ഭൗതിക വസ്തുക്കള്‍ക്കും സമ്പത്തിനുമായുള്ള കടിഞ്ഞാണില്ലാത്ത ഓട്ടം പലപ്പോഴും അസ്വസ്ഥയ്ക്കും വിപത്തിനും, ചാഞ്ചല്യത്തിനും, യുദ്ധങ്ങള്‍ക്കുമൊക്കെ കാരണമാകും. അനേകം യുദ്ധങ്ങള്‍ക്ക് കാരണം അത്യാഗ്രഹമാണ്.” പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം

നീലാംബരം മേലാപ്പു ചാര്‍ത്തിയിരുന്ന റോമില്‍ ഈ ഞായാറാഴ്ചയും (04/08/19) വേനല്‍ക്കാല സൂര്യതാപം ശക്തിയാര്‍ജ്ജിച്ചു നിന്ന ദിനങ്ങളില്‍ ഒന്നായിരുന്നു. എങ്കിലും അന്ന് മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുന്നതിന് വിവിധരാജ്യാക്കാരായ നിരവധി വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. സൂര്യകിരണങ്ങളില്‍ നിന്ന് രക്ഷനേടുന്നതിന് പലരും കുടകള്‍ ചൂടുകയോ തൊപ്പി ധരിക്കുകയോ ചെയ്തിരുന്നു. പ്രാദേശികസമയം 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 3.30-ന്, പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിന്, പതിവുപോലെ, പേപ്പല്‍ അരമനയുടെ ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദാരവങ്ങള്‍ ഉയര്‍ന്നു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച (04/08/19) ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍, ലൂക്കായുടെ സുവിശേഷം 12-Ↄ○ അദ്ധ്യായം 13-21 വരെയുള്ള വാക്യങ്ങള്‍, അതായത്, ദൈവസന്നിധിയല്‍ സമ്പന്നനാകാതെ, ഭൗതികസമ്പത്ത് കുന്നുകൂട്ടുന്ന ഭോഷനായ ധനികനെക്കുറിച്ചുള്ള ഉപമയായിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം.ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന പാപ്പായുടെ പ്രഭാഷണം: