യൂറോപ്പില്‍ വേനല്‍ക്കാലവധിയുടെ വേളയാകയാല്‍ ഒരു മാസക്കാലം, അതായത്, ജൂലൈ മുഴുവനും പൊതുദര്‍ശനം അനുവദിക്കാതിരുന്ന ഫ്രാന്‍സീസ് പാപ്പാ ഈ ബുധനാഴ്ച (07/08/19) അത് പുനരാരംഭിച്ചു. സൂര്യതാപം ശക്തമായിരുന്നതിനാല്‍ പൊതുകൂടിക്കാഴ്ചാവേദി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള പോള്‍ ആറാമന്‍ ശാലയായിരുന്നു. ചൈനയും ജപ്പാനുമുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകര്‍, സന്ദര്‍ശകര്‍, ഇറ്റലിയിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിങ്ങനെ ആറായിരത്തിലേറെപ്പേര്‍ ശാലയില്‍ സന്നിഹിതരായിരുന്നു. ശാലയില്‍ എത്തിയ പാപ്പായെ ജനസഞ്ചയം ആനന്ദാരവങ്ങളോടെ സ്വീകരിച്ചു.
ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടും കുശലാന്വേഷണങ്ങള്‍ നടത്തിക്കൊണ്ടും ഹസ്തദാനമേകിയും നീങ്ങിയ പാപ്പാ പിഞ്ചു കുഞ്ഞുങ്ങളെ തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. ചിലരേകിയ ചെറു ഉപഹാരങ്ങളും പാപ്പാ സ്വീകരിച്ചു. ഇടയ്ക്ക് പാപ്പാ സ്വഹസ്തലിഖിതവും, അതായത്, ഓട്ടൊഗ്രാഫും നല്കുന്നുണ്ടായിരുന്നു. പ്രസംഗവേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 09.30 ആയപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് ഒരു മണിക്ക്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. അതിനുശേഷം വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 3:3-6
“3 പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പ്രവേശിക്കുന്നതു കണ്ട് മുടന്തനായ ഒരുവന്‍ അവരോടു ഭിക്ഷ യാചിച്ചു.4 പത്രോസ് യോഹന്നാനോടൊപ്പം അവനെ സൂക്ഷിച്ചു നോക്കിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെ നേരെ നോക്കുക.5 അവരുടെ പക്കല്‍ നിന്ന് എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ച് അവന്‍ അവരെ നോക്കി.6 പത്രോസ് പറഞ്ഞു: വെള്ളിയോ സ്വര്‍ണ്ണമോ എന്‍റെ കൈയിലില്ല. എനിക്കുള്ളത് ഞാന്‍ നിനക്കു തരുന്നു. നസ്രായനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക.”
ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, താന്‍ പത്രോസിന്‍റെ പിന്‍ഗാമിയയി സ്ഥാനമേറ്റെടുത്തതിനു ശേഷം നടത്തിയ 280-Ↄമത്തെതായിരുന്ന ഈ പൊതുകൂടിക്കാഴ്ചാവേളയില്‍ അപ്പസ്തോലപ്രവര്‍ത്തനങ്ങളെ അധികരിച്ചുള്ള പ്രബോധന പരമ്പര തുടര്‍ന്നു.
പാപ്പായുടെ ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന മുഖ്യ പ്രഭാഷണത്തിന്‍റെ സംഗ്രഹം:
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,
അപ്പസ്തോലപ്രവര്‍ത്തനത്തില്‍ സുവിശേഷ പ്രഘോഷണം വാചികം മാത്രമല്ല ആ പ്രഘോഷണത്തിന്‍റെ സത്യത്തെ സാക്ഷ്യപ്പെടുത്തുന്ന സമൂര്‍ത്തമായ പ്രവര്‍ത്തികളോടു കൂടിയതുമാണ്. അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനത്താല്‍ സംഭവിക്കുന്ന “അത്ഭുതങ്ങളും അടയാളങ്ങളും” (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 2,43) ആണ് അവ. ഈ അത്ഭുതങ്ങളും അടയാളങ്ങളും അപ്പസ്തോലന്മാരുടെ വാക്കുകള്‍ക്ക് സ്ഥിരീകരണം നല്കുകയും അവര്‍ ക്രിസ്തുവിന്‍റെ നാമത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ അപ്പസ്തോലന്മാര്‍ പ്രാര്‍ത്ഥിക്കുകയും ക്രിസ്തു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. “കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍ കൊണ്ടു വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു”. (മര്‍ക്കോസ് 16:20) അപ്പസ്തോലന്മാര്‍ പ്രവര്‍ത്തിച്ച നിരവധിയായ അത്ഭുതങ്ങളും അടയാളങ്ങളും യേശുവിന്‍റെ ദൈവികതയുടെ ആവിഷ്ക്കാരമായിരുന്നു.
