ന്യൂനപക്ഷ വിഭാഗങ്ങൾക്കായി നിജപ്പെടുത്തിയിരിക്കുന്ന കേരള സംസ്ഥാനത്തെ വിവിധ സമിതികളിൽ നിന്ന് ക്രൈസ്തവരെ പൂർണമായി ഒഴിവാക്കുകയും പരിമിതപ്പെടുത്തുകയും ചെയ്തുള്ള സർക്കാരിന്റെ, പ്രത്യേകിച്ചു ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ, ക്രൈസ്തവ വിരുദ്ധസമീപനം ചോദ്യംചെയ്യാതെ തരമില്ല. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലുള്ള നിഷേധ നിലപാടുകൾ തുടരുന്പോഴും ജനസംഖ്യാനുപാതികമായി സംസ്ഥാന ജില്ലാതലങ്ങളിൽ ലഭിക്കേണ്ട ജനകീയപ്രാതിനിധ്യം കൂടി അട്ടിമറിക്കപ്പെട്ടിരിക്കുന്നു.
കേന്ദ്രസർക്കാർ 1993 ഒക്ടോബർ 22-ലെയും 2014 ജനുവരി 23-ലെയും വിജ്ഞാപനങ്ങളിലൂടെ ഇന്ത്യയിലെ മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, പാഴ്സി, ബുദ്ധർ, ജൈനർ എന്നിങ്ങനെ ആറു മതവിഭാഗങ്ങളെ ന്യൂനപക്ഷവിഭാഗങ്ങളായി പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി വിവിധ ക്ഷേമപദ്ധതികളും ആവിഷ്കരിച്ചു. തുല്യപ്രാധാന്യത്തോടെയും ജനസംഖ്യാനുപാതികമായും നടപ്പിലാക്കേണ്ട പദ്ധതികളിൽ സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവ വിവേചനം തുടരുകമാത്രമല്ല ന്യൂനപക്ഷ പദ്ധതികളുടെ നടത്തിപ്പിനും മേൽനോട്ടത്തിനുമായുള്ള വിവിധ സമിതികളിൽ നിന്ന് ക്രൈസ്തവരെ പുറന്തള്ളുകയും ചെയ്തിരിക്കുന്നതിന്റെ നേർക്കാഴ്ചയാണു പ്രധാൻമന്ത്രി ജൻ വികാസ് കാര്യക്രം പദ്ധതിയുടെ ജില്ലാസമിതി രൂപീകരണത്തിലും പ്രകടമായിരിക്കുന്നത്.
പ്രധാൻമന്ത്രി ജൻ വികാസ് കാര്യക്രം
കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലുണ്ടായിരുന്ന ന്യൂനപക്ഷങ്ങൾക്കുള്ള മൾട്ടിസെക്ടറൽ ഡെവലപ്മെന്റ് പ്രോഗ്രാം ഇപ്പോൾ പ്രധാൻമന്ത്രി ജൻ വികാസ് കാര്യക്രം എന്ന പേരിലാണ് അറിയപ്പെടുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ജില്ലകൾ അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
1971-ലെ ജനസംഖ്യാ കണക്ക് അടിസ്ഥാനമാക്കി 1987ൽ കേന്ദ്രസർക്കാർ ന്യൂനപക്ഷ കേന്ദ്രീകൃതമായ ഇന്ത്യയിലെ 41 ജില്ലകളെ പ്രത്യേകം തെരഞ്ഞെടുത്ത് ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചു. ഒരു ജില്ലയിലെ 20 ശതമാനത്തിലധികം ജനങ്ങൾ ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ടതുണ്ടെങ്കിൽ ആ ജില്ലയെ ന്യൂനപക്ഷ കേന്ദ്രീകൃതജില്ലയായി പരിഗണിച്ചിരുന്നു. 2008-2009ൽ യുപിഎ സർക്കാർ മൾട്ടി സെക്ടറൽ ഡെവലപ്മെന്റ് പ്രോഗ്രാം (എംഎസ്ഡിപി) എന്ന പദ്ധതി പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ചു. പ്രാഥമിക ഘട്ടത്തിൽ 90 ന്യൂനപക്ഷ കേന്ദ്രീകൃതജില്ലകളെ ഉൾപ്പെടുത്തി. 2013-14ൽ പദ്ധതിയുടെ ഗുണഫലം താഴെത്തട്ടിലേക്ക് എത്തിക്കുന്നതിനായി ന്യൂനപക്ഷ കേന്ദ്രീകൃത ബ്ലോക്കുകൾ, ടൗണുകൾ, വില്ലേജുകൾ എന്നിങ്ങനെ അടിസ്ഥാനഘടന മാറ്റി.
