വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ കത്തോലിക്കാ സഭ ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലിന് ആചരിച്ചു. എന്നാല്‍ തിരുസഭാ ചരിത്ര പാതയെ കെടാവിളക്കുപോലെ പ്രകാശമാനമാക്കിയ വിശുദ്ധനെ നാം അടുത്തറിയുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തേണ്ടുന്ന സമയമാണിത്.
വിശുദ്ധരില്‍ വസിച്ച പരിശുദ്ധാത്മാവിനെക്കുറിച്ച് നാം ധ്യാനിക്കുമ്പോഴാണ് അതിപുരാതനവും വ്യവസ്ഥാപിതവും തനതുനിയമങ്ങളാല്‍ കളംവരയ്ക്കപ്പെട്ടതുമായ തിരുസഭയ്ക്ക് യുവത്വം കൈവരുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദര്‍ശനം ഇത്തരുണത്തില്‍ ചിന്തോദ്ദീപകമാണ്: ”സുദീര്‍ഘ ചരിത്രത്താല്‍ സമ്പന്നവും മാനവ പരിപൂര്‍ണ്ണതയിലേക്ക് മുന്നേറുന്നതും ജീവന്റെ ആത്യന്തിക ലക്ഷ്യം ഉന്നം വയ്ക്കുന്നതുമായ സഭയാണ് ഈ ലോകത്തിന്റെതന്നെ യഥാര്‍ത്ഥ യൗവ്വനം.” നമ്മെയും സഭയെയും അതുവഴി ലോകത്തെയും തിരികെ കൊണ്ടുവരുവാന്‍ വിശുദ്ധര്‍ സഹായിക്കുന്നു. അവരില്‍ ശ്രേഷ്ഠനാണ് വിശുദ്ധ വിയാനി. ലാളിത്യത്തില്‍ ജനിച്ചു. കനല്‍വഴികളിലൂടെ നടന്നു. താപസനായി ജീവിച്ചു. ദൈവത്തെ പുറംതള്ളിയ ലോകത്തോടു കലഹിച്ചു. ഇരുളിനെ വെളിച്ചമായും വെളിച്ചത്തെ ഇരുളായും ചമച്ച സംസ്‌കാരത്തോടു സമരം ചെയ്തു. പാപ, പുണ്യങ്ങള്‍ക്ക് അതിരുകള്‍ തീര്‍ത്തു. ജ്ഞാനത്തില്‍ തികവോ ദൃഷ്ടിയില്‍ മികവോ സ്വന്തമായില്ല. പക്ഷേ, സ്വര്‍ഗം ചൊരിഞ്ഞ കൃപയുടെ രാഗങ്ങള്‍ തന്റെ ജീവിതമാകുന്ന ചെറുവീണയിലൂടെ ഉതിര്‍ത്ത് ശ്രുതിമധുരഗാനങ്ങളായി അദേഹം ഇന്നും ആലപിക്കുന്നു.
മരിയ വിയാനി ജനിച്ചത് 1786 മേയ് എട്ടിനാണ്. ഫ്രഞ്ചു വിപ്ലവം പൊട്ടിപ്പുറപ്പെടുന്നതിന് മൂന്നൂ വര്‍ഷം മുമ്പ്; ഡാര്‍ഡിലി എന്ന ഗ്രാമത്തില്‍; ലയണ്‍സ് പട്ടണത്തിന് വടക്കു മാറി ഒരു ചെറിയ ഗ്രാമത്തില്‍.
