മുംബൈ: മഹാരാഷ്ട്രയിലും മുംബൈയിലും കനത്ത മഴ തുടരുകയാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം ദുസ്സഹമായി. ലോണവ്ലയില്‍ മതില്‍ ഇടിഞ്ഞ് പത്ത് വയസുകാരന്‍ മരിച്ചു.
താനെ, പൂനെ, മുംബൈ മേഖലകളിലെ സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബെയില്‍ ഓഫീസുകള്‍ക്കും അവധി ബാധകമാണ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വെള്ളം കയറിയതിനെ തുടര്‍ന്ന് റെയില്‍, റോഡ് ഗതാഗതം താറുമാറായി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തേയും മഴ ബാധിച്ചിട്ടുണ്ട്. അടുത്ത 5 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
വെള്ളത്താല്‍ ഒറ്റപ്പെട്ടുപോയ താനെ ജില്ലയിലെ ഖാദാവിലി പ്രദേശത്ത് നിന്ന് വ്യോമ സേന 58 പേരെ രക്ഷപ്പെടുത്തി. റെയില്‍വെ ട്രാക്ക് വെളളത്തില്‍ മുങ്ങിയതിനാല്‍ 12 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.മറ്റ് പല ട്രെയിനുകളും വഴിതിരിച്ചുവിടുകയും സമയം പുനക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.