വാർത്തകൾ
🗞🏵 *മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് രാജ്യം പൂർണ ഔദ്യോഗിക ബഹുമതികളോടെ വിടനൽകി.* ഡൽഹിയിലെ ലോധി റോഡ് ശ്മശാനത്തിൽ മരണാനന്തര ചടങ്ങുകൾക്ക് ശേഷം മൃതദേഹം ദഹിപ്പിച്ചു. മരണാനന്തര ക്രിയകൾ നടത്തിയത് മകൾ ബൻസൂരി സ്വരാജായിരുന്നു. കുടുംബാംഗങ്ങൾക്ക് പുറമെ പ്രധാനമന്ത്രിയും മന്ത്രിമാരും അടക്കം രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു
🗞🏵 *ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* കർശന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ 15 സെന്റിന് താഴെയുള്ള പട്ടയങ്ങൾക്ക് അംഗീകാരം നൽകാനും അല്ലാത്തവ തിരിച്ചു പിടിക്കാനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ പട്ടയം നൽകിയ ഭൂമിയിൽ അനധികൃത നിർമ്മാണങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
🗞🏵 *കര്‍ഷകരുടെ വായ്പകള്‍ക്കു ഡിസംബര്‍ 31 വരെ മോറട്ടോറിയം തുടരും.* വായ്പകള്‍ പുനഃക്രമീകരിക്കാത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് ഉന്നതതല യോഗത്തിനുശേഷം കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. കൃഷി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ജില്ലാ തല ഉപസമിതികളുടെ അനുമതിയില്ലാതെ സംസ്ഥാനത്തൊരിടത്തും കര്‍ഷകര്‍ക്കെതിരെ ജപ്തിനടപടി ഉണ്ടാവില്ല.
🗞🏵 *കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് ഒൻപതുവയസുകാരൻ മരിച്ചു.* പാലക്കാട് പുതുനഗരം മേലെക്കാട് അബൂതാഹിറിന്റെ മകൻ ആദിൽ ആണ് മരിച്ചത്. കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപം പുലർച്ചെ മൂന്നിനായിരുന്നു അപകടം.
🗞🏵 *ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം ഇടിച്ച് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടത് സംബന്ധിച്ച കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതായി മുഖ്യമന്ത്രി.* കൃത്യസമയത്ത് വൈദ്യ പരിശോധനയും രക്തപരിശോധയും നടത്തുന്നതിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലും വീഴ്ച വന്നിട്ടുണ്ട്. ഇക്കാര്യങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും. കേസ് അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
🗞🏵 *യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികളായ ശിവരഞ്ജിത്തും പ്രണവും നസീമും പിഎസ്എസി റാങ്ക് പട്ടികയില്‍ ഇടം പിടിച്ചത് സിം ഇടാവുന്ന ചൈനീസ് വാച്ച് ഉപയോഗിച്ച് തട്ടിപ്പു നടത്തിയാണെന്നു സൈബര്‍ സൈല്ലിനു വിവരം ലഭിച്ചു.* സ്കാനിങ് സംവിധാനമുള്ള വാച്ചുപയോഗിച്ച് ചോദ്യപേപ്പര്‍ ഇമേജ് രൂപത്തില്‍ പുറത്തെത്തിക്കാനാണു സാധ്യതയെന്ന് അധികൃതര്‍ പറയുന്നു. തട്ടിപ്പു നടത്തിയവരുടെ സുഹൃത്തുക്കള്‍ ഉത്തരങ്ങള്‍ സന്ദേശങ്ങളിലാക്കി വാച്ചിലേക്ക് തിരികെ അയച്ചു.
🗞🏵 *ശാസ്താകോട്ട സ്വദേശിയായ ആർമി മെഡിക്കൽ കോർ അംഗം കശ്മീരിൽ വെടിയേറ്റു മരിച്ചു.* അപകടകാരണം വ്യക്തമല്ല. ശാസ്താംകോട്ട പോരുവഴി കമ്പലടി തോട്ടത്തിൽ കിഴക്കിൽ വിജയകുമാറിന്റെയും ശ്യാമളയുടെയും മകൻ വിശാഖ് (22) ആണു മരിച്ചത്.
