യൂറോപ്പിലെ സ്കൗട്ടുകളുടെയും ഗൈഡുകളുടെയും സംയുക്ത സമ്മേളനം റോമില്‍ പാപ്പാ ഫ്രാന്‍സിസുമായി നേര്‍ക്കാഴ്ച നടത്തി.
നന്മയുടെ വഴി തെളിക്കാന്‍
നന്മ ശാക്തീകരിക്കാന്‍ 20 യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള സ്കൗട്ടുകളും ഗൈയ്ഡുകളും റോമില്‍ സംഗമിച്ചു. ക്രിസ്തുവിനായ് വഴിയൊരുക്കുവിന്‍, Parate viam Domini! എന്ന ആപ്തവാക്യവുമായി 5000-ത്തില്‍പ്പരം യുവതീയുവാക്കള്‍ വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസുമായുള്ള നേര്‍ക്കാഴ്ചയ്ക്കെത്തി. ജൂലൈ 27-മുതല്‍ ആഗസ്റ്റ് 3 ശനിയാഴ്ചവരെയായിരുന്നു “യൂറോമൂട്ട് 2019” (Euromoot 2019) – യൂറോപ്യന്‍ രാജ്യങ്ങളിലെ സ്കൗട്ടുകളുടെയും ഗൈഡുകളുടെയും സംഗമം. ഒരാഴ്ച നീണ്ട പരിപാടികളുമായി തങ്ങളുടെ രാജ്യങ്ങളില്‍നിന്നും കാല്‍നടയായി ആഗസ്റ്റു 3-ന് വത്തിക്കാനില്‍ അവര്‍ എത്തിയത് ഉംബ്രിയ, അബ്രൂസോ, തസ്കനി, ലാസ്സിയോ വഴി റോമിലേയ്ക്കുള്ള പരമ്പരാഗത പാത (Via Francigenia) പിന്നിട്ടാണ്.
പാപ്പാ ഫ്രാന്‍സിസുമായുള്ള നേര്‍ക്കാഴ്ച
പാപ്പാ ഫ്രാന്‍സിസുമായുള്ള നേര്‍ക്കാഴ്ച, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ യൂറോപ്പിലെ ദേശീയ മെത്രാന്‍ സമിതികളുടെ അദ്ധ്യക്ഷനും ജനോവ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ആഞ്ചലൊ ബഞ്ഞാസ്ക്കോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലി എന്നിവയായിരുന്നു റോമില്‍ അവര്‍ക്കുണ്ടായിരുന്ന ശ്രദ്ധേയമായ രണ്ടു പരിപാടികള്‍. നല്കുമ്പോഴാണ് ജീവിതത്തില്‍ ലഭിക്കുന്നത്. എല്ലാം വാരിക്കൂട്ടാനല്ല, മറിച്ച് നല്കുവാനും പങ്കുവയ്ക്കാനും സാധിക്കുന്നതാണ് ജീവിതത്തില്‍ യഥാര്‍ത്ഥമായ ആനന്ദമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അതിനാല്‍ നന്മ പങ്കുവയ്ക്കുന്നവരാകണമെന്ന്, ശനിയാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ നടന്ന കൂടിക്കാഴ്ചയില്‍ സ്കൗട്ടസ് ആന്‍റ് ഗൈഡ്സ് വിഭാഗങ്ങളില്‍പ്പെട്ട യുവജനങ്ങളെ പാപ്പാ ഉദ്ബോധിപ്പിച്ചു.
ബസിലിക്കയിലെ ബലിയര്‍പ്പണം
പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്ന കര്‍ദ്ദിനാള്‍ ബഞ്ഞാസ്കോയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹബലിയര്‍പ്പണം. യൂറോപ്പിന്‍റെ ക്രിസ്ത്യന്‍ സാംസ്കാരിക ആത്മീയ പൈതൃകം യുവജനങ്ങള്‍ ആര്‍ജ്ജിച്ചെടുക്കണമെന്ന് കര്‍ദ്ദിനാള്‍ ബഞ്ഞാസ്കൊ യുവജനങ്ങളെ അനുസ്മരിപ്പിച്ചു.