ഒരു കുന്നിന്‍ നെറുകയില്‍ വിയാനി കുടുംബം പീഠത്തില്‍ ഉയര്‍ത്തിയ ദീപം പോലെ ശോഭിച്ചു. ഗ്രാമീണര്‍ കൃഷിയിലും കാലിവളര്‍ത്തലിലും ജീവിതത്തെ പൊതിഞ്ഞുപിടിച്ചു. വിപ്ലവം വിശ്വാസത്തെ നക്കിത്തുടച്ച കാലം. ആറാം പിയൂസ് മാര്‍പാപ്പ കാരാഗൃഹത്തിലടക്കപ്പെട്ടു. അനേകം പുരോഹിതര്‍ വധിക്കപ്പെട്ടു; ശേഷിച്ചവരെ നാടുകടത്തി. ദൈവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. പരസ്യാരാധന നിരോധിച്ചു. വിശ്വാസത്തിന്റെ പര്യായമായ ഫ്രാന്‍സ് വല്ലാതെ കറുത്തുപോയി. കുടുംബപ്രാര്‍ത്ഥന, ജപമാല, രഹസ്യാരാധന എന്നിവ വഴി വിയാനിഭവനം വിശ്വാസം കാത്തുസൂക്ഷിച്ചു. ഭക്തരായ മാത്യു വിയാനിയും മരിയ ബലൂസയുമായിരുന്നു മരിയ വിയാനിയുടെ മാതാപിതാക്കള്‍.
അവരുടെ നാലാം മകനായിരുന്നു വിയാനി. നാലാം വയസില്‍ ഒരിക്കല്‍ അവനെ കാണാതായി. കണ്ടുകിട്ടുമ്പോഴാകട്ടെ, ഒരു മൂലയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന നിലയില്‍. ഒരു കൈയ്യില്‍ ജപമാല; മറ്റേതില്‍ ദൈവമാതൃരൂപം നെഞ്ചോടണച്ച്. പില്ക്കാലത്ത് പല സന്ദര്‍ഭങ്ങളിലും രക്ഷയ്‌ക്കെത്തിയത് മാതാവും ജപമാലയുമാണ്. പഠനത്തില്‍ മികവില്ലാത്തതിനാല്‍ സെമിനാരി അയോഗ്യത കല്പിച്ചപ്പോള്‍, വൈദിക പട്ടം ലഭിക്കാന്‍ കാരണമായത് ഈ ഭക്തിയാണ്. ഏഴാം വയസില്‍ ആടുമേയ്ച്ചിരുന്നപ്പോള്‍ മറ്റ് ഇടയക്കുട്ടികളെ കൂട്ടി ജപമാല ചൊല്ലുക പതിവായിരുന്നു. കല്ലുകള്‍ അടുക്കി അള്‍ത്താരനിര്‍മ്മിച്ചു. ‘കുര്‍ബാന’ അതില്‍ അര്‍പ്പിച്ചു. ‘തിരുനാള്‍ പ്രദക്ഷിണം’ നടത്തി. അതെ! സഭ പില്ക്കാലത്ത് ആത്മീയതയിലുള്ള ‘കാനല്‍’ പദവിയും രാഷ്ട്രം ശ്രേഷ്ഠതയ്ക്കുള്ള ‘മാടമ്പി’ സ്ഥാനവും നല്‍കി ആദരിച്ച വ്യക്തിയാണ് ഏഴു വയസുകാരനായ ആ ബാലന്‍. രണ്ടു പദവികളുടെയും സ്ഥാനചിഹ്നങ്ങള്‍ വിയാനി അണിഞ്ഞിരുന്നില്ല. അതേപ്പറ്റി പലരും പിന്നീട് ചോദിച്ചപ്പോള്‍ അദേഹം പറഞ്ഞതിപ്രകാരമാണ്. ”അവ അണിഞ്ഞിരുന്നെങ്കില്‍ സ്വര്‍ഗത്തിലെത്തുമ്പോള്‍ ദൈവം പറയുമായിരുന്നു, നീ കീര്‍ത്തിമുദ്രകള്‍ അണിഞ്ഞ് മഹത്വമെല്ലാം ഭൂമിയില്‍ തന്നെ അനുഭവിച്ചവനല്ലേ? നിന്നെ ഇവിടെ ആവശ്യമില്ല!”
1811 ഫെബ്രുവരി എട്ടിന് മരിയ ബലൂസ, 58-ാം വയസില്‍ മരിച്ചു. ”എന്റെ അമ്മ നല്ല അമ്മയായിരുന്നു” എന്ന് അമ്മയെപ്പറ്റി എന്നും അനുസ്മരിച്ചിരുന്ന മരിയ വിയാനിക്ക് ആ വേര്‍പാട് താങ്ങാവുന്നതില്‍ അധികമായിരുന്നു.
