കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിനും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിനുമായി പോലീസിലെ എല്ലാ വിഭാഗത്തെയും സംസ്ഥാനത്തെമ്ബാടുമായി നിയോഗിച്ചു.ലോക്കല്‍ പോലീസിനെ കൂടാതെ കേരളാ ആംഡ് പോലീസ് ബറ്റാലിയനുകള്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെയുള്ള സ്പെഷ്യല്‍ യൂണിറ്റുകള്‍ എന്നിവിടങ്ങളിലെ എല്ലാ വിഭാഗത്തിലുംപെട്ട പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ഇന്ത്യ റിസര്‍വ്വ് ബറ്റാലിയന്‍, റാപ്പിഡ് റെസ്പോണ്‍സ് റെസ്ക്യൂ ഫോഴ്സ്, നാലു റെയ്ഞ്ചുകളിലെയും ഡിസ്സാസ്റ്റര്‍ റിലീഫ് ടീം എന്നിവയില്‍ നിന്ന് ഉള്‍പ്പെടെ ദുരിതനിവാരണ മേഖലയില്‍ പ്രത്യേക പരിശീലനം നേടിയ 1850 പേരെ വിവിധ ജില്ലകളില്‍ അധികമായി വിന്യസിച്ചിട്ടുണ്ട്.സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനുമായി എല്ലാ ദിവസവും രാവിലെയും വൈകിട്ടും സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാരുമായി വീഡിയോ കോണ്‍ഫന്‍സ് വഴി ആശയവിനിമയം നടത്തിവരുന്നു.