സെമി ഹൈസ്പീഡ് റെയില്‍ സര്‍വ്വീസിനു അംഗീകാരം
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സെമി ഹൈസ്പീഡ് റെയില്‍ സര്‍വ്വീസിനു വേണ്ടിയുള്ള നിര്‍ദ്ദിഷ്ട മൂന്നും നാലും റെയില്‍ പാതയ്ക്കായി സിസ്ട്ര സമര്‍പ്പിച്ച സാധ്യതാ പഠന റിപ്പോര്‍ട്ടിനും അലൈന്‍മെന്‍റിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 530 കി.മീ ദൂരത്തില്‍ സെമീ ഹൈസ്പീഡ് ട്രെയിനുകള്‍ക്കായി നിലവിലുള്ള ഇരട്ട പാതയ്ക്കു പുറമെ മൂന്നും നാലും പാത എന്നത് സംസ്ഥാനത്തിന്‍റെ മുന്‍ഗണനാ പട്ടികയിലുള്ള പദ്ധതിയാണ്. മണിക്കൂറില്‍ ശരാശി 180 മുതല്‍ 200 കി.മീ വരെ വേഗത്തില്‍ ട്രെയിനുകള്‍ നഞ്ചരിക്കുന്നതിനായി പുതിയ രണ്ട് പാതകള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ഒന്നര മണിക്കൂറിനുള്ളില്‍ എറണാകുളത്തും, നാലുമണിക്കൂറിനുള്ളില്‍ കാസര്‍ഗോഡും എത്താന്‍ കഴിയും. പദ്ധതിക്ക് റെയില്‍വെ ബോര്‍ഡിന്‍റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ 5 വര്‍ഷത്തിനകം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
കാസര്‍ഗോഡിനും തിരൂരിനുമിടയില്‍ (220 കി.മീ) നിലവിലുള്ള പാതയ്ക്ക് സമാന്തരമായാണ് പുതിയ പാതകള്‍ നിര്‍മിക്കുക. തിരൂര്‍ മുതല്‍ തിരുവനന്തപുരം വരെ (310 കി.മീ) നിലവിലുള്ള പാതയില്‍ നിന്ന് മാറിയാണ് പുതിയ പാതകള്‍ വരുന്നത്. ജനവാസം കുറഞ്ഞ മേഖലകളില്‍ കൂടിയാണ് ഈ ഭാഗത്ത് പാതകള്‍ നിര്‍മിക്കുക.
കേരള പുനര്‍നിര്‍മാണം: വിവിധ പദ്ധതികള്‍ക്ക് അംഗീകാരം
കേരള പുനര്‍നിര്‍മാണ വികസന പരിപാടിയുമായി ബന്ധപ്പെട്ട പദ്ധതി നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.
പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ പട്ടികയിലുള്ള റോഡുകളുടെ പുനര്‍നിര്‍മാണത്തിന് നടപ്പു സാമ്പത്തിക വര്‍ഷം 300 കോടി രൂപ വികസനനയ വായ്പയില്‍ നിന്നും അനുവദിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കീഴിലുള്ള റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 488 കോടി രൂപ 2019-20 വര്‍ഷം അനുവദിക്കും.
കുടുംബശ്രീ വഴിയുള്ള ജീവനോപാധികള്‍, ജലവിതരണം ഉള്‍പ്പെടെയുള്ള ജലവിഭവം, ജൈവവൈവിധ്യം, ഖര-ദ്രവ മാലിന്യ സംസ്കരണം എന്നിവയ്ക്ക് ഉന്നതാധികാര സമിതി മുമ്പാകെ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശങ്ങള്‍ പരിഗണിച്ച് ആവശ്യമായ തുക വികസനനയ വായ്പയില്‍ നിന്നും അനുവദിക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉന്നതാധികാര സമിതിക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചു.
