വാർത്തകൾ
🗞🏵 *മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അന്തരിച്ചു.*
മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന സുഷമ സ്വരാജ് (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നാം മോദി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ, ജനകീയ നിലപാടുകളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ്.
🗞🏵 *അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.* ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വ്യാഴാഴ്ച അതിതീവ്ര മഴയ്ക്കുള്ള റെഡ് അലർട്ടും പ്രഖ്യാപിച്ചു. കനത്ത മഴയായതിനാൽ ബുധനാഴ്ച വയനാട് ജില്ലയിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്നു കലക്ടർ അറിയിച്ചു.
🗞🏵 *ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച നടപടിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായി കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ.* ഇതുസംബന്ധിച്ച ബിൽ ലോക്സഭയിൽ പാസ്സായതിന് പിന്നാലെ ട്വിറ്ററിലാണ് സിന്ധ്യ നിലപാട് വ്യക്തമാക്കിയത്.
🗞🏵 *കേരളത്തിന്റെ വടക്കൻ ജില്ലകളിൽ കനത്ത മഴ.* ഉച്ചകഴിഞ്ഞ് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ കനത്ത മഴയാണ് പെയ്തത്
🗞🏵 *മാധ്യമ പ്രവർത്തകൻ മരിക്കാനിടയായ വാഹനാപകടക്കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും.* മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച നിർദ്ദേശം ബന്ധപ്പെട്ടവർക്ക് നൽകി. ബുധനാഴ്ച തന്നെ ഇതിനുള്ള നടപടികളുണ്ടാവും. പോലീസിന്റെയും സർക്കാരിന്റെയും വീഴ്ചമൂലമാണ് ശ്രീറാമിന് ജാമ്യം ലഭിച്ചതെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
🗞🏵 *ജമ്മു കശ്മീർ വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ആരോപണവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള.* തന്നെ വീട്ടുതടങ്കലിലാക്കി എങ്ങനെയാണ് ആഭ്യന്തര മന്ത്രിക്ക് ഇത്തരത്തിൽ നുണപറയാൻ സാധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
🗞🏵 *ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കാൻ തീരുമാനിച്ചതിനു പിന്നാലെ ഇന്ത്യയിലെ സ്ഥാനപതിയെ പാകിസ്താൻ തിരികെ വിളിച്ചേക്കുമെന്ന് റിപ്പോർട്ട്.* പാകിസ്താൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
🗞🏵 *യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ പ്രതികളായ മുൻ എസ്.എഫ്.ഐ നേതാക്കൾ പി.എസ്.സി പരീക്ഷയിൽ ക്രമക്കേടുകൾ നടന്നതായ സംശയം ബലപ്പെടുന്നു.* പി.എസ്.സി.യുടെ പോലീസ് കോൺസ്റ്റബിൾ പരീക്ഷ നടക്കുന്ന സമയത്ത് ശിവരഞ്ജിത്തിന്റെ ഫോണിലേയ്ക്ക് 96 സന്ദേശങ്ങളും പ്രണവിന്റെ ഫോണിലേയ്ക്ക് 78 സന്ദേശങ്ങളും വന്നതായി പി.എസ്.സി ചെയർമാൻ എം.കെ സാക്കീർ വെളിപ്പെടുത്തി.
🗞🏵 *ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കാനുള്ള ജമ്മു കശ്മീർ പുനഃസംഘടനാ ബിൽ ലോക്സഭ പാസാക്കി.* 370അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ 70പേർ എതിർത്തു.
🗞🏵 *വിഖ്യാത അമേരിക്കൻ എഴുത്തുകാരിയും സാഹിത്യ നൊബേൽ സമ്മാന ജേതാവുമായ ടോണി മോറിസൺ അന്തരിച്ചു.* 88 വയസായിരുന്നു. മോറിസണിന്റെ കുടുംബവും പ്രസാധാകരായ നോഫ് ആണ് മരണ വാർത്ത പ്രസ്താവനയിലൂടെ ലോകത്തെ അറിയിച്ചത്.
