ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ വള്ളങ്ങള്‍ ഉപയോഗിച്ച്‌ രക്ഷിച്ചത് 1000 ഓളം പേരെ. വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ രക്ഷാബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും ഏകോപിപ്പിച്ചാണ് സംസ്ഥാനത്തെ വിവിധ പ്രളയബാധിതമേഖലകളില്‍ നിന്ന് നിരവധിപേരെ രക്ഷാകേന്ദ്രങ്ങളിലെത്തിക്കാനായത്.

വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിവരെ 710 പേരെ രക്ഷിച്ചതായി വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനുപുറമേ, അനേകരെ ഈ ബോട്ടുകള്‍ രക്ഷിച്ചിട്ടുണ്ട്. മിക്ക ബോട്ടുകളും ഇപ്പോഴും രക്ഷാപ്രവര്‍ത്തനത്തില്‍ വ്യാപൃതരാണ്.

ആകെ 288 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയത്. ഇതില്‍ 107 എണ്ണമാണ് വിവിധ ജില്ലകളില്‍ രക്ഷാദൗത്യത്തിനിറങ്ങിയത്. ഇതില്‍ വകുപ്പിന്റെ ബോട്ടുകള്‍, പരിശീലനം സിദ്ധിച്ച മത്‌സ്യത്തൊഴിലാളികളുടെ സ്‌ക്വാഡ് തുടങ്ങിയവരാണുള്ളത്. പരിശീലനം നല്‍കിയ രക്ഷാ സ്‌ക്വാഡില്‍ 271 പേരാണ് സജ്ജമായി രംഗത്തുള്ളത്. ഇതില്‍ 77 പേരെ വിന്യസിച്ചിട്ടുണ്ട്. ആവശ്യം വരുന്നതനുസരിച്ച്‌ ബാക്കിയുള്ളവരെയും രക്ഷാദൗത്യത്തിന് നിയോഗിക്കും.

ഇതിനുപുറമേ, സ്വയം സന്നദ്ധരായി മുന്നോട്ടുവന്നത് 579 മത്സ്യത്തൊഴിലാളികളാണ്. ഇതില്‍ 225 പേരെ വിവിധ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറക്കിയിട്ടുണ്ട്.
പരിശീലനാ സിദ്ധിച്ച മത്‌സ്യത്തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ സജ്ജരായിരിക്കുന്നത് തിരുവനന്തപുരം ജില്ലയില്‍നിന്നാണ്.