ്ട്. ”അവര്‍ അവനെ പുറത്താക്കി എന്നു കേട്ടപ്പോള്‍ ഈശോ അവന്റെ അടുത്തുചെന്ന് സ്വയം വെളിപ്പെടുത്തി.” നിന്റെയുള്ളിലെ അന്ധകാരത്തെ ഉപേക്ഷിച്ച് പ്രകാശമായ യേശുവിന് സാക്ഷ്യം വഹിക്കാനുള്ള വലിയ വെല്ലുവിളിയാണ് വചനം മുന്നോട്ടുവയ്ക്കുന്നത്.
1 യോഹ. 1:7-ല്‍ പറയുന്നു. ”ദൈവം പ്രകാശമാണ്, ദൈവത്തില്‍ അന്ധകാരമില്ല. അവിടുത്തോട് കൂട്ടായ്മയുണ്ടെന്ന് പറയുകയും അന്ധകാരത്തില്‍ നടക്കുകയും ചെയ്യുന്നവന്‍ വ്യാജം പറയുന്നു.” നമ്മുടെ ഉളളിലെ അന്ധത മാറ്റാന്‍ ക്രിസ്തുവാകുന്ന പ്രകാശത്തെ ഹൃദയത്തിലേയ്ക്ക് സ്വീകരിക്കാം. നമ്മുടെ കാഴ്ച തെളിയിച്ചു തരാന്‍ അവിടുത്തോട് പ്രാര്‍ത്ഥിക്കാം. കാഴ്ച തെളിയിക്കുന്ന, കണ്ണ് തുറപ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ നമ്മെത്തന്നെ സമര്‍പ്പിക്കാം. അപ്പോള്‍ ചുറ്റുമുള്ളവരെ വിധിക്കാതെ, സ്വാര്‍ത്ഥതയില്ലാതെ, കാരുണ്യത്തിന്റെ കണ്ണുള്ളവരാകാന്‍ സാധിക്കും. സഹനങ്ങളില്‍ ദൈവീകപദ്ധതി ദര്‍ശിക്കാന്‍ പര്യാപ്തരാകും. ഈ കൃപകള്‍ക്കായി ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കാം. ദൈവം ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
🇲🇬🇲🇨🇲🇬🇲🇨🇲🇬🇲🇨🇲🇬🇲🇨🇲🇬🇲🇨🇲🇬
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*