🗞🏵 *ജമ്മുകശ്മീരിൽ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക.* സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും സംസ്ഥാനത്തെ പുനഃസംഘടിപ്പിച്ചതുമായ വിഷയങ്ങൾ ആഭ്യന്തര വിഷയമെന്ന് ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മോർഗൻ ഒട്ടാഗസ് അറിയിച്ചു.
🗞🏵 *അയോധ്യ തർക്കവിഷയത്തിൽ അന്തിമവിധി നിർണയത്തിനായുള്ള വിചാരണ ചൊവ്വാഴ്ച ആരംഭിക്കും. അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാബെഞ്ചാണ് വാദം കേൾക്കുന്നത്.* മധ്യസ്ഥസമിതി വിഷയത്തിൽ തീരുമാനത്തിലെത്താൻ പരാജയപ്പെട്ടതായുള്ള സുപ്രീംകോടതിയുടെ നിരീക്ഷണത്തെ തുടർന്നാണ് ഓഗസ്റ്റ് ആറ് മുതൽ ദിവസേന വാദം കേട്ട് അന്തിമതീരുമാനത്തിലെത്താൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിർദേശിച്ചത്.
🗞🏵 *അപേക്ഷ നൽകി ഒരുമണിക്കൂറിനുള്ളിൽ ലോൺ പാസാകുന്ന തീരുമാനം കേന്ദ്രസർക്കാർ നടപ്പിലാക്കിയേക്കും.* വ്യക്തിഗത, വാഹന, ഭവന വായ്പകളാണ് 59 മിനിറ്റുകൊണ്ട് അംഗീകരിക്കപ്പെടുന്ന സംവിധാനം കൊണ്ടുവരാൻ പോകുന്നത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും വിപണിയിൽ ആവശ്യകത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ മന്ത്രി നിർമലാ സീതാരാമൻ നടത്തുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
🗞🏵 *പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും പി.എസ്.സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്നും പി.എസ്.സി ചെയർമാൻ എം കെ സക്കീർ.* തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ക്രമക്കേടിനെ കുറിച്ച് പരാതി ലഭിച്ചയുടൻ അന്വേഷണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
🗞🏵 *അയോധ്യ കേസിലെ വാദം കേൾക്കലിൽ തത്സമയ സംപ്രേഷണമോ ഓഡിയോ റെക്കോഡിങ്ങോ അനുവദിക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.* മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ന് വിചാരണ തുടങ്ങിയ കേസിൽ തത്സമയ സംപ്രേഷണം അനുവദിക്കില്ലെന്നാണ് സുപ്രീം കോടതി അഞ്ചംഗ ബെഞ്ച് അറിയിച്ചത്.
🗞🏵 *കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി രാഷ്ട്രീയപരമായ നീക്കമാണെന്നും ഉടനെ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ രാജീവ് ഗാന്ധി നേടിയതിനെക്കാൾ വലിയ വിജയം ബി.ജെ.പിക്കുണ്ടാവുമെന്നും മുൻ ബി.ജെ.പി. നേതാവ് യശ്വന്ത് സിൻഹ.* ഈ തീരുമാനം തികച്ചും രാഷ്ട്രീയപരമായ നീക്കമാണെന്നും ഇതുകൊണ്ട് ജമ്മുകശ്മീരിൽ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *കോൺഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എൻ. പ്രതാപനും ലോക്സഭാ സ്പീക്കറുടെ ശാസന.* കശ്മീർ വിഭജന ബിൽ പരിഗണിക്കണമെന്ന പ്രമേയം സഭയിൽ കീറിയെറിഞ്ഞതിനാണ് സ്പീക്കർ ഓം ബിർള ഇരുവരെയും ശാസിച്ചത്. ചൊവ്വാഴ്ച രാവിലെ ചേംബറിലേക്ക് വിളിച്ചുവരുത്തിയായിരുന്നു സ്പീക്കറുടെ നടപടി.