19-ാം വയസിലാണ് മരിയ വിയാനി സെമിനാരിയില്‍ ചേര്‍ന്നത്. സെമിനാരി പ്രവേശനം വിയാനിയെ ആഹ്ലാദചിത്തനും ആവേശഭരിതനുമാക്കി. പക്ഷെ, അത് അധികകാലം നീണ്ടു നിന്നില്ല. ലത്തീല്‍ പഠനം കീറാമുട്ടിയായി. പ്രായത്തില്‍ ഏറിയവന്‍ പഠനത്തില്‍ ഏറെ പിന്നിലായി. ”പരിശുദ്ധാത്മാവേ, ഈ ബുദ്ധിഹീനനെ പഠിപ്പിച്ചെടുക്കണമേ” എന്നതായിരുന്നു വിയാനിയുടെ ഉള്ളുരുകിയ പ്രാര്‍ത്ഥന. പക്ഷെ, അധികാരികള്‍ വിധിയെഴുതി വിയാനി പൗരോഹിത്യത്തിന് യോഗ്യനല്ലെന്ന്. ആ തീരുമാനം ഹൃദയഭേദകമായിരുന്നു. ഒരിറ്റ് ആശ്വാസത്തിനുവേണ്ടി വിയാനി ഓടിയത് അമ്മയുടെ കബറിടത്തിലേക്കായിരുന്നു. വിയാനിയുടെ ദൈവവിളി കണ്ടെത്തി പ്രോത്സാഹിപ്പിച്ചിരുന്ന വൈദികനാണ് ഫാ. ബെയ്‌ലി. അദ്ദേഹത്തിന്റെ സഹായത്താല്‍ വിയാനിക്ക് വീണ്ടും സെമിനാരിയില്‍ പഠിക്കാന്‍ അവസരം കിട്ടി. പക്ഷേ, പഠനം ദുഷ്‌ക്കരമായിരുന്നു. അധികാരികള്‍ വീണ്ടും വിയാനിയെ പൗരോഹിത്യത്തിന് അയോഗ്യനെന്നു വിധിച്ചപ്പോള്‍ രൂപതാധ്യക്ഷന്‍ തീരുമാനിച്ചത് അവനില്‍ ദൈവഭക്തിയും ജപമാല സ്‌നേഹവും ജ്വലിച്ചു നില്ക്കുന്നതിനാല്‍ വൈദികപട്ടം കൊടുക്കാമെന്നാണ്. അദ്ദേഹം അഭിപ്രായപ്പെട്ടു: ”പണ്ഡിതരെന്നതിനേക്കാള്‍ ഭക്തരായ വൈദികരെയാണ് സഭയ്ക്കാവശ്യം. ദൈവം അവരില്‍ പ്രവര്‍ത്തിച്ചു കൊള്ളും.”
അങ്ങിനെ 1815 ഓഗസ്റ്റ് 13 -ന് വിയാനി വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് നവവൈദികന്‍ പ്രസ്താവിച്ചു: ”ഹാ! വൈദികന്‍ എത്ര മഹോന്നതന്‍. സ്വര്‍ഗത്തില്‍ മാത്രമേ അവന്റെ മഹത്വം വെളിപ്പെടുകയുള്ളു. ഈ ലോകത്തില്‍ വച്ച് അതു ഗ്രഹിച്ചിരുന്നുവെങ്കില്‍ ദൈവസ്‌നേഹ പാരവശ്യത്താല്‍ തല്‍ക്ഷണം പുരോഹിതന്‍ മരിച്ചുവീഴുമായിരുന്നു.