പിന്നിട്ട പുണ്യപാത – ഫ്രാന്‍സിജേന (Via Francigena)
പൗലോസ് അപ്പസ്തോലനും, വിശുദ്ധ സിറിളും , മെത്തോഡിയൂസ് രക്തസാക്ഷികളും, അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസും, ക്യാതറീന്‍ ഓഫ് സീയെന്നായും, വിശുദ്ധ ബെനഡിക്ടും, അതുപോലുള്ള ധാരാളം മറ്റു പുണ്യാത്മാക്കളും നടന്ന ഫ്രാന്‍സിജേനിയ കടന്നാണ് നിങ്ങള്‍ നിത്യനഗരമായ വത്തിക്കാനില്‍ എത്തിയതെന്ന് കര്‍ദ്ദിനാള്‍ യുവജനങ്ങളെ അനുസ്മരിപ്പിച്ചു. നാലു വലിയ ഗ്രൂപ്പുകളായി സഞ്ചരിച്ചവര്‍ മാര്‍ഗ്ഗമദ്ധ്യേ വിശ്രമസങ്കേതങ്ങളില്‍ സുവിശേഷം വായിച്ചു പഠിച്ചുകൊണ്ടാണ് യാത്ര തുടര്‍ന്നത്. അങ്ങനെ സുവിശേഷ ധ്യാനവുമായി സഞ്ചരിച്ചവര്‍ക്ക് സ്നേഹം, ക്ഷമ, ശത്രുസ്നേഹം, കൂട്ടായ്മ, സമാധാനം, പങ്കുവയ്ക്കല്‍ എന്നീ മൂല്യങ്ങള്‍ ജീവിതത്തില്‍ മാര്‍ഗ്ഗദീപമാണ്. അവര്‍ യാത്രയില്‍ പഠിച്ച കാര്യങ്ങള്‍ കുറിച്ചെടുത്ത് അവസാനം ഓരോ ഗ്രൂപ്പും അത് പുസ്തക രൂപത്തില്‍ പാപ്പായ്ക്കു സമര്‍പ്പിക്കുകയുണ്ടായി.
സ്കൗട്ടിന്‍റെ വൈദഗ്ദ്ധ്യങ്ങളുമായി
യാത്രാമദ്ധ്യേ 4 വ്യത്യസ്ത ക്യാമ്പുകളായി നടന്ന യൂറോപ്യന്‍ സംഗമം,
20 വിവിധ രാജ്യങ്ങളുടെ സംസ്കാരത്തനിമയും മൂല്യങ്ങളും ക്രിസ്തീയ പാരമ്പര്യങ്ങളും പങ്കുവയ്ക്കാനും, അവ രേഖീകരിക്കാനും സ്കൗട്ടിങ്ങിന്‍റെ സാമര്‍ത്ഥ്യവും വൈദഗ്ദ്ധ്യങ്ങളും ഉപകാരപ്പെടുത്തുകയുണ്ടായി. ‘ടെന്‍റ’ടിച്ചുള്ള രാവുകളും, തുറസ്സായ സ്ഥലങ്ങളില്‍ ഭക്ഷണം പാകംചെയ്തും, ആടിയും പാടിയും, ജീവിതാനുഭവങ്ങള്‍ പങ്കുവച്ചും മുന്നേറിയ യാത്ര സാഹസികവും അനുഭവവെളിച്ചം നല്കുന്നതുമായിരുന്നെന്ന് “യൂറോമൂട്ടി”ന്‍റെ മാധ്യമ പ്രവര്‍ത്തക എലേനാ ഗ്രസ്സീനി ആഗസ്റ്റ് 6-Ɔο തിയതി പുറത്തുവിട്ട പ്രസ്താവനയിലൂടെ വിശദീകരിച്ചു.