🗞🏵 *തുറവൂരിനും വയലാറിനും ഇടയിൽ പാളത്തിലേക്ക് മരം വീണതിനെത്തുടർന്ന് ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.* തീരദേശ റെയിൽപാതയിലൂടെയുള്ള ജനശതാബ്ദി എക്സ്പ്രക്സ്, കൊച്ചുവേളി– ബെംഗളൂരു എക്സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിട്ടു.
🗞🏵 *തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സെമി ഹൈസ്പീഡ് റെയില്‍ സര്‍വീസിനു വേണ്ടിയുള്ള നിര്‍ദിഷ്ട മൂന്നും നാലും റെയില്‍ പാതയ്ക്കായി സിസ്ട്ര സമര്‍പ്പിച്ച സാധ്യതാ പഠന റിപ്പോര്‍ട്ടിനും അലൈന്‍മെന്‍റിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി.* 530 കിലോ മീറ്റർ ദൂരത്തില്‍ സെമീ ഹൈസ്പീഡ് ട്രെയിനുകള്‍ക്കായി നിലവിലുള്ള ഇരട്ട പാതയ്ക്കു പുറമെ മൂന്നും നാലും പാത എന്നതു സംസ്ഥാനത്തിന്‍റെ മുന്‍ഗണനാ പട്ടികയിലുള്ള പദ്ധതിയാണ്.
🗞🏵 *മലങ്കര സഭാ തർക്കത്തിൽ ഏഴു ദിവസത്തിനുള്ളിൽ സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കുമെതിരെ കോടതിയലക്ഷ്യ ഹർജി നൽകുമെന്ന് ഓർത്തഡോക്സ് സഭ.* ഇക്കാര്യം വ്യക്തമാക്കി ചീഫ് സെക്രട്ടറി ടോം ജോസിനു നോട്ടിസ് നൽകിയതായി സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അറിയിച്ചു. കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി നിയമപ്രകാരം നൽകേണ്ട നോട്ടിസ് ആണിത്.
🗞🏵 *തുടർച്ചയായി നാലാം തവണയും റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു.* ഇതോടെ 5.75 ശതമാനത്തിൽനിന്ന് 5.40 ശതമാനമായി റിപ്പോ. 0.35 ശതമാനമാണ് ഇത്തവണ കുറച്ചിരിക്കുന്നത്. എന്നാൽ റിവേഴ്സ് റിപ്പോ നിരക്കിൽ കുറവില്ല.
🗞🏵 *പി.എസ്.സിയുടെ വിശ്വാസ്യത പ്രധാനപ്പെട്ടതാണെന്നും അത് ദുർബലപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.* മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. യൂണിവേഴ്സിറ്റി കുത്തുകേസിലെ പ്രതികൾ പി.എസ്.സിയുടെ പോലീസ് കോൺസ്റ്റബിൾ റാങ്ക്ലിസ്റ്റിൽ എത്തിയതുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ പി.എസ്.സിയെ സംശയിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി
🗞🏵 *മാധ്യമപ്രവർത്തകൻ കാറിടിച്ച് മരിക്കാനിടയായ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു.* ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജിയിൽ വെള്ളിയാഴ്ച വിശദമായ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. വിഷയത്തിൽ ശ്രീറാമിന് കോടതി നോട്ടീസ് അയയ്ക്കും.
🗞🏵 *വാഹനാപകടത്തിൽ മരിച്ച മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി.* സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ ചീഫായിരുന്നു ബഷീർ.
🗞🏵 *ഡൽഹി – റാഞ്ചി രാജധാനി എക്സ്പ്രസിൽ വിദ്യാർഥിനിയെ ടിക്കറ്റ് എക്സാമിനറും പാൻട്രി ജീവനക്കാരും ചേർന്ന് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പരാതി.* സംഭവത്തെപ്പറ്റി റെയിൽവെ അന്വേഷണം തുടങ്ങി. ടിക്കറ്റ് എക്സാമിനറെ സസ്പെൻഡ് ചെയ്തുവെന്നും പാൻട്രി ജീവനക്കാരനെ ജോലിയിൽനിന്ന് മാറ്റി നിർത്തിയതായും റെയിൽവെ വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു.