ലയണ്‍സില്‍നിന്ന് 19 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ആര്‍സിലേക്ക് വഴി തെളിച്ചു നടന്ന ബാലനോട് വിയാനി പറഞ്ഞു: ”ഇതിന് പ്രതിനന്ദിയായി നിനക്ക് ഞാന്‍ സ്വര്‍ഗത്തിലേക്കുള്ള വഴി കാണിച്ചുതരാം.” ഇന്നും അനേകര്‍ക്ക് വിയാനി ആ വഴി തെളിക്കുന്നു. ആര്‍സില്‍ വിയാനിക്ക് സ്വാഗതമരുളിയത് ദാരിദ്ര്യത്തിന്റെ അസ്ഥികൂടം പോലെയുള്ള കുറെ കുടില്‍വീടുകളും അവയുടെ നടുവില്‍ നിലംപൊത്താറായി നില്‍ക്കുന്ന ഇടവകപ്പള്ളിയും. ”ഈ നാടിന് വഹിക്കാവുന്നതില്‍ അധികം ആളുകള്‍ ഇവിടേക്കുവരും” എന്ന പരിശുദ്ധാത്മ പ്രവചനത്തോടെയാണ് വിയാനിയച്ചന്‍ പള്ളിയുടെ ചുമതലയേറ്റത്. അദ്ദേഹത്തിന്റെ ആദ്യപ്രാര്‍ത്ഥന ഇതായിരുന്നു: ”ദൈവമേ, ഈ ഗ്രാമത്തെ മാനസാന്തരപ്പെടുത്തണമേ. അതിനുവേണ്ടി ഏതു സഹനവും ഏറ്റുവാങ്ങുവാന്‍ ഞാന്‍ സ്വയം സമര്‍പ്പിക്കുന്നു.”
നവവൈദികന് ഫാ. ബെയ്‌ലി കൊടുത്ത സമ്മാനം ദണ്ഡനോപകരണം ആയിരുന്നു. അതുപയോഗിച്ച് രാത്രികളില്‍ വിയാനി സ്വശരീരത്തെ കഠിനമായി പീഡിപ്പിച്ചു. അപ്പോള്‍ ഒഴുകിയ രക്തം കിടക്കയും വസ്ത്രവും നനച്ചിരുന്നു. പകലുകളില്‍ പ്രാര്‍ത്ഥനയും രാത്രികളില്‍ സ്വയം പീഡനവും. ഭക്ഷണം ഉരുളക്കിഴങ്ങും വെള്ളവും; വിയാനിയുടെ ദിനചര്യ ഇതായിരുന്നു. എപ്പോഴും പ്രാര്‍ത്ഥിക്കുന്ന വികാരിയച്ചന്‍ ആര്‍സിന് അത്ഭുതമായി മാറി. പത്തുവര്‍ഷംകൊണ്ട് ആര്‍സ് മാനസാന്തരപ്പെടുവാന്‍ തുടങ്ങി.
മദ്യപാനവും ചൂതാട്ടവും ആഭാസനൃത്തവും ദൈവനിഷേധവും അജ്ഞതയും കൊണ്ട് കലുഷിതമായ ആര്‍സ് നിവാസികളാണ് മാനസാന്തരത്തിലേക്ക് മടങ്ങിവരാന്‍ തുടങ്ങിയത്. അതിനാല്‍ ഒരു വിദ്യാമന്ദിരം അച്ചന്‍ ആരംഭിച്ചു. തുടക്കത്തില്‍ 15 കുട്ടികള്‍. പിന്നീട് കുട്ടികള്‍ കൂടി വന്നു-അയല്‍ഗ്രാമങ്ങളില്‍ നിന്നുപോലും! പഠനം സൗജന്യമായിരുന്നു; അദ്ധ്യാപനവും അങ്ങിനെതന്നെ. മാനസാന്തരപ്പെട്ട ഏതാനും യുവതികള്‍ അവരുടെ ദൈവിക കടമയെന്നോണം സൗജന്യമായി പഠിപ്പിക്കാന്‍ സന്നദ്ധരായി. ഫ്രഞ്ചു ഗവണ്‍മെന്റിനുപോലും സൗജന്യവിദ്യാഭ്യാസം ചിന്തിക്കാന്‍ കഴിയാത്ത കാലത്തില്‍! സാമൂഹ്യസേവനത്തിനുവേണ്ടി യൂത്ത് ഗില്‍ഡ് സ്ഥാപിതമായി. അനേകം യുവജനങ്ങള്‍ ആകര്‍ഷിക്കപ്പെട്ട് അംഗങ്ങളായി. ഭിക്ഷാടകര്‍ക്കും അനാഥര്‍ക്കും വേണ്ടി ഒരഗതി മന്ദിരം സ്ഥാപിച്ചു.