പദ്ധതി മാർഗനിർദേശങ്ങൾ
പ്രധാൻമന്ത്രി ജൻ വികാസ് കാര്യക്രം കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള പദ്ധതിയാണ്. സംസ്ഥാന ന്യൂനപക്ഷ വകുപ്പിന് പദ്ധതി നടപ്പിലാക്കുന്ന ഉത്തരവാദിത്വം മാത്രമേയുള്ളൂ. ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തി പൊതുസമൂഹത്തിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനാണ് കേന്ദ്രസർക്കാർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതി നടത്തിപ്പിന്റെ മാർഗനിർദേശങ്ങളിലെ മൂന്നാം ഖണ്ഡികയിൽ 1992ലെ നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റീസ് ആക്ട് 2 (സി) പ്രകാരം സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന വിവിധ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്സി, ജൈനർ ഉൾപ്പെടെ ആറ് മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് പദ്ധതിയുടെ ഗുണഫലങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ജനസംഖ്യ കണക്കുകൾ
നിലവിൽ സർക്കാർ പദ്ധതികൾക്കെല്ലാം 2011ലെ ദേശീയ സെൻസസാണ് ആധാരമാക്കുന്നത്. ഇതനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയിൽ 19.3% ന്യൂനപക്ഷ വിഭാഗങ്ങളിലുണ്ട്. അതായത് 14.2% മുസ്ലിം, 2.32% ക്രിസ്ത്യൻ, 1.7% സിക്ക്, 0.7% ബുദ്ധർ, 0.4% ജൈനർ, 0.006% പാഴ്സി.
കേരളത്തിൽ ജനസംഖ്യയുടെ 54.73% ഹിന്ദുക്കൾ, 26.56% മുസ്ലിം, 18.38% ക്രിസ്ത്യാനി എന്ന രീതിയിലാണ് അനുപാതം. അതായത് ആകെ ജനസംഖ്യ 3.34,06061. ഹിന്ദുക്കൾ 1,82,82,492, മുസ്ലിംകൾ 88,73,472, ക്രിസ്ത്യാനികൾ 61,41,269. സിക്ക് 3814, ബുദ്ധ 4752, ജൈന 4489. കേരളത്തിൽ പാഴ്സികൾ ഉള്ളതായി പരാമർശിച്ചിട്ടില്ല.
സമിതികളിലെ ക്രൈസ്തവ വിരുദ്ധത
കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ മൾട്ടി സെക്ടറൽ ഡെവലപ്മെന്റ് പ്രോഗ്രാമായ പ്രധാൻമന്ത്രി ജൻ വികാസ് കാര്യക്രം പദ്ധതിയുടെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പ്രത്യേകസമിതികൾക്ക് സംസ്ഥാന സർക്കാർ 2016 മുതൽ വിവിധ കാലഘട്ടങ്ങളിലായി രൂപം നൽകി. കേരളത്തിൽ 13 ജില്ലകളാണ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയെ പരിഗണിച്ചിട്ടില്ല.
ഓരോ ജില്ലയുടെയും കളക്ടർമാർ ചെയർമാനും ഡെപ്യൂട്ടി കളക്ടർ (ജനറൽ) കണ്വീനറും ജില്ലയിലെ എംപിമാർ, എംഎൽഎമാർ, പോലീസ് മേധാവി, ത്രിതലപഞ്ചായത്ത് പ്രതിനിധികൾ എന്നിവർ കൂടാതെ ന്യൂനപക്ഷ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചുള്ള മൂന്നുപേരും ഉൾക്കൊള്ളുന്നതാണ് സമിതി. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം ഓരോ ജില്ലയിലെയും മത ജനസംഖ്യാനുപാതികമാണെന്നിരിക്കെ ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവവിരുദ്ധ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
13 ജില്ലകളിലായി 39 പേരാണ് ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് സമിതിയിലുള്ളത്. ഇതിൽ 30 പേർ മുസ്ലിംകൾ, ഏഴു പേർ ക്രിസ്ത്യൻ, 1 സിക്ക്, 1 ജൈനവിഭാഗം എന്നിങ്ങനെ യാതൊരു നീതീകരണവുമില്ലാത്ത രീതിയിലാണ് സമിതിയുടെ രൂപീകരണം. സംസ്ഥാന ജനസംഖ്യയിൽ 26.56 ശതമാനത്തിൽ നിന്ന് 30 പേർ, 18.38 ശതമാനത്തിൽ നിന്ന് ഏഴു പേർ എന്നത് കാട്ടുനീതിയല്ലേ? 22:15 എന്ന അനുപാതമാണ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് അട്ടിമറിച്ചത്.
