ഹൂസ്റ്റൺ: തലമുറകൾ തമ്മിലുള്ള വ്യത്യാസം വിശ്വാസജീവിതത്തെ എത്രമാത്രം ബാധിക്കുന്നു, അവയെ എപ്രകാരം സമീപിക്കാം എന്നീ വിഷയങ്ങളുമായി സംഘടിപ്പിച്ച പാനൽ ചർച്ച ‘സ്പിരിച്ച്വലി സീറോ മലബാർ, സോഷ്യലി നോട്ട്’ തിരിച്ചറിവുകളും ബോധ്യങ്ങളും പകരുന്ന വേദിയായി. അമേരിക്കയിലെ പുതുതലമുറയും സീറോ മലബാർ സഭയുമായുള്ള ബന്ധം വിശകലനം ചെയ്തതിനൊപ്പം പുതുതലമുറയെ സീറോ മലബാർ സഭയോട് ചേർത്ത് വളർത്തുന്നതിനുള്ള മാർഗനിർദേശങ്ങളും പങ്കുവെച്ച ചർച്ച സീറോ മലബാർ കൺവെൻഷന്റെ ശ്രദ്ധേയ പ്രോഗ്രാമുകളിൽ ഒന്നായിരുന്നു.
പുതുതലമുറക്ക് വിശ്വാസബോധ്യങ്ങൾ ഉണ്ടെങ്കിലും സാമൂഹ്യപരമായി പുതുതലമുറ പൂർണമായും സീറോ മലബാർ സഭയുടെ പ~നങ്ങൾക്കനുസരിച്ചല്ല എന്നതായിരുന്നു പ്രധാനപ്പെട്ട കണ്ടെത്തൽ. എന്നാൽ, മുതിർന്ന തലമുറ അതിന്റെ നല്ല വശങ്ങളെ കണ്ടെത്തി അംഗീകരിക്കുമ്പോൾ ജനറേഷൻ ഗ്യാപ്പ് ഒഴിവാക്കാനാകുമെന്നും പാനൽ നിർദേശിച്ചു. അതേസമയം സഭയോട് ചേർന്നുനിന്ന് വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കുന്നതിലും സാമൂഹ്യ നിലപാടുകൾ സ്വീകരിക്കുന്നതിലും യുവതലമുറ പരാജയപ്പെടുകയാണെന്നും പാനൽ അഭിപ്രായപ്പെട്ടു.
ഭാഷാപരമായ വ്യത്യാസം, ജീവിതസാഹചര്യങ്ങൾ, സംസ്‌ക്കാരങ്ങളും പാരമ്പര്യങ്ങളും തമ്മിലുള്ള വ്യത്യാസം എന്നിവ യുവതലമുറയുടെ വിശ്വാസകാര്യങ്ങളിൽ പ്രതിഫലിക്കാൻ കാരണമാകുന്നുണ്ടാകാമെന്നും അഭിപ്രായങ്ങൾ ഉയർന്നു. എന്നാൽ ഇത്തരം സാഹചര്യങ്ങളെ നേരിടാൻ മാതാപിതാക്കൾ മുൻകൈയെടുക്കണം. മാത്രമല്ല, കാലഘട്ടത്തിനനസുരിച്ച് സഭയിലുണ്ടാകുന്ന നല്ല മാറ്റങ്ങളെ അംഗീകരിക്കാൻ തയാറാകണമെന്ന നിർദേശവും പാനൽ മുന്നോട്ടുവെച്ചു.
സംസ്‌കാരവും വിശ്വാസവും ഒരുപോലെ പങ്കുവെക്കപ്പെടുന്ന സീറോ മലബാർ സഭ കാലഘട്ടത്തിനനുസരിച്ച് വിശ്വാസികൾക്ക് ബോധ്യങ്ങൾ നൽകാൻ പ്രാപ്തയാണെന്നും അതുതന്നെയാണ് സഭയെ വേറിട്ടതും ആകർഷണീയമാക്കുന്നതെന്നും പാനൽ അംഗങ്ങൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ബിഷപ്പ് മാർ തോമസ് തറയിൽ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവർ ഉൾപ്പെടെ ഏഴു പേരാണ് പാനൽ ചർച്ചയിൽ പങ്കെടുത്തത്