ഫിലിപ്പീന്‍സില്‍ പീഢിപ്പിക്കപ്പെടുന്ന നിരപരാധികളായ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അന്നാട്ടിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ അദ്ധ്യക്ഷന്‍, ദവാവവൊ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ്, റോമുളൊ വാല്ലെസ് വിശ്വാസികളെ ക്ഷണിക്കുന്നു.രാജ്യദ്രോഹമുള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചില മെത്രാന്മാരുടെയും വൈദികരുടെയുംമേല്‍ ആരോപിക്കപ്പെടുകയും അവര്‍ക്ക് തടവു ശിക്ഷ ലഭിക്കാനുള്ള സാധ്യതകള്‍ കാണപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം പ്രാര്‍ത്ഥനയുടെ ശക്തിയില്‍ ആശ്രയിക്കാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

കുറ്റാരോപിതരായ വൈദികര്‍ നിരപരാധികളാണെന്ന തന്‍റെ ബോധ്യം ആര്‍ച്ചുബിഷപ്പ് വാല്ലെസ് വെളിപ്പെടുത്തുകയും ഈ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ഭാവിയില്‍ ഉണ്ടാകാവുന്ന ക്ലേശപൂര്‍ണ്ണങ്ങളായ ദിനങ്ങളെ നേരിടാന്‍ പ്രാര്‍ത്ഥനാസഹായം നല്കണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.ആര്‍ച്ച്ബിഷപ്പ് സോക്രട്ടെസ് വില്ലേഗസിനും, പാവൊളൊ വിര്‍ജീലിയൊ ദാവിദ്, ഹൊണെസ്തൊ ഓംഗ്തിയോക്കൊ, തെയൊദോറൊ ബക്കാനി എന്നീ മെത്രാന്മാര്‍ക്കും, മൂന്നു വൈദികര്‍ക്കുമെതിരെയാണ് അന്വേഷണം നടക്കാന്‍ പോകുന്നത്.

ആഗസ്റ്റ് 6-ന് കര്‍ത്താവിന്‍റെ രൂപാന്തരീകരണത്തിരുന്നാളിലും, ആഗസ്റ്റ് 15-ന് പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണത്തിരുന്നാളിലും ഈ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാനും അവരെ പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിക്കാനും ആര്‍ച്ചുബിഷപ്പ്, റോമുളൊ വാല്ലെസ് അഭ്യര്‍ത്ഥിക്കുന്നു.പൊലീസ് കുറ്റങ്ങള്‍ ആരോപിച്ചിരിക്കുന്ന ഇവരെ സംബന്ധിച്ച അന്വേഷണത്തിന്‍റെ പ്രഥമ ഘട്ടം ആഗസ്റ്റ് 9-ന് ആരംഭിക്കും.