വാർത്തകൾ
🗞🏵 *സ്വർണപ്പണയത്തിന്മേൽ കുറഞ്ഞനിരക്കിൽ ലഭ്യമായിരുന്ന കാർഷിക വായ്പ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ.* 2019 ഒക്ടോബർ ഒന്നു മുതൽ സ്വർണപ്പണയത്തിന്മേൽ കൃഷിവായ്പ നൽകേണ്ടതില്ലെന്നു കേന്ദ്ര സർക്കാർ ബാങ്കുകൾക്കു നിർദേശം നൽകി. പൊതുമേഖലാ ബാങ്ക് മേധാവികളുമായി ജൂലൈ 31ന് നടത്തിയ വിഡിയോ കോൺഫറൻസിലാണു കേന്ദ്ര കൃഷിമന്ത്രാലയം തീരുമാനം അറിയിച്ചത്. സ്വർണപ്പണയത്തിന്മേൽ 4% വാർഷിക പലിശയ്ക്ക് 3 ലക്ഷം രൂപ വരെ ലഭിക്കുന്ന കാർഷിക വായ്പയുടെ കടയ്ക്കലാണു കേന്ദ്രം കത്തിവച്ചത്. അനർഹർ ഈ വായ്പയെടുക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കേന്ദ്ര കൃഷിമന്ത്രിക്കും റിസർവ് ബാങ്ക് ഗവർണർക്കും നൽകിയ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണു നടപടി.
🗞🏵 *ഉന്നാവ് പെൺകുട്ടിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ സംഭവം അന്വേഷിക്കാൻ സി.ബി.ഐ 20 അംഗങ്ങളുള്ള മറ്റൊരു സംഘത്തെകൂടി നിയോഗിച്ചു.* സെൻട്രൽ ഫോറൻസിക്ക് സയൻസ് ലബോറട്ടറിയിലെ ആറ് മുതിർന്ന് ഫോറൻസിക്ക് വിദഗ്ധർ ഉൾപ്പടെയുള്ളവർ അപകട സ്ഥലം പരിശോധിച്ചതായും സി.ബി.ഐ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
🗞🏵 *ജാലിയൻവാലാ ബാഗ് ദേശീയ സ്മാരകത്തിന്റെ ട്രസ്റ്റി സ്ഥാനത്തുനിന്ന് കോൺഗ്രസ് അധ്യക്ഷനെ മാറ്റുന്നതിനുള്ള ബിൽ പ്രതിഷേധങ്ങൾക്കിടെ ലോക്സഭ പാസാക്കി.* 214 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ 30 പേർ മാത്രമാണ് എതിർത്ത് വോട്ടുചെയ്തതത്. കോൺഗ്രസ്, ആർ.എസ്.പി, എൻ.സി.പി, ടി.എം.സി, ഡി.എം.കെ എന്നീ പാർട്ടികൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. രാജ്യസഭകൂടി ബിൽ പാസാക്കേണ്ടതുണ്ട്.
🗞🏵 *വൻ കഞ്ചാവ് ശേഖരവുമായി യുവ ദമ്പതിമാർ പോലീസ് പിടിയിൽ.* തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നും കഞ്ചാവുമായി വരുമ്പോഴാണ് ഇരുവരും പിടിയിലായത്. ന്യൂജനറേഷൻ ബൈക്കിലെത്തിയ ഇരുവരുടെയും കൈയ്യിൽ നിന്നും 15 കിലോയോളം വരുന്ന കഞ്ചാവാണ് പിടികൂടിയത്. യുവതിയുടെ ബാഗിൽ പായ്ക്കുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. തൊടുപുഴ സ്വദേശികളായ സബീറും ഇയാളുടെ ഭാര്യമാരിൽ ഒരാളായ ആതിരയും ആണ് അറസ്റ്റിലായത്
🗞🏵 *ആന്ധ്രയിലെ തെലുങ്ക് ദേശം പാർട്ടിയുടെ സ്വപ്ന പദ്ധതിയായ അണ്ണ ക്യാന്റീനുകൾ അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം.* പാവപ്പെട്ട ജനങ്ങൾക്ക് അഞ്ച് രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുക എന്ന ലക്ഷത്തോടെയാണ് ടി.ഡി.പി സർക്കാർ അണ്ണ ക്യാന്റീൻ ആരംഭിച്ചത്. ക്യാന്റീനുകളുടെ നടത്തിപ്പ് ചുമതലയുള്ള അക്ഷയ് പാത്ര ഫൗണ്ടേഷന് സർക്കാർ കാരാർ പുതുക്കി നൽകിയിട്ടില്ല.