🗞🏵 *യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിൽ പ്രതിയായ മുൻ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ ഡിഗ്രി പരീക്ഷാ ഫലവും സംശയത്തിൽ.* ആദ്യ സെമസ്റ്ററുകളിൽ തീരെ മാർക്ക് കുറവായിരുന്നു ശിവരഞ്ജിത്തിന് കിട്ടിയത്. ആദ്യ സെമസ്റ്റർ പാസായത് നാലാം ശ്രമത്തിലാണ്.
🗞🏵 *ലക്ഷക്കണക്കിന് ആളുകൾ ജോലിക്കായി പ്രതീക്ഷയർപ്പിച്ചിരിക്കുന്ന കേരള പി.എസ്.സി സി.പി.എമ്മിന്റെ തറവാട്ട് സ്വത്തായി മാറിയെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ കെ.പി പ്രകാശ് ബാബു.* പി.എസ്.സി മെമ്പർമാരായി സി.പി.എം നേതാക്കളെ കുത്തികയറ്റിയതിന്റെ അനന്തരഫലമാണ് ഇപ്പോൾ അനുഭവിച്ച് വരുന്നത്.
🗞🏵 *ബക്രീദ് പ്രമാണിച്ച് ഓഗസ്റ്റ് 12ന് സംസ്ഥാനത്ത് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു.* പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽവരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.
🗞🏵 *പാക് അധീന കശ്മീരിനായി മരിക്കാനും തയ്യാറാണെന്ന് ലോകസഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭിപ്രായ പ്രകടനം.* കശ്മീർ വിഷയത്തിലെ ചർച്ചയ്ക്കിടെ ലോക്സഭയിൽ ഉയർന്ന പ്രതിപക്ഷ പ്രതിഷേധത്തെ ഖണ്ഡിച്ചു കൊണ്ടായിരുന്നു അമിത്ഷായുടെ മറുപടി.
🗞🏵 *ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേൽ കശ്മീരിനെ പാകിസ്താന് വിട്ടുനൽകാൻ ഒരുക്കമായിരുന്നെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ.* കശ്മീർ വിഷയത്തിൽ രാജ്യസഭയിൽ നടന്ന ചർച്ചകൾക്കിടയിലാണ് സിബലിന്റെ ഈ പ്രസ്താവന
🗞🏵 *ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ പ്രതിഷേധം ആസൂത്രിതമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള.* കേരളത്തിലൊഴികെ ഇന്ത്യയിലെവിടേയും കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടായിട്ടില്ല. കേരളത്തിൽ ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിച്ച് മുതലെടുപ്പ് നടത്താനാണ് സിപിഎം, കോൺഗ്രസ്, ലീഗ് കക്ഷികൾ ശ്രമിക്കുന്നത്.
🗞🏵 *ഇന്ത്യയുടെ ചാന്ദ്രഗവേഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ അഞ്ചാം ഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയായി.* ഇന്ന് ഉച്ചയ്ക്ക് 3:04 ഓടെയാണ് ഭ്രമണപഥം ഉയർത്തൽ പൂർത്തിയായത്. 17 മിനിറ്റ് 35 സെക്കൻഡ് നേരത്തേക്ക് പേടകത്തിലെ പ്രൊപ്പൽഷൻ സംവിധാനം പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം ഉയർത്തിയത്.
🗞🏵 *ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കിയതിനു പിന്നാലെ കശ്മീരിൽ സ്ഥലം വാങ്ങുമെന്നു പ്രഖ്യാപിച്ച് ഗോവ മന്ത്രി.* ഗോവയിലെ തുറമുഖ വകുപ്പ് മന്ത്രി മൈക്കിൾ ലോബോയാണ് രാഷ്ട്രീയത്തിൽ നിന്നു വിരമിക്കുമ്പോൾ തനിക്കു താമസിക്കാൻ കശ്മീരിൽ സ്ഥലം വാങ്ങിയിടുമെന്നു പ്രഖ്യാപിച്ചത്.