🗞🏵 *ബജറ്റ് സമ്മേളനകാലയളവിൽ 35 ദിവസത്തെ സിറ്റിങ്ങുകളിലായി രാജ്യസഭ പാസ്സാക്കിയത് 32 ബില്ലുകൾ.* 17 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സമ്മേളനകാലയളവിൽ ഇത്രയേറെ ബില്ലുകൾ രാജ്യസഭ പാസ്സാക്കുന്നതെന്ന് ചെയർമാൻ എം.വെങ്കയ്യ നായിഡു പറഞ്ഞു.
🗞🏵 *അട്ടപ്പാടിയിലെ ആദിവാസി യുവതിയെ വർഷങ്ങളായി കോഴിക്കോട്ടെ വ്യാപാരി വീട്ടു തടങ്കലിൽ വെച്ചിരിക്കുന്നുവെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.* പന്നിയങ്കരയിലെ പി.കെ ഗിരീഷ് എന്നയാൾക്കെതിരേയാണ് അട്ടപ്പാടി സ്വദേശിനി ശിവയുടെ ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്.
🗞🏵 *മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ വേർപാടിൽ കണ്ണീരണിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.* സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അർപ്പിക്കാനായി അവരുടെ വീട്ടിലെത്തിയ മോദി, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനിടെയായിരുന്നു ദുഃഖം നിയന്ത്രിക്കാനാകാതെ വിതുമ്പിയത്.
🗞🏵 *സ്മാർട്ഫോണുകൾക്ക് വേണ്ടിയുള്ള 64 മെഗാപിക്സൽ ക്യാമറ സാങ്കേതിക വിദ്യ ഷാവോമി അവതരിപ്പിച്ചു.* ബുധനാഴ്ച ബെയ്ജിങിൽ നടന്ന ചടങ്ങിലാണ് ഷാവോമി 64 മെഗാപിക്സൽ ക്യാമറ പരിചയപ്പെടുത്തിയത്. ഇത് ആദ്യമായാണ് ഒരു സ്മാർട്ഫോൺ കമ്പനി 64 മെഗാപിക്സൽ സ്മാർട്ഫോൺ ക്യാമറ സാങ്കേതിക വിദ്യ പ്രഖ്യാപിക്കുന്നത്.
🗞🏵 *യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികൾ ഉൾപ്പെട്ട പി.എസ്.സി. പരീക്ഷാത്തട്ടിപ്പിൽ പോലീസുകാരനും പങ്ക്.* പേരൂർക്കട എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനായ കല്ലറ സ്വദേശി ഗോകുലിന് പരീക്ഷാക്രമക്കേടിൽ പങ്കുണ്ടെന്ന് പി.എസ്.സി. വിജിലൻസ് കണ്ടെത്തി.
🗞🏵 *ബോളിവുഡ് സംവിധായകനും നിർമാതാവും നടൻ ഹൃത്വിക് റോഷന്റെ മുത്തച്ഛനുമായ ജെ.ഓംപ്രകാശ് അന്തരിച്ചു.* 93 വയസ്സായിരുന്നു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ദീർഘകാലങ്ങമായി അദ്ദേഹം കിടപ്പിലായിരുന്നു.
🗞🏵 *ബീഹാർ മുൻ ആരോഗ്യമന്ത്രിയും ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഇളയ മകനുമായ തേജ് പ്രതാപ് യാദവിനെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി ഭാര്യ.* തേജ് പ്രതാപ് കഞ്ചാവിന് അടിമയാണെന്നും വിചിത്രമായ സ്വഭാവങ്ങളുള്ള ആളാണെന്നും ഭാര്യ ഐശ്വര്യ റായി വെളിപ്പടുത്തി. തേജ് പ്രതാപുമായുള്ള വിവാഹമോചന ഹർജിയുമായി ബന്ധപ്പെട്ട് കോടതിയിലാണ് അവർ വെളിപ്പെടുത്തലുകൾ നടത്തിയത്.
🗞🏵 *വിദേശ ബാങ്കുകളുടെ ഭീഷണിയും ഗുണ്ടായിസവും കേരളത്തില്‍ വേണ്ട: ഹൈക്കോടതി*
വിദേശ ബാങ്കുകളുടെ ഇന്ത്യയിലുള്ള ഏജന്റുമാർ കേരളത്തിൽ ഭീഷണിയും ഗുണ്ടായിസവും നടത്തരുത്. ഹൈക്കോടതിയുടെ കർശന ഉത്തരവാണിത്.