കാസര്‍ഗോഡ് മുതല്‍ തിരവനന്തപുരം വരെ ദേശീയ പാത 45 മീറ്ററില്‍ വികസിപ്പിക്കുന്നത് ഭൂമി ഏറ്റെടുക്കാന്‍ ആവശ്യമായ തുകയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സര്‍ക്കാര്‍ നേരത്തെ ഉറപ്പു നല്‍കിയിരുന്നു.
നിയമനങ്ങള്‍, മാറ്റങ്ങള്‍
കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിച്ച രാജേഷ് കുമാര്‍ സിംഗിനെ നികുതി (എക്സൈസ് ഒഴികെ) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. ഇദ്ദേഹം കൃഷി (മൃഗസംരക്ഷണം) വകുപ്പിന്‍റെ അധിക ചുമതല വഹിക്കും.
കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിച്ച ശാരദ മുരളീധരനെ തദ്ദേശസ്വയംഭരണ (റൂറല്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും. ആസൂത്രണ സാമ്പത്തിക കാര്യവകുപ്പിന്‍റെയും കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയുടെയും അധിക ചുമതലകള്‍ കൂടി ഇവര്‍ക്കുണ്ടാകും.
ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലകിനെ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം കായിക യുവജനകാര്യ വകുപ്പിന്‍റെ അധിക ചുമതല തുടര്‍ന്നും വഹിക്കും.
പരിശീലനത്തിന് ശേഷം തിരികെ പ്രവേശിച്ച ടി.വി. അനുപമയെ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറായി നിയമിക്കും. സി.പി.എം.യു. ഡയറക്ടറുടെ അധിക ചുമതല കൂടി ഇവര്‍ വഹിക്കും.
ഇന്‍റര്‍ കേഡര്‍ ഡെപ്യൂട്ടേഷന്‍ ലഭിച്ച പി.ഐ. ശ്രീവിദ്യയെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായി നിയമിക്കും.
വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്ജിനെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.
സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ വി.ആര്‍. പ്രേംകുമാറിനെ സര്‍വെ ആന്‍റ് ലാന്‍റ് റിക്കോര്‍ഡ്സ് ഡയറക്ടറായി മാറ്റി നിയമിക്കും. പ്രൊജക്ട് ഡയറക്ടര്‍ കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍, ഹൗസിംഗ് കമ്മീഷണര്‍, സെക്രട്ടറി-കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് എന്നീ ചുമതലകള്‍ കൂടി ഇദ്ദേഹം വഹിക്കും.
2010-ലെ മൂന്നാര്‍ പ്രത്യേക ട്രിബ്യൂണല്‍ ആക്ട് റദ്ദാക്കുന്നതിനുള്ള കരട് ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.
ബീറ്റാ-തലാസീമിയ രോഗം ബാധിച്ച് മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ കാസര്‍ഗോഡ് ആനിക്കാടി ചക്ലിയ കോളനിയിലെ സ്വരാഗിന്‍റെ (പി.എന്‍. സാവിത്രിയുടെ മകന്‍) തുടര്‍ ചികിത്സയ്ക്ക് മൂന്നുലക്ഷം രൂപ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു.
പാങ്ങപ്പാറയിലെ മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് യൂണിറ്റില്‍ ഇന്‍ പേഷ്യന്‍റ് കെയര്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് 10 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
സ്ഥലപരിമിതിയുള്ളതും അടിസ്ഥാന സൗകര്യവികസനം ആവശ്യമായതുമായ സ്കൂളുകളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെയോ മറ്റ് ഏജന്‍സികള്‍ മുഖേനയോ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കേണ്ടി വരുമ്പോള്‍ കെട്ടിടത്തിന്‍റെ കാലപ്പഴക്കം പരിഗണിക്കാതെ കെട്ടിടങ്ങള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി പൊളിച്ച് മാറ്റുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.
വനത്തിനുള്ളില്‍ മാലിന്യം നിക്ഷേപിക്കുന്നതും വെള്ളം മലിനമാക്കുന്നതും വന്യജീവികളെ പീഡിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിന് കേരള ഫോറസ്റ്റ് ആക്ടിലെ വിവിധ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.