‘ദൈവപരിപാലനയുടെ ഭവനം’ എന്നു പേരിട്ടു. തുടര്‍ന്ന് സ്ഥാപിക്കപ്പെട്ട മറ്റൊരു സ്ഥാപനമാണ് ‘വിശുദ്ധ ഫിലോമിനയുടെ പ്രാര്‍ത്ഥനാലയം.’ അനേകം രോഗശാന്തികള്‍ നടക്കുന്ന ഇടമായി പ്രാര്‍ത്ഥനാലയം പരിണമിച്ചു. മാനസാന്തരപ്പെട്ട യുവതികളുടെ നേതൃത്വത്തില്‍ ‘ജപമാല സംഘം’ രൂപീകൃതമായി.
എന്നാല്‍, ജോണ്‍മരിയ വിയാനിയുടെ പ്രധാന കര്‍മ്മരംഗം കുമ്പസാരക്കൂടായിരുന്നുവെന്നത് സുവിദിതമാണല്ലോ. ദിവസവും 18 മണിക്കൂറോളം കുമ്പസാരക്കൂട്ടില്‍ ചെലവഴിച്ച വിയാനിയെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ”കുമ്പസാരക്കൂട്ടിലെ രക്തസാക്ഷി”യെന്നാണ് വിളിച്ചിരുന്നത്. മരണത്തിനു തൊട്ടുമുമ്പുള്ള വര്‍ഷം ഒരു ലക്ഷത്തിലധികം പേര്‍ വിയാനിയുടെ പക്കല്‍ കുമ്പസാരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എല്ലാ വഴികളും ആര്‍സിലേക്ക് എന്നതായിരുന്നു സ്ഥിതി. കുമ്പസാരിക്കാനല്ല വരുന്നതെങ്കിലും വിയാനിയെ സമീപിക്കുന്നവര്‍ അനുതപിച്ചു കുമ്പസാരിച്ചിരുന്നു. കുമ്പസാരത്തിനൊപ്പം രോഗസൗഖ്യവും ലഭിച്ചവര്‍ ഉണ്ടായിരുന്നു. 1850 ഫെബ്രുവരി ഒന്നിന് ആര്‍സില്‍ കൊണ്ടുവന്ന ക്ലാവുദിയാ കേള്‍വിയും കാഴ്ചയും നഷ്ടപ്പെട്ടവളായിരുന്നു. പാപസങ്കീര്‍ത്തനം നടത്തി. കാഴ്ചയും കേള്‍വിയും തിരിച്ചുകിട്ടി. കുമ്പസാരക്കൂട്ടിലെ കരയുന്ന വൈദികനായിരുന്നു വിയാനി. കരയുക മാത്രമല്ല തന്റെ പക്കല്‍ കുമ്പസാരിച്ചവരുടെ പാപങ്ങള്‍ക്കുവേണ്ടി സ്വശരീരത്തെ ദണ്ഡിപ്പിച്ച് പാപ പരിഹാരവും അനുഷ്ഠിച്ചിരുന്നു.
പുരോഹിതരുടെ മദ്ധ്യസ്ഥനായ വിയാനിയുടെ പുരോഹിത ചിന്തകള്‍ കാണാതെ പോകുക കരണീയമാവില്ല. അദ്ദേഹം പറയുന്നു: പൗരോഹിത്യം മനുഷ്യനെ ദൈവത്തോളം ഉയര്‍ത്തുന്ന കൂദാശയാണ്. ആരാണ് പുരോഹിതന്‍? ദൈവത്തിന്റെ സ്ഥാനം വഹിക്കുന്നവന്‍.
