പാപ്പായുടെ കത്തിനെക്കുറിച്ച വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഹോര്‍ഹെ കാര്‍ളൊ വോങിന്‍റെ അഭിപ്രായം :
ധൈര്യം പകരുന്ന തുറന്ന കത്ത്
ധൈര്യവും പ്രത്യാശയും സാഹോദര്യവും പങ്കുവയ്ക്കുന്നതായിരുന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ വൈദികര്‍ക്കുള്ള കത്ത്. വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു ആഗസ്റ്റ് 6-Ɔο തിയതി ചൊവ്വാഴ്ച നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് കാര്‍ളോ ഇങ്ങനെ പ്രസ്താവിച്ചത്. ആര്‍സിലെ വികാരിയും ഇടവക വൈദികരുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ ആഗസ്റ്റ് 4-Ɔο തിയതി ആചരിച്ച 160-Ɔο ചരമവാര്‍ഷികം അവസരമാക്കിക്കൊണ്ടാണ് ലോകത്തുള്ള എല്ലാ വൈദികര്‍ക്കുമായി പാപ്പാ ഫ്രാന്‍സിസ് തുറന്ന കത്ത് അയച്ചത്.
വെല്ലുവിളികളില്‍ പരാജയപ്പെടുന്നവര്‍
കളിക്കളത്തില്‍ ഒരു ടീം എല്ലാ മത്സരങ്ങളിലും ജയിക്കണമെന്നില്ല. അതുപോലെ പൗരോഹിത്യത്തിലെ എല്ലാ വെല്ലുവിളികളും ജയിക്കാന്‍ വൈദികര്‍ക്ക് സാധിക്കണമെന്നില്ല. ചില വെല്ലുവിളികളില്‍ അവര്‍ പരാജിതരാകുന്നു. സഭ, അവളുടെ പ്രേഷിതരായ വൈദികര്‍ക്കൊപ്പമുള്ള പരിശ്രമത്തില്‍ ചിലപ്പോള്‍ പരാജിതരാകുന്നു. എന്നാല്‍ പരമമായ ലക്ഷ്യങ്ങള്‍ക്കായി സഭയിലെ വൈദികര്‍ നവീകൃതരായി ഇനിയും പ്രത്യാശയോടെ പരിശ്രമിക്കുകതന്നെ ചെയ്യുമെന്ന് ആര്‍ച്ചുബിഷപ്പ് വോങ് അഭിമുഖത്തില്‍ പ്രസ്താവിച്ചു.
അനുഭവസമ്പത്തു പങ്കുവയ്ക്കുന്ന കത്ത്
ഇടയന്‍ തന്‍റെ സഹപ്രവര്‍ത്തകര്‍ക്കെഴുതിയ കത്താണത്, ഒരു പിതാവ് മക്കള്‍ക്കെന്നപോലെ, അല്ലെങ്കില്‍ മുത്തസഹോദരന്‍ ഇളയവര്‍ക്കെന്ന പോലെ…. വൈദികരുടെ ഹൃദയത്തുടിപ്പ് അറിയുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ മനസ്സുതുറന്ന കത്താണത്. അജപാലനചുറ്റുപാടുകളില്‍നിന്നും ലഭിച്ചിട്ടുള്ള നിരവധി വ്യക്തികളുടെയും വൈദികരുടെയും കത്തുകള്‍ വായിച്ചും പഠിച്ചും അവ ഉള്‍ക്കൊണ്ടും ഇടവക വൈദികരുടെ മദ്ധ്യസ്ഥനായ വിശുദ്ധ മരിയ വിയാനിയുടെ അനുസ്മരണത്തില്‍ എഴിതുയ നീണ്ട തുറന്ന കത്താണത്.
വൈദികന്‍ ഒരു ദൈവികസാന്നിദ്ധ്യം
തന്‍റെ ജനത്തോടും വിളിച്ച ദൈവത്തോടും ഏറെ അടുത്തും വിശ്വസ്തതയോടുംകൂടെ ജീവിച്ച വിശദ്ധ മരിയ വിയാനിയുടെ ജീവിതമാതൃക ചൂണ്ടിക്കാണിക്കുന്നതാണ് പാപ്പായുടെ ഈ നീണ്ട കത്ത്. അജപാലന മേഖലയുടെ യാഥാര്‍ത്ഥമായ ചുറ്റുപാടുകളില്‍ വൈദികര്‍ ആര്‍ജ്ജിക്കേണ്ട എളിമ, ലാളിത്യം നന്മ, ത്യാഗമനസ്ഥിതി എന്നിവ പാപ്പാ ഫ്രാന്‍സിസ് വിയാന്നിയുടെ ജീവിതത്തെ മാതൃകയാക്കി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്നിന്‍റെ വിവിധങ്ങളായ ക്ലേശങ്ങള്‍ക്കു മദ്ധ്യത്തിലും ജനങ്ങള്‍ക്കൊപ്പം സ്നേഹത്തോടും, സന്തോഷത്തോടുംകൂടെ ജീവിച്ച മരിയ വിയാന്നി അജപാലന സമൂഹത്തിന് ദൈവികസാന്നിദ്ധ്യമായിരുന്നു.
ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും പങ്കുവയ്ക്കാന്‍
അക്കാലഘട്ടത്തിന്‍റെ ചുറ്റുപാടില്‍ അനുദിനം നേരിട്ട ക്ലേശങ്ങള്‍ ദൈവസന്നിധിയില്‍ ത്യാഗപൂര്‍വ്വം സമര്‍പ്പിച്ച വിയാനിക്ക് പ്രതിസന്ധികള്‍ക്കിടയിലും ഒരു സ്നേഹശുശ്രൂഷ കാഴ്ചവയ്ക്കാനും, ജനങ്ങള്‍ക്ക് ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും പങ്കുവയ്ക്കാനും സാധിച്ചത് പാപ്പാ ഫ്രാന്‍സിസ് കത്തില്‍ വ്യക്തമാക്കുന്നത് ആര്‍ച്ചുബിഷപ്പ് കാര്‍ളോ ചൂണ്ടിക്കാട്ടി.