രിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ, ആഗസ്റ്റ് മാസത്തിന്‍റെ പ്രാർത്ഥനാ നിയോഗമായി തിരുസഭാ മക്കൾക്ക് നൽകുന്നത് കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുവാനാണ്. യഥാർഥ മനുഷ്യ വികസനത്തിന്‍റെ പാഠശാലകളായി ഓരോ കുടുംബവും രൂപാന്തരപ്പെടുവാൻ ദൈവത്തോടു അപേക്ഷിക്കണമെന്ന് പാപ്പാ നമ്മോടു ഈ പ്രാർത്ഥനാ നിയോഗത്തിലൂടെ ആഹ്വാനം ചെയ്യുന്നു. കുടുംബങ്ങൾ എങ്ങനെയാണ് മാനവവളർച്ചയുടെ പാഠശാലകളായിരിക്കേണ്ടതെന്നും പാപ്പാ വ്യക്തമാക്കുന്നു. പ്രാർത്ഥനയുടെയും സ്നേഹത്തിന്‍റെയും ജീവിതത്തിലൂടെ മനുഷ്യന്‍റെ വളർച്ചയെ സാധ്യമാക്കിയെടുക്കാമെന്ന് പാപ്പാ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

കാരുണ്യത്തിന്‍റെ അസാധാരണ ജൂബിലി വേളയിൽ, 2016 മാർച്ച് 19ന് വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുന്നാളിൽ ഫ്രാൻസിസ് പാപ്പായുടെ പരമാചാര്യത്വത്തിന്‍റെ നാലാം വർഷത്തിൽ റോമിൽ സെന്‍റ് പീറ്റേഴ്സിൽ വച്ച് സഭാ മക്കൾക്ക് പാപ്പാ നൽകിയ ഒരു അപ്പോസ്ത്തലപ്രബോധനമാണ് “AMORIS LAETITIA” അഥവാ “സ്നേഹത്തിന്‍റെ ആനന്ദം” എന്നറിയപ്പെടുന്ന പ്രബോധനം. കുടംബത്തിലെ സ്നേഹത്തെ കുറിച്ചും, സമൂഹത്തിന് കുടുംബം നൽകുന്ന സംഭാവനകളെ കുറിച്ചും പാപ്പാ ഈ പ്രബോധനത്തിലുടനീളം സംസാരിക്കുന്നു. ഈ പ്രബോധനം തിരുകുടുംബത്തോടുള്ള മനോഹരമായ ഒരു പ്രാർത്ഥനയോടുകൂടുയാണ് അവസാനിക്കുന്നത്.

കുടുംബങ്ങൾക്ക് വേണ്ടി പാപ്പായുടെ പ്രാർത്ഥന

ഈശോ, മറിയം യൗസേപ്പേ, യഥാർത്ഥ സ്നേഹത്തിന്‍റെ മഹത്വം നിങ്ങളിൽ ഞങ്ങൾ ധ്യാനിക്കുന്നു.വിശ്വാസത്തോടെ ഞങ്ങൾ തിരുകുടുംബത്തിലേക്കു തിരിയുന്നു. നസ്രത്തിലെ തിരുകുടുംബമേ, ഞങ്ങളുടെ കുടുംബങ്ങളും കൂട്ടായ്മയുടെയും പ്രാർത്ഥനയുടെയും ഭവനങ്ങളും സുവിശേഷത്തിന്‍റെ യഥാർത്ഥ പാഠശാലകളും ചെറിയ ഗാർഹികസഭകളുമാക്കി തീർക്കുവാൻ കനിയണമേ. നസ്രത്തിലെ തിരുക്കുടുംബമേ, കുടുംബങ്ങളിൽ ഇനി ഒരിക്കലും അക്രമവും,അവഗണനയും,വിഭാഗീയതയും അനുഭവപ്പെടാതിരിക്കട്ടെ. ഏതെങ്കിലും രീതിയിൽ മുറിവേൽക്കുകയോ അപകീർത്തിക്ക് വിധേയരാവുകയോ ചെയ്ത എല്ലാവരും സൗഖ്യവും ആശ്വാസവും കണ്ടെത്തുവാൻ ഇടയാകട്ടെ!നസ്രത്തിലെ തിരുക്കുടുംബമേ, ഞങ്ങളെ ഒരിക്കൽ കൂടി ദൈവികപദ്ധതിയിൽ കുടുംബത്തിനുള്ള പവിത്രതയെയും അവിഭാജ്യതയെയും അതിന്‍റെ സൗന്ദര്യത്തെയും കുറിച്ച് ചിന്തയുള്ളവരാക്കേണമേ. ഈശോ മറിയം യൗസേപ്പേ, കാരുണ്യപൂർവ്വം ഞങ്ങളുടെ പ്രാർത്ഥനകേൾക്കേണമേ! ആമേൻ.