🗞🏵 *തീവ്രവാദ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അമർനാഥ് തീർഥയാത്രയ്ക്കെത്തിയവർ എത്രയും പെട്ടെന്ന് കശ്മീർ താഴ്വര വിട്ടുപോകണമെന്ന് ജമ്മു കശ്മീർ ഭരണകൂടത്തിന്റെ കർശന നിർദേശം.* തീർഥയാത്രാ പാതയിൽ അമേരിക്കൻ നിർമിത സ്നൈപ്പർ റൈഫിളും പാകിസ്താൻ നിർമിത കുഴിബോംബുകളുമടക്കം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഭീകരസാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശം.
🗞🏵 *ജില്ലാ സായുധസേനാ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഏഴ് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.* ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. എം. റഫീക്ക്, ഹരിഗോവിന്ദൻ, മഹേഷ്, മുഹമ്മദ് ആസാദ്, എസ്. ശ്രീജിത്ത്, കെ. വൈശാഖ്, ജയേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിട്ടുള്ളത്.
🗞🏵 *നിയമനശുപാർശ ഉദ്യോഗാർഥികൾ പി.എസ്.സി ഓഫീസിൽ നിന്നും നേരിട്ട് കൈപ്പറ്റുന്ന നടപടി ക്രമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഓഗസ്റ്റ് അഞ്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാന ഓഫീസിൽവെച്ചു നടക്കുമെന്ന് കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.* സംസ്ഥാനതല തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കമ്മീഷന്റെ ഓഫീസിൽ ജൂലായ് 25 മുതൽ അംഗീകരിച്ച നിയമന ശുപാർശകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കാണ് നിയമനശുപാർശ മെമ്മോ ഉദ്ഘാടന ദിവസത്തിൽ നേരിട്ട് നൽകുന്നത്.
🗞🏵 *യു.എ.ഇ.യിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോർക്ക റൂട്ട്സ് മുഖേന 210 നഴ്സുമാർക്ക് ഉടൻ നിയമനം നൽകും.* ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായിട്ട് നോർക്ക റൂട്ട്സ് കരാർ ഒപ്പുവച്ചു. ഭാരത സർക്കാരിന്റെ അനുമതി ഇതിന് ലഭിച്ചിട്ടുണ്ട്. യൂ.എ.ഇ-യിൽ നോർക്ക റൂട്ട്സ് മുഖേന ഇത്തരത്തിൽ വലിയൊരു നിയമനം ആദ്യമായാണ്.
🗞🏵 *എറണാകുളം ലാത്തിച്ചാർജിലെ പരാതികൾ അന്വേഷിക്കാൻ സി.പി.ഐ കമ്മീഷനെ നിയോഗിച്ചു.* ഡി.ഐ.ജി ഓഫീസുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കാനാണ് കമ്മീഷൻ. കെ.പി രാജേന്ദ്രൻ, വി ചാമുണ്ണി, പി.പി സുനീർ എന്നിവരടങ്ങുന്ന കമ്മീഷനാണ് അന്വേഷിക്കുക
🗞🏵 *യുഎപിഎ നിയമഭേദഗതി ഭേദഗതി ബിൽ രാജ്യസഭയിലും പാസായി.* വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാൻ സാധിക്കുന്ന തരത്തിലാണ് യുഎപിഎ നിയമത്തിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സർക്കാർ അംഗീകരിച്ചില്ല. വോട്ടിനിട്ട് ബിൽ പാസാക്കുകയായിരുന്നു. 147 പേർ അനുകൂലിച്ച് വോട്ട് ചെയതപ്പോൾ 42 പേർ എതിർത്തു.
