മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ 6-ാമത് പാസ്റ്ററല്‍ കൗണ്‍സില്‍ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി മെല്‍ബണില്‍ വച്ച്‌ നടന്ന കൗണ്‍സിലില്‍ രൂപതയില്‍ സേവനം ചെയ്യുന്ന 25 വൈദികരും രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷന്‍ സെന്ററുകളില്‍ നിന്നുമായി 60 അംഗങ്ങളും പങ്കെടുത്തു.

രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ബോസ്‌കോ പുത്തൂര്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ കൗണ്‍സിലിന് ആരംഭം കുറിച്ചു. രൂപതയുടെ വളര്‍ച്ചക്ക് ആവശ്യമായ കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്കാന്‍ പ്രഥമ പരിഗണന കൊടുത്തിരിക്കുന്ന കൗണ്‍സിലിലെ ചര്‍ച്ചകളില്‍ എല്ലാവരും ആത്മാര്‍ത്ഥമായി പങ്കെടുക്കണമെന്ന് പിതാവ് ആമുഖ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
ഓസ്‌ട്രേലിയന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് ആരംഭിച്ചിരിക്കുന്ന പ്ലീനറി കൗണ്‍സില്‍ ഫെസിലിറ്റേറ്റര്‍ ലാന ടര്‍വി കോളിന്‍സ് മുഖ്യപ്രഭാഷണം നടത്തി. ഓസ്‌ട്രേലിയയിലെ വിശ്വാസസമൂഹത്തില്‍ നിന്ന് സഭയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ ഫലദായകമാക്കുവാനായി സ്വരൂപിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ പ്ലീനറി കൗണ്‍സില്‍ ചര്‍ച്ച ചെയ്യാനിരിക്കുന്ന പ്രതിപാദ്യവിഷയങ്ങളെ കുറിച്ച്‌ ലാന വിശദീകരിച്ചു.

ഒരു മിഷനറി സഭയായ സീറോ മലബാര്‍ സഭക്ക് ഓസ്‌ട്രേലിയായുടെ സുവിശേഷവല്‍ക്കരണത്തിന് നിര്‍ണ്ണായകമായ സംഭാവനകള്‍ നല്കാന്‍ സാധിക്കുമെന്ന് ലാന പ്രത്യാശ പ്രകടിപ്പിച്ചു.