സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഷിക വായ്പകള്‍ക്കും മേലുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ തുടരും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പുനഃക്രമീകരിക്കാത്ത വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാണ്. വായ്പാ സംബന്ധമായ പരാതികള്‍ പരിഹരിക്കാന്‍ എല്ലാ ജില്ലകളിലും സബ് കമ്മിറ്റികള്‍ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി ജൂലൈ 31 ന് അവസാനിച്ചതോടെയാണ് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നത്.

ബാങ്കേഴ്‌സ് സമിതിയുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍, മൊറട്ടോറിയം ഡിസംബര്‍ 31 വരെ തുടരാന്‍ തീരുമാനിച്ചു. ഇക്കാലയളവില്‍ റിക്കവറി നടപടികള്‍ ഫ്രീസ് ചെയ്ത സര്‍ക്കാര്‍ നടപടി തുടരും. മുഴുവന്‍ കാര്‍ഷിക വായ്പകള്‍ക്കും ഈ ഇളവ് ലഭ്യമാണ്.

പുനഃക്രമീകരിക്കാത്ത വായ്പകളിന്മേല്‍ സ്വീകരിക്കേണ്ട നടപടി സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി തീരുമാനിക്കും.ഇടുക്കി, വയനാട് ജില്ലകളിലേതിനു സമാനമായി എല്ലാ ജില്ലകളിലും, വായ്പാ സംബന്ധമായ പരാതികള്‍ പരിഹരിക്കാന്‍ സബ് കമ്മിറ്റികള്‍ രൂപീകരിക്കാനും യോഗത്തില്‍ ധാരണയായി.