അപ്പസ്തോലപ്രവര്‍ത്തനങ്ങളിലെ പ്രഥമ സൗഖ്യദായക വിവരണത്തിനു, പ്രഥമ അത്ഭുതത്തിനു, മുന്നിലാണ് നാം ഇന്ന്. അതിന് സുവ്യക്തമായ ഒരു പ്രേഷിത ലക്ഷ്യം ഉണ്ട്. വിശ്വാസം ഉളവാക്കുക എന്നതാണ് ഈ ലക്ഷ്യം. പത്രോസും യോഹന്നാനും പ്രാര്‍ത്ഥിക്കാന്‍ ദേവാലയത്തിലേക്കു പോകുന്നു. ആദിമ ക്രൈസ്തവരുടെ അതിശക്തമായ ബന്ധത്തിന്‍റെയും ഇസ്രായേലിന്‍റെ വിശ്വാസാനുഭവത്തിന്‍റെയും കേന്ദ്രമായിരുന്നു ഈ ദേവാലയം. ആദിമ ക്രൈസ്തവര്‍ ജറുസേലേമിലെ ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. ദേവാലയത്തിന്‍റെ “സുന്ദര കവാടം” എന്നു വിളിക്കപ്പെടുന്ന വാതിലിനു മുന്നില്‍ ജന്മനാ മുടന്തനായ ഒരു യാചകന്‍ ഇരിക്കുന്നു. എന്തുകൊണ്ടാണ് ആ മനുഷ്യന്‍ കവാടത്തിങ്കല്‍ ഇരിക്കുന്നത്? കാരണം ശാരീരിക വൈകല്യമുള്ള ഒരു വ്യക്തി ബലിയര്‍പ്പിക്കുന്നതു മോശയുടെ നിയമം വിലക്കിയിരുന്നു. എന്തെന്നാല്‍ ശാരീരിക വൈകല്യം പാപത്തിന്‍റെ ഫലമാണെന്നു കരുതിപ്പോന്നിരുന്നു. ഈ മുടന്തന്‍ ഇന്നു നമ്മുടെ സമൂഹത്തിലെ നിരവധിയായ പരിത്യക്തരുടെയും വലിച്ചെറിയപ്പെട്ടവരുടെയും പ്രതിരൂപമാണ്. അവന്‍ അവിടെ ഭിക്ഷാടനത്തിനിരിക്കുയായിരുന്നു. അവിടെ അപ്രതീക്ഷിതമായത് സംഭവിക്കുന്നു. പത്രോസും പൗലോസും അവിടെയത്തുന്നു. അവരുടെയും മുടന്തന്‍റെയും കണ്ണുകള്‍ തമ്മിലുടക്കുന്നു. ഭിക്ഷയാചിക്കാനാണ് മുടന്തന്‍ അവരെ നോക്കുന്നത്. എന്നാല്‍ ഒരു ദാനം സ്വീകരിക്കാന്‍, വ്യത്യസ്തമായ ഒരു രീതിയില്‍ തങ്ങളെ വീക്ഷിക്കാന്‍ അപ്പസ്തോലന്മാരാകട്ടെ അവനെ ക്ഷണിക്കുകയാണ്. മുടന്തന്‍ അവരെ നോക്കുന്നു. പത്രോസ് അവനോടു പറയുന്നു: “വെള്ളിയോ സ്വര്‍ണ്ണമോ എന്‍റെ കൈയിലില്ല. എനിക്കുള്ളത് ഞാന്‍ നിനക്കു തരുന്നു. നസ്രായനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക.” (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 3:6). ഇവിടെ അപ്പസ്തോലന്മാര്‍ ഒരു ബന്ധം സ്ഥാപിക്കുകയായിരുന്നു. എന്തെന്നാല്‍ ദൈവം സ്വയം ആവിഷ്ക്കരിക്കാന്‍ ഇഷ്ടപ്പെടുന്ന ശൈലി ഇതാണ്. എന്നും ബന്ധത്തിലും, സംഭാഷണത്തിലും, പ്രത്യക്ഷീകരണങ്ങളിലും, ഹൃദയത്തിന്‍റെ പ്രചോദനത്തിലും ആണ് അതു സംഭവിക്കുന്നത്. ദൈവം നമ്മോടു ബന്ധം സ്ഥാപിക്കുന്നത് അങ്ങനെയാണ്. വ്യക്തികള്‍ തമ്മിലുള്ള യഥാര്‍ത്ഥ കൂടിക്കാഴ്ച സാധ്യമാകുന്നത് സ്നേഹത്തില്‍ മാത്രമാണ്.