കേന്ദ്രസർക്കാരിന്റെ വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ജില്ലാതലത്തിൽ നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന ഈ സുപ്രധാനസമിതികളിലെ ക്രൈസ്തവ പ്രാതിനിധ്യം അട്ടിമറിച്ച് ക്രൈസ്തവ വിഭാഗത്തെ പടിക്കുപുറത്തുനിർത്തി ആക്ഷേപിക്കുന്ന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ധിക്കാരനടപടി പുനഃപരിശോധിക്കാൻ സംസ്ഥാന മുഖ്യമന്ത്രി തയ്യാറാകുമോയെന്ന് കണ്ടറിയണം.
പ്രമോട്ടർ നിയമനങ്ങളുടെ ബാക്കിപത്രം
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ന്യൂനപക്ഷ ക്ഷേമവകുപ്പ് യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ന്യൂനപക്ഷ പ്രമോട്ടർമാരെ നിയമിച്ചത് ലെയ്റ്റി കമ്മീഷൻ ചോദ്യം ചെയ്തിരുന്നു. സംസ്ഥാന സർക്കാർ, ന്യൂനപക്ഷ ക്ഷേമപ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിനായി ഗുണഭോക്താക്കളെ ബോധവത്കരിക്കുന്നതിനും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനും പ്രമോട്ടർമാരെ നിയമിക്കുന്നതിനുമുള്ള ഭരണാനുമതി 16-06-2012 ൽ നൽകുകയുണ്ടായി. പൊതുഭരണ (ന്യൂനപക്ഷ ക്ഷേമ) വകുപ്പ് നന്പർ 5001/2012 ഉത്തരവ് പ്രകാരം 1000 ന്യൂനപക്ഷ പ്രമോട്ടർമാരെ നിയമിക്കുവാൻ അംഗീകാരവുമായി. ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയ്ക്കാനുപാതികമായിട്ടായിരിക്കണം പ്രവർത്തനപരിധി നിശ്ചയിക്കേണ്ടത് എന്നും ഉത്തരവിലുണ്ടായിരുന്നു.
സംസ്ഥാന സർക്കാർ ഇതനുസരിച്ച് 903 ന്യൂനപക്ഷ പ്രമോട്ടർമാരെയാണ് നിയമിച്ചത്. സമുദായം തിരിച്ചു വ്യക്തമാക്കിയാൽ 760 പേർ മുസ്ലിം സമുദായത്തിൽ നിന്നും 143 പേർ വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നും. ശതമാനക്കണക്കിൽ പറഞ്ഞാൽ 2001ലെ സെൻസസ് പ്രകാരം കേരളത്തിലെ ആകെ ജനസംഖ്യയുടെ 24.7ശതമാനമുള്ള മുസ്ലിം വിഭാഗത്തിന് 84.14% പ്രമോട്ടർമാർ. 19.02 ശതമാനമുള്ള ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്ന് 15.83% പ്രമോട്ടർമാർ. ജനസംഖ്യാനുപാതികമായി വിലയിരുത്തിയാൽ 1000 പ്രമോട്ടർമാരെ നിയമിക്കുന്പോൾ 560 പേർ മുസ്ലിം വിഭാഗവും 440 പേർ ക്രൈസ്തവ വിഭാഗവും എന്നതായിരിക്കെ അർഹതപ്പെട്ടത്. 143 പേർ മാത്രമായി ക്രൈസ്തവ ന്യൂനപക്ഷത്തെ ചുരുക്കി ചോദ്യം ചെയ്തതിനെത്തുടർന്ന് ഈ നിയമനങ്ങൾ സർക്കാരിന് പിന്നീട് പിൻവലിക്കേണ്ടിവന്നു.
പഠനറിപ്പോർട്ടുകളും തുടർനടപടികളും
2005ൽ മുസ്ലിം സമുദായത്തിന്റെ സാമൂഹിക, സാന്പത്തിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനായി രജിന്ദർ സച്ചാർ സമിതിയെ കോണ്ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ നിയോഗിച്ചു. 2006 നവംബർ 30ന് സച്ചാർ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തിന്റെ സംരക്ഷണത്തിനായി ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച കോണ്ഗ്രസ് സർക്കാർ കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലിരുന്ന ഒരു കാലഘട്ടത്തിലും ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാനോ പദ്ധതികൾ ആവിഷ്കരിക്കാനോ ശ്രമിക്കാതെ ക്രൈസ്തവരോട് നിഷേധനിലപാടാണ് സ്വീകരിച്ചത്.
ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ ഒൗദാര്യമല്ലെന്നിരിക്കെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ നിലനിൽക്കുന്ന വിവേചനം ക്രൈസ്തവ സമൂഹത്തെ വലിയ ജീവിതപ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. സർക്കാർവക ന്യൂനപക്ഷക്ഷേമപദ്ധതികൾ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം കവർന്നെടുക്കുന്പോഴാണ് വിവിധ സമിതികളുടെ രൂപീകരണത്തിലുള്ള ഈ അവഗണനയും.