🗞🏵 *അമർനാഥ് തീർത്ഥയാത്രാ പാതയിൽ നിന്ന് ബോംബുകളും സ്നൈപ്പർ റൈഫിളുകളും കണ്ടെടുത്തതായി സൈന്യവും പോലീസും സംയുക്ത പത്രസമ്മേളനത്തിൽ വ്യക്തമാക്കി.* അമർനാഥ് യാത്ര അട്ടിമറിക്കാൻ പാകിസ്താൻ സൈന്യത്തിന്റെ പിന്തുണയോടെ ഭീകരർ ശ്രമിക്കുന്നതായി വ്യക്തമായ തെളിവ് കിട്ടിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
🗞🏵 *എന്തിനാണ് ഇടയ്ക്കിടയ്ക്ക് കറൻസിയുടെ വലിപ്പത്തിലും സവിശേഷതകളിലും മാറ്റം വരുത്തുന്നതെന്ന് ആർ ബി ഐയോട് മുംബൈ ഹൈക്കോടതി. ഇതിന്റെ കാരണം സത്യവാങ്മൂലമായി കോടതിയിൽ സമർപ്പിക്കണമെന്നും കോടതി ആർ ബി ഐയോട് നിർദേശിച്ചു.
🗞🏵 *അയോധ്യാ ഭൂമി തർക്ക കേസിൽ ഓഗസ്റ്റ് ആറുമുതൽ ദിവസേന വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനം.* കേസുമായി ബന്ധപ്പെട്ട് തീർപ്പിലെത്താൻ മധ്യസ്ഥ സമിതിക്ക് സാധിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിരീക്ഷിച്ചു.
🗞🏵 *ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കവിഷയത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.* സെമിത്തേരിയിൽ അടക്കംചെയ്യാൻ അവകാശമുണ്ടെന്നുകാട്ടി യാക്കോബായ വിശ്വാസികളാണ് പുതിയ റിട്ട് ഹർജി നൽകിയത്. ജസ്റ്റിസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് ഇടപെടാനാവില്ലെന്ന് അറിയിച്ചത്. ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. അതേ സമയം ഇതേ വിഷയത്തിൽ ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലും ഒരു ഹർജിയുണ്ട്.
🗞🏵 *രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പാളം തെറ്റിയെന്നും വരാനിരിക്കുന്നത് മാന്ദ്യത്തിന്റെ കാലമാണെന്നും പ്രധാനമന്ത്രിക്കു മുന്നറിയിപ്പ് നൽകി രാഹുൽ ഗാന്ധി.* ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.
🗞🏵 *2018ലെ ആഗോള ജിഡിപി റാങ്കിങിൽ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.*
🗞🏵 *കശ്മീർ വിഷയത്തിൽ ചർച്ച പാകിസ്താനോട് മാത്രമെന്ന് ഇന്ത്യ.* പാകിസ്താനോ ഇന്ത്യയോ ആവശ്യപ്പെടുകയാണെങ്കിൽ കശ്മീർ വിഷയം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിനു പിന്നാലെയാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ നിലപാട് വ്യക്തമാക്കിയത്.
🗞🏵 *ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.* അന്വേഷണം സിബിഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.
