വത്തിക്കാൻ സിറ്റി: ഇടവക വൈദികരുടെ മധ്യസ്ഥൻ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാളിനോട് അനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ വൈദികർക്ക് അയച്ച കത്ത് തരംഗമാകുന്നു. ലോകം മുഴുവനുമുള്ള രൂപതാ, സന്യാസ വൈദികർക്കു വേണ്ടി എന്ന അഭിസംബോധനയോടെ ആരംഭിക്കുന്ന കത്തിൽ വൈദികരോടുള്ള നന്ദിയാണ് നിറഞ്ഞുനിൽക്കുന്നത്.

‘ഒറ്റപ്പെട്ട അവസ്ഥയിലും അപകടകരമായ സാഹചര്യങ്ങളിലും വിശ്വസ്തതയോടെ ദൈവവേല ചെയ്യുന്ന പുരോഹിതർക്ക് നന്ദി പറഞ്ഞില്ലെങ്കിൽ അത് അനീതിയാകും. പരീക്ഷണ ഘട്ടങ്ങളിൽ, നാം ദൈവവിളി അനുഭവിക്കുകയും അതനുസരിക്കാൻ തീരുമാനിക്കുകയും ചെയ്തതു പോലെയുള്ള തിളക്കമാർന്ന നിമിഷങ്ങളിലേക്ക് മടങ്ങിപ്പോവുകയാണ് വേണ്ടത്,’ പാപ്പ ചൂണ്ടിക്കാട്ടി.

കഷ്ടതകളുടെ അവസ്ഥയിലും ദൈവവേല ചെയ്യുന്ന ഓരോ പുരോഹിതനെയും വാഗ്ദാനത്തിന്റെ നിറകുടമായ കന്യകാമാതാവിനോടൊപ്പം കർത്താവിനെ സ്തുതിക്കാൻ പാപ്പ ക്ഷണിച്ചു. സഹോദരൻമാരേ നമുക്ക് നമ്മുടെ ബലഹീനതകൾ അംഗീകരിച്ചും യേശുവിന് സമർപ്പിച്ചും പുതിയൊരു ദൗത്യത്തിനായി നമുക്ക് ഇറങ്ങാമെന്ന ആശംസയോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്.