🗞🏵 *5ജി നടപ്പാക്കുമ്പോൾ വാവേ (Huawei) യുടെ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കാൻ ഇന്ത്യയെ ചൈന ഭീഷണിപ്പെടുത്തുന്നതായി അമേരിക്ക.* യു.എസ് കോൺഗ്രസിൽ സെനറ്റർ മാർഷ ബ്ലാക്ബേൺ ആണ് ഈ ആരോപണമുന്നയിച്ചത്. വാവേക്കുമേൽ അമേരിക്ക ഉപരോധം കൊണ്ടു വന്നതുമുതൽ ചങ്ങാത്തമുള്ള എല്ലാ രാജ്യങ്ങളിലും ഈ കമ്പനിയെ വിലക്കാനുള്ള നീക്കം അവർ നടത്തുന്നുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന.
🗞🏵 *മലയാളികളുടെ സ്വന്തം ഉത്സവമായ ഓണത്തിന് ഒരു മാസം കൂടി.* വിപണി ഉണരുന്ന കാലം. കേരളത്തിൽ ഏറ്റവുമധികം ബിസിനസ് നടക്കുന്ന സമയമാണിത്. ഇതിനായി വിപണി ഒരുങ്ങിക്കഴിഞ്ഞു. മഴ മാറി മാനം തെളിയുന്നതോടെ വിപണി കൂടുതൽ ഉത്സാഹത്തിലാകും. എല്ലാ ഇനങ്ങളുടെയും വില്പനയിൽ ശരാശരി 30 ശതമാനം വർധനയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
🗞🏵 *സ്വർണവില പവന് 27,200 രൂപയിലെത്തി.* സർവകാല റെക്കോർഡ് വിലയാണിത്. ബുധനാഴ്ച മാത്രം 400 രൂപയാണ് ഉയർന്നത്
🗞🏵 *അലഞ്ഞുതിരിയുന്ന പശുക്കൾ ഉത്തർപ്രദേശ് സർക്കാരിന് സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല.* അലഞ്ഞുതിരിയുന്ന പശുക്കളെ സർക്കാരിന് കീഴിലുള്ള ഗോശാലകളിൽ കൊണ്ടുവന്ന് സംരക്ഷിക്കുന്നുണ്ടെങ്കിലും ഇവയുടെ പരിപാലനം സർക്കാരിന് വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ഒടുവിൽ പുതിയ പദ്ധതിയിലൂടെ ഈ പ്രശ്നങ്ങൾക്കെല്ലാം സംസ്ഥാന സർക്കാർ തന്നെ പരിഹാരം കണ്ടെത്തിയിരിക്കുകയാണ്.
🗞🏵 *കേന്ദ്രസർക്കാർ ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിന്റെ പിറ്റേദിനമായ ചൊവ്വാഴ്ച സംസ്ഥാനത്തെ മൂന്നുമേഖലകളും പൂർണമായും ശാന്തമായിരുന്നു.* എന്നാൽ, ജനങ്ങളുടെ ആശങ്കയ്ക്കു കുറവൊന്നുമുണ്ടായില്ല. ടെലിഫോൺ, ഇന്റർനെറ്റ് ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടതിനാൽ ഉറ്റവരോടു ബന്ധപ്പെടാനാവാത്തതിലുള്ള ആകുലത സംസ്ഥാനത്തിനു പുറത്തുള്ള പലരും സാമൂഹികമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചു
🗞🏵 *കൈലാസ് മാനസരോവർ യാത്രയ്ക്ക് അപേക്ഷ നൽകിയ ഇന്ത്യൻ സംഘത്തിനു വീസ നിഷേധിച്ച് ചൈന.* ജമ്മു കശ്മീർ വിഭജിച്ച് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിൽ എതിർപ്പ് രേഖപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് ചൈനീസ് നടപടി. ചൊവ്വാഴ്ച വീസ ലഭിക്കേണ്ടിയിരുന്ന ഇന്ത്യന്‍ സംഘത്തിന് ഇതുസംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
🗞🏵 *വൈറ്റില മേല്‍പ്പാലം നിര്‍മാണത്തെ കൂടുതല്‍ വിവാദത്തിലാക്കി വീണ്ടും രേഖകള്‍.* പരിശോധനാ ഫലങ്ങള്‍ ആവശ്യപ്പെട്ടിട്ടും കൈമാറാതെ ഒളിച്ചുകളിക്കുന്നുവെന്ന് ആരോപിച്ച് മരാമത്ത്, വകുപ്പിലെ തന്നെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം നല്‍കിയ കത്തുകള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. മേല്‍പ്പാലം പണിയിലെ വീഴ്ചകളെ വെള്ളപൂശിക്കൊണ്ടുള്ള മന്ത്രി ജി.സുധാകരന്റെ വാദങ്ങള്‍ ഇതോടെ ദുര്‍ബലമായി. വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ ആദ്യ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പാലത്തില്‍ ഇന്ന് മദ്രാസ് ഐഐടിയുടെ പരിശോധന നടക്കും.