സച്ചാർ റിപ്പോർട്ടിന്റെയും പാലൊളി കമ്മിറ്റിയുടെയും പശ്ചാത്തലത്തിൽ ന്യൂനപക്ഷത്തിലെ ഒരു വിഭാഗത്തിനു മാത്രമായി ആവിഷ്കരിക്കുന്ന പദ്ധതികൾ ന്യൂനപക്ഷ പദ്ധതികൾ എന്ന ലേബലിൽ പ്രചരിപ്പിക്കുന്നതും നടപ്പിലാക്കുന്നതും വിവിധ സമിതികളിൽ നിന്ന് ക്രൈസ്തവരെ പുറത്തുനിർത്തുന്നതും ശരിയായ നടപടിയല്ല. ഇത് ക്രൈസ്തവരുൾപ്പെടെ ഇതര ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നതും പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്. സർക്കാർ ഖജനാവിൽ നിന്ന് പണംമുടക്കിയുള്ള ന്യൂനപക്ഷക്ഷേമപദ്ധതികളിലും വിവിധ സമിതികളിലും എല്ലാ ന്യൂനപക്ഷവിഭാഗങ്ങൾക്കും തുല്യമായി അഥവാ ജനസംഖ്യാനുപാതികമായി പങ്കാളിത്തവും അർഹതയുമുണ്ടെന്നിരിക്കെ ക്രൈസ്തവരുൾപ്പെടെ ഇതര വിഭാഗങ്ങളോട് കാണിക്കുന്ന നീതിനിഷേധം ധിക്കാരപരവും നീതീകരണമില്ലാത്തതുമാണ്.
ന്യൂനപക്ഷ കമ്മീഷനിലെ അട്ടിമറി
കേരളത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്ഥാപിച്ചുകൊണ്ട് ഒരു ന്യൂനപക്ഷസമുദായാംഗം ചെയർമാനായും മറ്റൊരു ന്യൂനപക്ഷ സമുദായാംഗം അംഗമായും ഒരു ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള സ്ത്രീ വനിതാ അംഗമായും കമ്മീഷൻ രൂപീകരിക്കണമെന്ന ഉത്തരവിൽ മറ്റൊരു എന്നത് ഒരു എന്നു മാത്രമാക്കി ചുരുക്കി ഈ സർക്കാർ നടത്തിയ തിരുത്തൽ കമ്മീഷൻ അംഗങ്ങളെല്ലാം ഭാവിയിൽ ന്യൂനപക്ഷവിഭാഗത്തിലെ ഭൂരിപക്ഷസമുദായത്തിൽ നിന്ന് മാത്രമായി വരുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആസൂത്രിതമായ ഈ നീക്കത്തിന് പച്ചക്കൊടി കാട്ടിയവരാണിന്ന് ക്രൈസ്തവ സംരക്ഷണവും പ്രസംഗിച്ച് നാട് ചുറ്റുന്നത്.
ഒൗദാര്യമല്ല അവകാശമാണ്
കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നേരിട്ടുനൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെ വിതരണവും ആനുപാതിക പങ്കുവയ്ക്കലുകളിലെ അട്ടിമറികളും അന്വേഷണവിധേയമാക്കേണ്ടതാണ്. ന്യൂനപക്ഷത്തിന്റെ പേരിൽ ക്ഷേമം മുഴുവൻ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനും ആക്ഷേപമൊന്നാകെ ക്രിസ്ത്യാനിക്കുമെന്ന അവസ്ഥ അംഗീകരിക്കാനാവില്ല. സർക്കാർ ജോലികളിൽ 12 ശതമാനം സംവരണവും ക്ഷേമപദ്ധതികളിലൂടെ വൻ ആനുകൂല്യവും നൽകി ഒരു സമുദായത്തെ നിരന്തരം പ്രീണിപ്പിച്ചിട്ട് മതനിരപേക്ഷത പ്രസംഗിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ക്രൈസ്തവവിരുദ്ധ നിലപാട് ഏറെ വിചിത്രമാണ്.
ന്യൂനപക്ഷമെന്ന പേരിൽ ക്രൈസ്തവർക്ക് അർഹതപ്പെട്ടത് ലഭിക്കേണ്ടത് ഒൗദാര്യമല്ല, അവകാശമാണ്. പക്ഷേ ഈ നില തുടർന്നാൽ നിയമഭേദഗതികളിലൂടെയും ഉത്തരവുകളിലൂടെയും ഈ അവകാശങ്ങൾ റദ്ദ് ചെയ്യപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് ക്രൈസ്തവരും തിരിച്ചറിയണം.