മെഡ്ജുഗോറി: മരിയൻ പ്രത്യക്ഷീകരണങ്ങളാൽ സുപ്രസിദ്ധവും യൂറോപ്പിലെ പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രവുമായ മെഡ്ജുഗോറിയിൽ സമ്മേളിച്ച 30-ാം വാർഷിക യുവജനോത്സവത്തിൽ അണിചേർന്നത് അരലക്ഷത്തിൽപ്പരം യുവജനങ്ങൾ. മെഡ്ജുഗോറിയിലേക്കുള്ള മരിയൻ തീർത്ഥാടനം വത്തിക്കാൻ അംഗീകരിച്ചശേഷമുള്ള ആദ്യത്തെ യുവജനോത്‌സവം എന്നതും ഇത്തവണത്തെ സവിശേഷതയായിരുന്നു.

‘എന്നെ അനുഗമിക്കൂ’ എന്ന ആപ്തവാക്യവുമായി സംഘടിപ്പിച്ച സംഗമത്തിൽ ഏതാണ്ട് 97 രാജ്യങ്ങളിൽനിന്നുള്ളവരുടെ പ്രാതിനിധ്യമുണ്ടായിരുന്നു. അഞ്ച് ദിനം നീണ്ടുനിന്ന യുവജനോത്‌സവത്തിലെ പ്രധാപരപിപാടികൾ സോഷ്യൽ മീഡിയയുൾപ്പെടെയുള്ള സങ്കേതങ്ങളിലൂടെ വീക്ഷിച്ചവരുടെ എണ്ണവും റക്കോർഡാണെന്നാണ് റിപ്പോർട്ടുകൾ- 2.8 മില്യൺ!

റോമിലെ വികാർ ജനറലായ കർദിനാൾ ആഞ്ചെലോ ഡൊണാറ്റിസിന്റെ മുഖ്യകാർംികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയായിരുന്നു ആരംഭംകർത്താവ് നിരന്തരം നമ്മുടെമേൽ കൃപ ചൊരിയുന്നുണ്ടെന്നും നമുക്കുള്ളതെല്ലാം കർത്താവിന്റെ ദാനമാണെന്നും അദ്ദേഹം യുവതയെ ഉദ്‌ബോധിപ്പിച്ചു.

‘മനസാകുന്ന സമുദ്രത്തിൽ നിന്നും വിശുദ്ധ ചിന്തകളെ മാത്രം എടുത്തശേഷം വിഷമയമായ ചിന്തകൾ കളയുന്ന ഓരോ ക്രിസ്ത്യാനിയും ഒരു നല്ല മുക്കുവനെപ്പോലെയാകണം. യേശു പറഞ്ഞിട്ടുള്ള വിധിന്യായം സത്യത്തിന്റെ സന്തോഷകരമായ വെളിച്ചമായിരുന്നു, ക്രൂരനായ ഭരണാധികാരിയുടേതുപോലുള്ള വിധിന്യായമല്ല,’ കർദിനാൾ ഓർമിപ്പിച്ചു.

ബോസ്‌നിയയിലെ മെഡ്ജുഗോറിയിൽ 1981ലാണ് ആദ്യമായി മരിയൻ പ്രത്യക്ഷീകരണമുണ്ടായത്. ആറു കുട്ടികൾക്കാണ് പരിശുദ്ധ കന്യകാമാതാവ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പലപ്പോഴായി മാതാവ് പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങൾ നൽകിയിട്ടുണ്ട്. അത് ഇന്നും തുടരുന്നു. ഓരോ വർഷം 10 ലക്ഷത്തിൽപ്പരം തീർത്ഥാടകരാണ് മെഡ്ജുഗോറി സന്ദർശിക്കാനെത്തിയത്.