വൈദികനെയും മാലാഖയെയും ഒന്നിച്ചു കണ്ടാല്‍ വൈദികനായിരിക്കും ആദ്യം ഞാന്‍ സ്വസ്തി പറയുക. കാരണം മാലാഖ ദൈവത്തിന്റെ മിത്രം മാത്രമാണ്. വൈദികനോ, ദൈവത്തിന്റെ പ്രതിനിധിയും. അതുകൊണ്ടാണ് വിശുദ്ധ ത്രേസ്യാ പുണ്യവതി വൈദികന്‍ നടന്നുപോയ സ്ഥലം ആദരവോടെ ചുംബിച്ചിരുന്നത്. മറിയം വഴി യേശുവിനെ ലോകത്തിനു കിട്ടി. പുരോഹിതര്‍ വഴി യേശുവിനെ എന്നും നമുക്കു കിട്ടുന്നു. എന്നാല്‍ മറിയമോ, മാലാഖയോ മുഖേന പാപമോചനം നമുക്കു കിട്ടില്ല. അതിന് വൈദികന്‍തന്നെ വേണം. യേശുപേലും പുരോഹിതനെ അനുസരിക്കുന്നു. എപ്പോള്‍? ദിവ്യബലിയില്‍ ”ഇതെന്റെ ശരീരമാകുന്നു; ഇതെന്റെ രക്തമാകുന്നു” എന്ന് ഉച്ചരിക്കുന്ന മാത്രയില്‍. പുരോഹിതരില്ലാത്ത അവസ്ഥ എന്തായിരിക്കും?. ദിവ്യബലിയില്ല. ബലിപീഠമില്ല. ദൈവാലയ ഗോപുരങ്ങളില്ല. മണിനാദങ്ങളില്ല. ഗാനാലാപനങ്ങളില്ല. വചന വ്യാഖ്യാനങ്ങളില്ല. കൂദാശകളുടെ നീര്‍ച്ചാലുകളില്ല. അവയുളവാക്കുന്ന ദുരവസ്ഥ ഭീതിദമാണ്. അതിനാല്‍ വൈദികനെ കാണുമ്പോള്‍ ഇങ്ങനെ ചിന്തിക്കണം. ”അദ്ദേഹമാണ് എന്നെ ദൈവമകനാക്കിയത്. എന്റെ പാപം മോചിച്ചത്. എനിക്ക് ആത്മീയ ഭക്ഷണം തന്നത്. അതിന്റെ താക്കോല്‍കാരനും അദ്ദേഹം തന്നെ. അദ്ദേഹത്തിന്റെ അധികാരം എത്ര വലുത്. ദൈവത്തിന്റെ അതേ അധികാരം നല്‍കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വാക്ക് ഗോതമ്പപ്പത്തെ ദൈവമാക്കി മാറ്റുന്നു. അത് പ്രപഞ്ചത്തെ സൃഷ്ടിച്ചതിലും മഹത്തരമല്ലേ? ദൈവത്തിന്റെ ഹൃദയസന്തോഷമായ പുരോഹിതാ, നിന്റെ മാഹാത്മ്യം എത്ര മഹനീയം..!”