.
🗞🏵 *കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ പ്രതിഷേധിച്ചു ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ കരിദിനം ആചരിക്കാനൊരുങ്ങി പാകിസ്ഥാൻ.* ഇത് കൂടാതെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്താനും കശ്മീർ വിഷയം യുഎന്നിലേക്ക് കൊണ്ടുപോകാനുമാണ് പാകിസ്ഥാൻ പദ്ധതിയിടുന്നത്. കൂടാതെ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം നിർത്തിവയ്ക്കുമെന്നും പാകിസ്ഥാൻ അറിയിച്ചു. ഇന്ത്യൻ ഹൈകമ്മീഷണറെ പാക്കിസ്ഥാൻ പുറത്താക്കി
🗞🏵 *ശക്തമായ മഴ തുടരുന്നതിനാൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.* ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ഉള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക് ഇന്ന് (8 Aug 2019) അവധിയായിരിക്കുമെന്നും, കേന്ദ്ര വിദ്യാലയങ്ങൾക്കും അവധി ബാധകമാണെന്നും കളക്ടർ അറിയിച്ചു.
🗞🏵 *ലോകം അറിയുന്ന ബാസ്കറ്റ്ബോള്‍ താര പദവിയില്‍ നിന്ന്‍ കര്‍ത്താവിന്റെ മണവാട്ടിയായി കന്യാസ്ത്രീ മഠത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഏകാന്ത ജീവിതം നയിക്കുന്നതിനായി വില്ലനോവയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വനിതാ ബാസ്കറ്റ്ബോള്‍ താരം ഷെല്ലി പെന്നെഫാദര്‍ തീരുമാനിച്ചപ്പോള്‍* അമ്പരപ്പോടെയാണ് അവളെ അറിയാവുന്നവര്‍ അത് കേട്ടത്. ഏറെ പേര്‍ ആഗ്രഹിച്ചിട്ടും ലഭിക്കാത്ത പ്രൊഫഷണല്‍ ജീവിതവും സമ്പത്തും പ്രശസ്തിയും നിമിഷ നേരം കൊണ്ട് വേണ്ടെന്ന് വെച്ചെന്ന് കേട്ടപ്പോള്‍ തന്നെ പലരും സ്തബ്ദരായി. വില്ലനോവയിലെ പുരുഷ വനിതാ ബാസ്കറ്റ്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച സ്കോറിനുടമയായ ഷെല്ലിയുടെ ആവേശോജ്ജ്വലമായ ദൈവവിളിയുടെ കഥ സ്പോര്‍ട്സ് ചാനലായ ഇ.എസ്.പി.എന്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. അത് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്.