🗞🏵 *എൻ ഡി ടിവിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ രവീഷ് കുമാറിന് 2019 ലെ രമൺ മഗ്സസേ പുരസ്കാരം.* അഞ്ചുപേർക്കാണ് ഇത്തവണ പുരസ്കാരം ലഭിച്ചത്. മാധ്യമപ്രവർത്തകനെന്ന നിലയിൽ ശബ്ദമില്ലാത്തവർക്ക് ശബ്ദം പകരാൻ രവീഷിന് സാധിച്ചെന്ന് പുരസ്കാര നിർണയസമിതി വിലയിരുത്തി.
🗞🏵 *മുൻപ്രധാനമന്ത്രി മൻമോഹൻസിങ്ങിനെ രാജസ്ഥാനിൽനിന്ന് രാജ്യസഭയിലേക്ക് വീണ്ടുമെത്തിക്കാൻ കോൺഗ്രസ്.* കഴിഞ്ഞതവണ അസമിൽനിന്ന് രാജ്യസഭയിലെത്തിയ സിങ്ങിന്റെ കാലാവധി ജൂൺമാസത്തിൽ അവസാനിച്ചിരുന്നു.
🗞🏵 *കശ്മീർ താഴ്വരയിൽ 28,000 അർധസൈനികരെ വ്യാഴാഴ്ച രാത്രി വിന്യസിച്ചുതുടങ്ങി.* തിടുക്കത്തിൽ ഇത്രയേറെപ്പേരെ വിന്യസിക്കാനുള്ള കാരണം കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല.
🗞🏵 *ഭൂമിയെപ്പോലെ ജീവൻ നിലനിൽക്കുന്നുവെന്ന് സംശയിക്കുന്ന മറ്റൊരു ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.* സൗരയൂഥത്തിനുപുറത്ത് വാസയോഗ്യമായൊരു ഗ്രഹത്തെക്കുറിച്ച് സൂചന ലഭിക്കുന്നത് ഇതാദ്യമാണ്. ജി.ജെ. 357 എന്ന നക്ഷത്രത്തെ ചുറ്റുന്ന എം വിഭാഗത്തിൽപ്പെട്ട വലുപ്പം കുറഞ്ഞ ഗ്രഹമാണിത്. സൂര്യന്റെ മൂന്നിലൊന്ന് വലുപ്പവും പിണ്ഡവുമുണ്ട്. നമ്മുടെ സൂര്യനെക്കാൾ 40 ശതമാനം ചൂടുകുറവുമാണ്. 31 പ്രകാശവർഷം അകലെ ഹൈഡ്ര നക്ഷത്രസമൂഹത്തിലാണിതുള്ളത്
🗞🏵 *എ. സമ്പത്തിനെ സർക്കാർ പ്രതിനിധിയായി ഡൽഹിയിൽ കാബിനറ്റ് റാങ്കോടെ നിയമിക്കുന്നത് ഇടതുമുന്നണി അറിയാതെ.*
🗞🏵 *തേങ്ങയും വെളിച്ചെണ്ണയും സ്ഫോടകവസ്തുക്കളുടെ പട്ടികയിൽപ്പെടുത്തിയ എയർ ഇന്ത്യയുടെ നടപടി പരിശോധിച്ചു തിരുത്താമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി*
🗞🏵 *പ്രമുഖ ഗൾഫ് രാജ്യങ്ങളിലെ ബാങ്കുകളും പലിശനിരക്ക് കുറയ്ക്കുന്നു.* ഹ്രസ്വകാലനിക്ഷേപങ്ങൾക്കും വായ്പകൾക്കും ഇത് ബാധകമായിരിക്കും. ഇതോടെ ഗൾഫ് നാടുകളിലെ ബാങ്കുകളിൽനിന്ന് ലോണെടുക്കുന്നവരുടെ പലിശനിരക്ക് വീണ്ടും കുറയും.