🗞🏵 *നിർബന്ധിത വിആർഎസ് അടക്കം നടപ്പാക്കാൻ നീക്കമെന്ന ആരോപണം ഉയർന്നിരിക്കേ റെയിൽവേയിൽ നിശ്ചിത വിഭാഗത്തിൽപ്പെട്ട ജീവനക്കാരുടെ പട്ടിക തയാറാക്കുന്നു.* 55 വയസ് പൂർത്തിയായവരോ, 30 വർഷം സർവീസുള്ളവരോ ആയ ഭരണവിഭാഗം ജീവനക്കാരുടെ കണക്കെടുപ്പ് ഏതാണ്ട് പൂർത്തിയായി. ഇത്തരത്തിൽ 2,700 ജീവനക്കാരാണ് പാലക്കാട്, തിരുവനന്തപുരം ഡിവിനുകളിലുള്ളത്. അവസാന 3 വർഷത്തെ പ്രവർത്തനമാണ് വിലയിരുത്തുന്നത്.
🗞🏵 *ഭരണഘടനയുടെ 370 ാം വകുപ്പിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കാനുള്ള നീക്കം പാക്കിസ്ഥാൻ മുൻകൂട്ടി അറിഞ്ഞുവെന്ന് പാക്ക് വിദേശകാര്യമന്ത്രാലയം.* കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കാനുളള ഇന്ത്യന്‍ നീക്കം വ്യക്തമാക്കി പാക്ക് വിദേശകാര്യമന്ത്രി ഈ മാസം ഒന്നിന് യുഎന്‍ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് കത്തയച്ചിരുന്നുവെന്ന അവകാശവാദവുമായി പാക്ക് വിദേശകാര്യമന്ത്രാലയം രംഗത്തെത്തുകയായിരുന്നു
🗞🏵 *കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ എം അബ്ദുൾ സലാം ബി.ജെ.പിയിലേക്ക്.* സലാമിന് പുറമെ മുസ്ലീംലീഗിന്റെ നേതാവായിരുന്ന സെയ്ത് ഉമ്മർ ബാഫഖി തങ്ങളുടെ ചെറുമകൻ സെയ്ത് താഹാ ബാഫഖി തങ്ങൾ, മന:ശാസ്ത്രജ്ഞനായ ഡോ. യാഹ്യാഖാൻ എന്നിവരും ബി.ജെ.പിയിൽ ചേരുന്ന കാര്യം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ളയാണ് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
🗞🏵 *ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിയ്ക്ക് പിന്നാലെ ഇന്ത്യയില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ കശ്മീര്‍ ജനതയോട് ആഹ്വാനം ചെയ്ത് പാക് സൈന്യം .* ഇന്ത്യയിൽ നടത്തുന്ന ഏതു അക്രമങ്ങൾക്കും പാക് സൈന്യത്തിന്റെ പിന്തുണയുണ്ടെന്നും ഇവർ അറിയിച്ചു. .അതേ സമയം കശ്മീരിലെ സുരക്ഷ അതിശക്തമാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്തും നേരിടാനുള്ള ഒരുക്കത്തിലാണ് കര-വ്യോമ സേനകള്‍. കശ്മീരിലേയ്ക്ക് കൂടുതല്‍ അര്‍ധ സൈനീകരെ അയച്ചു. മാത്രമല്ല കശ്മീരില്‍ എന്തു നിയമം നിര്‍മിക്കണമെന്ന് ഇനി ഇന്ത്യന്‍ പാര്‍ലമെന്റാണ് തീരുമാനിക്കുന്നതെന്നും രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്നും ,അക്രമങ്ങള്‍ക്ക് മുതിരുന്നവരോട് യാതൊരു ദാക്ഷിണ്യവും കാട്ടില്ലെന്ന മുന്നറിയിപ്പും അമിത് ഷാ നല്‍കി.