🗞🏵 *ക്രൈസ്തവ വിശ്വാസത്തില്‍ നിന്നു അകന്നുപ്പോയ യൂറോപ്പിനെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് ഇറ്റലിയുടെ ദേശീയ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിറോ ബസ്സേത്തി.* ലൊസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ അഭിമുഖത്തില്‍, വിശ്വാസം ക്ഷയിച്ച് ദൈവത്തെ നഷ്ടമാകുന്നൊരു സമൂഹമെന്നാണ് യൂറോപ്പിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
🗞🏵 *ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ മുന്‍പ് അനുമതിയില്ലാതെ നിര്‍മ്മിക്കപ്പെട്ട ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കുവാനുള്ള നടപടികള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു* . കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 88 കോപ്റ്റിക് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കിയെന്ന് പൊന്തിഫിക്കല്‍ വാര്‍ത്ത വിഭാഗമായ ഏജന്‍സിയ ഫിദെസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
🗞🏵 *സ്കൂളുകളിലെ പുസ്തകങ്ങളിൽ നിന്ന് വിശ്വാസപരമായ പദങ്ങൾ നീക്കംചെയ്ത് ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ മതങ്ങളുടെ മേലുള്ള അടിച്ചമർത്തൽ തുടരുന്നു.* മത പീഡനങ്ങളുടെ കണക്കെടുക്കുന്ന ബർണബാസ് ഫണ്ടിന്റെ റിപ്പോർട്ടനുസരിച്ച് ദൈവം, ക്രിസ്തു, ബൈബിൾ തുടങ്ങിയ പദങ്ങൾ ‘റോബിൻസൺ ക്രൂസോ’, ‘ദി ലിറ്റിൽ മാച്ച് ഗേൾ’ തുടങ്ങിയ പുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യാൻ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.
🏴🏴🌻🏴🏴🌻🏴🏴🌻🏴🏴
*ഇന്നത്തെ വചനം*
അടുത്ത ദിവസം അവര്‍ ബഥാനിയായില്‍നിന്നു വരുമ്പോള്‍ അവനു വിശക്കുന്നുണ്ടായിരുന്നു.
അകലെ തളിരിട്ടു നില്‍ക്കുന്ന ഒരു അത്തിമരം കണ്ട് അതില്‍ എന്തെങ്കിലും ഉണ്ടാകാം എന്നു വിചാരിച്ച് അടുത്തുചെന്നു. എന്നാല്‍, ഇലകളല്ലാതെ മറ്റൊന്നും കണ്ടില്ല. അത് അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നു.
അവന്‍ പറഞ്ഞു: ആരും ഇനിയൊരിക്കലും നിന്നില്‍നിന്നു പഴം തിന്നാതിരിക്കട്ടെ! അവന്‍െറ ശിഷ്യന്‍മാര്‍ ഇതുകേട്ടു.
മര്‍ക്കോസ് 11 : 12-14
🏴🏴🌻🏴🏴🌻🏴🏴🌻🏴🏴
*വചന വിചിന്തനം*
കൈത്താക്കാലം ഫലാഗമ കാലമാണല്ലോ. എത്രമാത്രം ആത്മീയ ഫലങ്ങൾ നമുക്ക് പുറപ്പെടുവിക്കാൻ സാധിക്കുന്നുണ്ടെന്ന് നമ്മൾ വിചിന്തനം നടത്തുന്ന കാലം. അത്തിമരത്തിൽ ഫലം തിരയുന്ന ഈശോയെ സുവിശേഷം അവതരിപ്പിക്കുന്നു. ഫലം പുറപ്പെടുവിക്കാതെ പോയാൽ അത്തിമരത്തെ പോലെ ശാപം ഏറ്റുവാങ്ങേണ്ടി വരും. അത്തിമരം ഫലം കായ്ക്കാത്തതിനു കാരണം പറയുന്നത് അത് ഫലം ചൂടുന്ന കാലമല്ലായിരുന്നു എന്നാണ്. എന്നിട്ടും അത്തിമരം ശാപം ഏറ്റു വാങ്ങേണ്ടി വരുന്നു. ഇതു പ്രതീകാത്മകമാണ്. ഒരു വിശ്വാസിക്ക് ആത്മീയ ഫലങ്ങൾ പുറപ്പെടുവിക്കാൻ പ്രത്യേക സമയമോ കാലമോ ഒന്നുമില്ല എല്ലാ സമയത്തും എല്ലാകാലത്തും കർത്താവ് അവനിൽ നിന്ന് ഫലങ്ങൾ പ്രതീക്ഷിക്കുന്നു. ഫലരഹിതമായ കാലഘട്ടത്തിൽ പോലും ശാപം ഏറ്റു വാങ്ങേണ്ടി വരുന്ന അത്തിമരം സൂചിപ്പിക്കുന്നത് ഇതാണ് അതിനാൽ നമുക്ക് നിരന്തരം ആത്മീയ ഫലങ്ങൾ പുറപ്പെടുവിക്കുന്ന വരാകാം.
🏴🏴🌻🏴🏴🌻🏴🏴🌻🏴🏴
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*