🗞🏵 *കേരള സര്‍വകലാശാല യൂണിയന്‍ നേതൃത്വത്തിന്റെ തട്ടിപ്പു ബില്ലുകള്‍ക്കു സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ പൂട്ട്.* യൂണിയന്‍ ചെലവുകളുടേതെന്ന പേരില്‍ സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടര്‍ അയച്ച 9,000 രൂപയുടെ പെട്രോള്‍ ബില്‍ തള്ളിയ ഓഡിറ്റ് വിഭാഗം വിശദീകരണം നല്‍കാന്‍ സര്‍വകലാശാലയോട് ആവശ്യപ്പെട്ടു. 9,000 രൂപയുടെ നിസാര ബില്ലെന്നു തോന്നുമെങ്കിലും, ബൈക്കില്‍ ഒറ്റദിവസത്തെ യാത്രയ്ക്കാണു 6,000 രൂപയുടെ പെട്രോള്‍ നിറച്ചതായി യൂണിയന്‍ നേതൃത്വം ബില്‍ നല്‍കിയത്.
🗞🏵 *മുത്തലാഖ് ചൊല്ലിയതിന് ഉത്തര്‍പ്രദേശില്‍ കേസ്.* മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിക്കാണ്ടുള്ള ബില്‍ നിയമമായതിനു ശേഷമുള്ള ആദ്യ കേസാണിത്. ഭാര്യയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇക്രം എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്
🗞🏵 *ജമ്മു കശ്മീരില്‍ ഇന്ന് കല്ലെറിയുന്നവരാണ് നാളെ തീവ്രവാദികളായി മാറുന്നതെന്ന് കരസേന* . ജമ്മു കശ്മീരില്‍ 500 രൂപയ്ക്ക് കല്ലേറ് തുടങ്ങിയ ചെറുപ്പക്കാരില്‍ 83 ശതമാനം പേരും തീവ്രവാദികളായി മാറിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി. വിവിധ സൈനിക വിഭാഗങ്ങളുടെ പ്രതിനിധികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വെളിപ്പെടുത്തല്‍.
🗞🏵
*ഭീകരരും സൈന്യവും തമ്മില്‍ ഏറ്റമുട്ടലിൽ സൈനികനു വീരമൃത്യു.* ജമ്മു കാഷ്‌മീരിലെ ഷോപ്പിയാനിലാണ് ഏറ്റമുട്ടലുണ്ടായത്. ഒരു ഭീകരനെ സൈന്യം വധിച്ചെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന നടത്തിയ തെരച്ചിലിനിടെ സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിർക്കുകയായിരുന്നു. ഏറ്റമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.
🗞🏵വെള്ളം ശേഖരിക്കുന്നതും നൽകുന്നതും അശാസ്ത്രീയമായെന്ന് തെളിഞ്ഞു, പൂട്ടുവീണ് മാക്‌ഡവല്‍സ് കുപ്പിവെള്ളം . ആവശ്യമുള്ളതില്‍ കൂടുതല്‍ സില്‍വറിന്‍റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് മാക്‌ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ചത്.