🗞🏵 *ജമ്മു കശ്മീരില്‍ ഇനി പുതിയ ഉദയമാണ് പിറക്കുന്നതെന്നും കാത്തിരിക്കുന്നത് നല്ല നാളുകളാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി* . സ്ഥാപിത താല്‍പര്യക്കാരുടെ ബന്ധനത്തില്‍നിന്ന് കശ്മീരിനെ മോചിപ്പിച്ചു. 130 കോടി ജനങ്ങളുടെ സ്വപ്നങ്ങള്‍ നമ്മള്‍ സാക്ഷാത്കരിക്കും. നാഴികകല്ലായി മാറിയ ബില്‍ വന്‍ പിന്തുണയോടെ പാസാക്കിയ സുപ്രധാന നിമിഷമാണിതെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയെ ഏകീകരിക്കാന്‍ മുന്നില്‍നിന്ന് സര്‍ദാര്‍ പട്ടേലിനും ഡോ. അംബേദ്കര്‍ക്കും ഇന്ത്യയുടെ ഐക്യത്തിനായി ജീവന്‍ നല്‍കിയ ശ്യാമപ്രസാദ് മുഖര്‍ജിക്കും ആദരമായിട്ടാണ് ബില്ലുകള്‍ പാസാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
🗞🏵
*ഭൂതത്താന്‍കെട്ട് ഡാമിന്റെ എട്ടു ഷട്ടറുകള്‍ തുറന്നതിനാൽ പെരിയാറിന്റെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്* . രണ്ടു ദിവസമായി തുടരുന്ന കനത്തമഴയില്‍ ജലനിരപ്പ് ഉയരുമെന്ന പ്രതീഷയിലാണ് 15 ഷട്ടറുകളില്‍ എട്ടു ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. അതേസമയം ഇടുക്കി ജില്ലയിലെ മൂന്നു ഡാമുകളുടെ ഷട്ടറുകളും ബുധനാഴ്ച തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ രണ്ടു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം രാവിലെ 10 നും മലങ്കര ഡാമിന്റെ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം വൈകുന്നേരം നാലിനും തുറക്കും.
🗞🏵 *ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് കഴിഞ്ഞ വര്‍ഷം മാത്രം വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചത് 18.5 കോടി ഡോളര്‍*
🗞🏵 *ഫിലിസ്‌ത്യരുടെ ഉത്ഭവത്തെക്കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ പുരാവസ്തു ഗവേഷണഫലമായും ജനതിക ശാസ്ത്ര തെളിവുകളുടെ അടിസ്ഥാനത്തിലും സത്യമാണെന്ന് സ്ഥിരീകരണം.* ഫിലിസ്‌ത്യർ ആരാണെന്നും എവിടുന്നാണ് അവർ വന്നതെന്നും അറിയാനായി 1997 മുതൽ 2016 വരെ ഇസ്രായേലിലെ അഷ്കെലോണിൽ ബിസി ആറാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിൽ പഴക്കമുളള നൂറുകണക്കിന് മനുഷ്യാവശിഷ്ടങ്ങളിൽ പഠനം നടത്തിയിരുന്നു. ഇതില്‍ നിന്നു ലഭിച്ച പുതിയ പഠനഫലം ഫിലിസ്‌ത്യർ ആരാണെന്നും, അവർ എവിടെനിന്നാണ് വന്നതെന്നുമുളള ബൈബിൾ വിവരണങ്ങളെ സാധൂകരിക്കുകയാണ്.ആമോസിന്റെ പുസ്തകം ഒന്‍പതാം അദ്ധ്യായത്തിൽ ഈജിപ്തിൽ നിന്നും ഇസ്രായേൽക്കാരെ മോചിപ്പിച്ചതു പോലെ ഫിലിസ്‌ത്യരെ കഫ്‌ത്തോറില്‍ നിന്നും ദൈവം രക്ഷിച്ച സംഭവത്തെ പരാമർശിക്കുന്നുണ്ട്.