മതാത്മക കേന്ദ്രമായ ദേവാലയം വ്യാപാരത്തിന്‍റെയും പണമിടപാടുകളുടെയും ഇടമായി തരംതാഴ്ത്തപ്പെടുകയും ചെയ്തിരുന്നു. അതിനെതിരെ പലവുരു പ്രവാചകന്മാരും യേശു തന്നെയും ശബ്ദമുയര്‍ത്തി. ഇടവകകളില്‍ കൂദാശകളെക്കാള്‍ ധനത്തിന് പ്രാമുഖ്യം കല്പിക്കപ്പെടുന്നതു കാണുമ്പോള്‍ ഞാന്‍ എത്ര തവണ ഇതെക്കുറിച്ച് ഓര്‍ത്തുപോയിട്ടുണ്ട്! ദയവു ചെയ്ത് ദേവാലയത്തെ അങ്ങനെയാക്കിത്തീര്‍ക്കരുത്. അതിനുള്ള അനുഗ്രഹത്തിനായി നമുക്കു കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം.
പത്രോസും പൗലോസും നമ്മെ പഠിപ്പിക്കുന്നത് ഉപാധികള്‍ ഉപകാരപ്രദങ്ങളാണെന്നിരിക്കിലും അവയില്‍ പ്രത്യാശ വയ്ക്കാതെ ഉത്ഥിതനുമായുള്ള ബന്ധമായ യഥാര്‍ത്ഥ സമ്പത്തില്‍ ആശ്രയിക്കാനാണ്. പൗലോസപ്പസ്തോലന്‍ പറയുന്നതു പോലെ “നാം ദരിദ്രരെപ്പോലെയാണെങ്കിലും അനേകരെ സമ്പന്നരാക്കാന്‍ കഴിവുറ്റവരാണ്; നാം ഒന്നുമില്ലാത്തവരെപ്പോലെയാണെങ്കിലും നമുക്കെല്ലാം ഉണ്ട്.” (കോറിന്തോസുകാര്‍ക്കുള്ള രണ്ടാം ലേഖനം 6,10) നമ്മുടെ സകലവും സുവിശേഷമാണ്, അത് യേശുവിന്‍റെ നാമത്തിന്‍റെ ശക്തി വെളിപ്പെടുത്തുകയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ്.
നാം ഒരോരുത്തരുടെയും കൈയ്യില്‍ എന്താണുള്ളത്? എന്താണ് നമ്മുടെ സമ്പത്ത്, അല്ലെങ്കില്‍ നിധി? നാം എന്തുപയോഗിച്ചാണ് മറ്റുള്ളവരെ സമ്പന്നരാക്കുന്നത്? സകലര്‍ക്കും സ്തുതിയുടെയും കൃതജ്ഞതയുടെയും സാക്ഷ്യമേകുന്നതിനായി കര്‍ത്താവ് നമ്മുടെ ജീവിതത്തില്‍ വര്‍ഷിച്ചിട്ടുള്ള അനുഗ്രഹങ്ങള്‍ കൃതജ്ഞതാപൂര്‍വ്വം സ്മരിക്കാനുള്ള ദാനം നമുക്കു ദൈവപിതാവിനോട് യാചിക്കാം. നമുക്കു മറക്കാതിരിക്കാം: എഴുന്നേല്‍ക്കുന്നതിന് അപരനെ സഹായിക്കാന്‍ നമുക്കു കരങ്ങള്‍ സദാ നീട്ടാം. എഴുന്നേല്‍ക്കാന്‍ നമ്മുടെ കരത്തിലൂടെ മറ്റുള്ളവരെ സഹായിക്കുന്ന യേശുവിന്‍റെ കരമാണ് അത്.
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.
പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ നിണസാക്ഷിയും കന്യകയും യുറോപ്പിന്‍റെ സഹസ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയുമായ കുരിശിന്‍റെ വിശുദ്ധ ത്രേസ്യ ബെനദേത്തയുടെ അഥവാ, എഡിറ്റ് സ്റ്റെയിന്‍റെ തിരുന്നാള്‍ വെള്ളിയാഴ്ച (09/08/19) ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.
ക്രിസ്തുവിലേക്കുള്ള അധികൃതമായ പരിവര്‍ത്തനത്തിലും അതുപോലെതന്നെ എല്ലാത്തരത്തിലുമുള്ള അസഹിഷ്ണുതയ്ക്കും അബദ്ധസിദ്ധാന്തങ്ങള്‍ക്കും എതിരായ അവളുടെ ജീവിതത്തിലും ആവിഷ്കൃതമായ അവളുടെ സുധീരമായ തിരഞ്ഞെടുപ്പുകളിലൂടെ കണ്ണോടിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.
തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.