🗞🏵 *ലഹരിക്കടിമയായി മയക്കുമരുന്ന് വാങ്ങാനുള്ള പണം കണ്ടെത്താനായി ലൈംഗികത്തൊഴില്‍ വരെ ചെയ്യുന്ന വിദ്യാര്‍ത്ഥികളുണ്ടെന്ന് വെളിപ്പെടുത്തല്‍.* കോഴിക്കോട് നഗരത്തില്‍മാത്രം നൂറോളം ആണ്‍കുട്ടികള്‍ ഇത്തരത്തില്‍ ലൈംഗികത്തൊഴില്‍ ചെയ്യുന്നുണ്ടെന്ന് എക്സൈസ് വകുപ്പ്
🗞🏵 *ഗര്‍ഭസ്ഥശിശുവില്‍ ഹൃദയമിടിപ്പ് തിരിച്ചറിയുന്ന ഘട്ടം മുതലുള്ള ഭ്രൂണഹത്യ വിലക്കികൊണ്ടുള്ള ഹാര്‍ട്ട്ബീറ്റ് ബില്‍ അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജ്ജിയ പാസ്സാക്കുന്നതിനു മുന്‍പ് തന്നെ സംസ്ഥാനത്തെ അബോര്‍ഷന്‍ നിരക്ക് കുത്തനെ കുറഞ്ഞിരുന്നുവെന്ന്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്.* അറ്റ്ലാന്റ മെട്രോപ്പോളിറ്റനിലെ ദിനപത്രമായ ‘അറ്റ്ലാന്റ ജേര്‍ണല്‍ കോണ്‍സ്റ്റിറ്റ്യൂഷ’നാണ് (എ.ജെ.സി) ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
🗞🏵 *ക്രൂര പീഡനത്തിന് ഇരയായ ഭിന്നശേഷിക്കാരിയായ പെൺകുട്ടി മരണത്തിന് കീഴടങ്ങി,* രാജസ്ഥാനിൽ ക്രൂര പീഡനത്തിന് ഇരയായ ഭിന്നശേഷിയുള്ള പെൺകുട്ടി മരിച്ചു. ബീഹാർ സ്വദേശിനിയായ 15കാരിയാണ് രാജസ്ഥാനിലെ ദൗസയിൽ പീഡിപ്പിക്കപ്പെട്ടത്. ജയ്‌പുരിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്.
🗞🏵 *രാഷ്ട്രപതിഭവന്റെ കവാടത്തില്‍ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി* . മൂന്നടിയോളം നീളമുള്ള രാജവെമ്പാലയെ ആണ് രാഷ്ട്രപതിഭവന്റെ എട്ടാം നമ്പര്‍ കവാടത്തിലെ സെക്യൂരിറ്റി പോസ്റ്റിനുള്ളിൽ നിന്ന് പിടികൂടിയത്. വന്യജീവി വകുപ്പ് ജീവനക്കാര്‍ എത്തിയാണ് പാമ്പിനെ പിടികൂടിയത്.
🇱🇻🇱🇻🇦🇹🇱🇻🇱🇻🇦🇹🇱🇻🇱🇻🇦🇹🇱🇻🇱🇻
*ഇന്നത്തെ വചനം*
കുറെ ദിവസങ്ങള്‍ കഴിഞ്ഞ്, യേശു കഫര്‍ണാമില്‍ തിരിച്ചെത്തിയപ്പോള്‍, അവന്‍ വീട്ടിലുണ്ട് എന്ന വാര്‍ത്ത പ്രചരിച്ചു.
വാതില്‍ക്കല്‍പോലും നില്‍ക്കാന്‍ സ്‌ഥലം തികയാത്തവിധം നിരവധിയാളുകള്‍ അവിടെക്കൂടി. അവന്‍ അവരോടു വചനം പ്രസംഗിച്ചുകൊണ്ടിരുന്നു.
അപ്പോള്‍, നാലുപേര്‍ ഒരു തളര്‍വാതരോഗിയെ എടുത്തുകൊണ്ടുവന്നു.
ജനക്കൂട്ടം നിമിത്തം അവന്‍െറ അടുത്തെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതിനാല്‍, അവന്‍ ഇരുന്ന സ്‌ഥലത്തിന്‍െറ മേല്‍ക്കൂര പൊളിച്ച്, തളര്‍വാതരോഗിയെ അവര്‍ കിടക്കയോടെ താഴോട്ടിറക്കി.
അവരുടെ വിശ്വാസം കണ്ട് യേശു തളര്‍വാതരോഗിയോടു പറഞ്ഞു: മകനേ, നിന്‍െറ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു.
നിയമജ്‌ഞരില്‍ ചിലര്‍ അവിടെ ഇരിപ്പുണ്ടായിരുന്നു. അവര്‍ ചിന്തിച്ചു:
എന്തുകൊണ്ടാണ് ഇവന്‍ ഇപ്രകാരം സംസാരിക്കുന്നത്? ഇവന്‍ ദൈവദൂഷണം പറയുന്നു. ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ് പാപം ക്‌ഷമിക്കാന്‍ സാധിക്കുക?