🗞🏵 *ലോകത്തെ ഏറ്റവും പഴക്കമുള്ള ക്രൈസ്തവ സമൂഹങ്ങളില്‍ ഒന്നായ ഇറാഖി ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവുണ്ടാകുന്നുവെന്ന മുന്നറിയിപ്പുമായി മുന്‍ ഇറാഖി നിയമസഭാംഗം.* ഇറാഖില്‍ നിന്ന്‍ എന്നെന്നേക്കുമായി പലായനം ചെയ്യുന്ന ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടെന്ന് ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയില്‍ നിന്നുള്ള മുന്‍ നിയമസഭാംഗമായ ജോസഫ് സ്ലേവയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
🗞🏵 *ഒരു നൂറ്റാണ്ട് മുന്‍പ് റിപ്പബ്ലിക്കായി മാറിയശേഷം മുസ്ലീം ഭൂരിപക്ഷ രാജ്യമായ തുര്‍ക്കിയില്‍ നിര്‍മ്മിക്കുന്ന ആദ്യ ക്രിസ്ത്യന്‍ ദേവാലയത്തിന് പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ തറക്കല്ലിട്ടു* . ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇസ്താംബൂളിലെ യെസില്‍കോവ് ജില്ലയില്‍ നിര്‍മ്മിക്കുന്ന ക്രൈസ്തവ ദേവാലയത്തിന് തറക്കല്ലിട്ടത്. ഇതോടെ ഇസ്താംബൂളിലെ ഏതാണ്ട് പതിനയ്യായിരത്തോളം വരുന്ന സിറിയന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ അസ്സീറിയക്കാരുടെ ചിരകാലാഭിലാഷം പൂര്‍ത്തിയാകുവാന്‍ ഒരുങ്ങുകയാണ്.
💧🔥💧🔥💧🔥💧🔥💧🔥💧
*ഇന്നത്തെ വചനം*
യേശു പറഞ്ഞു: മനുഷ്യപുത്രന്‍മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു.
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.
തന്‍െറ ജീവനെ സ്‌നേഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്‍െറ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്‌ഷിക്കും.
എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ. അപ്പോള്‍, ഞാന്‍ ആയിരിക്കുന്നിടത്ത് എന്‍െറ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും.
ഇപ്പോള്‍ എന്‍െറ ആത്‌മാവ് അസ്വസ്‌ഥമായിരിക്കുന്നു. ഞാന്‍ എന്തു പറയേണ്ടു? പിതാവേ, ഈ മണിക്കൂറില്‍നിന്ന് എന്നെ രക്‌ഷിക്കണമേ! അല്ല, ഇതിനുവേണ്ടിയാണല്ലോ ഈ മണിക്കൂറിലേക്കു ഞാന്‍ വന്നത്.
പിതാവേ, അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ! അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി: ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹ ത്വപ്പെടുത്തും.
യോഹന്നാന്‍ 12 : 23-28
💧🔥💧🔥💧🔥💧🔥💧🔥💧
*വചന വിചിന്തനം*
കുരിശുമരണത്തെ മഹത്വപ്പെടലിന്റെ ഭാഗമായി കാണുന്ന ഈശോയെ ആണ് ഇന്നത്തെ തിരുവചനം അവതരിപ്പിക്കുന്നത്. ഈ മഹത്വപ്പെടലിന്റെ പ്രക്രിയ വളരെ വേദനാജനകമാണ്. അതുകൊണ്ടാണ് പിതാവേ ഈ മണിക്കൂറിൽ നിന്ന് എന്നെ രക്ഷിക്കണമേ എന്ന് ഈശോ പ്രാർത്ഥിക്കുന്നത്. എന്നാൽ ഈ മണിക്കൂറിനു വേണ്ടിയാണ് താൻ വന്നിരിക്കുന്നത് എന്ന് ബോധ്യം ഈശോയുടെ വ്യഥകളെ കീഴ്പ്പെടുത്തുന്നു. കുരിശില്ലാതെ കിരീടം ഇല്ല എന്ന് ചൊല്ല് നമ്മൾ കേട്ടിട്ടുണ്ട്. ഈശോയുടെ ജീവിതം അന്വർത്ഥമാകുന്നത് ഇതുതന്നെയാണ്. കുരിശിനെയും വേദനകളെയും മഹത്വപ്പെടൽ പ്രക്രിയയുടെ ഭാഗമായി കാണുന്ന ഈശോയുടെ ഉദാത്തമായ മാതൃക പിൻചൊല്ലാൻ നമുക്ക് പരിശ്രമിക്കാം. അവിടുത്തോട് പ്രാർത്ഥിക്കാം.
💧🔥💧🔥💧🔥💧🔥💧🔥💧
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും ഉറപ്പ്*