വിയാനിക്ക് അത്ഭുത പ്രവര്‍ത്തന സിദ്ധിയുണ്ടായിരുന്നു. അനേകം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. വിവിധ രോഗികളെ സുഖപ്പെടുത്തി. അസാധ്യം എന്നു കരുതിയിരുന്നവരില്‍പോലും പശ്ചാത്താപവും പാപസങ്കീര്‍ത്തനവും നടന്നു. വിയാനിയുടെ അത്ഭുതങ്ങളെപ്പറ്റി പഠിക്കുവാന്‍ ഒരു സമിതിയെ നിയോഗിച്ചു. അവരുടെ പഠന റിപ്പോര്‍ട്ടില്‍ ശാസ്ത്രത്തിന് അസാധ്യമായ മുപ്പതില്‍ അധികം അത്ഭുത സംഭവങ്ങള്‍ വിവരിച്ചിരിക്കുന്നു. വിവരിക്കാതെ വിട്ടുകളഞ്ഞ സംഭവങ്ങളും ധാരാളമുണ്ട്. വിയാനിയുടെ ജീവിതം ശാന്തമായൊഴുകിയ പുഴയായിരുന്നില്ല. നടന്ന വഴികള്‍ വളഞ്ഞതും കല്ലുംമുള്ളും നിറഞ്ഞതുമായിരുന്നു. കൊടുങ്കാറ്റുകള്‍ ആഞ്ഞടിച്ചിരുന്നു. കൊടുംപീഡകള്‍ ഏല്‍ക്കേണ്ടിവന്നു. ആത്മസംഘര്‍ഷങ്ങള്‍ നിരവധി. ഇവയുടെയെല്ലാം നടുവില്‍ ഹൃദയം ചുട്ടുപൊള്ളുന്ന ദൈവസ്‌നേഹാഗ്നിയുടെ ജ്വാലകള്‍. അതിസ്വാഭാവിക മണ്ഡലങ്ങളിലെ ആത്മ സഞ്ചാരങ്ങള്‍. പ്രക്ഷുബ്ധ കാലത്തിന്റെ കടലിനു കുറുകെ പറന്ന ഏകാന്ത പക്ഷിയായിരുന്നു മരിയ വിയാനി.
വിയാനിയുടെ ജീവിതം സായാഹ്നത്തോടടുത്തു. സായംസന്ധ്യയിലെ വിരാമ സൂര്യനെപ്പോലെ ആ അരുണിമശോഭ അണയുവാന്‍ തുടങ്ങി. ”എനിക്ക് ഇനിയും അധികനാള്‍ ഇല്ലെന്ന്” എത്തിനേ ഡൂറിയെ എന്ന ഭക്തയായ ശിഷ്യയോട് വിയാനി പറഞ്ഞു. 1859 ജൂലൈ 13 നായിരുന്നു അത്. ”മകളേ, ഈ മാസം അന്ത്യം. അല്ലെങ്കില്‍ അടുത്ത മാസം ആദ്യം” എന്നും വിയാനി കൂട്ടിച്ചേര്‍ത്തു. വാര്‍ധക്യത്തിന്റെ ഉഴവുചാലുകള്‍ തീര്‍ത്ത വിയാനിയുടെ മുഖക്ഷീണം കൂടി വന്നു. ഓഗസ്റ്റ് നാലെത്തിയത് കൊടുങ്കാറ്റുമായാണ്. ഉച്ചയ്ക്കുശേഷം 2 മണിക്ക് ദൈവാലയത്തില്‍ മരണമണിനാദം മുഴങ്ങി. വീണ്ടും എല്ലാ വഴികളും ആര്‍സിലേക്ക് എന്നതുപോലെ ജനം ഒഴുകിയെത്തി – 73 വര്‍ഷക്കാലം ദൈവാഗ്നിയില്‍ ജ്വലിച്ചു നിന്ന പ്രസന്ന വദനം ഒന്നുകൂടി കാണുവാന്‍. ഇന്നും ആ ശരീരം അഴുകാതെ ആര്‍സിലെ കത്തീഡ്രലില്‍ തീര്‍ത്ഥാടകരെ ആകര്‍ഷിച്ച് അന്ത്യവിശ്രമം കൊള്ളുന്നു.
1905 ജനുവരി എട്ടിന് വിശുദ്ധ പത്താം പിയൂസ് മാര്‍പാപ്പ വിയാനിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തി. വിശുദ്ധ 11-ാം പിയൂസ് മാര്‍പാപ്പ 1925 മേയ് 31-ാം തീയതിയിലെ പന്തക്കുസ്ത തിരുനാളില്‍ വിശുദ്ധനായി പ്രഖ്യാപിച്ചു.
വിശുദ്ധ ജോണ്‍ മരിയ വിയാനി സ്വര്‍ഗത്തിലേക്കുള്ള വഴികാട്ടി