അവര്‍ ഇപ്രകാരം വിചാരിക്കുന്നുവെന്നു മനസ്‌സിലാക്കി യേശു അവരോടു ചോദിച്ചു. എന്തുകൊണ്ടാണു നിങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നത്?
ഏതാണ് എളുപ്പം? തളര്‍വാതരോഗിയോട് നിന്‍െറ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നിന്‍െറ കിടക്കയുമെടുത്തു നടക്കുക എന്നു പറയുന്നതോ?
എന്നാല്‍, ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന് – അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു:
ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റ് നിന്‍െറ കിടക്കയുമെടുത്ത്, വീട്ടിലേക്കു പോവുക.
തത്‌ക്‌ഷണം അവന്‍ എഴുന്നേറ്റ്, കിടക്കയുമെടുത്ത്, എല്ലാവരും കാണ്‍കെ പുറത്തേക്കു പോയി. എല്ലാവരും വിസ്‌മയിച്ചു. ഇതുപോലൊന്ന് ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ല എന്നു പറഞ്ഞ് അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.
മര്‍ക്കോസ് 2 : 1-12
🇱🇻🇱🇻🇦🇹🇱🇻🇱🇻🇦🇹🇱🇻🇱🇻🇦🇹🇱🇻🇱🇻
*വചന വിചിന്തനം*
ഒരു തളർവാതരോഗിയെ നാലുപേർ ചേർന്ന് ഈശോയുടെ പക്കൽ എത്തിക്കുന്നു. ഈശോ അവന്റെ പാപങ്ങൾ ക്ഷമിക്കുകയും അവനെ സുഖപ്പെടുത്തുകയും ചെയ്യുന്നു. തളർവാത രോഗി പാപിയായ ഒരു മനുഷ്യന്റെ പ്രതീകമാണ്. അവൻ പാപം ചെയ്ത് മൃതനുസമാനമായ അവസ്ഥയിലാണ്. അവന് സ്വയം ദൈവത്തെ സമീപിക്കാൻ സാധിക്കുന്നില്ല. അവൻ ദൈവത്തെ അറിയുന്നില്ല മാത്രമല്ല അവൻ ദൈവത്തിൽ നിന്ന് അകലെയാണ്. അപ്പോൾ അവന്റെ പക്കലേക്ക് നാലുപേർ കടന്നുവരുന്നു. മത്തായി, മർക്കോസ്, ലൂക്കാ, യോഹന്നാൻ എന്നിവരാണ് ആ നാലു പേർ. ഈ നാല് സുവിശേഷങ്ങൾ ആരുടെയൊക്കെയോ വചനപ്രഘോഷണത്തിലൂടെ അവന്റെ പക്കൽ എത്തുന്നു. അവൻ അവരിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അവർ അവനെ ഈശോയുടെ പക്കൽ എത്തിക്കുന്നു. വചനത്തിലൂടെ കണ്ടുമുട്ടിയ ഈശോയിൽ നിന്ന് അവൻ സൗഖ്യവും പാപമോചനവും പ്രാപിക്കുന്നു. സുവിശേഷങ്ങളെ കുറിച്ച് അറിയാത്തവർ ഇവൻ ആരെന്ന് ഈശോയെ കുറിച്ച് ചോദിച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ സുവിശേഷങ്ങളെ അറിയുന്നവർ ആകട്ടെ ഈശോ ദൈവമാണ് എന്ന് മനസ്സിലാക്കി അവനിൽനിന്ന് പാപമോചനവും സൗഖ്യവും പ്രാപിക്കുന്നു.
🇱🇻🇱🇻🇦🇹🇱🇻🇱🇻🇦🇹🇱🇻🇱🇻🇦🇹🇱🇻🇱🇻
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും ഉറപ്പ്*